അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയാണ്  ഫൊക്കാനാ. അമേരിക്കൻ മലയാളികളുടെ ജീവിതകാഴ്ചകളിൽ, കേരളത്തിന്റെ കാരുണ്യ നഭസ്സിൽ നല്ല ഇടപെടലുകൾ നടത്തിയ സംഘടന എന്ന നിലയിൽ കേരളത്തിലും അമേരിക്കയിലും ഫൊക്കാനയ്‌ക്ക്‌ മികച്ച അഭിപ്രായമാണുള്ളത്. ഫൊക്കാനയുടെ ജനറൽ കൺവൻഷൻ 2016 ജൂലൈ ആദ്യ വാരം കാനഡായിൽ വച്ചു നടക്കുന്നു. അതോടൊപ്പം 2016-18  കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്നു . വളരെ വാശിയേറിയ തെരഞ്ഞെടുപ്പാണ് ഈ വർഷം നടക്കുന്നത്. സമവായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ലാത്തതിനാൽ അങ്കത്തട്ടിൽ പോര് മുറുക്കാനാണ് സാധ്യത. ഫൊക്കാനാ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന ഒരാൾ വ്യവസായിയും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ബി.മാധവൻ നായർ ആണ്. ന്യൂ ജേഴ്സിയുടെ മലയാളി സംഘടനാ ചരിത്രത്തിൽ എഴുത പെടേണ്ട പേരാണ് മാധവൻ നായരുടേത്. ഫൊക്കാനയുടെ അടുത്ത കൺവൻഷൻ മികച്ച രീതിയിൽ നടത്തുന്നതിനും ഫൊക്കാനയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനും തയ്യാറെടുത്തുകൊണ്ട്  ഈ വ്യവസായ പ്രമുഖൻ ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് വന്നത്. ഒരു അടുക്കും ചിട്ടയും സംഘടനകൾക്ക് വേണമെന്ന് വാദിക്കുന്ന മാധവൻ നായർ ജീവ കാരുണ്യ രംഗത്തും, സാമൂഹ്യ രംഗത്തും അറിയയപ്പെടുന്ന വ്യക്തിത്വം ആണ്. റോട്ടറി ഇന്റര്നാഷനലിൽ പ്രവർത്തിച്ച സംഘാടന മികവും അദ്ദേഹത്തെ മറ്റു സംഘടനാ നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നു. മികച്ച ഒരു ടീമുമായാണ് അദ്ദേഹം മത്സര രംഗത്തു സജീവമാകുന്നത്. തന്റെ മാനേജുമെന്റ് പാടവത്തിലൂടെ ഫൊക്കാനയ്‌ക്ക്‌ ഒരു പുതിയ ദിശാബോധം നൽകാൻ സാധിച്ചാൽ അതു ഫൊക്കാനയ്ക്കുമാത്രമല്ല മലയാളിസമൂഹത്തിനും അതു നേട്ടമാകും വളരെ വിപുലമായ കാഴ്ചപ്പാടുകളുള്ള  ബി.മാധവൻ നായരുമായി   കേരളാ ടൈംസ് എഡിറ്റർ ബിജു കൊട്ടാരക്കര നടത്തിയ അഭിമുഖം.

