NCRP0099126തിരുവനന്തപുരം: കേരളത്തില്‍ അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ പുരോഗമനവാദികളുടേതും അന്ധവിശ്വാസങ്ങള്‍ക്കും എതിരേ പോരാടുന്നവരുടേതുമാണ്. മന്ത്രസഭയില്‍ വെറും മൂന്ന് പേര്‍ മാത്രമാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ശേഷിക്കുന്നവരെല്ലാം സഗൗരവം പ്രതിജ്ഞയെടുത്ത് യുക്തിചിന്തയിലധിഷ്ടിതമായ ഇടതു മൂല്യം ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ 13-ാം നമ്പര്‍ ഭാഗ്യദോഷമുള്ളതാണെന്ന കാലങ്ങളായുള്ള അന്ധവിശ്വാസം ഇടതു മന്ത്രിമാരെയും പേടിപ്പിച്ചോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരാരും തന്നെ പതിമൂന്നാം നമ്പര്‍ കാര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. 13-ാം നമ്പറിനെ കുറിച്ചുള്ള അന്ധവിശ്വാസം തകര്‍ക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ എംഎ ബേബി സ്വയം മുന്നിട്ടിറങ്ങി ആ നമ്പറിലുള്ള സ്റ്റേറ്റ് കാര്‍ സ്വീകരിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിലും വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് 13-ാം നമ്പര്‍ ഏറ്റെടുക്കാന്‍ സന്നദ്ധനായിരുന്നു. എന്നാല്‍ പിണറായി മന്ത്രിസഭയില്‍ ആരും തന്നെ അതിന് തയ്യാറായില്ല. 13 ഒഴിച്ചിട്ട് 14 മുതല്‍ 20 വരെയുള്ള നമ്പറുകള്‍ സ്വീകരിക്കുകയാണ് ഉണ്ടായത്. മന്ത്രിമാരായ മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെടി ജലീല്‍ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍.

ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ പ്രാധാന്യമനുസരിച്ചാണ് കാര്‍ നമ്പറുകള്‍ നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഉപയോഗിക്കുമ്പോള്‍ രണ്ടാം നമ്പര്‍ സിപിഐയുടെ ഇ.ചന്ദ്രശേഖരനാണ്. ജനതാദള്‍ എസിന്റെ മാത്യു ടി.തോമസിനാണ് മൂന്നാം നമ്പര്‍ കാര്‍. എന്‍സിപിയുടെ എ.കെ.ശശീന്ദനും കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിയും യഥാക്രമം നാല്, അഞ്ച് നമ്പര്‍ കാര്‍ ആണ് ഉപയോഗിക്കുക.

അവരംമുതലാക്കി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ തന്നെ രംഗത്തെത്തി. 13-ാം നമ്പര്‍ അശുഭ ലക്ഷണമാണെന്ന് തുറന്ന് സമ്മതിക്കാന്‍ പിണറായി വിജയന് ആര്‍ജവമുണ്ടോയെന്നാണ് സുരേന്ദ്രന്റെ ചോദ്യം. ദൃഢ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയാറായില്ല. കെ. ടി. ജലീല്‍ (നമ്പര്‍ 12), പിന്നെ തിലോത്തമന്‍ (നമ്പര്‍ 14), അവസാനത്തെ മന്ത്രിക്കു (നമ്പര്‍ 20). പതിമൂന്നാം നമ്പറിനു എന്താണ് കുഴപ്പമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സി.പി എം, സി.പി.ഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നമ്പര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേയെന്നും സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഇതിന് മറുപടി പറയണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here