ഐക്യജനാധിപത്യമുന്നണിയുടെ 5 വര്‍ഷത്തെ ഭരണം അവസാനിച്ചു. അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു. എട്ടുനിലയില്‍ പൊട്ടി. പുതിയ മന്ത്രിസഭ വന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തോല്‍വിയുടെ കാരണം കണ്ടുപിടിക്കാനുള്ള അപഗ്രഥന ചര്‍ച്ച ചാനലുകള്‍ ഉല്‍സവമാക്കിയപ്പോള്‍ പാര്‍ട്ടി നേതാക്കന്മാര്‍ അന്യോന്യം ചെളിവാരി എറിയല്‍ മല്‍സരത്തില്‍ മെഡല്‍ നേടുന്ന തെരക്കിലായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ പലരും വീണുകിടക്കുന്നവനെ വീണ്ടും കുത്തുന്ന അനായാസ വിനോദത്തില്‍ രസിക്കുകയായിരുന്നു. ചുരുക്കം ചിലര്‍ മാത്രം തോല്‍വിയുടെ യഥാര്‍ത്ഥ കാരണം ചൂണ്ടിക്കാണിക്കുന്നവര്‍ ആയിരുന്നു.

 വെറും രണ്ടുപേരുടെ ഭൂരിപക്ഷത്തില്‍ 5 വര്‍ഷം ഭരണം പൂര്‍ത്തിയാക്കി പടിയിറങ്ങിയ യു.ഡി.എഫിന്റെ അമരക്കാരന്‍ അപാര മെയ് വഴക്കമുള്ള നേതാവായിരുന്നു. വിശ്വസ്തരായിക്കൂടെ നിന്നവര്‍ ആദ്യം കുത്തി. സരിത എന്ന മദാലസ താണ്ഡവ നൃത്തമാടി നേതാവിന്റെ ഉറക്കം കെടുത്തി നിര്‍ദ്ദിഷ്ഠ താല്പര്യമുണ്ടായിരുന്നവര്‍ സരിതാദേവിക്കു ചൂട്ടു പിടിച്ചു കൊടുത്തു. മാധ്യമ കച്ചവടക്കാര്‍ എല്ലാവരും ഈ കഥയില്‍ വാദ്യമേളക്കാരായി. മന്ത്രിസഭയില്‍ പങ്കാളികളായിരുന്നവരില്‍ പലരും മോഷണകലയില്‍ സമര്‍ത്ഥരാണെന്നു തെളിയിച്ചു.

 കോടികളുടെ അഴിമതി ആരോപണത്തില്‍ കുളിച്ചു നിന്ന മന്ത്രിസഭ നാറി. തോളിലിരുന്നും തലയിലിരുന്നും കൂടെയുള്ളവര്‍ കാഷ്ടിച്ചിട്ടും അവരെ പുറത്തുകളയാതെ അതിന്റെ ചൂട് ആസ്വദിച്ചുകൊണ്ടും നേതാവു നടന്നു. അക്കരെ എത്തിക്കണമെന്നുള്ള ലക്ഷ്യത്തില്‍ നടത്തതുകൊണ്ടാവാം അതിനു തുനിയാതിരുന്നത്. ഫലമോ, നേതാവും അഴിമതിയാരോപണ വിധേയനായി. എങ്കിലും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വളരെയധികം വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുകയുണ്ടായി. പക്ഷേ, ഇതൊന്നും ജനങ്ങളില്‍ എത്തിയില്ല എന്നകാര്യത്തില്‍ മാധ്യമങ്ങള്‍ക്കു സന്തോഷിക്കാം. എന്നാല്‍ ഇതൊന്നും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നതാണു സത്യം. പിന്നെ എന്തുകൊണ്ടു യു.ഡി.എഫ് തോറ്റു? കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തില്‍ ഉരുത്തിരിഞ്ഞുവന്ന വര്‍ഗ്ഗീയ ധ്രൂവീകരണം സാധാരണ ജനങ്ങളെ ഭയചകിതരാക്കി എന്നതാണു സത്യം. സമാധാന പ്രിയരായവരുടെ നാട്ടില്‍ കേരളത്തില്‍ വേരിറങ്ങുവാന്‍ അനുവദിക്കില്ലെന്നുള്ള സാധാരണ ജനങ്ങളുടെ ദൃഢപ്രതിജ്ഞയാണ് തെരഞ്ഞെടുപ്പില്‍ നിഴലിച്ചത്. അതുകൊണ്ടു കേരളത്തില്‍ ശക്തമായ ഒരു മന്ത്രിസഭ നിലവില്‍ വന്നു.കേരള ജനതയ്ക്കഭിവാദ്യങ്ങള്‍!

 കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് മതനേതാക്കള്‍ ചെലുത്തിയ സമ്മര്‍ദ്ദത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി വളരെ പണിപ്പെട്ടു. അഞ്ചാംമന്ത്രിക്കു വേണ്ടി പിടിച്ച മുസ്ലീം നേതാവ് മന്ത്രിസഭ ഏതാണ്ടു താഴെ വീഴുമെന്ന അവസ്ഥ വരെ എത്തിച്ചു. എന്നാല്‍ ഞങ്ങളുടെ ആളിനെ താക്കോല്‍ സ്ഥാനത്ത് അവരോധിക്കണം എന്ന വാദവുമായി രമേശ് ചെന്നിത്തലയെ താങ്ങിക്കൊണ്ട് നായര്‍ സമുദായം ഉമ്മന്‍ചാണ്ടിക്കു പണികൊടുത്തു.

 എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് സാക്ഷാല്‍ എട്ടിന്റെ പണികൊടുത്തത് അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തില്‍ നിന്നുമാണ്. ഓര്‍ത്തഡോക്‌സ് സഭാംഗമായ ഉമ്മന്‍ചാണ്ടി സഭാ നേതൃത്വത്തിന്റെ താളത്തിനു തുള്ളാതെ വന്നപ്പോള്‍ അദ്ദേഹത്തിനു നേതൃത്വം ദൃഷ്ട് കല്‍പ്പിച്ചു. യാക്കോബായ സഭയുടെ പള്ളികള്‍ കോടതിവിധിയുടെ പിന്‍ബലത്തില്‍ പിടിച്ചെടുക്കാമെന്നു സ്വപ്‌നംകണ്ടിരുന്ന നേതാക്കന്മാര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്ലെന്നു സ്പ്‌നം കണ്ടിരുന്ന നേതാക്കന്മാര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്ലെന്നു ബോധ്യമായതോടെ ഉമ്മന്‍ചാണ്ടിയോ അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് മന്ത്രിമാരോ പങ്കെടുക്കുന്ന ഒരു ചടങ്ങിലും ഓര്‍ത്തഡോക്‌സ് സഭാനേതൃത്വമോ ആ നേതൃത്വത്തോടു വിധേയരായ തിരുമേനിമാരോ പങ്കെടുക്കാന്‍ പാടില്ലെന്നു തീരുമാനിക്കപ്പെട്ടു.

 ഉമ്മന്‍ചാണ്ടിയുടെ ഇടവകയായ പുതുപ്പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി വന്നതുകൊണ്ട് സഭയുടെ പരമാദ്ധ്യക്ഷനായ ബാവാ തിരുമേനി ചടങ്ങില്‍ പങ്കെടുത്തില്ല. അതുപോലെ തന്നെ ഒരു ദേവാലയത്തില്‍ നടന്ന സ്വകാര്യചടങ്ങില്‍ വീട്ടുകാരുടെ ക്ഷണമനുസരിച്ച് വേദിയില്‍ സന്നിഹിതനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വേദിയില്‍ നിന്നും ബാവാ ഇറക്കിവിട്ടതുകണ്ട് വിശ്വാസികള്‍ ഞെട്ടി. ക്ഷമിക്കാനും സഹിക്കാനും സ്‌നേഹിക്കാനും പഠിപ്പിച്ച ക്രിസ്തുദേവന്റെ ശിഷ്യഗണത്തില്‍പ്പെടുന്നവര്‍ എന്നു ജനങ്ങള്‍ കരുതുന്ന ബാവാ തിരുമേനിയും മറ്റു പല തിരുമേനിമാരും വൈരാഗ്യബുദ്ധിയോടെയാണ് ഉമ്മന്‍ചാണ്ടിയെകണ്ടത്. തെരഞ്ഞെടുപ്പു വന്നപ്പോള്‍ അതു വ്യക്തമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ അവര്‍ മടിച്ചുമില്ല.

