കോട്ടയം: മതത്തിന്റെ പേരില്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൊടുംക്രൂരതകളും കണ്ട് മനംമടുത്ത ഒരു കൂട്ടം മലയാളികള്‍ രൂപപ്പെടുത്തിയ സ്വയംവിമര്‍ശന ചിന്താപദ്ധതിയാണു ഡിങ്കമതം. പരമ്പരാഗത മതവിശ്വാസങ്ങള്‍ക്കെതിരെ പ്രതിഭാധനരായ ഒരു കൂട്ടമാളുകള്‍ നേതൃത്വം നല്‍കിയ ഡിങ്കമതം ആഗോളവത്കരണകാലത്ത് എങ്ങനെ മുന്നേറുമെന്നത് ചര്‍ച്ച ചെയ്യുക കൗതുകകരമാണ്. സര്‍വ്വവും മതമയമാകുമ്പോള്‍ മതത്തെതന്നെ ട്രോള്‍ ചെയ്ത് കൊണ്ടാണ് ഡിങ്കമത വിശ്വാസികള്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. ദിലീപിനെ നായകനാക്കി പ്രമുഖ ഛായഗ്രാഹകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടപ്പോള്‍ ഡിങ്കമത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതോടെ ഡിങ്കമതം ഒരു വെര്‍ച്വല്‍ മതം എന്ന സങ്കല്പം മാറി. ഈ മതത്തിലും വിശ്വാസികളുണ്ടെന്നും അവര്‍ക്ക് ഡിങ്കനെ അപമാനിച്ചാല്‍ ഹനുമാന്‍ വിശ്വാസികള്‍ക്ക് ഹനുമാനെ ആക്ഷേപിച്ചാല്‍ ഉണ്ടാകുന്നത് പോലെ മതവികാരം വ്രണപ്പെടുമെന്നും ഇതോടെ ബോധ്യമായതാണ്.

നിങ്ങളുടെ മതവികാരം വ്രണപ്പെടില്ലെങ്കില്‍ ഞാന്‍ ഒന്ന് തുമ്മിക്കോട്ടെ എന്ന സോഷ്യല്‍ മീഡിയ ട്രോളും കൊണ്ട് ഡിങ്കമത വിശ്വാസികളുടെ അടുത്തേക്കൊന്നും പോകാന്‍ സാധിക്കില്ല. അവര്‍ അതുക്കും മേലേയാണ്. മതം നടത്തുന്ന കടന്ന് കയറ്റങ്ങള്‍ക്കെതിരെ ഒരു തമാശയ്ക്ക് എന്നവണ്ണം തുടങ്ങിയതാണ് ഡിങ്കമതം. എന്നാല്‍ ഓണ്‍ലൈന്‍ ഇടങ്ങളില്‍ അതിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. മറ്റ് മതങ്ങളിലെ യുക്തിക്ക് നിരക്കാത്ത പലതിനേയും തമാശയിലൂടെ വിമര്‍ശിച്ചും ഡിങ്കനെ സ്തുതിച്ചും വലിയൊരു കൂട്ടമായി ഡിങ്കോയിസം മാറി.

സെമിറ്റിക് മതങ്ങളുടെ യുക്തിയാണ് എലിയെ ദൈവമാക്കി ഡിങ്കോയിസ്റ്റ് വക്താക്കള്‍ ചോദ്യം ചെയ്യുന്നത്. ഒരു കുട്ടിക്കഥയിലെ എലിയില്‍നിന്ന് ദൈവരൂപം പ്രാപിച്ച ഡിങ്കന്‍ ഇന്നിപ്പോള്‍ ഒരു മഹാനായി മാറിയിട്ടുണ്ടെന്നു ചുരുക്കും. 2013ല്‍ സ്ഥാപിച്ച മലയാളം ഗ്രാഫിക്‌സ്, കാലിഗ്രഫി പേജായ മലയാളീഗ്രഫിയിലെ പുതിയ പോസ്റ്റ് ഇതിന് ഉദാഹരണം. ചില അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഡിങ്കമതം സ്വീകരിച്ചാല്‍ എങ്ങനെയായിരിക്കും അവരുടെ ബ്രാന്‍ഡ് നെയിമും ലോഗോയും എന്ന ചിന്തയാണ് ഇവര്‍ പങ്കുവെയ്ക്കുന്നത്. ആന്‍ഡ്രോയ്ഡ്, മോസില, ഫെവിക്കോള്‍, പെന്‍ഗ്വിന്‍ ബുക്‌സ്, ബക്കാര്‍ഡി, നെസ്ലേ, ട്വിറ്റര്‍, ജഗ്വാര്‍ തുടങ്ങിയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ പേരും രൂപവും മാറി ഡിങ്കമതത്തില്‍ ചേര്‍ന്നാല്‍ എങ്ങനെയിരിക്കും എത് ഏറെ കൗതുകകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here