ഫൊക്കാനയുടെ തുടക്കം മുതൽ അമേരിക്കൻ മലയാളി കേൾക്കുകയും കാണുകയും ചെയ്യുന്ന വ്യക്തിത്വം ആണ് ശ്രീമതി ലീലാ മാരേട്ട്. ഇപ്പോൾ ഫൊക്കാനയുടെ വനിതാ വിഭാഗം ദേശീയ അധ്യക്ഷ. വാക്കും പ്രവര്ത്തിയും ഒന്നാകണം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു കൊണ്ഗ്രസ്സുകാരന്റെ മകൾ. എ.കെ ആന്റണിയുടെ രാഷ്ട്രീയ ഗുരുനാഥന്റെ മകൾ. എന്തുകൊണ്ടും ആദർശ ധീര. സംഘടനയുടെ വളർച്ചയ്ക്കുവേണ്ടി ഇനിയും പ്രവർത്തിക്കുവാൻ തനിക്കു ബാല്യമുണ്ടന്നു പ്രവർത്തനങ്ങളിലൂടെ തെളിയിച്ച ലീലാ മാരെട്ടുമായി കേരളാ ടൈംസ് എഡിറ്റർ ബിജു കൊട്ടാരക്കര നടത്തിയ അഭിമുഖം.

1. ഫൊക്കാനയുടെ സജീവ സാന്നിധ്യം ആണല്ലോ ലീലാ മാരേട്ട്. ഒരു പക്ഷെ ഫൊക്കാനയുടെ പ്രസിടന്റ്റ് പദം വരെ ലഭിക്കേണ്ട വ്യക്തി. എങ്ങനെ നോക്കി കാണുന്നു ഇപ്പോൾ ഫൊക്കാനയെ ?

ഫൊക്കാനാ പിളര്ന്നതോട് കൂടി ആ പഴയ പ്രതാപം ഇല്ല. 2006 ൽ ഫ്ലോരിടായിൽ നടന്ന ഇലക്ഷനോടു കൂടി ഫൊക്കാനാ പിളർന്നു. ഫോമയും ഉണ്ടായി.അത് മലയാളികളെ സംബന്ധിച്ച് വളരെ വലിയ നഷ്ടം തന്നെ ആണ്. മലയാളികൾ ഒന്നിച്ചു നിന്നെങ്കിൽ മാത്രമേ നമ്മുടെ ശക്തി നമുക്ക് ഇവിടെ കാണിക്കുവാൻ പറ്റുകയുള്ളു. ഫൊക്കാനാ ഇനിയും വളരേണ്ടിയിരിക്കുന്നു. മലയാളികൾ ഉള്ളയിടത്തെല്ലാം ഫൊക്കാനാ വ്യാപിക്കെണ്ടിയിരിക്കുന്നു.

leela in

2. ഫൊക്കാനയുടെ നിർണ്ണായക സമയത്ത് ഫൊക്കാനയുടെ സജീവ പ്രവർത്തക ആയിരുന്നല്ലോ. ഫ്ലോരിഡ യിൽ 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ ശശിധരൻ നായരുടെ പാനൽ വിജയിച്ചപ്പോൾ എതിര് പാനലിൽ നിന്ന് ജയിച്ച ആളായിരുന്നല്ലോ. അവർ നടത്തിയ കോട്ടയം കൺവൻഷനിലൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തുവല്ലോ. അന്നും ഇന്നും എന്നും ഫോക്കാനയ്ക്കൊപ്പം നിലകൊള്ളുക മാത്രമല്ല സംഘടനയിൽ സജീവമായി നില്ക്കുകയും. എപ്പോഴും ഒരു പദവി വഹിക്കുകയും ചെയ്യുന്നു. ഫോക്കാനയോടുള്ള ഈ സ്നഹം ഒന്ന് വിശദീകരിക്കാമോ ?

