തിരുവനന്തപുരം: ഏറെ പ്രതീക്ഷകളുമായി കേരളത്തിൽ നാളെ പുതിയ മന്ത്രി സഭ അധികാരമേൽക്കും. മുഖ്യമന്ത്രി പിണറായി അടക്കം 19 മന്ത്രിമാരാണ് നാളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നത്.
ഇനി കേരളത്തെ ഭരിക്കുന്നവർ ഇവരാണ്…
# സി.പി.എം അംഗങ്ങൾ. മുഖ്യമന്ത്രി
#പിണറായി വിജയൻ (72)
നിയമസഭയിൽ അഞ്ചാം തവണ. മന്ത്രി പദത്തിൽ രണ്ടാമതും. കണ്ണൂർ പിണറായിയിൽ മുണ്ടയിൽ കോരന്റെയും കല്ല്യാണിയുടെയും മകൻ. തലശ്ശേരി ബ്രണ്ണൻകോളേജിൽ നിന്നു ബരുദം. 1970, 77 , 91 തിരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പ് മണ്ഡലത്തിലും 96 ൽ പയ്യന്നൂരിലും വിജയം. 96 ലെ ഇ.കെ.നയനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, 1998 മുതൽ 2015 വരെ സി.പി.എം സംസ്ഥാന സെക്രട്ടറി. പാർട്ടി പി.ബി.അംഗം. ഭാര്യ:ടി.കമല.മക്കൾ:വിവേക്, വീണ.
*ഡോ.ടി.എം തോമസ് ഐസക്ക് (64)
നിയമസഭയിലേക്ക് നാലാം തവണ. 2001ലും 2006ലും മാരാരരിക്കുളത്തു നിന്നും തുടർന്ന് രണ്ടുതവണ ആലപ്പുഴ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി പദത്തിൽ രണ്ടാംതവണ. കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് ടി.പി.മാത്യു-സാറാമ്മ മാത്യു ദമ്പതികളുടെ മകനായി 1952 സെപ്റ്രംബർ 26 ന് ജനനം.പൊതു ധനകാര്യത്തിൽ ഡോക്ടറേറ്റ്.
സാമ്പത്തിക കാര്യവിദഗ്ദ്ധൻ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇംഗ്ളീഷിലും മലയാളത്തിലുമായി 20 ഓളം പുസ്തകങ്ങളുടെ കർത്താവ്. മക്കൾ.സാറ, ഡോറ. *എ.കെ.ബാലൻ (65)
2001 മുതൽ തുടർച്ചയായി നിയമസഭാംഗം. ഇപ്പോൾ തരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 1980 ൽ ഒറ്റപ്പാലത്തു നിന്ന് ലോക് സഭയിലെത്തി. മന്ത്രി പദവിയിൽ രണ്ടാംതവണ. നാദാപുരം തൂണേരിയിൽ കേളപ്പൻ-കുഞ്ഞി ദമ്പതികളുടെ മകനായി 1951 ആഗസ്റ്ര് 3 ന് ജനനം. നിയമബിരുദം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഇപ്പോൾ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും. ഭാര്യ: ആരോഗ്യ വകുപ്പു ഡയറക്ടറായി വിരമിച്ച ജമീലാ ബാലൻ. മക്കൾ: നവീൻ ബാലൻ(പാരീസ്), നിഖിൽ ബാലൻ (നെതർലാന്റ്സിൽ വിദ്യാർത്ഥി). *ജി.സുധാകരൻ (69)
1996 ൽ കായംകുളത്ത് നിന്ന് നിയമസഭയിൽ ആദ്യമെത്തി. 2006 മുതൽ അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മന്ത്രി പദവിയിൽ രണ്ടാം തവണ. ആലപ്പുഴ വേടരപ്ളാവ് നല്ലവീട്ടിൽ പി.ഗോപാലക്കുറുപ്പിന്റെയും എൽ.പങ്കജാക്ഷി അമ്മയുടെയും മകനായി 1946 നവംബർ ഒന്നിന് ജനനം. എം.എ., എൽ.എൽ.ബി ബിരുദം. എസ്.എഫ് ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റും. ആലപ്പുഴ ജില്ലാ കൗൺസിലിന്റെ പ്രഥമപ്രസിഡന്റ്. കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ആലപ്പുഴ എസ്.ഡി.കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ.ജൂബിലി നവപ്രഭ. മകൻ നവനീത് സുധാകരൻ, മരുമകൾ രശ്മി ( രണ്ടാളും ഖത്തറിൽ.)

