അമ്മ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ആഘോഷം തകര്‍ക്കുകയാണ്. അമ്മയ്ക്കൊപ്പമുള്ള സെൽഫിയും ഫോട്ടോകളും അമ്മയോർമ്മകളും പങ്കിടുകയാണ് എല്ലാവരും. ചിലത് വായിക്കുമ്പോൾ കാണുമ്പോൾ നമ്മളുടെ കണ്ണുനനയും. ജയസൂര്യ എഴുതിയ ഒരു പോസ്റ്റും അതുപോലെയാണ്. അമ്പലത്തില്‍ വരാൻ മകൻ കൂട്ടാക്കാത്തതിനെ തുടർന്ന് വീട്ടിൽ നടന്ന ഒരു ചെറിയ സംഭവത്തെ കുറിച്ചാണ് ജയസൂര്യ എഴുതിയതെങ്കിലും, മകനെ കുറിച്ച് അച്ഛനെഴുതിയ ഒരു കുഞ്ഞു കഥ എന്നു വേണമെങ്കിൽ പറയാം. നമ്മുടെ ജീവിതത്തിലെ തീർത്തും ചെറുതെന്ന് കരുതുന്ന കാര്യങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹക്കൂടാരത്തെ ഓർമപ്പെടുത്തുന്നു ഈ പോസ്റ്റ്. വായിക്കാം…ജയസൂര്യ പറഞ്ഞ സ്നേഹത്തിന്റെ കഥ ഇവിടെ….

അച്ഛനാടാ … പറയണേ… അമ്പലത്തില് വാടാ…”

ഇന്നലെ ഉച്ചയക്ക് ഷൂട്ടിംങ്ങിനിടയിൽ നിന്ന് കുറച്ച് GAP കിട്ടിയപ്പോൾഞാൻ വാഗമണിൽ നിന്നും വീട്ടിലെത്തി. സന്ധ്യയായപ്പൊ എല്ലാവരെയും കൂട്ടി ഒന്ന് എറണാകുളം അമ്പലത്തിൽ പോകാന്ന് വിചാരിച്ചു.സരിത വന്ന് പറഞ്ഞു ദേ… ജയാ… ആദി വരണില്ലാന്ന് … ഒന്ന് പറയ്,, ഉവ്വാ…എന്റെ മോനല്ലേ… ഞാൻ പറഞ്ഞാ കേട്ടത് തന്നെ: പിറ്റേ ദിവസം ഷൂട്ടിങ്ങിന് കേടുപാടില്ലാതെ പോകേണ്ടതുകൊണ്ട് ഞാൻ അത് അവളോട് പറഞ്ഞില്ല.. ഒരു അച്ഛന്റെ ഒടുക്കത്തെ ജാഡയിൽ ഞാൻ അവനെ വിളിച്ചു… എന്താ … ആദി അമ്പലത്തിൽ വരാത്തേ.. അവൻ ഒന്നും മിണ്ടുന്നില്ല,, എന്താ… വരാത്തേന്നാ ചോദിച്ചേ…. എല്ലാവരും എറങ്ങി നിക്കണ കണ്ടില്ലേ.. “ഞാൻ വരണില്ലഛാ” ആദി… എന്നെ ദേഷ്യം പിടിപ്പിയക്കരുത്.. പിന്നെയും നീ അതാണ്,,ഇതാണ് എന്നൊക്കെ പറഞ്ഞ് ഞാൻ നല്ല ചീത്ത കൊടുത്തു… അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു..ഞങ്ങള് അമ്പലത്തിലേയ്ക്ക് പോയി എനിയ്ക്ക് രാമവർമ്മ ക്ലബിൽ ഒരു ചെറിയ പരിപാടിയും ഉണ്ടായിരുന്നു.എല്ലാം കഴിഞ്ഞ് വീടെത്തിയപ്പോ രാത്രി 10 മണിയായി.എല്ലാവരും കൂടി ഇരുന്ന് ഭക്ഷണംകഴിയ്ക്കുമ്പോ ഞാൻ വീട്ടിൽ നിക്കുന്ന റോസമ്മ ചേച്ചിയോട് ചോദിച്ചു ‘ആദി കഴിച്ചോന്ന് ‘ ഇല്ല മോനേ…കൊറെ വിളിച്ച് വന്നില്ല… ഞാൻ മോളീ ചെന്ന് നോക്കിയപ്പാ…ആള് ഒറങ്ങി. അതും പറഞ്ഞ് ചേച്ചി അടുക്കളയിലേക്കും പോയി. പിന്നേം ഞങ്ങളെല്ലാവരും കൂടി കുറേ നേരം സംസാരിച്ച് റൂമിലേയ്ക്ക് കയറിയപ്പൊ പന്ത്രണ്ടരയായി.തലയണയിൽ നിന്നും അവന്റെ തല മാറി കിടക്കായിരുന്നു ഞാൻ തലനേരെയായ്ക്കിയപ്പോ തലയണയുടെ അടിയിൽ… എന്തോ ഒരു കവറ്. അത് open ചെയ്ത് നോക്കിയപ്പോ അവൻ അതിൽ മൂന്ന് പടങ്ങളും വരച്ച് happy mothers day.. i love u amma.. n acha..n veda.. by aadi..എന്ന് എഴുതിയേക്കണു ഒരു നിമിഷത്തേയ്ക്ക് ഞാൻ Blank ആയിപ്പോയി. ഞാൻ അവനെത്തന്നെ നോക്കി.. “ഇത് ചെയ്യാനായിരുന്നോ മോനേ നീ അമ്പലത്തിലേയ്ക്ക് പോലുംവരാതിരുന്നേ”..എന്റെ കണ്ണ് ശരിക്കും നിറഞ്ഞ് പോയി. ഉറങ്ങി കിടക്കുന്ന അവനെ ഉമ്മവെയ്ക്കാൻ മാത്രമേ എനിയ്ക്ക് പറ്റിയുള്ളു.. ‘ഉറങ്ങിക്കിടക്കുമ്പോഴല്ല നമ്മൾ സ്നേഹിയ്ക്കേണ്ടത് ഉണർന്നിരിക്കുമ്പോഴാണ് എന്ന് ഞാൻ അപ്പോ തിരിച്ചറിഞ്ഞു. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ അവർ അമ്മയെ ശരിയ്ക്കും സ്നേഹിയ്ക്കാറുണ്ട് പ്രായം കൂടുമ്പോഴോ ….?നമ്മൾ എത്ര വലുതായാലും അമ്മയെ സ്നേഹിയ്ക്കുന്ന ആ കുഞ്ഞുമനസ്സ് മാത്രം വലുതാകാതിരുന്നാൽ മതി, അത് മാത്രം മതി ആ അമ്മയ്ക്ക്… “Happy mother’s Day

LEAVE A REPLY

Please enter your comment!
Please enter your name here