മൊഹാലി: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റണ്‍ ജയം. ആദ്യം ബാറ്റ ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 175 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് പോരാട്ടം 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സിലൊതുങ്ങി.

ഡെത്ത് ഓവറുകളില്‍ ഉജ്ജ്വല ബൗളിങ് കാഴ്ചവെച്ച ഷെയ്ന്‍ വാട്‌സണാണ് ബാംഗ്ലൂരിന്റെ വിജയശില്‍പി. അവസാന നാലോവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 40 റണ്‍സ്. എന്നാല്‍ 17-ാം ഓവറില്‍ മൂന്ന് റണ്‍സും 19-ാം ഓവറില്‍ 7 റണ്‍സും മാത്രം വിട്ടുകൊടുത്ത് വാട്‌സണ്‍ പഞ്ചാബിനെ മെരുക്കുകയായിരുന്നു. വാട്‌സണ്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ പഞ്ചാബ് 13 റണ്‍സെടുത്തു. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ജോര്‍ദാന്റെ ഓവറില്‍ 15 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ.

MuraliVijay

57 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുരളി വിജയാണ് വലിയ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബിന് കരുത്തേകിയത്. 12 ബൗണ്ടറികളും ഒരു സിക്‌സും ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറന്നു. 17-ാം ഓവറിലെ അവസാന പന്തില്‍ വിജയ് പുറത്തായത് പഞ്ചാബിന് അവസാന ഓവറുകളില്‍ തിരിച്ചടിയായി. 22 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത മാര്‍കസ് സ്‌റ്റോയിസാണ് അവസാന ഓവറുകളില്‍ പഞ്ചാബ് പോരാട്ടം നയിച്ചത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് എബി ഡിവില്ലിയേഴ്‌സ് (35 പന്തില്‍ 64), ലോകേഷ് രാഹുല്‍ (25 പന്തില്‍ 42), സച്ചിന്‍ ബേബി (29 പന്തില്‍ 33) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലി 21 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. പഞ്ചാബിനായി സന്ദീപ് ശര്‍മയും കെസി കരിയപ്പയും രണ്ട് വിക്കറ്റ് വീതമെടുത്തു. അക്ഷര്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്.

ABD

ജയത്തോടെ 9 മത്സരങ്ങളില്‍ എട്ട് പോയന്റുമായി ബാംഗ്ലൂര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാംസ്ഥാനത്തേക്ക് കയറി. പത്തില്‍ ഏഴു കളികളും തോറ്റ പഞ്ചാബ് അവസാന സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here