ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഒൻപതാം സീസണിൽ മലയാളികൾക്കും അഭിമാനിക്കാനൊരു നിമിഷം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മൽസരത്തിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ മലയാളി താരം സഞ്ജു സാംസൺ 1000 റൺസ് എന്ന നാഴികക്കല്ലു പിന്നിട്ടു. ഈ മൽസരത്തിൽ ഡൽഹിക്ക് വിജയം സമ്മാനിച്ച സിക്സിലൂടെ തന്നെയാണ് ഇരുപത്തിരണ്ടുകാരനായ സഞ്ജു 1000 റണ്‍സ് എന്ന നാലികക്കല്ലും പിന്നിട്ടതെന്നത് കൗതുകമായി. 48-ാം ഐപിഎൽ മൽസരത്തിലാണ് സഞ്ജുവിന്റെ 1000 റണ്‍സ് നേട്ടം.

48 മൽസരം, 1004 റൺസ്

സൺറൈസേഴ്സിനെതിരായ മൽസരത്തിൽ 26 പന്തിൽ രണ്ട് സിക്സിന്റെ അകമ്പടിയോടെ പുറത്താകാതെ 34 റൺസെടുത്ത സഞ്ജു റൺനേട്ടം 1004ൽ എത്തിച്ചു. അഞ്ച് അർധസെഞ്ചുറികൾ ഉൾപ്പെടെ നാലു സീസണുകളിലായാണ് സഞ്ജു 1000 റൺസ് നേട്ടം പിന്നിട്ടത്. കഴിഞ്ഞ സീസണിൽ നേടിയ 76 റൺസാണ് ഐപിഎലിൽ സഞ്ജുവിന്റെ ഉയർന്ന സ്കോർ. 48 മൽസരങ്ങളിൽനിന്ന് 25.74 ശരാശരിയിലാണ് സഞ്ജു 1000 കടന്നത്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 120.52ഉം. ഐപിഎലിൽ കളിച്ച സീസണിലെല്ലാം 200 റൺ‌സ് പിന്നിട്ടുവെന്ന നേട്ടവും സ‍ഞ്ജുവിന് സ്വന്തം.

2013, 14, 15 വർഷങ്ങളിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു സഞ്ജു. ആദ്യ സീസണിൽ 11 മൽസരങ്ങളിൽ 206 റൺസ് നേടി വരവറിയിച്ച സഞ്ജുവിനെ തുടർന്നുള്ള രണ്ട് സീസണുകളിലും രാജസ്ഥാന്‍ റോയൽസ് ടീമിൽ നിലനിർത്തുകയായിരുന്നു. തൊട്ടടുത്ത വർഷം 13 മൽസരങ്ങളിൽ കളത്തിലിറങ്ങിയ സഞ്ജു 26.07 ശരാശരിയിൽ 339 റൺസെടുത്തു. സഞ്ജു ഏറ്റവും കൂടുതൽ റൺസ് നേടിയ ഐപിഎൽ സീസണും ഇതുതന്നെ. രണ്ട് അർധസെഞ്ചുറികളും ഇതിലുൾപ്പെടുന്നു. 2015ലും രാജസ്ഥാനായി തന്നെ കളത്തിലിറങ്ങിയ സഞ്ജു 14 മൽസരങ്ങളിൽ നിന്ന് 204 റൺസ് നേടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

 Sanju-Samson-out.jpg.image.784.410

ഒത്തുകളി വിവാദത്തെ തുടർന്ന് രാജസ്ഥാന് രണ്ട് വർഷത്തെ വിലക്ക് ലഭിച്ചതോടെ ഈ വർഷത്തെ ലേലത്തിൽ ഡൽഹി ഡെയർ ഡെവിൾസ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു. ഈ വർഷം ഇതുവരെ 10 മൽസരങ്ങളിൽ കളത്തിലിറങ്ങിയ സഞ്ജു 31.87 ശരാശരിയിൽ 255 റൺസ് നേടിക്കഴിഞ്ഞു. ഒരു അർധസെഞ്ചുറിയും ഇതിൽ ഉള്‍പ്പെടുന്നു. മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിൽ 60 റൺസ് നേടിയ സ‍ഞ്ജു കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പതിഞ്ഞ തുടക്കം, മുദ്ര പതിച്ച് വളർച്ച

