ന്യൂഡല്‍ഹി: പണ്ട് വിസ നിഷേധിച്ച അതേ രാജ്യം ഇന്ന് ഔപചാരികമായി ക്ഷണിച്ചുകൊണ്ടുപോയി പാര്‍ലമെന്‍റില്‍ പ്രസംഗിപ്പിക്കുക. പറഞ്ഞുവരുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സംയുക്ത സെഷനില്‍ സംസാരിക്കാന്‍ ക്ഷണിച്ചതിനെക്കുറിച്ചാണ്. ഇന്ത്യാ-യുഎസ് ബന്ധത്തിലുണ്ടായ വളര്‍ച്ച മാത്രമല്ല, പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദി കൈവരിച്ച സ്വീകാര്യത കൂടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നവേളയില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ സ്പീക്കര്‍ പോള്‍ റ്യാന്‍ ആണ് മോദിയെ ക്ഷണിച്ചത്.ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല. മോദിയുടെ സന്ദര്‍ശനത്തിന്‍െറ അജണ്ട തീരുമാനിക്കാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ഇപ്പോള്‍ അമേരിക്കയിലുണ്ട്.

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോദിയെ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ ക്ഷണിച്ചതെന്നും മിക്കവാറും ജൂണ്‍ എട്ടിനായിരിക്കും മോദി സംസാരിക്കുകയെന്നും റ്യാന്‍ അറിയിച്ചു. യുഎസും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിന്‍റെ സ്ഥിരതയുടെ തൂണാണ്. ഇരു രാജ്യങ്ങളുടെയും ആശയങ്ങളും മൂല്യങ്ങളും പരസ്പരം കൈമാറുന്നതിനും ക്ഷേമം വര്‍ധിപ്പിക്കുന്നതിനുമുള്ള അവസരമാണിത്. ലോകത്തെ പ്രശസ്ത ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുത്ത നേതാവിന്‍റെ വാക്കുകള്‍ കേള്‍ക്കാനുള്ള മികച്ച അവസരം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് തലസ്ഥാനത്തേക്ക് ജൂണ്‍ 8 സ്വാഗതം ചെയ്യുന്നു-പോള്‍ റയാന്‍ പറഞ്ഞു.

ആണവ ചര്‍ച്ചയുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിനിടെയാണ് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ മോദിയെ യുഎസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണം ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മന്‍മോഹന്‍ സിങ് (ജൂലൈ 19, 2005), വാജ്പേയ് (സെപ്റ്റംബര്‍ 14,2000), പി.വി. നരസിംഹറാവൂ (മേയ് 18,1994), രാജീവ് ഗാന്ധി (ജൂലൈ 13, 1985) എന്നിവരാണ് ഇതിനു മുന്‍പ് യുഎസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here