ഞാൻ ഏതു സംഘടനയിൽ ആയിരുന്നാലും അതിനോട് നീതി പുലർത്തിയിട്ടുണ്ട്. 2006 ൽ ന്യൂയോർക്ക്‌ റീജിയൻ പ്രസിടന്റായി ജയിച്ചു. പാനലിൽ ബാക്കി എല്ലാവരും പരാജയപ്പെട്ടു. അന്ന് ഫോമ ഉണ്ടായിട്ടില്ല. ഫൊക്കാനയുടെ കൺവൻഷൻ ആയിരുന്നു കോട്ടയത്ത് നടന്നത്. നിരവധി കർമ്മ പരിപാടികൾ അന്ന് നടത്തിയിട്ടുണ്ട്. നാട്ടിൽ വീടില്ലാത്ത 10 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച്‌ നൽകാൻ ധനസഹായം നല്കി. സ്വാതന്ത്ര്യദിനത്തിൽ മലയാളിത്തനിമയിൽ ഫ്ലോട്ട് അവതരിപ്പിച്ചു. കോൺസുലേറ്റിൽ കേരളപ്പിറവിയുടെ അമ്പതു വർഷം ആഘോഷിച്ചു. യുത്ത് ഫെസ്റ്റിവൽ, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങൾ നടത്തി. 2008 ആദ്യം കോടതി വിധി വന്നു. പിന്നീട് ഫോമ ഉണ്ടായി. ഞാൻ ഫൊക്കാനയിൽ തന്നെ അടിയുറച്ചു നിന്ന്. ഞാൻ എപ്പോഴും മാതൃ സംഘടനയോട് എന്നും കൂറ് പുലർത്തിയാണ് നിലകൊള്ളുന്നത്. 2004 മുതൽ തുടർച്ചയായി ഫൊക്കാനയിൽ ഓരോ പദവി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഏതു പദവി കിട്ടിയാലും അതിനോട് നീതി പുലർത്തി പ്രവർത്തിക്കുന്നു. അത് എനിക്ക് ആത്മാർഥമായി പറയുവാൻ കഴിയും .

3. ഇപ്പോൾ ഫൊക്കാന വിമൻസ് ഫോറം ദേശീയ രക്ഷാധികാരി ആണല്ലോ. വനിതകളുടെ ഉന്നമനത്തിനായി ഫൊക്കാന നാളിതു വരെ ചെയ്ത കാര്യങ്ങൾ വിശദീകരിക്കാമോ ?

സ്ത്രീകളുടെ ചാപ്ടറുകൾ വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ വന്നു. നാട്ടിൽ സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ആയിരുന്നു മുഖ്യ വിഷയം. ബ്രസ്റ്റ് കാൻസർ, ഡയബറ്റിക് തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള അറിവുകൾ നല്കുകയായിരുന്നു ലക്ഷ്യം. സി പി ആർ ട്രെയിനിംഗ് നടത്തി. വിവിധ സമയങ്ങളിൽ പൂക്കള മത്സരം, പാചക മത്സരം എന്നിവ സംഘടിപ്പിച്ചു. വലിയ പങ്കാളിത്തമാണ് ഇതിനെല്ലാം ലഭിച്ചത്. ചെറിയ പരിപാടികളിൽ നിന്നും തുടങ്ങി സ്ത്രീകളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനാണ് എൻറെ ശ്രമം. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അവവയവ ദാന രജിസ്റ്റർ ഫൊക്കാനാ വിമൻസ് ഫോറം ഉണ്ടാക്കിയിട്ടുണ്ട്. ഫാ:ഡേവിഡ് ചിറമേൽ നടത്തുന്ന കിഡ്നി ഫെഡറേഷന് ഒരു തുക സംഭാവന നൽകിയിട്ടുണ്ട്. ബോൺ മാരോ രജിസ്റ്റർ ഉണ്ടാക്കുക എന്ന വലിയ ഒരു പദ്ധതി മനസ്സിൽ ഉണ്ട്. ഇനിയും നിരവധി പദ്ധതികൾ വിമൻസ് ഫോറം ആലോചിക്കുന്നു. അവ ഭംഗിയായി നടപ്പിലാക്കും .

4. പിതാവ് അറിയപ്പെടുന്ന കൊണ്ഗ്രെസ് നേതാവായിരുന്നുവല്ലോ. എന്തുകൊണ്ട് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിയില്ല ?