focana

ചോദ്യം: താങ്കൾ ഫൊക്കാനാ പ്രസിടന്ടു സ്ഥാനാർഥിയായി മത്സരിക്കുകയാണല്ലോ? ഫൊക്കാന എന്ന സംഘടനയെ ഒരു മാനേജുമെന്റ് വിദഗ്ധൻ എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരം: ഫൊക്കാനാ അമേരിക്കയിലെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ ജനകീയ സംഘടന ആണ്. അതുകൊണ്ടു തന്നെ ഫോക്കാനയെ വളരെ പ്രതീക്ഷയോടെ മലയാളികള് നോക്കി കാണുന്നത്. ഫൊക്കാനയ്ക്കു ഒരു സിസ്റ്റം ഉണ്ടാക്കണമെന്നു ആഗ്രഹം ഉണ്ട്. അതിനു എന്റെ പ്രവർത്തന പരിചയം ഉപകരിക്കുമെന്നാണ് വിശ്വാസം. ഒരു നല്ല സംഘാടകന് വേണ്ടത് സംഘടനയുടെ ചെറുഘടകം മുതൽ വലിയ ഘടകം വരെ ശ്രദ്ധയോടുകൂടി മുന്നോട്ടു നയിക്കുക എന്നതാണ്. ഇവിടെ പലപ്പോഴു സംഭവിക്കുന്നത് ഒരാൾ ഏതെങ്കിലും സംഘടയുടെ തലപ്പത്തു വന്നാൽ പിന്നെ അവർക്കാണ് പൂർണ്ണ ചുമതല എന്നാണ്. എന്നാൽ അതല്ല .സംഘടനാ പ്രവർത്തനം കൂട്ടുത്തരവാദിത്വമാണ്. എല്ലാവരെയും കൂട്ടിയിണക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ഉത്തരവാദിത്വമാണ് പ്രസിഡന്റിനുള്ളത്.

ചോദ്യം: ഫൊക്കാനാ കഴിഞ്ഞ കുറെ കാലങ്ങളായി ന്യൂയോർക്ക്‌ ,ഷിക്കാഗോ,ന്യൂജെര്സി എന്നിവിടങ്ങളിൽ മാത്രമായി പ്രവർത്തനം ചുരുക്കുന്നതായി ഫൊക്കാനയിൽ തന്നെ അഭിപ്രായപ്പെടുന്നവരുണ്ടല്ലോ? ഫോക്കാന പോലെ ഒരു സംഘടന ചുരുങ്ങിയ സ്ഥലങ്ങളിലേക്ക് ഒതുക്കപ്പെടുകയാണോ?

ഉത്തരം:അങ്ങനെ അല്ല .ഫൊക്കാനയ്ക്കു ഒൻപതു റീജിയനുകളാണ് ഉള്ളത്.എല്ലാ റീജിയനും ഭംഗിയായി പ്രവർത്തിക്കുന്നു. ബോസ്റ്റൺ, ന്യൂ യോർക്ക്, ന്യൂജേഴ്സി – ഫിലാഡൽഫിയ, വാഷിംഗ്ടൺ, ഫ്ലോറിഡാ, കാലിഫോർണിയ, ഡിട്രോയിട്, ഹ്യൂസ്റ്റൺ, കാനഡ. എന്നിങ്ങനെ സജീവമായി പ്രവർത്തിക്കുന്ന റീജിയനുകളാണ് എല്ലാം. ഫൊക്കാനയുടെ ചില നേതാക്കൾ ന്യൂയോർക്ക് ഏരിയായിൽ നിന്നു ആയതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. എല്ലാ റീജിയനുകളുമായും നല്ല ബന്ധം വച്ചുപുലർത്താനാണ് എന്റെ തീരുമാനം. എല്ലാ റീജിയനുകൾക്കും ഫൊക്കാനയെ കുറിച്ചു ഒരു ധാരണ ഉണ്ടാകുക, വരാൻ പോകുന്ന പ്രോഗ്രാമുകൾ, അങ്ങനെ പല കാര്യങ്ങളിലും ഒരു ഏകോപനം ഉണ്ടാകുവാൻ ഓരോ റീജിയനുകൾക്കും സാധിക്കണം.

ചോദ്യം: ഫൊക്കാനയിൽ യുവ നേതൃത്വം കടന്നു വരുന്നില്ല എന്ന് പരക്കെ അഭിപ്രായമുണ്ടല്ലോ. ഫോമയിൽ ഇത്തവണ  യുവാക്കളുടെ ഒരു ടീം തന്നെ മത്സരത്തിനുണ്ട്. അതുപോലെ ഒരു പാനൽ എന്തുകൊണ്ട് ഫോക്കാനയ്ക്ക് ഉണ്ടായില്ല? അതിനു നിലവിലുള്ള നേതൃത്വത്തിന് പങ്കില്ലേ?

