ടൊറന്റോ: ‘ഫൊക്കാന’യുടെ കൺവൻഷന് കാനഡ ആദ്യമായി ആതിഥ്യമരുളുന്പോൾ ടോമി കോക്കാട്ട് കമ്മിറ്റി മെന്പറായിരുന്നു. ഇരുപത്തിരണ്ട് വർഷങ്ങൾക്കുശേഷം ‘ഫൊക്കാന മാമാങ്കം’ വീണ്ടും കാനഡയുടെ മണ്ണിലെത്തുന്പോൾ കൊക്കാടൻ ഓട്ടപ്പാച്ചിലിലാണ്- കൺവൻഷൻ ചെയർ എന്ന നിലയിൽ ഇത്തവണത്തെ മാമാങ്കം അവിസ്മരണീയമാക്കാനുള്ള പൊടിക്കൈകളും രുചിക്കൂട്ടുകളും ഒരുക്കുന്ന തിരക്കിൽ… ജൂലൈ ഒന്നു മുതൽ നാലു വരെ ടൊറന്റോ മാർക്കം ഹിൽട്ടൺ സ്വീറ്റ്സിൽ നടക്കുന്ന കൺവൻഷൻ ‘ഫൊക്കാന’യുടെ പുതിയ നേതൃത്വത്തെയും തിരഞ്ഞെടുക്കും. ഈ പോരാട്ടത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മൽസരിക്കാനും കച്ചകെട്ടിയിറങ്ങിയ ടോമി പക്ഷേ വടക്കൻ അമേരിക്കിലെ മലയാളി സംഗമത്തെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തത്തിന്റെ തിരക്കിൽ വേണ്ടവിധം വോട്ട് ചോദിക്കാനും പിടിക്കാനുമുള്ള സമയംകിട്ടാത്തതിന്റെ വിഷമത്തിലാണ്. എങ്കിലും ഇത്രയും കാലത്തെ ബന്ധങ്ങളും മൽസര രംഗത്ത് ഇറങ്ങാൻ പ്രേരകമായ ഘടകങ്ങളുമെല്ലാം ഒത്തുചേരുന്പോൾ ഇരട്ടിമധുരം നുണയാനാകുമെന്ന പ്രത്യാശയാണ് കൈമുതലായുള്ളത്.

“പ്രസിഡന്റ് ജോൺ പി. ജോണിന്റെകൂടി തട്ടകത്തിൽ നടക്കുന്ന  കൂട്ടായ്മ വിജയിപ്പിക്കുക എന്നതാണ് കൺവൻഷൻ ചെയർമാൻ എന്ന നിലയിൽ എന്റെ പ്രധാന ദൌത്യം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെക്കാൾ പ്രാധാന്യം ‘ഫൊക്കാന’ ദേശീയ കൺവൻഷന്റെ വിജയം തന്നെ. വടക്കൻ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്നവർ ഇക്കാര്യം മനസിലാക്കുമെന്നാണ് പ്രതീക്ഷ”- ടോമി കോക്കാട്ട് പറയുന്നു.

ടൊറന്റോയിലെ മലയാളിസമൂഹത്തിലെ സജീവ സാന്നിധ്യമാണ് ടോമി. 1996ൽ ആണ് ‘ഫൊക്കാന’യുടെ നേതൃത്വത്തിലേക്കു വരുന്നത്, നാഷനൽ കമ്മിറ്റി അംഗമായി. പിന്നീട് ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറർ പദവികളും വഹിച്ചു. ബോർഡ് ഓഫ് ട്രസ്റ്റി അംഗവുമായിരുന്നു. സംഘടനയിൽ ഇടക്കാലത്ത് പിളർപ്പുണ്ടായപ്പോൾ, കാനഡയിലെ മലയാളി അസോസിയേഷനുകളെ ഫൊക്കാനയുടെ കുടക്കീഴിൽ അണിനിരത്തുന്നതിൽ സജീവപങ്കാണ് വഹിച്ചത്. ടൊറന്റോ മലയാളി സമാജം (ടി. എം. എസ്) പ്രസിഡന്റുമായിരുന്നു. ടൊറന്റോ ഈസ്റ്റിൽ കെട്ടിടം വാങ്ങുന്നതിനു തുടക്കമിട്ടത് അക്കാലയളവിലാണ്. മിസ്സിസാഗയിൽ സിറോ മലബാർ സമൂഹത്തിന്റെ ആദ്യ ദേവാലയത്തിന്റെ കൈക്കാരനായും സേവനമനുഷ്ഠിച്ചു. നാലു ദശലക്ഷം ഡോളർ മുടക്കി ദേവാലയം വാങ്ങുന്നതിൽ നേതൃപരമായ പങ്കുവഹിക്കാനും ഇക്കാലയളവിൽ അവസരമൊരുങ്ങി.