രാഷ്ട്രീയം ഇതുപോലെ തന്നെ ഒരു മേഖല ആണ്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് കുടുംബത്തിനു വലിയ താല്പര്യം ഉണ്ടായിരുന്നില്ല. തന്നെയുമല്ല അതിനായി ഒരുപാടു സമയം ചിലവഴിക്കണം. പക്ഷെ 15 വര്ഷമായി ലേബ൪ യൂണിയൻ പ്രവർത്തനം ഉണ്ട്. ഡി സി 37 എന്ന ലേബ൪ യുണിയൻ ന്യൂയോർക്ക്‌ സിറ്റിയിലെ തന്നെ ഏറ്റവും വലിയ യുണിയൻ ആണ്. നിരവധി അംഗങ്ങൾ ഉള്ള യുണിയന്റെ ന്യൂയോർക്ക്‌ സിറ്റി ഉൾപ്പെടുന്ന ഡി സി 37 ന്റെ റെക്കോർഡിംഗ് സെക്രട്ടറി ആയി 15 വർഷമായി പ്രവർത്തിക്കുന്നു. 3 വർഷത്തിൽ ഒരിക്കലാണ് തെരഞ്ഞെടുപ്പു നടത്തുക സൈന്റിസ്റ്റ്, എനജിനീയറന്മാർ തുടങ്ങിയവരാണ് അംഗങ്ങൾ. തെരഞ്ഞെടുപ്പു പ്രോസസസ് തന്നെ ഒരു വര്ഷത്തോളം നീണ്ടു നിൽക്കും. ഒരു മലയാളി അത്തരം ഒരു പദവിയിൽ എത്തുക ചെറിയ കാര്യമല്ല.

5. അമേരിക്കൻ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇപ്പോൾ സജീവമാണല്ലോ. മലയാളികൾ അമേരിക്കൻ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവംമാകേണ്ട സമയം അതിക്രമിച്ചില്ലേ. എങ്കിൽ മാത്രമല്ലേ മലയാളി സമൂഹത്തിനു നെട്ടമുണ്ടാകുകയുല്ലു. എങ്ങനെ ഇത്തരം കാര്യങ്ങളെ നോക്കി കാണുന്നു ?

നാട്ടിൽ ഒരു വലിയ രാഷ്ട്രീയ പാരമ്പര്യം ഉള്ളതുകൊണ്ട് ഇവിടുത്തെ രാഷ്ട്രീയ പ്രവർത്തനം തന്നെ അന്നു ലക്ഷ്യം. പക്ഷെ ഒരു പ്രശനം ഉള്ളത് മലയാളികൾ ഒക്കെ ജൊലിയുമായുമൊക്കെയായി വലിയ തിരക്കാണ്. മലയാളികൾ ഇവിടെ വോട്ടു ചെയ്യാറില്ല. എന്തിനാണ് ഇവിടെ വോട്ടു ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. ഇവിടെ ആളുകൾക്ക് പള്ളിക്കാര്യങ്ങളിലാണ്‌ താൽപര്യം. അങ്ങനെ ഉള്ള സങ്കുചിത സാഹചര്യത്തിൽ നിന്ന് അമേരിക്കൻ മലയാളി ഏറെ മാറിയെങ്കിൽ മാത്രമേ നമുക്ക് വോട്ടു ബാങ്കായി മാറുവാനും രാഷ്ട്രീയമായി ഒരു നിലപാടുമായി മുൻപോട്ടു പോകുവാൻ സാധിക്കുകയുള്ളൂ. ഇവിടുത്തെ ഡെമോക്രാറ്റിക് പാർട്ടിയുടെയും പിന്നെ സെനട്ടെർസ് തുടങ്ങിയവരുടെയും പരിപാടികളിൽ ഞാൻ സംബന്ധിക്കും. എൻറെ ഒരു ആഗ്രഹമാണ് മെയിൻ സ്ട്രീം പോളിടിക്സിൽ വരണം എന്നത്. സിറ്റി കൌൺസിലിൽ മത്സരിക്കണമെന്നതു ഒരു ആഗ്രഹം ആണ്. പറയാൻ പറ്റില്ല. ചിലപ്പോൾ മത്സരിക്കും. പുതിയ തലമുറ രാഷ്ട്രീയ രംഗത്ത് സജീവമാകണം എന്ന് സംഘടനകള് പറയുമെങ്കിലും അതിനുള്ള പാത അവർക്ക് ആരും ഉണ്ടാക്കി കൊടുക്കുന്നില്ല എന്നാണു എൻറെ അഭിപ്രായം. അത് അത്ര എളുപ്പമല്ല എന്നാണ് എൻറെ അഭിപ്രായം.

