ലണ്ടന്‍: റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പെഴ്‌സണുമായ നിത അംബാനിയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശം ചെയ്തു. കൊളംബിയയിലെ ഇന്റര്‍ അമേരിക്കന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് ലൂയിസ് ആല്‍ബര്‍ട്ടോ മൊറേനൊ, ദക്ഷിണാഫ്രിക്കന്‍ ചലച്ചിത്ര സംവിധായകന്‍ ആനന്ദ് സിങ് എന്നിവരടക്കം എട്ടു പേര്‍ക്കൊപ്പമാണ് നിത അംബാനിയെയും നാമനിര്‍ദേശം ചെയ്തത്. ഇവര്‍ കൂടി എത്തുന്നതോടെ ഐ.ഒ.സി. അംഗങ്ങളുടെ മൊത്തം എണ്ണം 99 ആകും.

പുതിയ ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റിനോയ്ക്കും അത്‌ലറ്റിക് ഫെഡറേഷന്‍ മേധാവി സെബാസ്റ്റിയന്‍ കോയ്ക്കും പട്ടികയില്‍ ഇടം നേടാനായില്ല. ഇതോടെ ഒളിമ്പിക്‌സിലെ ഏറ്റവും ജനപ്രിയ കായിക ഇനങ്ങളായ ഫുട്‌ബോളിനും അത്‌ലറ്റിക്‌സിനും ഐ.ഒ.സി.യില്‍ പ്രതിനിധികള്‍ ഇല്ലാതെയായി. മുന്‍ ഫിഫ അധ്യക്ഷന്‍ സെബ് ബ്ലാറ്ററും അത്‌ലറ്റിക് ഫെഡറേഷന്‍ മുന്‍ മേധാവി ലാമിയന്‍ ഡിയാക്കും ഐ.ഒ.സി.യില്‍ അംഗങ്ങളായിരുന്നു.

ആഗസ്ത് രണ്ട് മുതല്‍ നാലു വരെ റിയോ ഡീ ജനീറോയില്‍ വച്ചാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നിത അംബാനിക്ക് 2020വരെ ഒളിമ്പിക് കമ്മിറ്റിയില്‍ അംഗമായി തുടരാം. ഐ.ഒ.സിയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് അമ്പത്തിരണ്ടുകാരിയായ നിത അംബാനി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നടത്തിപ്പുകാരിയായ നിത അംബാനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥ കൂടിയാണ്.

ഒളിമ്പിക് പ്രസ്ഥാനത്തിന് പുതിയ മുഖം നല്‍കുക എന്ന ലക്ഷ്യവുമായാണ് കായിക സംഘടനകളുമായി കാര്യമായ ബന്ധമില്ലാത്ത മൊരെനൊയുടെയും ആനന്ദ് സിങ്ങിന്റെയും നിത അംബാനിയെയും ബ്രിട്ടീഷ് രാജ്ഞി അധ്യക്ഷയായ തിരഞ്ഞെടുപ്പ് കമ്മിറ്റി നാമനിര്‍ദേശം ചെയ്തത്.

1998ല്‍ അമേരിക്കയിലെ കൊളംബിയന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചയാളാണ് 63 കാരനായ മൊറേനൊ. വര്‍ണവിവേചനത്തിന് എതിരായ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് അറുപതുകാരയായ ആനന്ദ്‌സിങ്. പ്‌ളേസ് ഓഫ് വീപ്പിങ്, സരഫിനാല്‍, ക്രൈ, ദി ബിലവഡ് കണ്‍ട്രി എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍.

ഇന്റര്‍നാഷണല്‍ ബോബസ്‌ലീഗ് ആന്‍ഡ് സ്‌കെലിട്ടണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഇവൊഫ ഫെരാരി, നടത്തത്തിലെ മുന്‍ ലോക ചാമ്പ്യന്‍ സാരി എസ്സായ, മുന്‍ റോവിങ് താരം കൂടിയായ കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ട്രിസിയ സ്മിത്ത്, പാപ്പ ന്യൂ ഗിനി ഒളിമ്പിക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഔവിറ്റ റാപില്ല എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here