ആദ്യ സീസണിൽ രാജസ്ഥാൻ നിരയിൽ വല്ലപ്പോഴും മാത്രം അവസരം കിട്ടുന്ന താരമായിരുന്നു സഞ്ജു. അന്ന് രാജസ്ഥാന്‍ നിരയിലെ മിന്നുന്ന താരമായിരുന്നു കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന എസ്.ശ്രീശാന്ത്. ദേശീയ ടീമിലും തിളങ്ങുന്ന സാന്നിധ്യമായിരുന്ന ശ്രീശാന്തിന്റെ നാട്ടുകാരൻ എന്ന പരിഗണനയായിരുന്നു സഞ്ജുവിന്. തന്റെ കരിയറിന്റെ തുടക്കത്തിൽ ശ്രീശാന്ത് കാര്യമായി സഹായിച്ചിരുന്നുവെന്ന് സഞ്ജുവും പലതവണ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ആദ്യമൊന്നും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. എന്നാൽ, സീസൺ ഏതാണ്ട് പാതിവഴിയെത്തിയ സമയത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മൽസരത്തിൽ 41 പന്തിൽ 63 റൺസെടുത്ത് സഞ്ജു വരവറിയിച്ചു. ആദ്യം ബാറ്റുചെയ്ത് ബാംഗ്ലൂർ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു അന്ന് 20 വയസു പോലും തികഞ്ഞിട്ടില്ലാത്ത സഞ്ജുവിന്റെ തകർപ്പൻ പ്രകടനം. ഏഴു ബൗണ്ടറിയും രണ്ടു സിക്സും അഴകുചാർത്തിയ ആ ഇന്നിങ്സ് ഐപിഎലിൽ ആദ്യമായി കളിയിലെ കേമൻ പട്ടവും സഞ്ജുവിന് നേടിക്കൊടുത്തു. രാഹുൽ ദ്രാവിഡ്, അജിങ്ക്യ രഹാനെ, വാട്സൺ, ബ്രാഡ് ഹോഡ്ജ്, ഫോക്നർ തുടങ്ങിയ വമ്പൻമാർ സ്വന്തം ടീമിലും ഗെയ്‌ൽ, കോഹ്‌ലി, ഡിവില്ലിയേഴ്സ് തുടങ്ങിയ വമ്പൻമാർ എതിർടീമിലും നിറഞ്ഞുനിൽക്കുമ്പോഴാണ് 19-കാരനായ സ‍ഞ്ജുവിന്റെ പ്രകടനം കളിയിലെ കേമൻ പട്ടം നേടിയെടുത്തത്.

അടുത്ത മൽസരത്തിലും അവസരം ലഭിച്ച സഞ്ജു തകർച്ചയിലേക്ക് നീങ്ങിയ രാജസ്ഥാന്‍ ഇന്നിങ്സിന് 36 പന്തിൽ ഒരു ബൗണ്ടറിയുടെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെ നേടിയ 40 റൺസോടെ കരുത്തേകി. അതേ സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 33 പന്തിൽ 47 റൺസെടുത്ത് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചതോടെ സഞ്ജു ടീമിൽ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു. തുടക്കത്തിൽ ടീമിൽ വല്ലപ്പോഴും മാത്രമെത്തിയിരുന്ന സഞ്ജു സീസൺ അവസാനിക്കുമ്പോഴേക്കും ടീമിലെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. ഇതോടെ അടുത്ത സീസണിലും സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തി. അടുത്ത സീസണിൽ 13 മൽസരങ്ങളിൽ നിന്ന് 339 റൺസ് നേടിയ സഞ്ജു ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ 20-ാം സ്ഥാനത്തെത്തി.

