”അച്ഛനെ കുറിച്ച് പറയുമ്പോള്‍ വികാരാധീനനാവും മോഹന്‍ലാല്‍. എന്റെ അച്ഛന്‍ എന്നോട് എങ്ങിനെയായിരുന്നോ അതുപോലെയാണ് ഞാന്‍ എന്റെ മകനോടും. അച്ഛന്‍ എന്നെ എന്റെ ഇഷ്ടത്തിന് പറക്കാന്‍ വിട്ടു. അതുപോലെ ഞാന്‍ എന്റെ മകനെയും പറക്കാന്‍ വിടുന്നു”. സമുദ്രക്കനി സംവിധാനം ചെയ്യുന്ന അപ്പ എന്ന ചിത്രത്തിന്റെ പ്രൊമോയിലാണ് മോഹന്‍ലാല്‍ തന്റെ അച്ഛനെ അനുസ്മരിക്കുന്നത്.
”അച്ഛന്‍ എപ്പോഴും എന്റെ കൂടെയുണ്ട്. ഒരു കാറ്റായി, സുഗന്ധമായി, പ്രഭാതമായി, പ്രദോഷമായി, സന്ധ്യയായി, രാത്രിയായി എന്റടുത്ത് വരും ഓര്‍മകളിലൂടെ. അപ്പോള്‍ ഞാനെന്റെ അച്ഛന്റെ ഏറ്റവും ചെറിയ മകനായി മാറും. അത് മനോഹരമായൊരു ഓര്‍മയാണ്. ഞാനൊരു അച്ഛനാണ്. അത് കാലാകാലങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നിലൂടെ, എന്റെ മകനിലൂടെ, അയാളുടെ മകനിലൂടെ.. ഈ വലിയ യാത്രയില്‍ ചെറിയ യാത്രക്കാരാണ് നമ്മള്‍. ഐ. ലവ് മൈ അപ്പ. എന്റെ അച്ഛനെ ഞാന്‍ സ്‌നേഹിക്കുന്നു. ബഹുമാനിക്കുന്നു”-ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന് പുറമെ സംവിധായകന്‍ സമദ്രക്കനി, നടി മഞ്ജു വാര്യര്‍, സൂര്യ, രോഹിണി, വിശാല്‍, ഇളയരാജ, സംവിധായകന്‍ വിജയ് എന്നിവരും അച്ഛനെ അനുസ്മരിച്ച് പ്രൊമോകളില്‍ എത്തുന്നുണ്ട്.

സമുദ്രക്കനി തന്നെ നായകവേഷം ചെയ്യുന്ന തമ്പി രാമയ്യ, വിനോദിനി, വിഘ്‌നേഷ്, ഗബ്രിയേല, യുവ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചിത്രം നിര്‍മിക്കുന്നതും രചന നിര്‍വഹിക്കുന്നതുമെല്ലാം സമുദ്രക്കനി തന്നെ. ഇളയരാജയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
സമുദ്രക്കനിയെ നായകനാക്കി അംബഴകന്‍ നാലു വര്‍ഷം മുന്‍പ് ഒരുക്കിയ സാട്ടൈ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് അപ്പ. സാട്ടൈയുമായി ഒരുവിധത്തിലുമുള്ള സാമ്യങ്ങളില്ലെങ്കിലും സാട്ടൈയെ പോലെ വിദ്യാഭ്യാസ വ്യവസ്ഥിതി തന്നെയാണ് ഇതിന്റെ ഇതിവൃത്തമെന്ന് സമുദ്രക്കനി സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here