2016 ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് മാമാങ്കത്തിന് കാനഡയിലെ ഒന്റാരിയോ നഗരം ഒരുങ്ങിക്കഴിഞ്ഞു. 8500-ാം നമ്പര്‍ മാര്‍ക്കം അവന്യൂവിലുള്ള ഹില്‍ട്ടന്‍ ഹോട്ടലിന്റെ മാര്‍ക്കം സ്യൂട്ട്‌സും, കോണ്‍ഫറന്‍സ് സെന്ററും ഫൊക്കാനയെ വരവേല്‍ക്കുവാനായി, ചുവന്ന പരവതാനിയുമൊരുക്കി, കൊട്ടുംകുരവയുമിട്ടുകൊണ്ടുള്ള ഘോഷയാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇതിനായി ഫൊക്കാന നാഷണല്‍ കമ്മിറ്റിയും കണ്‍വന്‍ഷന്‍ കമ്മിറ്റിയും രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇതിനുള്ള മിനുക്കുപണികള്‍ മാത്രം അവശേഷിക്കുന്നു.

ജോണ്‍ പി, വിനോദ്, ഇട്ടന്‍, റ്റോമി ടീമിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ ഫൊക്കനയെ സ്‌നേഹിക്കുന്ന എല്ലാ അംഗസംഘടനകളുടേയും അവയുടെ പ്രവര്‍ത്തകരുടേയും സഹകരണവും സാന്നിധ്യവും ഒന്നുകൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. 1994-നുശേഷം ആദ്യമായി നടക്കുന്ന ഫൊക്കാന കാനഡ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കിതീര്‍ക്കുവാന്‍ കാനഡയിലെ എല്ലാ അംഗസംഘടനകളും ഒന്നിനൊന്ന് മാറ്റുരയ്ക്കുന്നു.

നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ മാമാങ്കത്തില്‍ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സെമിനാറുകള്‍, ബിസിനസ് മീറ്റ്, ചിരിയരങ്ങ്, കലാപരിപാടികള്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, ഭാഷയ്‌ക്കൊരു ഡോളര്‍, ചീട്ടുകളി മത്സരം എന്നിങ്ങനെയുള്ള സാധാരണ പരിപാടികള്‍ കൂടാതെ വോളിബോള്‍ ടൂര്‍ണമെന്റ്, ഫൊക്കാന സ്റ്റാര്‍ സിംഗര്‍, ഫിലിം ഫെസ്റ്റിവല്‍, താരനിരകളുടെ സാന്നിധ്യം, പിന്നണിഗായകരുടെ സാമീപ്യം ഇവരിലൂടെ മിസ് കേരളാ മത്സരങ്ങളിലും സിനിമയില്‍ പാടാനുള്ള അവസരങ്ങളും ഫൊക്കാന കാനഡ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്.

ഈ ചരിത്ര സംഭവത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് കൈനിറയെ സമ്മാനങ്ങളുമായി മടങ്ങിയെത്തുമ്പോള്‍ ഈ മഹാ മാമാങ്കത്തില്‍ പങ്കുചേര്‍ന്നതിന്റെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് 2018-ലെ മാമാങ്കത്തിന് നമുക്ക് തിരികൊളുത്താം.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഫൊക്കാന നടത്തുന്ന വണ്‍ ഡോളര്‍ റവല്യൂഷന്‍ എന്ന പരിപാടിയില്‍ അംഗത്വമെടുത്തുകൊണ്ട് ആഴ്ചയില്‍ ഒരു ഡോളര്‍ മുടക്കി ഒരു വര്‍ഷം 52 ഡോളര്‍ നല്‍കി മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ട് കേരളത്തിലെ കിഡ്‌നി രോഗികള്‍ക്ക് സാന്ത്വനമേകുവാന്‍ സന്നദ്ധരാകണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here