*ഇ.പി.ജയരാജൻ (66)
1991 ൽ അഴീക്കോട്ടും 2011, 2016 ൽ മട്ടന്നൂരിൽ നിന്നും നിമയസഭയിലെത്തി. മന്ത്രി പദത്തിൽ ആദ്യം. കണ്ണൂർ ഇരിണാവിൽ ബി.എം.കൃഷ്ണൻ നമ്പ്യാരുടെയും ഇ.പി.പാർവതി അമ്മയുടെയും മകനായി 1950 മെയ് 28 ന് ജനനം. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ളോമ പൂർത്തിയാക്കി. ദീർഘകാലം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. ഇപ്പോൾ കേന്ദ്ര കമ്മിറ്റി അംഗം. ഡി.വൈ.എഫ്. ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ് . കർഷക സംഘം സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി. ഭാര്യ ഇന്ദിര (ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരി), മക്കൾ:ജെയ്സൺ, ജിതിന്ദ് രാജ് (ബിസിനസ്).

*എ.സി.മൊയ്തീൻ (60)
2004 ൽ വടക്കാഞ്ചേരിയിൽ ഉപതിരഞ്ഞെടുപ്പിൽ കെ.മുരളീധരനെ തോൽപ്പിച്ച് നിയമസഭയിലെത്തി. 2006 ൽ ഇതേ മണ്ഡലത്തിൽ നിന്നും ഇത്തവണ കുന്നംകുളത്തു നിന്നും വിജയം. മന്ത്രി സ്ഥാനത്തേക്ക് ആദ്യം. വടക്കാഞ്ചേരി പനങ്ങാട്ടുകര കല്ലമ്പാറ ആക്കപ്പറമ്പിൽ ചിയാമു- ഫാത്തിമ ബീവി ദമ്പതികളുടെ മകനായി 1956 ഏപ്രിൽ 18 ന് ജനനം. എസ്.എഫ് ഐയിൽ സംഘടനാ പ്രവർത്തനത്തിന് തുടക്കം. 1988 ൽ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്. ഗ്രന്ഥശാല പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്നു. ഭാര്യ: എസ്.ഉസൈബ ബീവി (എരുമപ്പെട്ടി പി.എച്ച്.സിയിൽ ജൂനിയർ പബ്ളിക് ഹൽത്ത് നഴ്സ്). മകൾ:ഡോ.ഷീബ,മരുമകൻ റഫീക്ക്.

*കടകംപള്ളി സുരേന്ദ്രൻ (62)
നിയമസഭയിൽ രണ്ടാംതവണ. 1996 ൽ കഴക്കൂട്ടം മണ്ഡലത്തിൽ ആദ്യവിജയം. മന്ത്രി സ്ഥാനത്തേക്ക് ആദ്യം. കരിക്കകം കടകംപള്ളി വീട്ടിൽ സി.കെ.ക‌ഷ്ണൻകുട്ടി- ഭഗവതി ദമ്പതികളുടെ മകനായി 1954 ഡിസംബർ 31 ന് ജനനം. മലയാള സാഹിത്യത്തിൽ ബിരുദം. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചു. ഡി.വൈ.എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്നു. ഭാര്യ:തിരുമല എ.എം.എച്ച്.എസ്.എസ് അദ്ധ്യാപിക സുലേഖ. മക്കൾ: അരുൺ (രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി), അനൂപ് (ടാറ്റാ കൺസൽട്ടൻസി).മരുമകൾ:സ്മൃതി ശ്രീകുമാർ (ടെക്നോപാർക്ക്) .