 തെരഞ്ഞെടുപ്പു സമയത്ത് പല മതനേതാക്കന്മാരും രാഷ്ട്രീയക്കാരെക്കാള്‍ കൂടുതല്‍ പ്രചരണ പരിപാടിയില്‍ സജീവമായിക്കണ്ടു. തിരുവനന്തപുരം ആസ്ഥാനമാക്കിയ മലങ്കര കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവാ തിരുമേനി നാടാര്‍ സമുദായത്തിനു നേരെ ഉമ്മന്‍ചാണ്ടി വിവേചനം കാണിച്ചുവെന്നും അതുകൊണ്ട് അവരുടെ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്നും പറഞ്ഞു. അതുകൊണ്ടാണോ എന്നറിയില്ല, തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശമായ നേമത്ത് നാടാര്‍ സമുദായത്തിന് വളരെ വോട്ടകളുണ്ടായിട്ടും ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി. അക്കൗണ്ടു തുറന്നു.

 മതനേതാക്കളും രാജ്യത്തിന്റെ പൗരന്മാരാണ്. അവര്‍ക്കും അവരുടേതായ രാഷ്ട്രീയം ഉണ്ടാകാം. പക്ഷേ, അതുവിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥ ഉണ്ടാകരുത്. ബാവാമാരെയും തിരുമേനിമാരെയും മറ്റും വിശ്വാസികളായവരും അല്ലാത്ത അന്യമതസ്ഥര്‍ പോലും ആദരവോടെയാണു കാണുന്നത്. രാഷ്ട്രീയക്കാരായ ജനപ്രതിനിധികള്‍ ജനാധിപത്യരീതിയില്‍ രാജ്യം ഭരിക്കട്ടെ. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കണം. സ്വന്തം സമുദായാംഗമായതുകൊണ്ട് മതനേതാക്കള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കണം എന്നു പറയുന്നതു ബാലിശമാണ്. ശത്രുവിന്റെ ശത്രുമിത്രം എന്നു പറയുന്നതുപോലെ പുതിയ മുഖ്യമന്ത്രിയെ കാണാന്‍ ബാവാ തിരുവനന്തപുരത്തെത്തി കണ്ടുവണങ്ങി ചര്‍ച്ച നടത്തി. അഭിനന്ദിച്ചു.  നല്ലതുതന്നെ. അതുകഴിഞ്ഞ് പരിശുദ്ധ ബാവാ മാധ്യമങ്ങളോടു പറഞ്ഞു,’ഇതുവരെ ഞങ്ങള്‍ അനാഥാരായിരുന്നു. ഇപ്പോള്‍ സനാഥരായി’ എന്ന്. സഭയുടെ പരമാധ്യക്ഷന്റെ ഈ പ്രസ്താവന ടി.വി.യില്‍ കണ്ട സഭാംഗങ്ങളുടെ മനസ്സില്‍ പക്ഷേ മറ്റൊരു വാചകമാണു തോന്നിയത്. ‘ഇതുവരെ സനാഥരായിരുന്ന ഞങ്ങള്‍ അനാഥരായി.’

 പിണറായി വിജയനു നല്ലതുപോലെ ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. ദയവായി പള്ളികളുടെയും അമ്പലത്തിന്റെയും പേരുപറഞ്ഞ് അദ്ദേഹത്തിനു തലവേദന കൊടുക്കരുത്. കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരത്ത് പ്രതിഷേധ യോഗം കൂടി പോലെ അടിവാങ്ങിക്കൂട്ടിയതു മറക്കാന്‍ സാധ്യതയില്ല. എത്ര ചങ്ങാത്തം കൂടിയാലും 1957 ലെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയെ മറിച്ചിടാന്‍ വിമോചനസമരം കോണ്‍ഗ്രസിനോടു കൂട്ടുകൂടി മതനേതാക്കള്‍ നടത്തിയതു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മറക്കുമെന്നു കരുതരുത്.

 മതനേതാക്കള്‍ അതു ഹിന്ദുക്കളുടെയോ മുസ്ലീംകളുടെയോ ക്രിസ്ത്യാനികളുടേതോ ആകട്ടെ, കഴിവതും കാര്യങ്ങള്‍ വര്‍ഗ്ഗീയവത്ക്കരിക്കാതെയിരിക്കുന്നത് അവരുടെ സമുദായത്തിനും നാടിന്റെ സമാധാനത്തിനും നന്നായിരിക്കും.

