തിരുവനന്തപുരം: നടി ലിസി പ്രിയദര്‍ശന്‍ ഇനിമുതല്‍ ലിസി ലക്ഷ്മി. സംവിധായകന്‍ പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞതോടെയാണ് ലിസി പേരില്‍ മാറ്റം വരുത്തുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ലിസി പ്രിയദര്‍ശന്‍ എന്ന പേര് മാറ്റി ലിസി ലക്ഷ്മി എന്നാക്കി. ഗസറ്റിലടക്കം പേര് മാറ്റുന്നതിനുള്ള നടപടികളും ലിസി ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൂടാതെ ഫേസ്ബുക്കിലും ഇനി ലിസി ലക്ഷ്മി എന്നായിരിക്കും.

2014 ഡിസംബര്‍ ഒന്നാം തീയതിയാണ് ലിസിയും പ്രിയദര്‍ശനും തമ്മില്‍ നിയമപ്രകാരം വിവാഹമോചിതരായത്. എന്നാല്‍ വേര്‍പിരിയാനുണ്ടായ യഥാര്‍ഥ കാരണം ഇതുവരെ ഇരുവരും വ്യക്തമാക്കിയിരുന്നില്ല. അതേസമയം, ഗോസിപ്പുകളായി വന്ന കാരണങ്ങള്‍ക്കെതിരെ ലിസി ശക്തമായി രംഗത്തെത്തിയിരുന്നു. തനിക്കും പ്രിയദര്‍ശനും കുട്ടികള്‍ക്കും കോടതിക്കും പിരിയാനുണ്ടായ കാരണത്തെ കുറിച്ച് അറിയാമെന്ന് ലിസി പ്രതികരിച്ചിരുന്നു. ഇരുവരും വീണ്ടും അടുക്കുന്നുവെന്നും വിവാഹിതരാകുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അതും നിഷേധിച്ച് ലിസി രംഗത്തെത്തിയിരുന്നു.
ഏതൊക്കെ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചെന്നും വിവാഹമോചനം നല്‍കാനുമുള്ള കാരണങ്ങളെയും കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യാനോ വെളിപ്പെടുത്താനോ ആകില്ലെന്നും ലിസി പറയുന്നു.

പ്രിയദര്‍ശനുമായുള്ള വിവാഹമോചനം നിയമപരമായി പൂര്‍ത്തിയാകാന്‍ ഇനി മൂന്നുമാസത്തെ കാലതാമസമുണ്ട്. അതുവരെ പ്രിയദര്‍ശനെതിരെയുള്ള ഗാര്‍ഹിക പീഡനത്തിന്റെ കേസും തടഞ്ഞുവച്ചിരിക്കുകയാണ്. വീണ്ടും ഒന്നിക്കുന്നെന്ന് പറഞ്ഞ് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഇനി ഒരിക്കലും ഒന്നിക്കാന്‍ സാധിക്കാത്ത തരത്തില്‍ തങ്ങള്‍ അകന്നുവെന്നും ലിസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here