rubber-tappingതൊടുപുഴ: കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയശേഷം റബ്ബര്‍വില വീണ്ടും കുറയുന്നു. ആര്‍.എസ്.എസ്.4 ഇനത്തിന് ചൊവ്വാഴ്ച കോട്ടയത്തെ വില 126.50 രൂപയാണ്. കിലോയ്ക്ക് 145 രൂപ വരെയെത്തിയശേഷമാണ് താഴേക്കു പോയിരിക്കുന്നത്. അന്താരാഷ്ട്രവില കുറഞ്ഞതാണ് ആഭ്യന്തരവിപണക്കു തിരിച്ചടിയായത്. അന്താരാഷ്ട്രവിലയനുസരിച്ച് തീരുവ കൊടുത്തു കൊണ്ടുവന്നാലും ടയര്‍ കമ്പനികള്‍ക്കു ലാഭമാണ്.അവിടെ ആവശ്യത്തിനു റബ്ബര്‍ താഴ്ന്ന വിലയ്ക്കു കിട്ടിയില്ലെങ്കിലേ കമ്പനികള്‍ മത്സരിച്ച് നമ്മുടെ വിപണിയില്‍നിന്നു വാങ്ങൂ. ആ സാഹചര്യം ഇപ്പോഴില്ല. അതേസമയം, വന്‍ ടയര്‍ കമ്പനികള്‍ നിത്യേന ഇവിടെനിന്നു റബ്ബര്‍ വാങ്ങുന്നുണ്ട്. എന്നാല്‍, ഏറ്റവും താഴ്ത്തിയുള്ള വിലയാണ് ഇവര്‍ പറയുന്നത്. തിങ്കളാഴ്ച 125.50 രൂപയ്ക്കു വാങ്ങാന്‍ തയ്യാറായെങ്കിലും ചൊവ്വാഴ്ച അമ്പതു പൈസ കുറച്ചു. അവര്‍ പറയുന്ന വിലയ്ക്കല്ലെങ്കില്‍ വേണ്ടെന്നുള്ള നിലപാടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 128 രൂപയ്ക്കുവരെ വാങ്ങിയിരുന്നു. വില കൂടുമെന്നു പ്രതീക്ഷിച്ച് ശേഖരിച്ചുവച്ചിരുന്നവരുടെ റബ്ബറാണ് ഇപ്പോള്‍ കൂടുതലും വിപണിയിലെത്തുന്നത്.
കമ്പനികള്‍ വിദേശത്തുനിന്ന് ക്രമ്പാണ് കൂടുതലും വാങ്ങുന്നത്. ഇത് 85രൂപയില്‍ താഴെ വിലയ്ക്കു ലഭിക്കും. ഇതു കൊണ്ടുവന്ന് ഇവിടെ വാങ്ങുന്ന റബ്ബറുമായി കൂട്ടിച്ചേര്‍ത്താണ് അവര്‍ ഉപയോഗിക്കുന്നത്. റബ്ബറിനു പ്ലാസ്റ്റിക്കിട്ട് മഴക്കാല ടാപ്പിങ്ങിനു തയ്യാറെടുക്കുകയായിരുന്നു കര്‍ഷകര്‍.ജൂലായ്ആഗസ്ത് മാസങ്ങളിലാണ് കൂടുതല്‍ റബ്ബര്‍ വിപണിയിലെത്തുക. അപ്പോഴേക്കും വില കയറുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായപദ്ധതിയനുസരിച്ച് ഇതുവരെ 379 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കു നല്‍കിയതായി റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. 427 കോടി രൂപ അപ്രൂവ് ചെയ്തിട്ടുണ്ട്. അഞ്ഞൂറുകോടി രൂപയുടെ പദ്ധതിയാണിത്. പുതിയ സര്‍ക്കാര്‍ പദ്ധതി തുടരുമോയെന്നു വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here