സൊക്രമെന്റോ:പതിനൊന്നു വയസിനുള്ളില്‍ മൂന്നു കമ്യുണിറ്റി കോളജ് ബിരുദങ്ങള്‍ നേടിയ യുഎസിലെ മലയാളി ബാലന്‍ തനിഷ്‌ക് എബ്രഹാമിന് കാലിഫോര്‍ണിയയിലെ രണ്ട് സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് ക്ഷണം. യുസി ഡേവിസ്, യുസി സാന്റാക്രൂസ് എന്നിവിടങ്ങളിലേക്കാണ് തനിഷ്‌കിന് ക്ഷണം. എന്നാല്‍ ഏതു കോളജില്‍ ചേരണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് പഠിച്ച് ഡോക്ടറും മെഡിക്കല്‍ റിസര്‍ച്ചറും ആകാനാണ് തന്റെ ആഗ്രഹമെന്ന് 12 കാരനായ തനിഷ്‌ക് പറയുന്നു.

ഏഴാംവയസില്‍ കോളജ് പഠനം ആരംഭിച്ച തനിഷ്‌ക് കഴിഞ്ഞവര്‍ഷമാണ് അമേരിക്കന്‍ റിവര്‍ കോളജില്‍ നിന്ന് അസോസിയേറ്റ് ഡിഗ്രി സ്വന്തമാക്കിയത്. ജനറല്‍ സയന്‍സ്, മാസ്ത്, ഫിസിക്കല്‍ സയന്‍സ്, ഫോറിന്‍ ലാംഗ്വേ്ജ് എന്നിവയായിരുന്നു വിഷയങ്ങള്‍. പ്രായക്കുറവുള്ളതിനാല്‍ ആദ്യം തനിഷ്‌കിനെ സ്വീകരിക്കാന്‍ അധ്യാപകര്‍ക്ക് മടിയായിരുന്നു. എന്നാല്‍ തനിഷ്‌കിന്റെ പ്രതിഭ തിരിച്ചറിഞ്ഞ അവര്‍ നിലപാട് മാറ്റുകയായിരുന്നു. യുഎസില്‍ താമസക്കാരായ മലയാളി ദമ്പതികളായ ബിജു എബ്രഹാമിന്റെയും, ടാജിയുടേയും മൂത്ത മകനാണ് തനിഷ്‌ക് മാത്യൂ എബ്രഹാം. നാലു വയസ്സുള്ളപ്പോള്‍ തന്നെ ബൗദ്ധിക വിഷയങ്ങളില്‍ ഉന്നത മികവു പുലര്‍ത്തുന്നവരുടെ സംഘടനയായ മെര്‍സ ഇന്റെര്‍നാഷണലില്‍ അംഗമാണ് തനിഷ്‌ക്. 7-ാം വയസ്സു മുതല്‍ വീട്ടിലിരുന്നാണ് തനിഷക് പഠിക്കുന്നത്.  10-ാം വയസ്സില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഈ മിടുക്കന്‍ വീട്ടിലിരുന്നു പഠിച്ചാണ് കമ്യുണിറ്റി ബിരുദമെടുത്തത്. യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കു വേണ്ടി ജ്യോതിശാസ്ത്ര സംബന്ധമായ ബ്ലോഗുകളെഴുതാറുണ്ട് ഈ മിടുക്കന്‍. തനിഷ്‌കിന്റെ മികവു തിരിച്ചറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റെ് ബരാക് ഒബാമ നേരത്തെ ഈ കൊച്ചുമിടുക്കന് അനുമോദനകത്ത് അയച്ചിരുന്നു. ഡോക്ടറും വൈദ്യശാസ്ത്ര ഗവേഷകനും ആകുന്നതിനൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നും തനിഷ്‌ക് സ്വപ്‌നം കാണുന്നു. ഒപ്പം നൊബേല്‍ സമ്മാനവും കരസ്ഥമാക്കണം.

31,700 പേരാണ് ട്വിറ്ററില്‍ തനിഷ്‌കിനെ പിന്തുടരുന്നത്. തനിഷ്‌കിന്റെ അനിയത്തിയായ ടിയാറ തങ്കം എബ്രഹാമും ചേട്ടന്റെ വഴിയെ തന്നെയാണ്. നാലു വയസ്സുള്ളപ്പോള്‍ തന്നെ മെര്‍സ ഇന്റെര്‍നാഷണലില്‍ ഇടം പിടിച്ചു കഴിഞ്ഞു ഈ അനിയത്തിക്കുട്ടിയും. ഇവരുടെ അച്ഛനായ ബിജു എബ്രഹാം സൊക്രെന്റോയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. മൃഗ ഡോക്ടറായിരുന്ന അമ്മ ടാജി, വീട്ടിലിരുന്നു പഠിക്കുന്ന അസാധാരണ പ്രതിഭകളായ മക്കളെ സഹായിക്കുന്നതിനു വേണ്ടി ജോലി ഉപേക്ഷിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here