*ടി.പി.രാമകൃഷ്ണൻ (67)
പേരാമ്പ്രയിൽ നിന്നു നിയമസഭയിലെത്തുന്നത് രണ്ടാം തവണ. മന്ത്രി പദത്തിൽ ആദ്യം. കോഴിക്കോട് ജില്ലയിൽ കീഴരിയൂർ ഉണിച്ചിരാംവീട്ടിൽ പരേതനായ ശങ്കരൻ-മാണിക്യം ദമ്പതികളുടെ മകനായി 1949 ൽ ജനനം. കെ.എസ്.എഫിലൂടെ സംഘടനാ രംഗത്ത് എത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഭാര്യ: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ എം.കെ.നളിനി. മക്കൾ.രജുലാൽ (മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ),രഞ്ജിനി( ഊരാളുങ്കൽ ലേബർ സൊസൈറ്റി).

*ഡോ.കെ.ടി.ജലീൽ(49)
കുറ്റിപ്പുറം മണ്ഡലത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച് 2006 ൽ എൽ.ഡി.എഫ് സ്വതന്ത്രനായി നിയമസഭയിലെത്തി. തവനൂരിലാണ് ഇപ്പോഴത്തെ വിജയം. ആദ്യ മന്ത്രിസ്ഥാനം. വളാഞ്ചേരി കൂരിപ്പറമ്പിൽ തെക്കുമ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി- പാറയിൽ നഫീസ ദമ്പതികളുടെ മകൻ. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചരിത്ര അദ്ധ്യാപകനായിരുന്നു. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് ഇടത് പക്ഷത്തോട് ചേർന്നു.
ഭാര്യ: വളാഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.പി.ഫാത്തിമക്കുട്ടി. മക്കൾ: അസ്മാബീവി (യു.എസ്.ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി), മുഹമ്മദ് ഫാറൂക്ക് (ഡെൽഹി സർവ്വകലാശാല വിദ്യാർത്ഥി), സുമയ്യബീഗം(പ്ളസ്ടു).മരുമകൻ അജീഷ് (യു.എസ്).

*സി.രവീന്ദ്രനാഥ് (61)
നിയമസഭയിൽ മൂന്നാം തവണ. 2006 ൽ കൊടകരയിൽ നിന്നും 2011ലും 16 ലും പുതുക്കുടിയിൽ നിന്നും നിയമസഭയിലെത്തി. മന്ത്രിയാവുന്നത് ആദ്യം. നെല്ലായി പന്തല്ലൂർ കുന്നത്തേരി തെക്കേ മഠത്തിൽ പീതാംബരൻ കർത്തയുടെയും ചേരാനെല്ലൂർ ലക്ഷ്മി കുഞ്ഞമ്മയുടെയും മകനായി 1955 നവംബർ 22 ന് ജനനം. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ കെമിസ്ട്രി വിഭാഗം പ്രൊഫസറായിരുന്നു. ജനകീയസാത്രൂണ രംഗത്തും സാക്ഷരതാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: കേരള വർമ്മ കോളേജ് റിട്ട. അദ്ധ്യാപിക എം.കെ.വിജയം. മക്കൾ: ഡോ.ലക്ഷ്മിദേവി, ജയകൃഷ്ണൻ.

*കെ.കെ.ശൈലജ (60)
കൂത്തുപറമ്പിൽ നിന്ന് 1996 ൽ നിയമസഭയിലേക്ക് ആദ്യവിജയം. 2006 ൽ പേരാവൂരിനെ പ്രതിനിധീകരിച്ചു. ഇപ്പോൾ വീണ്ടും കൂത്തുപറമ്പിൽ നിന്ന് ജയം. മന്ത്രിപദവിയിൽ ആദ്യം. കണ്ണൂർ മഠത്തിൽ കെ.കുഞ്ഞൻ- കെ.കെ.ശാന്തമ്മ ദമ്പതികളുടെ മകളായി 1956 നവംബർ 20 ന് ജനനം. ശിവപുരം ഹൈസ്കൂൾ അദ്ധ്യാപികയായിരിക്കെ, രാഷ്ട്രീയ പ്രവർത്തനത്തിനായി സ്വയം വിരമിച്ചു. ‘സ്ത്രീ ശബ്ദം ‘ മാസിക പത്രാധിപർ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി. ഭർത്താവ്: മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ കെ.ഭാസ്കരൻ. മക്കൾ: ശോഭിത് (എൻജിനിയർ, ഗൾഫ്), ലസിത്( എൻജിനിയർ, കണ്ണൂർ വിമാനത്താവളം).