6. ഫൊക്കാനയിൽ പുതു തലമുറ സജീവമാകുന്നില്ല എന്ന് പറയുന്നുണ്ടല്ലോ. പഴയ ആളുകള് മാറേണ്ട സമയം ആയില്ലേ ?

അത് ശരിയാണ്. പഴയവർ മാറണം പുതിയവർ വരണം. അതിനു സമയമായി. പുതിയ തലമുറയെ കൊണ്ടുവരും കൊണ്ടുവരും എന്ന് പലരും പറയും. പക്ഷെ കൊണ്ടുവരില്ല. അതിനു പഴയ തലമുറയാണ് ശ്രമിക്കേണ്ടത്. അത് വലിയ ഒരു പ്രശ്നമാണ്. ബോർഡ് ഓഫ് ട്രസ്ടിയിൽ ഞാൻ വരികയാണെങ്കിൽ അതിനു ശ്രമിക്കും. പഴയവർ മാറിക്കൊടുക്കുന്നതിലല്ല കാര്യം. ആദ്യം യുവതലമുറയെ ഫൊക്കാനയിൽ കൊണ്ടുവരണം. അല്ലാതെ പറ്റില്ല.

7. ഫൊക്കാനയിൽ പലപ്പോഴും ഒരേ നേതാക്കൾ മാറി അധികാരത്തിൽ വരുന്നു. ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ?

അത് വേണം. പുതിയ ആളുകള് വരണം. എങ്കിലെ ഫൊക്കാന വളരുകയുള്ളൂ. എല്ലാ സ്റ്റെറ്റിലും ഫൊക്കാനയുടെ അംഗ സംഘടനകൾ ഉണ്ടാകണം. ഇപ്പോൾ എല്ലാ സംഘടനകളും ന്യൂ യോർക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പണ്ട് ഫൊക്കാനാ അങ്ങനെ ആയിരുന്നില്ല. എല്ലായിടത്തും സംഘനയുടെ പ്രതിനിധികൾ ഉണ്ടാകണം. സജീവമായിരുന്ന ഡാലസ് ഫൊക്കാനാ നേത്രുത്വമൊക്കെ ഇപ്പോൾ സജീവമല്ല. തലപ്പത്ത് വന്നാൽ മാത്രം പോരാ. പ്രവർത്തിക്കണം. കൺവൻഷൻ രജിസ്ട്രേഷൻ നടത്തണം. പണ്ട് ഇതൊക്കെ വലിയ വാർത്തകൾ ആയിരുന്നു. ഫൊക്കാനാ പിളരുന്നതിനു മുമ്പുള്ള ഫൊക്കാനായെ കുറിച്ച് ആലോചിക്കു. ഒരു കമ്മിറ്റി മെമ്പർ ആകണമെങ്കിൽ പോലും വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്ന് അതല്ല ആർക്കും മെംബർമാരാകാം എന്ന അവസ്ഥ വന്നു. അത് പാടില്ല. സംഘടന വളർന്നാൽ മാത്രമേ ഇതിനൊക്കെ മാറ്റമുണ്ടാകു. ഉണ്ടാകണം.

8. ഇത്തവണത്തെ ഫൊക്കാനാ കൺവൻഷൻ ചരിത്ര സംഭവം ആക്കി മാറ്റുവാൻ കാനഡാ മലയാളികൾ അക്ഷീണം പരിശ്രമിക്കുകയാനല്ലോ. ദേശീയ കമ്മിറ്റിക് ഈ കൺവൻഷനിൽ എന്ത് റോൾ ആണുള്ളത് ?