കാനഡയിലേക്കു കുടിയേറിയത് ഇരുപത്തിയേഴ് വർഷം മുന്പ്. റിയൽ എസ്റ്റേറ്റ്- റസ്റ്ററന്റ് രംഗങ്ങളിൽ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള ടോമി കോട്ടയം കാഞ്ഞിരപ്പള്ളി കാളകെട്ടി സ്വദേശിയാണ്. മിസ്സിസാഗയിലുള്ള ടേസ്റ്റ് ഓഫ് മലയാളീസ്, കോക്കനട്ട് ഗ്രോവ് എന്നീ സംരംഭങ്ങളുടെ അമരക്കാരൻകൂടിയായ ടോമി, നാട്ടിൽ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മോൻസ് ജോസഫും നോബിൾ മാത്യുവുമൊക്കെ കെ. എസ്. സി നേതൃനിരയിൽ സജീവമായിരിക്കെ കോട്ടയം ജില്ലാ ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു.

“പതിനാല് സംഘടനകളാണ് ഫൊക്കാനയിൽ അംഗത്വത്തിനായി കാത്തിരിക്കുന്നത്. ഇതുതന്നെ ശുഭസൂചകമാണ്. ആയിരത്തിലേറെ പേർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന കൺവൻഷൻ നടത്തിപ്പിന്റെ തിരക്കിൽ ജയപരാജയത്തെക്കുറിച്ചുള്ള ചിന്തയില്ല. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളോട് നീതിപുലർത്തുകയെന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കാൾ, പിഴവറ്റ ഒരുക്കങ്ങളിലാണ് ശ്രദ്ധ. മൽസരക്കളത്തിൽ ഇറങ്ങിയപ്പോൾ ആദ്യം പിന്തുണച്ചത് തന്പി ചാക്കോ നയിക്കുന്ന ടീമാണ്. സംഘടനയിൽ ഏറെക്കാലത്തെ പ്രവർത്തനപരിചയമുള്ള തന്പി ചാക്കോയ്ക്ക് നേതൃത്വത്തിൽ ഒരവസരം നൽകേണ്ടത് സാമാന്യ നീതിയാണ്. ഈ ടീമിന് മികച്ച പിന്തുണയാണ് അംഗ അസോസിയേഷനുകളിൽനിന്നും പ്രതിനിധികളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്”- ടോമി കോക്കാട്ട് ചൂണ്ടിക്കാട്ടി.

കൺവൻഷൻ റജിസ്ട്രേഷൻ പോലും പുരോഗമിക്കുന്നത് മൽസരവീര്യത്തിലാണ്. ആതിഥേയരായ കാനഡയിൽ നിന്നെന്നപോലെ അയൽപക്കമായ അമേരിക്കയിൽനിന്നുള്ള പ്രാതിനിധ്യവും ഒപ്പത്തിനൊപ്പം എന്നതാണ് സ്ഥിതി. കൺവൻഷനിൽ മുഴുവനായും പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം. പ്രാദേശിക പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി വിവിധ പരിപാടികളിൽ മാത്രം പങ്കെടുക്കാനുള്ള വോക്ക്-ഇൻ-റജിസ്ട്രേഷൻ സൌകര്യവുമൊരുക്കിയിട്ടുണ്ട്.

നക്ഷത്ര ഹോട്ടലിലാണ് സംഗമമെങ്കിലും കേരളീയ വിഭവങ്ങളാണ് വിളന്പുന്നതെന്നതു മുതൽ താരനിശ വരെ ഇത്തവണത്തെ കൺവൻഷന് പ്രത്യേകതകളേറെ. ‘ഫിംക’ എന്ന പേരിലാണ് താരനിശയും അവാർഡ് ദാനവും. വടക്കൻ അമേരിക്കയിലെ സ്വരവിസ്മയങ്ങളെ കണ്ടെത്താനുള്ള ‘സ്റ്റാർ സിംഗർ’ മൽസരം, സാഹിത്യ സമ്മേളനം, ഉദയകുമാർ സ്മാരക വോളിബോൾ, സ്പെല്ലിങ് ബി, ക്വിസ്, മലയാളി മങ്ക, ബെസ്റ്റ് കപ്പിൾ, നയാഗ്ര ടൂർ… ഇങ്ങനെ പോകുന്നു കൺവൻഷനുമായി ബന്ധപ്പെട്ട സ്പെഷൽ ഇനങ്ങൾ. താരത്തിളക്കത്തിനു പുറമെ സാഹിത്യ-സാംസ്കാരിക നായകരുടെ സാന്നിധ്യവും സംഗമത്തിനു മിഴിവേകും. പങ്കെടുക്കുന്നവർക്ക് ഇത്തരത്തിൽ അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ടൊറന്റോയും ഫൊക്കാന സംഘാടകരും സംഘാടകസമിതിയുടെ അമരക്കാരനുമെല്ലാം.