*ജെ.മെഴ്സിക്കുട്ടിയമ്മ (59)
സഭയിൽ മൂന്നാം തവണ. നിയമവിദ്യാർത്ഥിയായിരിക്കെ 1987 ൽ കുണ്ടറയിൽ ആദ്യവിജയം. 96 ൽ വിജയം ആവർത്തിച്ചു. കുണ്ടറ മൺറോതുരുത്ത് മുല്ലശ്ശേരിൽ ഫ്രാൻസിസിന്റെയും ജയിനമ്മയുടെയും മകളായി 1957 സെപ്റ്റംബർ 30 ന് ജനനം. മലയാളത്തിൽ ബിരുദാനന്തര ബിരുദം. കൊല്ലത്തെ കശുഅണ്ടി തൊഴിലാളി സമരത്തിൽ മുന്നിൽ നിന്നു പ്രവർത്തിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും , കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ വൈസ് പ്രസിഡന്റും സി.ഐ.ടി. യു ദേശീയ വൈസ് പ്രസിഡന്റുമാണ്. കാപ്പെക്സ് മുൻ ചെയർമാനും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായ ബി.തുളസീധരക്കുറുപ്പാണ് ഭർത്താവ്.മക്കൾ: സി.എ വിദ്യാർത്ഥി ടി.എം സോഹൻ, എംടെക് വിദ്യാർത്ഥി ടി.എം അരുൺ.

# സി.പി.ഐ അംഗങ്ങൾ.

* വി.എസ്.സുനിൽകുമാർ (49)
ചേർപ്പിൽ നിന്ന് 2006 ലും കയ്പമംഗലത്തു നിന്ന് 2011ലും നിയമസഭയിലെത്തി. ഇക്കുറി തൃശ്ശൂരിനെ പ്രതിനിധീകരിക്കുന്നു. മന്ത്രിപദത്തിൽ ആദ്യം. അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റെയും സി.കെ.പാർവതിയുടെയും മകനായി 1967 മെയ് 30 ന് ജനനം. നിയമബിരുദം. സഭയ്ക്കകത്തും പുറത്തും നിരവധി പോരാട്ടങ്ങൾ നടത്തി. എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു. എ.ഐ.എസ്.എഫിന്റെ ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: അഡ്വ.രേഖ.മകൻ:നിരഞ്ജൻ കൃഷ്ണ (ഒമ്പതാം ക്ളാസ്).

*ഇ.ചന്ദ്രശേഖരൻ (68)
കാഞ്ഞങ്ങാട്ടു നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. മന്ത്രി പദത്തിൽ ആദ്യ ഊഴം. പെരുമ്പളയിൽ പരേതനായ പി.കുഞ്ഞിരാമൻ നായരുടെയും ഇ.പാർവതി അമ്മയുടെയും മകനായി 1948 ഡിസംബർ 26 ന് ജനനം. 1984 ൽ കാസർകോട് ജില്ല രൂപം കൊണ്ടപ്പോൾ സി.പി.ഐയുടെ ജില്ലാ അസിസ്റ്രന്റ് സെക്രട്ടറിയായി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം, കാംകോ ഡയറക്ടർ, സംസ്ഥാന ലാൻഡ് റിഫോംസ് റിവ്യു കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ: സാവിത്രി , മകൾ: നീലി ചന്ദ്രൻ (കേരള സർവ്വകലാശാല എം.ഫിൽ വിദ്യാർത്ഥിനി).