ഉത്തരം: അത് ഒരു പരിധി വരെ ശരിയാണ്.യുവാക്കളുടെ ഒരു റ്റീം ഉണ്ടാകണം.അതിനു നാം അവർക്കു അവസരം കൊടുക്കണം. അവരെ ഫൊക്കാനയിലേക്കു ആകർഷിക്കുവാൻ പദ്ധതികൾ ഉണ്ടാക്കണം. എന്റെ അഭിപ്രായത്തിൽ യുവാക്കളെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഘടകങ്ങളിലേക്കു കൊണ്ടുവരാൻ ഫൊക്കാന ശ്രമിക്കണം. അവർക്കായി സെമിനാറുകൾ, യൂത്ത് ഫെസ്റ്റിവൽ ഒക്കെ സംഘടിപ്പിക്കുവാൻ പദ്ധതി ഉണ്ട്. അവ ഭാഗിയായി നടത്തിയാൽ മാത്രം പോരാ നല്ല ഫോള്ളോഅപ്പും വേണം. അല്ലാതെ കുറച്ചു പരിപാടിനടത്തിയതുകൊണ്ടു മാത്രം അമേരിക്കൻ  മലയാളി യുവ ജനങ്ങളെ ഫൊക്കാനയിലേക്കെന്നല്ല ഒരു സംഘടനയിലേക്കും കൊണ്ടുവരാൻ സാധിക്കില്ല. അതുകൊണ്ടു ആബാലവൃദ്ധ ജനങ്ങളെയും ഫൊക്കാനയിലേക്കു  ബന്ധിപ്പിക്കുന്ന പരിപാടികൾ ആണ് എന്റെ ലക്ഷ്യം.

ചോദ്യം: പഴയ തലമുറ മാറിക്കൊടുക്കേണ്ട സമയമായില്ലെ. അമേരിക്കയിൽ വളരുന്ന ഒരു യുവ സമൂഹം കേരളവുമായി ഒരു ബന്ധവും ഇല്ലാത്തവരാണ്. അവരെ നമ്മുടെ നാടുമായി ബന്ധിപ്പിച്ചു മുന്നോട്ടു പോകാൻ എന്ത് പദ്ധതികളാണ് നിങ്ങൾ ആവിഷ്കരിക്കുന്നത് ?

ഉത്തരം :പഴയ തലമുറ പുതിയ തലമുറ  അങ്ങനെ ഫൊക്കാനാ എന്ന സംഘടനയെ വിവക്ഷിക്കരുത്. സംഘടയിൽ പ്രവർത്തിക്കുവാൻ സന്നദ്ധതയുള്ള ആളുകൾ ആണ് ഫൊക്കാനയ്ക്കു ആവശ്യം. സന്നദ്ധത മാത്രം പോരാ അതിനുള്ള റിസോഴ്സസും ഉണ്ടാകണം.അമേരിക്കൻ ജോലി തിരക്കിനിടയിൽ സംഘടനാ പ്രവർത്തനം  സേവനം ആണ്. അതുകൊണ്ടു സ്വന്തം പണവും, സമയവും ഇതിനായി ഉപയോഗിക്കേണ്ടി വരും. അതാണ് ഞാൻ പറഞ്ഞത് റിസോഴ്സസ് എന്ന്.പുതിയ തലമുറയെ നാടുമായി ബന്ധിപ്പിക്കുന്നതിന് അവരെ കൂടി വിപുലമായ തരത്തിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള കേരളാ കൺവൻഷൻ നടത്തും. കേരളീയ പാരമ്പര്യം മൂല്യങ്ങൾ എന്നിവ മനസിലാക്കി കൊടുക്കുന്നതിനു പദ്ധതികൾ ആവിഷ്കരിക്കും. കൂടാതെ കേരളത്തിലെ സർവകലാശാലകളുടെ സഹകരണത്തോടെ ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ മനസിൽ ഉണ്ട്. നമ്മുടെ തലമുറയ്ക്ക് മലയാളം കൂടി പഠിക്കുവാൻ അമേരിക്കൻ സർവകലാശാലകളുമായി സഹകരിക്കണം. അതിനു രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടാകണം. അതിനു നമുക്ക് ശ്രമിക്കാം.