കാനഡായിലാണ് കൺവൻഷൻ ആണെങ്കിലും കമ്മിറ്റി നന്നായി വർക്ക് ചെയ്യുന്നു. അവിടുത്തെ ആളുകൾ നന്നായി പ്രവർത്തിക്കുന്നു. അതോടൊപ്പം വിമൻസ് ഫോറം സംഘടിപ്പിക്കുന്ന മലയാളി മങ്ക, ബ്യുട്ടി പേജന്റ് തുടങ്ങിയവയ്ക്കൊക്കെ ടെലിഗേറ്റിനെ കണ്ടു പിടിക്കുക, രജിസ്ട്രേഷൻ, തുടങ്ങിയവയിലെല്ലാം എന്റേതായ രീതിയിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഇത്തരം ജോലികൾ അത്ര എളുപ്പമല്ല ഫൊക്കാനയുടെ ചരിത്രത്തിൽ ഇല്ലാത്ത തരത്തിൽ രജിസ്ട്രേഷൻ, പ്രത്യേകിച്ച് ഫാമിലി രജിസ്ട്രേഷൻ കൂടുതൽ നടന്ന കൺവൻഷൻ എന്ന പേരിലും കാനഡാ കൺവൻഷൻ അറിയപ്പെടും.

9. ഫൊക്കാന പിളർന്നു ഫോമാ ഉണ്ടായി. ഇത്തവാൻ ഫോമയിലും ഫോക്കാനയിലും 2 പാനലുകൾ മത്സര രംഗത്ത് ഉണ്ടല്ലോ. ഇനിയും പിളർപ്പുകൾക്ക് സാധ്യത ഉണ്ടോ?

ഇനി അതിനൊന്നും സാധ്യത ഇല്ല. സംഘടന ഇനിയും പിളരാൻ പാടില്ല. ഫൊക്കാന ഇനിയും പിളർന്നാൽ വലിയ പ്രശ്നം ആകും. അങ്ങനെ സംഭവിക്കില്ല. ചിലപ്പോൾ പാനലുകൾ ഒക്കെ ചർച്ച ചെയ്തു യോജിച്ചൊരു തീരുമാനം എടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും സംഘടന നമുക്ക് വേണം. ഇത്തരം സംഘടനകളിലാണ് നമ്മുടെ സാംസ്കാരിക ബോധം തന്നെ നിലകൊള്ളുന്നത്.

10. ഫൊക്കാനയും ഫോമയും ആശയപരമായി അല്ലലോ പിളർന്നത്. ചിലരുടെ താല്പര്യങ്ങൾ അല്ലെ പിളർപ്പിനു കാരണം ആയത്. ഒരു യോജിപ്പിന്റെ ലക്ഷണം കാണുന്നുണ്ടോ ?

ഫൊക്കാനയുടെ പിളർപ്പ് എന്നെ ഏറെ ദുഖിപ്പിച്ച സംഭവം ആയിരുന്നു. എല്ലാവര്ക്കും പദവികൾ വേണം. ഫൊക്കാനാ പിളർന്നു ഫോമയും കൂടി ഉണ്ടായപ്പോൾ പദവികൾക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. ആർക്കും പദവികൾ കിട്ടും. രണ്ടു സംഘടനകളും ഒന്നിച്ചുപോകാൻ ഏറെ ചർച്ചകൾ നടന്നതാണ്. ഇനിയിപ്പോൾ അതിനു സാധ്യത കാണുന്നില്ല. ഫൊക്കാനയും ഫോമയും ഒന്നിച്ചു ഒറ്റ സംഘടന ആയി പോകണം എന്നാണു എൻറെ ആഗ്രഹം. അത് നടക്കുമോ എന്ന് അറിയില്ല. പദവികൾ തന്നെയാണ് പ്രശ്നം. ഒരു കാര്യം ഉറപ്പാണ്. മലയാളികൾക്ക് പലർക്കും ഈ പിളര്പ്പോടെ താല്പര്യം കുറഞ്ഞു. അത് തന്നെ ദോഷം ആണ്. വലിയ കൂട്ടായ്മകൾ ആണ് സംഘടനകളെ വളർത്തുന്നത്. ഫൊക്കാന ജനാധിപത്യ രീതിയിൽ വളരണം. പുതിയ ആളുകൾ വരണം. മാറി നിക്കുന്നവരെ തിരിച്ചു കൊണ്ടുവരണം.

പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നതാണ് ലീലാ മാരെട്ടിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെ ഫൊക്കാനയിൽ ലീലാ മാരേട്ടിന്റെ വാക്കുകൾക്കു ആളുകൾ കാതോർക്കും. പദവികൾ ഏറ്റെടുത്തു വെറുതെ ഇരിക്കലല്ല സംഘടനാ പ്രവർത്തനം എന്ന്  തൻറെ പ്രവർത്തനത്തിലൂടെ അമേരിക്കൻ മലയാളികൾക്ക് കാട്ടി കൊടുത്ത ലീലാ മാരേട്ട് സംഘടനയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിൽ അത്ര തൃപ്തയല്ലെങ്കിലും അതെല്ലാം മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ഈ വിശ്വാസം അവർക്ക് ലഭിച്ചത് രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്ന് വന്നതുകൊണ്ടാണ്. ആലപ്പുഴ സെന്റ്‌ ജൊസഫ് കോളിജിൽ ഡിഗ്രി പഠനം. പി ജി, എസ് ബി കോളേജിൽ, ആലപ്പുഴ സെന്റ്‌ ജൊസഫ് കോളജിൽ തന്നെ അധ്യാപിക ആയി. 1981ൽ അമേരിക്കയിൽ വന്നു. 1988 മുതൽ പൊതു പ്രവർത്തനം തുടങ്ങി. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോര്ക്കിന്റെ പ്രസിഡന്റ്റ്. അതിന്റെ പല ഭാരവാഹിത്വങ്ങൾ വഹിച്ചു. ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്റ്, ചെയർമാൻ, യുണിയൻ റെക്കോർഡിംഗ് സെക്രട്ടറി , സൌത്ത് ഏഷ്യൻ ഹെരിറ്റെജിന്റെ വൈസ് പ്രസിഡന്റ്റ്, ഡെമോക്രാറ്റിക് പാർട്ടിയുടെ മെമ്പർ തുടങ്ങിയ നിലകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

ഈ പ്രവർത്തനങ്ങൾക്കെല്ലാം കുടുംബം ഒപ്പം നിക്കുന്നു. ഭർത്താവ് രാജാൻ മാരേട്ട് ട്രാൻസിറ്റിൽ (New York City Transit Authority) ആയിരുന്നു റിട്ടയർ ആയി. രണ്ടു മക്കൾ, ഒരു മകനും, മകളും. മകൻ ഫിനാൻസ് കഴിഞ്ഞു കമ്പനിയുടെ വൈസ് പ്രസിടന്റ്റ് ആയി ജോലി ചെയുന്നു. മകൾ ഡോക്ടർ. നല്ലൊരു കുടുംബിനി കൂടി ആയ ലീല മാരേട്ട് ന്യൂയോർക്ക്‌ സിറ്റി പരിസ്ഥിതി വിഭാഗത്തിൽ (Department of Environmental Protection) മുപ്പതു വര്ഷമായി സൈന്റിസ്റ്റ് (scientist) ആയി ജോലി ചെയ്യുന്നു.

വാക്കും പ്രവർത്തിയും ഒരു പോലെ കൊണ്ട് പോകുന്നതാണ് ഒരു യഥാർത്ഥ നേതാവിൻറെ ലക്ഷണം എന്നത് ലീലാ മാരെട്ടിന്റെ പ്രവർത്തന ശൈലികൊണ്ട് മനസിലാക്കുവാൻ സാധിക്കും. പദവികൾ കിട്ടുമ്പോൾ അതിനോട് നീതി പുലർത്തുക, എങ്കിൽ മാത്രമേ വളരുവാൻ സാധിക്കുകയുള്ളൂ. ഫൊക്കാനയുടെ തുടക്കം മുതൽ പ്രവര്ത്തിച്ചു പടിപടിയായി വളർന്നുവന്ന ലീലാ മാരേട്ട് ഫൊക്കാനയുടെ എടുത്തു പറയാവുന്ന ഒരു സമ്പത്ത് കൂടിയാണ്. ഇത് നേതൃത്വത്തിലുള്ളവർ പോലും നിഷേധിക്കില്ല എന്നതാണ് സത്യം. കാരണം പറയുന്നതും പ്രവർത്തിക്കുന്നതും ലീലാ മാരേട്ട് ആണ് .

LEAVE A REPLY

Please enter your comment!
Please enter your name here