തണലായി ദ്രാവി‍ഡും

രാജസ്ഥാൻ റോയൽസിൽ രാഹുൽ ദ്രാവിഡെന്ന താരത്തിന് അഥവാ പരിശീലകന് കീഴിൽ കളിക്കാൻ സാധിച്ചതാണ് സ‍ഞ്ജുവിന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. പതുക്കെയാണെങ്കിലും മികച്ച പ്രകടനത്തിലൂടെ ദ്രാവിഡിന്റെ വിശ്വാസം നേടിയെടുക്കാൻ സഞ്ജുവിന് കഴിഞ്ഞു. തുടർന്നിതുവരെ ആ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടുമില്ല. മൂന്നു സീസണുകളിലും ക്യാപ്റ്റനെന്ന നിലയിലും പരിശീലകനെന്ന നിലയിലും സഞ്ജുവിെല ക്രിക്കറ്റ് താരത്തെ പാകപ്പെടുത്തിയ ദ്രാവി‍ഡ് രാജസ്ഥാൻ ടീമിന് വിലക്ക് ലഭിച്ച പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് കൂടുമാറിയപ്പോഴും താരത്തെ മറന്നില്ല.

rahul-dravid-coach.jpg.image.784.410

ഈ വർഷത്തെ ലേലത്തിൽ 4.20 കോടി രൂപ മുടക്കിയാണ് ദ്രാവി‍ഡ് സഞ്ജുവിനെ ‍ഡൽഹി നിരയിലെത്തിച്ചത് എന്നതിൽ തന്നെയറിയാം അദ്ദേഹത്തിന് ഈ യുവതാരത്തിലുള്ള വിശ്വാസം. ഇതുവരെ പൂർത്തിയായ 10 മൽസരങ്ങളിൽ നിന്ന് 31.87 ശരാശരിയിൽ 255 റൺസ് നേടിക്കഴിഞ്ഞ സഞ്ജു തനിക്കായി മുടക്കിയ തുക വെറുതയല്ലെന്ന് തെളിയിച്ചുകഴിഞ്ഞു. ഡൽഹി ടീമിന്റെ സർവസ്വവും ദ്രാവി‍ഡ് തന്നെയാണെന്നും സഞ്ജു പറയുന്നു.

ഐപിൽഎൽ 2016-ൽ ഇതുവരെ

ഐപിഎലിൽ 10 മൽസരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞ ഡൽഹി ഡെയർഡെവിള്‍സ് ആറു വിജയവുമായി 12 പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ്. പ്ലേ ഓഫ് ലക്ഷ്യമാക്കി മുന്നേറുന്ന ഡൽഹിക്കായി സ‍ഞ്ജു ഇതുവരെ പുറത്തെടുത്തത് ഭേദപ്പെട്ട പ്രകടനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മൽസരത്തിൽ 15 റൺസ് നേടിക്കൊണ്ടായിരുന്നു സീസണിൽ സഞ്ജുവിന്റെ തുടക്കം. പിന്നീട് 33, 9, 60, 1, 15, പുറത്താകാതെ 19, 20, 49, പുറത്താകാതെ 34 എന്നിങ്ങനെ സ്കോറുകൾ നേടി ടീമിന്റെ വിജയങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഇതിൽ മുംബൈയ്ക്കെതിരെ നേടിയ 60 റൺസ് കളിയിലെ കേമൻ പട്ടവും നേടിക്കൊടുത്തു.

Sanju-Samson-speaks-during-.jpg.image.784.410

10 മൽസരങ്ങളിൽ നിന്ന് നേടിയ 255 റൺസുമായി ഈ വർഷത്തെ റൺവേട്ടക്കാരുടെ പട്ടികയിൽ 18-ാം സ്ഥാനത്താണ് നിലവിൽ സഞ്ജു. ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി, ജോസ് ബട്‌ലർ, മാക്സ്‌വെൽ, പൊള്ളാർഡ്, ഷോൺ മാർഷ്, വാട്സൺ, ഡുമിനി, റസൽ, മില്ലർ, വില്യംസൺ, ജഡേജ, ഷാക്കിബ് അൽ ഹസൻ തുടങ്ങിയ താരങ്ങളെല്ലാം പട്ടികയിൽ സഞ്ജുവിന് പിന്നിലാണ്. ഒൻപത് മൽസരങ്ങളിൽ നിന്ന് 341 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡികോക്ക് കഴിഞ്ഞാൽ ഡൽഹിക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും മറ്റാരുമല്ല, സഞ്ജു തന്നെ! താരത്തിനായി ഡൽഹി ടീം മാനേജ്മെന്റ് മുടക്കിയ 4.20 കോടി വെറുതെയായില്ലെന്ന് സാരം.

 

LEAVE A REPLY

Please enter your comment!
Please enter your name here