ചോദ്യം: നിങ്ങളുടെ കമ്മിറ്റി വരികയാണെങ്കിൽ  ഒരു ഡാറ്റാ ബാങ്ക് അമേരിക്കാൻ മലയാളികള്ക്കായി ഉണ്ടാക്കുമെന്ന് പറഞ്ഞുവല്ലോ. ആറുലക്ഷത്തിൽ അധികം വരുന്ന അമേരിക്കൻ  മലയാളികളുടെ ഡാറ്റാ ബാങ്ക് എങ്ങനെ ആണ് തയാറാക്കുക. അതിനു ഓരോ റീജിയനിൽ  നിന്നും പ്രവര്ത്തിക്കുവാൻ ആളെ കിട്ടുമോ ?

ഉത്തരം : അതു വളരെ ലളിതമായ ഒരു കാര്യമാണ്.അതു ഫൊക്കാനയുടെ ഒരു പ്രോജക്ട് ആയിരിക്കും. ഒരു ഡാറ്റാ ബാങ്ക് ഉണ്ടങ്കിൽ നിരവധി ഗുണങ്ങൾ ഉണ്ട്.ഫൊക്കാനയുടെ റീജിയനുകൾ വസിയും ഉള്ള ഡാറ്റാ കളക്ഷൻ ആണ് അതിന്റെ ആദ്യ ഭാഗം. രണ്ടാമത് മറ്റു സംഘടനകളെയും ഇത്തരം കാര്യങ്ങൾക്കു ഉപയോഗിക്കണം. സാമൂഹ്യ, മത, സാംസ്കാരിക സംഘടനകളെയും ഇതുമായി ബന്ധപ്പെടുത്തുന്നതാണ്. അതിനൊരു ടീമ്  ഉണ്ടാകും. ഇത്തരം കാര്യങ്ങൾ ക്രോഡീകരിക്കുന്നതിനു ഒരു സ്റ്റാഫിനെ നമ്മൾ വയ്ക്കും. ഒരു ഓഫീസ് ഫൊക്കാനയ്ക്കായി ഉണ്ടാകും, ക്ലറിക്കൽ പോസ്റ്റിൽ ഒരാൾ ഉണ്ടങ്കിൽ ഇത്തരം കാര്യങ്ങൾ വലിയ കുഴ്പ്പമില്ലാതെ ചെയ്യാൻ പറ്റും എന്നാണ് എന്റെ അനുഭവത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

ചോദ്യം: കേരളത്തിൽ ഇപ്പോൾ നടത്തുന്ന കൺവൻഷൻ കൊണ്ട് എന്ത് പ്രയോജനം ആണ് അമേരിക്കൻ മലയാളികള്ക്ക് ലഭിക്കുക. പലപ്പോഴും കേരളത്തിലെ രാഷ്ട്രീയക്കാരുടെയും നേതാക്കളുടെ പരിചയക്കാരുടെയും വേദിയായി ഇത്തരം പരിപാടികൾ മാറുന്നില്ലേ? കൊച്ചിയിൽ ആദ്യമായി നടന്ന ഫൊക്കാനയുടെ ആദ്യ കൺവൻഷൻ  പോലെ ഒരു ക്രിയാത്മക കൺവൻഷൻ  നടത്തുവാൻ എന്തുകൊണ്ട് പിന്നീട് വന്ന നേതാക്കൾക്ക് കഴിഞ്ഞില്ല?

