ദമാസ്‌കസ്: മോഷ്ടാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയും സിഗരറ്റ് വില്‍പന നടത്തിയ ആറ് പേരുടെ തലകള്‍ അറുത്തു മാറ്റിയും ഐഎസ് ഭീകരത വീണ്ടും. സിറിയയിലും മൊസൂളിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ജനക്കൂട്ടത്തിന് മുന്നിലാണ് ഭീകരര്‍ ശിക്ഷകള്‍ നടപ്പാക്കിയത്. സിറിയയില്‍ നിന്നും പിടികൂടിയ മോഷ്ടാവും സിഗരറ്റ് വിറ്റതിന് ഇറാഖില്‍ നിന്നും പിടികൂടിയ ആറുപേരുമാണ് ഐഎസ് ക്രൂരതയ്ക്ക് ഇരയായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്തു.

കൂടി നിന്ന ജനങ്ങള്‍ക്കിടയിലേക്ക് കറുത്ത വസ്ത്രം ധരിച്ചാണ് മോഷ്ടാവിനെ ഭീകരര്‍ കൊണ്ടുവന്നത്. ശേഷം കുറ്റവാളിയുടെ കൈ മേശമേല്‍ ബലമായി പിടിച്ചുവെച്ച് അറുത്തു മാറ്റുകയായിരുന്നു. കൈ ചലിക്കാതിരിക്കാന്‍ കയര്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ഇയാളുടെ മുഖം മൂടിയിരുന്നില്ല. കൈപ്പത്തി മുറിച്ചു മാറ്റിയ ശേഷം തുണി ഉപയോഗിച്ച് കെട്ടിവെയ്ക്കുന്നത് വീഡിയോയില്‍ കാണാം.

മൊസൂള്‍ നഗരത്തിന്റെ മധ്യഭാഗത്തുള്ള ചത്വരത്തിലാണ് സിഗരറ്റ് വിറ്റുവെന്ന കുറ്റത്തിന് ആറുപേരുടെ വധശിക്ഷ നടപ്പിലാക്കിയത്. ഇതിന്റെ വിധിന്യായം ഭീകരരിലൊരാള്‍ ജനങ്ങള്‍ക്കു മുന്നില്‍ വായിച്ചു കേള്‍പ്പിച്ചു. ഇതിന് ശേഷമായിരുന്നു തലയറുക്കല്‍. ഇരകളുടെ മൃതശരീരം പിന്നീട് മൊസൂളിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സിഗരറ്റ് വലിക്കുന്നതിനും വില്‍ക്കുന്നതിനും തങ്ങളുടെ അധീന പ്രദേശങ്ങളില്‍ ഐഎസ് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.