NTVM0314611തിരുവനന്തപുരം:കേരളത്തില്‍ അധികാരമേറ്റ ഇടതുമന്ത്രിസഭയില്‍ പ്രവാസികാര്യവകുപ്പും മെട്രോ റെയിലും മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ കൈകാര്യം ചെയ്യും. റെയില്‍വേയുടെ ചുമതല മന്ത്രി ജി. സുധാകരനാണ്. ന്യൂനപക്ഷക്ഷേമം, വഖഫ്, ഹജ്ജ് തീര്‍ഥാടനം എന്നിവയുടെ ചുമതല മന്ത്രി ഡോ. കെ.ടി. ജലീലിന് നല്‍കി. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്ന വിജ്ഞാപനത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു.

പൊതുജനവിവരസമ്പര്‍ക്കം, അച്ചടി, സ്റ്റേഷനറി, യുവജനകാര്യം ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ആസൂത്രണം എന്നീ വകുപ്പുകളും മുഖ്യമന്ത്രിക്കാണ്. പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി എന്നിവക്കുപുറമേയാണിത്. ഇ.പി. ജയരാജന് വ്യവസായത്തിനും കായികത്തിനുംപുറമേ മൈനിങ് ആന്‍ഡ് ജിയോളജിയും കൈത്തറിയും ഖാദിയും ഗ്രാമീണ വ്യവസായവും ലഭിച്ചു. ഡോ. തോമസ് ഐസക്കിന് ധനവകുപ്പിലെ വിവിധ വിഭാഗങ്ങള്‍ക്കുപുറമേ കയറും ഉണ്ടാകും. ആരോഗ്യകുടുംബക്ഷേമ സമിതികള്‍ക്കുപുറമേ സാമൂഹികനീതിയും മന്ത്രി കെ.കെ. ശൈലജ വഹിക്കും.

അറ്റകുറ്റ പണികള്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ലെങ്കിലും മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ സംബന്ധിച്ചും തീരുമാനമായി. ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള 24 വീടുകളില്‍ 19 എണ്ണമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. പിണറായി വിജയന്റെ വാസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെ. യു.ഡി.എഫ് മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മി താമസിച്ച നിളയിലായിരിക്കും ആരോഗ്യമന്ത്രി കെ.കെ ശൈലജ താമസിക്കുക. മുന്‍ധനമന്ത്രി കെ.എം മാണി താമസിച്ച പ്രശാന്തില്‍ മന്ത്രി മാത്യു ടി തോമസാണ് താമസിക്കുക. ധനമന്ത്രി തോമസ് ഐസകിന് മന്‍മോഹന്‍ ബംഗ്ലാവാണ് അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റിലുമാവും താമസം. അത്യാവശ്യ അറ്റകുറ്റ പണികള്‍ നടത്തുന്നതല്ലാതെ മന്ദിരങ്ങളുടെ മോടി കൂട്ടേണ്ടതില്ലെന്ന് ആദ്യം തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here