ഉത്തരം: നാട്ടിൽ കൺവൻഷനുകൾ സംഘടിപ്പിക്കുമ്പോൾ പലപ്പോഴു നാട്ടിലെ ചാരിറ്റി തുടങ്ങിയ കാര്യങ്ങൾക്കാണ്‌ പ്രാധാന്യം കൊടുക്കുന്നത്. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമൊക്കെ വന്നു പോകുന്നതല്ലാതെ നമുക്കായി ഒന്നും പറയുന്നുമില്ല ചെയ്യുന്നുമില്ല. അതുകൊണ്ടു അവരുമായി ഒരു മുൻ ചർച്ച നടത്തിയ ശേഷം ഒരു എഗ്രിമെന്റിൽ  എത്തുകയും നമുക്കായി സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യും .രാഷ്ട്രീയക്കാരുടെ അമേരിക്കയ്ക്കുള്ള കൺവൻഷൻ സുഖയാത്രകൾക്കു അറുതി വരുത്തും. നമുക്ക്, സംഘടയ്ക്കു പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യുന്നവറുമായി സഹകരിച്ചു അവരുടെ സേവനങ്ങൾ ഫൊക്കാനയ്ക്കായി ഉപയോഗിക്കും. കേരളത്തിൽ നടത്തിയ കൺവൻഷനുകൾ മോശമായിരുന്നു എന്നല്ല .ആദ്യം കൊച്ചിയിൽ നടത്തിയ കൺവൻഷൻ പോലെ ബാക്കിയുള്ളത് ഭംഗിയാകാത്തതിന്  കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടല്ല. സഹകരണത്തിന്റെ അഭാവം ആണ്.കാശ് മുടക്കി നാട്ടിൽ പോകണ്ടേ .ഇതു സേവനം ആണെന്ന് വന്നാലേ ഏതു സംഘടനയും വിജയിക്കൂ. ഇതു നടത്തുന്ന ആളുകളെ വെറുതെയിരുന്ന് കുറ്റം പറയാൻ എളുപ്പമാണ്. കാര്യങ്ങൾ സംഘടിപ്പിക്കാനാണ് പ്രയാസം. പലപ്പോഴു ഉണ്ടായിരുന്ന വിഷൻ നടപ്പിലാക്കാൻ സാധിച്ചില്ല. പ്രത്യേകിച്ചു കേരളാ കൺവൻഷന്റെ കാര്യത്തിൽ. ഒരു ചാരിറ്റിക്ക് പണം മുടക്കിയാൽ അതു പൂർത്തിയാകുന്നതുവരെ  നാം അതിന്റെ പുറകെ ആയിരിക്കണം. എങ്കിലേ അതു പരിപൂർണ്ണ വിജയം ആകുകയുള്ളു.

ചോദ്യം: ചുരുക്കം ചില ആളുകളുടെ കൈകളിലേക്ക് ഫൊക്കാന ഹൈജാക്ക് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?

ഉത്തരം: അതു ഒരു തോന്നൽ മാത്രമാണ്. അങ്ങനെ എനിക്കു തോന്നിയിട്ടില്ല .ഒരാൾ ഉള്ളതുകൊണ്ട് മറ്റൊരാൾക്കു പ്രവർത്തിക്കാൻ സാധിക്കില്ല എന്നുള്ളതൊക്കെ ബാലിശമായ ചിന്താഗതികൾ ആണ്.ഫൊക്കാനാ ഒരു തുറന്ന പുസ്തകം പോലെ ആണ്. പക്ഷെ അതു എടുക്കുവാനും വായിക്കുവാനും നാം സന്നദ്ധത കാട്ടണം. ഒരു സംഘടനയിൽ ഒരാൾ പ്രവർത്തിക്കുമ്പോൾ സ്വന്തം കാര്യം നോക്കുന്നവർ ഉണ്ടാകും സംഘടയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവർ ഉണ്ടാകും. അവർ വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവർ ഉണ്ടാകും. പക്ഷെ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കേ നിലനിൽപ്പുള്ളൂ.അത്തരത്തിലുള്ളവർ സംഘടനയിൽ എന്നും കാണും.അല്ലാത്തവർ തെരഞ്ഞെടുപ്പാകുമ്പോൾ വരുന്നവരാണ് .അമേരിക്കൻ മലയാളികളാക്കു ഇക്കൂട്ടരെ തിരിച്ചറിയാനുള്ള അറിവുണ്ട്.എന്റെ അഭിപ്രായത്തിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പികയും അവരുടെ സേവനങ്ങൾ എങ്ങനെ സംഘടയ്ക്കു പ്രയോജനപ്പെടുത്തുവാൻ സാധിക്കും എന്നാണ് ആലോചിക്കേണ്ടത്.