*പി.തിലോത്തമൻ (59)
2006 മുതൽ ചേർത്തല മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മന്ത്രി പദത്തിലേക്ക് ആദ്യം.ചേർത്തല തെക്ക് കുറുപ്പുംകുളങ്ങര വട്ടത്തറയിൽ പരേതനായ പരമേശ്വരന്റെയും ഗൗരിയുടെയും മകനായി 1957 നവംബർ 2 ന് ജനിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ചെത്തുതൊഴിലാളി യൂണിയൻ താലൂക്ക് പ്രസിഡന്റുമാണ്. സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവും. ഭാര്യ:വി.ഉഷ (മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പി.എച്ച് സെന്ററിലെ നഴ്സ്).മക്കൾ: അമൃത (ഡി.ഫാം വിദ്യാർത്ഥി), അർജ്ജുൻ (എൻജിനിയറിംഗ് വിദ്യാർത്ഥി).

* കെ.രാജു (63)
പുനലൂർ മണ്ഡലത്തെ 2006 മുതൽ പ്രതിനിധീകരിക്കുന്നു. മന്ത്രിയാവുന്നത് ആദ്യം. കൊല്ലം ഏരൂർ നെട്ടയത്ത് പുത്തൻപുര വീട്ടിൽ ജി.കരുണാകരൻ- കെ.പങ്കജാക്ഷി ദമ്പതികളുടെ മകനായി 1953 ൽ ജനനം. നിയമബിരുദം. നാലു പതിറ്റാണ്ടായി അഭിഭാഷകൻ. എ.ഐ.എസ്.എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെ തുടക്കം. ഭാര്യ: ബി.ഷീബ (റിട്ട.സൂപ്രണ്ടിംഗ് എൻജിനിയർ, ജലസേചന വകുപ്പ്), മക്കൾ: ഋത്വിക്ക് രാജ് (ടെക്നോ പാർക്ക്), നിതിൻരാജ് (മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി).മരുമകൾ:രമ്യ (ശ്രീ ചിത്ര എൻജിനിയറിംഗ് കോളേജ് ഗസ്റ്റ് അദ്ധ്യാപിക).

#കോൺഗ്രസ് (എസ്)

*രാമചന്ദ്രൻ കടന്നപ്പള്ളി (72)
1980 ൽ ഇരിക്കൂറിൽ നിന്നും 2006 ൽ എടക്കാടു നിന്നും വിജയിച്ചു. ഇത്തവണ കണ്ണൂരിൽ നിന്നുള്ള പ്രതിനിധി. മന്ത്രി പദത്തിലേക്ക് രണ്ടാം തവണ. കടന്നപ്പള്ളി കണ്ടോന്താറിൽ ജ്യോതിഷ പണ്ഡിതൻ പരേതനായ പി.വി.കുഞ്ഞികൃഷ്ണൻ ഗുരുക്കളുടെയും ടി.കെ.പാർവതിയുടെയും മകനായി 1944 ജൂലായ് ഒന്നിന് ജനനം. നിയമബിരുദം. 71 ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ലോക് സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്ട് ഇ.കെ.നയനാരെ തോൽപ്പിച്ചു. കോൺഗ്രസ് പിളർപ്പിനെ തുടർന്ന് 1980 ൽ എൽ.ഡി.എഫിലെത്തി. നിലവിൽ കോൺഗ്രസ്( എസ്) സംസ്ഥാന പ്രസിഡന്റ് . ഭാര്യ:റിട്ട.അദ്ധ്യാപിക സി.എം സരസ്വതി.മകൻ മിഥുൻ (അവിയൽ മ്യൂസിക് ബാൻഡ്)