ദിലീപും മംമ്തയും ജോയ് മാത്യുവും ലാൽ ജോസും ഉൾപ്പെടെ മലയാളി താരങ്ങളുടെ വൻനിര ‘ഫിംക’യിൽ എത്തുമെന്നാണ് പ്രതീക്ഷ. റീജനൽ തലത്തിൽ മൽസരിച്ചു വിജയിച്ചവർ പങ്കെടുക്കുന്ന ‘ഫൊക്കാന സ്റ്റാർ സിംഗർ’ മൽസരം തന്നെ പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ്. വിജയ് യേശുദാസ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യമുണ്ടാകും. മിസ് ഫൊക്കാനയും സൌന്ദര്യമൽസരങ്ങളിലെ വേറിട്ട കാഴ്ചയാക്കും.  

കാനഡയിലെ എട്ട് മലയാളി സംഘടനകളിൽ ഏഴും ഫൊക്കാനയ്ക്കൊപ്പമാണ്. ഇരുന്നൂറിലേറെ പ്രതിനിധികളിൽ അൻപതോളം പേർ ഇവിടെനിന്നാണ്. കൺവൻഷന്റെ വിജയത്തിനായി വിയർപ്പൊഴുക്കുന്നവരിൽ പ്രധാനികളും ഇവിടെനിന്നുള്ളവർതന്നെ. ഫൊക്കാനയുടെ നേതൃത്വത്തിലെ പ്രധാന സ്ഥാനങ്ങളിലൊന്ന് കാനഡയ്ക്ക് അവകാശപ്പെടാൻ ഇവയൊക്കെ കരുത്തേകുമെന്ന പക്ഷക്കാരനാണ് ടോമി കോക്കാട്ട്. മൽസരരംഗത്തിറങ്ങാൻ പ്രേരകമായ ഘടകങ്ങളിൽ ഇതും പ്രധാനപ്പെട്ടതുതന്നെ.

“ഫൊക്കാന സാധാരണക്കാരിലെത്തണം, സാധാരണക്കാർ ഫൊക്കാനയിലും എത്തണം”- ഇതാണ് സ്വപ്നം. പണ്ടു മുതലേയുള്ളവർ, പണമുള്ളവർ തുടങ്ങിയവർ മാത്രമുള്ളതാണ് ‘ഫൊക്കാന’യെന്ന ധാരണ പൊഴിച്ചെഴുതണം.  പരിചയ സന്പന്നർക്കൊപ്പം നേതൃസ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളും യുവാക്കളും വരണം. പ്രാദേശിക അസോസിയേഷനുകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുൾപ്പെടെ സംഘടനയുടെ നടത്തിപ്പിൽ അടിമുടി പരിഷ്കാരങ്ങൾ വരുത്തണം”… ഇങ്ങനെപോകുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മൽസരാർഥി കൂടിയായ കൺവൻഷൻ ചെയർമാൻ ടോമി കോക്കാട്ടിന്റെ ലക്ഷ്യങ്ങൾ.  

പറയുന്ന വാക്കുകളോട് നീതി പുലർത്തുന്നു എന്നതാണ് പ്രവർത്തനശൈലി. കൺവൻഷന്റെ ഒരുക്കത്തിനിടെ പ്രതിനിധികളെയെല്ലാം നേരിൽക്കാണാൻ പറ്റാത്തതാണ് ടോമിയെ ഏറെ വിഷമിപ്പിക്കുന്നത്. എന്നാൽ, 1994 മുതൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായുള്ളതിന്റെ ട്രാക്ക് റെക്കോഡും വ്യക്തിബന്ധങ്ങളും നിർണായക സാഹചര്യത്തിൽ തുണയാകുമെന്ന വിശ്വാസമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മൽസരത്തിൽ ഉറച്ചുനിൽക്കുന്നതിനു ടോമി കോക്കാടനു കരുത്തേകുന്നത്.

TOMYKOKKATPICS

LEAVE A REPLY

Please enter your comment!
Please enter your name here