ചോദ്യം :ഫൊക്കാനയുടെ വളർച്ചയ്ക്ക് താങ്കൾ മുന്നോട്ടു വയ്ക്കുന്ന അജണ്ടകൾ എന്തെല്ലാം ആണ് ?

കേരളാ ഹൗസ് പോലെ ഫൊക്കാന യ്ക്കു ഒരു സെന്റർ സ്ഥാപിക്കും .അവിടെ ഒരു ക്ലറിക്കൽ സ്റ്റാഫിനെ ശമ്പളം നൽകി നിയമിക്കും. ഫൊക്കാനയ്ക്കു അപ്പോൾ കൃത്യമായ കണക്കും രേഖയും ഉണ്ടാകും. അതൊരു തുടർച്ചയായി മുന്നോട്ടു പോകും. ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായ ഭാഷയ്‌ക്കൊരു ഡോളർ പദ്ധതി മുന്പുണ്ടായിരുന്നതുപോലെ ആർജവം ഉള്ളതാക്കാകും. കേരളാ യുണിവേസിറ്റിയിൽ മാത്രമല്ല ,കേരളത്തിലെ മറ്റു സർവകലാശാലകളുടെ ചേർന്നു പദ്ധതി വിപുലപ്പെടുത്തും.24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കാൾ സെന്റർ കേരളത്തിൽ സ്ഥാപിക്കും. നാടുമായി ബന്ധപ്പെട്ടതോ, ഇവിടുത്തെയോ കാര്യങ്ങൾ, ഉദാഹരണത്തിന്  എന്തെകിലും വിഷയത്തിൽ ഒരു സഹായം വേണമെങ്കിൽ നൽകുന്ന നമ്പറിൽ വിളിക്കാം. കാൾ സെന്ററിൽ നിന്നും ഫൊക്കാന ചുമതലപ്പെടുത്തുന്ന സമിതിക്കു വിവരം ലഭിക്കുകയും ചെയ്താൽ അതു നടപ്പിലാക്കുന്ന ചുമതല ആ സമിതിക്കാണ്. അവർ അതു ചെയ്യും. പ്രായോഗികമായി പദ്ധതി നടത്താൻ ബുദ്ധിമുട്ട് ഉണ്ടാകയില്ല.

ചോദ്യം : അമേരിക്കൻ മലയാളികൾക്ക് ഇപ്പോൾ സംഘടനാ പ്രവർത്തനത്തിൽ വലിയ താല്പര്യം ഉള്ളതായി കാണുന്നില്ല. അത്തരം സംഘടനകളുടെ സ്ഥാനത്തു ജാതി സംഘടനകൾ മുളച്ചില്ലേ ? ഇത് നമുക്ക് ഭുഷണമാണോ?

ഇല്ല. ഓരോ സംഘടനയ്ക്കും അതിന്റെതായ മൂല്യമുണ്ട് ചെറിയ സംഘടനകൾ മുതൽ നാഷണൽ സംഘടനകൾ വരെ ആ മൂല്യം കാത്തു സൂക്ഷിക്കുന്നു. ഉദാഹരണത്തിന് ജാതി സംഘടനകൾ ഒരു പ്രത്യേകതരം വിഭാഗത്തിന്റെ താല്പര്യങ്ങൾ ആണ് സംരക്ഷിക്കുക. സമൂഹം ആകുമ്പോൾ പലതരത്തിലുള്ള ആളുകൾ ഉണ്ട്. അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടേ? അവരുടെ വിശ്വാസം സംരക്ഷിക്കേണ്ടേ. മനുഷ്യൻ കുടുംബങ്ങളിൽ ആയിരിക്കുമ്പോൾ അവിടെ ഒരു യൂണിറ്റി ഉണ്ട്. പുറത്തേക്കു വരുന്നപ്പോൾ അതിനു പല മാനങ്ങൾ ഉണ്ട്. പ്ലേ കുടുംബങ്ങൾ ആണ് അവിടെ വരുക. അവരുടെ പൊതുവായ ധാരണകളെ ഉൾക്കൊള്ളുവാനാണ് ഫൊക്കാനപോലെ ഉള്ള സംഘടനകൾ ഉള്ളത്.

