ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. വഞ്ചനാക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയാറാകാതെ ബ്രിട്ടനില്‍ തങ്ങുന്ന മല്യയെ മടക്കിക്കൊണ്ടുവരുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കി.

കള്ളപ്പണം വെളുപ്പിക്കലിന് എതിരായ നിയമപ്രകാരം മല്യയ്ക്കെതിരായ അന്വേഷണത്തില്‍ അദ്ദേഹത്തെ ചോദ്യംചെയ്യുന്നതിന് ഇന്ത്യയില്‍ ആവശ്യമുണ്ടെന്ന് കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.

മാര്‍ച്ച് രണ്ടുമുതല്‍ ലണ്ടനില്‍ കഴിയുന്ന മല്യയ്‌ക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ്  പുറപ്പെടുവിച്ചിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്കു മുമ്പില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് മല്യയുടെ നയതന്ത്ര പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് വിദേശമന്ത്രാലയം കത്ത് നല്‍കിയത്.

ഇതിനിടെ, മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 

മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ എയര്‍ലൈന്‍സ്, യു.ബി. ഗ്രൂപ്പ് എന്നിവയുടെ പേരില്‍ വിവിധ ബാങ്കുകളില്‍നിന്ന് എടുത്ത 9000 കോടിയോളം രൂപയുടെ വായ്പ തിരിമറിചെയ്തതിന് സി.ബി.ഐ. മല്യക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്കെതിരെ തട്ടിപ്പിനും കള്ളപ്പണംവെളുപ്പിക്കലും സംബന്ധിച്ച കുറ്റങ്ങളും കൂട്ടിച്ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here