പോത്തൻകോട്: നന്നാട്ടുകാവ് പഞ്ചരത്നം വീട്ടിലെ ഉത്ര, ഉത്രജ, ഉത്രജൻ, ഉത്തര, ഉത്തമ എന്നീ പഞ്ചരത്നങ്ങൾ തങ്ങളുടെ കന്നിവോട്ടിനായി ഇന്ന് പോളിംഗ് ബൂത്തിലെത്തും. രാവിലെ 10 മണിയോടെ വോട്ടിടൽ കേന്ദ്രമായ കൊഞ്ചിറ യു.പി.എസിൽ അമ്മ രമാദേവിക്കൊപ്പമാണ് അഞ്ചുപേരും എത്തുക. ജന്മ നക്ഷത്രം വരുന്ന ദിവസം തന്നെ ആദ്യ വോട്ട് എന്നകാര്യം ഓർക്കുമ്പോൾ പഞ്ചരത്നങ്ങൾ ആകെ ത്രില്ലാണ്‌. ഞങ്ങൾ അഞ്ചുപേരും ഒരുമിച്ചെത്തി ഒരു സ്ഥാനാർത്ഥിക്കു തന്നെ വോട്ടു ചെയ്യുമന്ന് ഇവർ പറയുന്നു. എന്നാൽ പഞ്ചരത്നങ്ങളിൽ ഏക ആൺ തരിയായ ഉത്രജൻ തിരഞ്ഞെടുപ്പിന്റെ കാര്യം പറഞ്ഞപ്പോൾ അല്പം ഗൗരവത്തിലായി. ആർക്ക് വോട്ടുചെയ്താലും നാട്ടുകാരുടെ കാര്യം കഷ്ടം തന്നെയാണെന്ന് ഉത്രജൻ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടിടാൻകഴിയാത്തതിലുള്ള നിരാശ പഞ്ചരത്നങ്ങൾ പങ്കുവച്ചു. എറണാകുളത്ത് ബി.എസ്‌സി അനസ്തേഷ്യക്ക്
പഠിക്കുന്ന ഉത്രജ യ്ക്കും ഉത്തമ യ്ക്കും ഫസ്റ്റ് സെമസ്റ്റർ എക്സാം സമയമായതിനാൽ ആദ്യ വോട്ടു ഒരുമിച്ചിടണമെന്ന ആഗ്രഹം നടന്നില്ല. അതിനാൽ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടിട്ടില്ല. ഇത്തവണ വോട്ടെടുപ്പിന്റെ തലേദിവസം തന്നെ എല്ലാവരും വീട്ടിലെത്തി. അച്ഛൻ പ്രേംകുമാറിന്റെ മരണശേഷം അമ്മ രമാദേവിയാണ് പഞ്ചരത്നങ്ങളുടെ അവസാന വാക്ക്. എന്നാൽ തനിക്ക് പ്രത്യേക രാഷ്ട്രീയമുണ്ടെങ്കിലും ഒരുകാര്യത്തിലും മക്കളെ നിർബന്ധിക്കാറില്ലെന്നും അവരുടെ ഇഷ്ടത്തിൽ കൈകടത്താറില്ലെന്നും ചെറുപ്പം മുതലേ അഞ്ചു പേരും കൂട്ടായ തീരുമാനമാണ് എടുക്കാറെന്നും രമാദേവി പറഞ്ഞു. 1995 ൽ ജനിച്ച പഞ്ചരത്നങ്ങൾക്ക് ഇപ്പോൾ 20 വയസ്സായി.എൽ.കെ.ജി.മുതൽ പ്ലസ്‌ ടു വരെ വട്ടപ്പാറ ലൂർദു മൌണ്ട് സ്കൂളിൽ ഒരേ ക്ലാസിലായിരുന്നു പഠനം.ഉപരിപഠനമായപ്പോൾ പലവഴിക്കായി. കൊല്ലത്ത് ഫാഷൻ ഡിസൈനിംഗ് ഡിപ്ലോമക്ക് പഠിക്കുകയാണ് ഉത്ര.ഉത്തരയും ഉത്രജനും തോന്നക്കൽ എ.ജെ.കോളേജിൽ യഥാക്രമം ജേർണലിസത്തിനും ബി.ബി എയ്ക്കുമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here