ന്യൂയോര്‍ക്ക്: സംഗീതവഴികളില്‍ ഇരുപത്തഞ്ചാണ്ട് പൂര്‍ത്തിയാക്കിയ ഏഞ്ചല്‍ മെലഡീസ് സാരഥി റെജിയെന്ന ജോസഫ് പാപ്പന്, ന്യൂയോര്‍ക്ക് മലയാളികള്‍ സ്‌നേഹോഷ്മളമായ ആദരവ് നല്‍കി.
മെയ് 15 ഞായറാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലെ ഇര്‍വിന്‍ എം. ആള്‍ട്ട്മാന്‍ മിഡില്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി വൈദികരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട ഒട്ടേറെ പേര്‍ പങ്കെടുത്തു. കീബോര്‍ഡ് കലാകാരന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, സംഗീത അദ്ധ്യാപകന്‍, ഓര്‍ക്കസ്ട്ര സംവിധായകന്‍ തുടങ്ങിയ നിലകളിലൊക്കെ നൈപുണ്യം തെളിയിച്ചിട്ടുള്ള റെജി, വിവാഹ ക്വൊയര്‍, ഫ്യൂണറല്‍ സര്‍വ്വീസ് ക്വൊയര്‍, ആരാധനാ ക്വൊയര്‍, കണ്‍വന്‍ഷന്‍ ക്വൊയര്‍ തുടങ്ങി നിരവധി ഡിവോഷണല്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്തുവരുന്നത് ആശംസാപ്രാസംഗികര്‍ അനുസ്മരിച്ചു. റെജിയുടെ സഹോദരനായ വെരി. റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പാ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍, വെരി റവ. പൗലൂസ് ആദായി കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ജോണ്‍ തോമസ്, ഫാ. ജോര്‍ജ് മാത്യു, ഫാ. ഫിലിപ്പ് സി ഏബ്രഹാം, ഫാ. തോമസ് പോള്‍, റവ. ബിനു ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാ. ജോണ്‍ പാപ്പന്‍ സ്വാഗതവും റെജി കൃതജ്ഞതയും  രേഖപ്പെടുത്തി. തന്റെ സംഗീതശുശ്രൂഷയ്ക്ക് വേണ്ട പ്രചോദനവും കൈത്താങ്ങും നല്‍കിയ എല്ലാവര്‍ക്കും നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിച്ച റെജി, അകാലത്തില്‍ വിട പറഞ്ഞ സഹധര്‍മ്മിണിയെയും, മാതാപിതാക്കളെയും കണ്ഠമിടറിയാണ് അനുസ്മരിച്ചത്.
സാറാ ഐസക്ക് ബൈബിള്‍ പാരായണം നടത്തി. ഫാ. ജോയിസ് പാപ്പന്‍ ആയിരുന്നു പ്രോഗ്രാം എം.സി. റെജിയുടെ നേതൃത്വത്തില്‍ സജി കോശി, മിനി കോശി, സൈജു ഡേവിഡ്, അന്‍സു കോശി, ഏഞ്ചല്‍ ജോസഫ്, എലൈനാ ഏലിയാസ് എന്നിവര്‍ ചേര്‍ന്ന് ഗാനമാലപിച്ചു. ഈ പ്രോഗ്രാമിനായി നാട്ടില്‍ നിന്നെത്തിയ റെജിയുടെ സഹോദരന്‍ ഐസക്ക് പാപ്പന്റെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍മാരെ ആദരിക്കുകയും ചെയ്തു.
771_resized.jpeg
ഹ്രസ്വമായ ആഘോഷചടങ്ങിന് ശേഷം എം.ജി ശ്രീകുമാര്‍, രഞ്ജിനി ജോസ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഏഞ്ചല്‍ മെലഡീസിലെ ഗായകര്‍ റെജിയുടെ നേതൃത്വത്തില്‍ ആദ്യാവസാനം കോറസ് പാടി. എം.ജി ശ്രീകുമാറിന്റെ  സ്ഥിരം കീബോര്‍ഡ് പ്ലെയര്‍ അനൂപ് പശ്ചാത്തല സംഗീതമൊരുക്കുകയും 3 ഗാനങ്ങളുടെ ഈരടികള്‍ ആലപിക്കുകയും ചെയ്തു.  18 ഗാനങ്ങള്‍ക്ക് ശേഷം രഞ്ജിനി ജോസ് ഇംഗ്ലീഷില്‍, ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ‘അമെയ്‌സിംഗ് ഗ്രേസ്’ എന്ന ഗാനമാലപിച്ച് സദസിനെ അത്ഭുതപ്പെടുത്തി.  പോപ്പുലര്‍ ആയ 8 സിനിമാഗാനങ്ങളുടെ ശീലുകള്‍ ഉള്‍പ്പെടുത്തി എം.ജി ശ്രീകുമാര്‍ ആലപിച്ച മെഡ്‌ലിയും കൈയ്യടികളോടെ സദസ് ആസ്വദിച്ചു.
779_resized.jpeg
പ്രോഗ്രാമിലുടനീളവും പാട്ടുകളുടെ അവതരണസമയത്തും യേശുക്രിസ്തുവിലുള്ള വിശ്വാസം എടുത്തു പറഞ്ഞ എം.ജി ശ്രീകുമാര്‍ അത് സംബന്ധിച്ച വിവരങ്ങളും നല്‍കുന്നുണ്ടായിരുന്നു. പ്രപഞ്ചത്തിലെ ആത്യന്തിക ശക്തിയായി യേശുക്രിസ്തുവിനെയാണ് ഞാന്‍ കാണുന്നത്.  അതിന്  മുകളിലായി ഒന്നുമില്ല. നമ്മുടെ രോഗാവസ്ഥയിലും, ആകുലവേളകളിലും ആശ്വാസം പകര്‍ന്നു തരുന്ന ശക്തിയാണ് ജീസസ്. താഴ്ചകളുണ്ടാകുമ്പോള്‍ മാത്രം കര്‍ത്താവേ എന്ന് വിളിച്ചിട്ട് കാര്യമില്ല. എപ്പോഴും അങ്ങിനെ വിളിക്കുവാനുള്ള മനസും ഒരുക്കവും ഉണ്ടാവണം. ആ ശക്തിയെ മനസില്‍ ധ്യാനിച്ചുകൊണ്ടാണ് ഞാന്‍ പാട്ടുകള്‍ പാടുന്നത്.
പല പാട്ടുകളും പാടാനിടയായ സാഹചര്യങ്ങളും എം.ജി ശ്രീകുമാര്‍ വിവരിച്ചു. ഓരോ പാട്ടുകള്‍ക്കുമുണ്ടായിരുന്നു ഓരോ കഥകള്‍. എല്ലാം യേശുക്രിസ്തുവില്‍ അധിഷ്ഠിതമായ കഥകള്‍, ”അമ്മേയമ്മേ തായേ” ”ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം’ ”സീനായ് മാമലയില്‍’, ‘വാഴ്ത്തുന്നു ദൈവമേ നിന്‍മഹത്വം’, ‘ഒരിക്കല്‍ യേശുനാഥന്‍’, ‘ഇന്നയോളം എന്നെ നടത്തീ’ തുടങ്ങി ക്രൈസ്തവ സമൂഹം ഏറ്റുപാടിയ ഗാനങ്ങളൊക്കെ എം.ജി ശ്രീകുമാര്‍ മനോഹരമായി ആലപിച്ചു.
772_resized.jpeg

LEAVE A REPLY

Please enter your comment!
Please enter your name here