# ജനതാദൾ (എസ്)

* മാത്യു ടി തോമസ് (55)
1987 ൽ തിരവല്ല മണ്ഡലത്തിൽ ആദ്യജയം . 2006 മുതൽ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മന്ത്രി പദത്തിൽ രണ്ടാം വട്ടം. മാർത്തോമ്മ സഭയിലെ സീനിയർ വൈദികൻ തുമ്പുംപാട്ട് ഫാ.ടി.തോമസിന്റെയും അന്നമ്മയുടേയും മകനാണ്. എം.എസ്.സിയും നിയമബിരുദവും. 1977ൽ കേരള വിദ്യാർഥി ജനതയിലൂടെ രാഷ്ട്രീയ പ്രവേശം. ജനതാപാർട്ടി ജനതാദളിൽ ലയിച്ചപ്പോൾ യുവജനതാദളിന്റെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേ​റ്റ് അംഗമായിരുന്നു. ജനതാദൾ(എസ്) സംസ്ഥാന പ്രസിഡന്റ്. ഭാര്യ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ.അച്ചാമ്മ അലക്സ്. മക്കൾ: അച്ചു, അമ്മു .

# എൻ.സി.പി

* എ.കെ.ശശീന്ദ്രൻ (70)
നിയമസഭയിൽ അഞ്ചാം തവണ. 1980 പെരിങ്ങളത്തും 82 ൽ എടക്കാടും ജയിച്ചു. 2006 ൽ ബാലുശ്ശേരിയിൽ നിന്ന് ജയിച്ചു. പുതുതായി രൂപം കൊണ്ട എലത്തൂരിൽ നിന്നാണ് 2011 ൽ തിരഞ്ഞെടുക്കപ്പെട്ടത്. കെ.കുഞ്ഞമ്പു- എം.കെ.ജാനകി ദമ്പതികളുടെ മകനായി 1946 ൽ കണ്ണൂരിൽ ജനനം. ബി.എഡ്, ബി. ടെക് ബിരുദങ്ങൾ. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ്, 2006 മുതൽ നിയമസഭാകക്ഷി നേതാവ്, എൻ.സി.പി. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കോഫിബോർഡ് അംഗം, ഹൗസിംഗ് ബോർഡ് അംഗം തുടങ്ങിയ നിലയിലും പ്രവർത്തിച്ചു.ഭാര്യ: അനിതാ കൃഷ്ണൻ, മകൻ: വരുൺ ശശീന്ദ്രൻ.

#സ്പീക്കർ

*പി.ശ്രീരാമകൃഷ്ണൻ (48) സി.പി.എം.
പൊന്നാനിയിൽ നിന്ന് രണ്ടാം തവണ നിയമസഭയിൽ. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ പുറയത്ത് ഗോപിയുടെയും സീതാലക്ഷ്മിയുടെയും മകൻ. മേലാറ്റൂർ ആർ.എം. ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായിരുന്നു. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് , സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. ഭാര്യ :ദിവ്യ (വെട്ടത്തൂർ എ.യു.പി സ്കൂൾ അദ്ധ്യാപിക), മക്കൾ: നിരഞ്ജന ( ബികോം വിദ്യാർത്ഥിനി), പ്രിയരഞ്ജൻ.

#ഡെപ്യൂട്ടി സ്പീക്കർ

*വി.ശശി (66) .സി.പി.ഐ
ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നു രണ്ടാം ജയം. എൻജിനിയറിംഗ് ബിരുദധാരി. എ.വേലു- കെ.ശാരദ ദമ്പതികളുടെ മകനായി 1950 മെയ് 12 ന് ജനനം. 1984 ൽ ഡെപ്യൂട്ടി ഡയറക്ടറായി സർക്കാർ സർവ്വീസിൽ ചേർന്നു. 87 ൽ മന്ത്രി പി.കെ.രാഘവന്റെ പ്രൈവറ്റ് സെക്രട്ടറിയായി. വിരമിച്ച ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു. ഭാര്യ: സുമ (കോട്ടൺഹിൽ സ്കൂൾ അദ്ധ്യാപിക),മക്കൾ: രാകേഷ് (എൻജിനിയർ), രേഷ്മ (ബി.ടെക്).മരുമകൾ:ഗായത്രി (വനം വകുപ്പ് ഉദ്യോഗസ്ഥ)

LEAVE A REPLY

Please enter your comment!
Please enter your name here