ചോദ്യം: താങ്കളുടെ ടീമിന്റെ വിജയം ഉറപ്പാണോ? അഥവാ പരാജയപ്പെട്ടാൽ ഫൊക്കാനയിൽ സജീവമായി തുടരുമോ?

എന്റെ വിജയം ഉറപ്പാണ്. അതിൽ ഇപ്പോൾ എന്താണ് തർക്കം. എന്റെ വിജയം ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ ഫൊക്കാനയിൽ ഉള്ളവരെല്ലാം. പിന്നെ സംഘടന അല്ലെ. മത്സരം വരും. വരട്ടെ. ജയിച്ചാൽ ഒരു റ്റീം ആയിട്ടു നിക്കണം. ഒരു റ്റീം ഒന്നിച്ചു നിന്നാൽ അതു പരിപൂർണ്ണ വിജയം ആയിരിക്കും. പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ ട്ടീമിൽ വന്നാൽ അവർക്കു പ്രവർത്തിക്കുവാനുള്ള അവസരം ഉണ്ടാകണം. എങ്കിലേ ഒരു യോജിപ്പുള്ള സംഘടന എന്ന തോന്നൽ സമൂഹത്തിനു ഉണ്ടാകു. പ്രോജക്ടുകൾ കൊണ്ടുവരുന്നതുപോലെ അതിന്റെ സംഘാടനം, നടത്തിപ്പ് ഒക്കെ പ്രധാനമാണ്. പിന്നെ പരാജയപ്പെട്ടാൽ അതു ഉൾക്കൊള്ളും. സംഘടന തെരഞ്ഞെടുപ്പ് ആകുമ്പോൾ ജയവും പരാജയവും ഒക്കെ ഉണ്ടാകും. അതു ഉൾക്കൊണ്ടുകൊണ്ടാണ് മത്സര രംഗത്തു ഉള്ളത്. തുടർന്നും ഫൊക്കാനയ്‌ക്കൊപ്പം നിലകൊള്ളും. പ്രവർത്തിക്കും. അതു എന്റെ നിലപാടാണ് .

വ്യവസായ  രംഗത്തു പ്രവർത്തിക്കുന്ന മാധവൻ നായർക്ക് ഓരോ വിഷയത്തിലും ഒരു നിലപാടുണ്ട്. അതു ഫൊക്കാനയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. മാധവൻ നായരുടെ ജയം ഫൊക്കാനയ്ക്കും ഒരു നിലപാട് ഉണ്ടാക്കും എന്നതിന് സംശയം വേണ്ട.

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പൂനൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജുമെന്റിൽ ബിരുദവും, പെൻസൽവാനിയ അമേരിക്കൻ കോളേജിൽ നിന്ന് ഫിനാൻസിൽ ബിരുദവും നേടിയ ശേഷം, ഫിനാൻഷ്യൽ കൺസൽട്ടൻറ്  ആയ ബി.മാധവൻ നായർ. 2005 ൽ ന്യൂ ജേഴ്സി ആസ്ഥാനമായി ഇപ്പോൾ അമേരിക്കയിലെ അറിയപ്പെടുന്ന എം ബി എൻ ഇൻഷുറൻസ് ആൻഡ് ഫിനാൻഷ്യൽ കൺസൾട്ടൻസി എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റ്, നാമം എന്ന സംഘടനയുടെ സ്ഥാപകൻ, ദീർഘകാല റോട്ടറി ക്ളബ്  മെബർ (30 വർഷം), പ്രസിഡന്റ്  Woodbridge-Perth Amboy  റോട്ടറി ക്ളബ്  (2013-14) തുടങ്ങിയ നിലകളിൽ സജീവമായി പ്രവർത്തിക്കുന്നു. ഭാര്യ. ഗീതാ നായർ, മക്കൾ ഭാസ്കർ നായർ, ജാനു നായർ .

LEAVE A REPLY

Please enter your comment!
Please enter your name here