3 COMMENTS

  1. എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്? കോടതി വിധികൾ നടപ്പിലാക്കുന്നത് സർക്കാരിന്റെ ചുമതല അല്ലെന്നാണോ? ബാവ തിരുമേനി ആരോടും ഒരു ആനുകൂല്യവും ആവശ്യപ്പെട്ടില്ലല്ലോ? ഒരു താക്കോൽ സ്ഥാനവും ചോദിച്ചുമില്ല. രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നത് നടപ്പിലാക്കാനുള്ള പൗരന്റെ അവകാശം മാത്രമേ ചോദിച്ചുള്ളൂ. ഉമ്മൻ ചാണ്ടി രേഖാമൂലം കൊടുത്ത ഉറപ്പുകൾ പോലും നഗ്നമായി ലംഖിക്കപ്പെട്ടപ്പോൾ ആണ് രാഷ്ട്രീയമായി സഭ അനാഥമായി എന്നു തോന്നിയത്. സഭാംഗങ്ങൾക്ക് തിരിച്ചാണ് തോന്നിയത് എന്നു നിങ്ങളോട് ആരു പറഞ്ഞു?

  2. താങ്കൾ എഴുതിയ സനാഥൻ അനാഥരായി എന്ന ലേഖനം വായിച്ചു. ഉള്ളത് പറയാലൊ എഴുത്ത് ശൈലി ഉഗ്രൻ പക്ഷെ നേരും നെറിയും ലവലേശം തൊട്ട് തീണ്ടാത്ത ഒരു എഴുത്തുകാരന്റെ വാക്കുകളാണ് അതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം

    താങ്കൾ അതിൽ പറഞ്ഞിരിക്കുന്ന ഏതുണ്ട് ശരി??
    ഏതിനുണ്ട് പൂർണ്ണത??
    ഇനി ഒന്നെ അറിയാനൊള്ളു
    താങ്കൾ ആരുടെ കൂലിക്കെഴുത്തുകാരൻ എന്ന്;
    മുൻ മുഖ്യന്റെയൊ, സൊസൈറ്റി സഭയുടെയൊ
    താങ്കൾ പറഞ്ഞിരിക്കുന്നത് താങ്കൾ തെളിയിക്കണം അത് താങ്കളുടെ ബാദ്യത അല്ലെങ്കിൽ ലേഖനത്തിൽ നിന്ന് അത് പിൻ വലിച്ച് മാപ്പ് പറയണം പൊതു സമൂഹത്തോട്
    യാക്കോബായ വിഭാഗത്തിന്റെ ഏത് പള്ളിയാണ് അന്യാദിനമായി ഓർത്തഡോക്സ സാഭ കൈവശം വെച്ചിരിക്കുന്നത് ??
    ഏത് പള്ളി അന്യാദിനമായി കൈവശം വക്കാനാണ് ഓർത്തഡോക്സ സഭ മുൻ മുഖ്യന്റ കാല് പിടിച്ചത്
    വ്യക്തമായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദി നടപ്പിലാക്കാൻ സാഭ സർക്കാരിനോട് ആവിശ്യപെട്ടു
    ഒരാഴ്ചക്കകം നടപ്പിലാക്കാം എന്ന് പറഞ്ഞ് സഭയെ കബളിപ്പിച്ചത് ഈ താങ്കൾ പറയുന്ന ഉമ്മൻ ചാണ്ടിടെ സർക്കാർ അല്ലെ??
    കോടതി വിധിയുടെ പിൻബലം ഇല്ലതെ ഏതെങ്കിലും ഒരു പള്ളിയിൽ കേറാൻ പോലീസ് പ്രൊട്ടക്ഷൻ ഓർത്തഡോക്സ സഭ ആവിശ്യ പെട്ടൊ ??

    പിന്നെ അനാഥരായിരുന്ന
    ഞങ്ങൾ ഇപ്പോൾ സനാഥരായി എന്ന പരാമർശത്തിലും ഉണ്ട് പിഴ
    അതിൽ മനപ്പൂർവമൊ അല്ലാതെയൊ താങ്കൾ രാഷ്ട്രിയമായി എന്ന വാക്കിനെ അങ്ങ് അടർത്തിമാറ്റി താങ്കൾക്ക് വേണ്ടത് മാത്രം എടുത്തു.
    തികച്ചും അപക്വമായ ലേഖനം
    ആരേയും പ്രീതി പെടുത്താൻ വേണ്ടി ആകരുത് അക്ഷരത്തെ വളച്ചോടിക്കേണ്ടത് നേരിനും നെറിക്കും വേണ്ടിയാകണം
    അക്ഷരത്തെ വ്യഭിചരിക്കൽ ആകരുത് ഒരു ഏഴുത്ത്കാരന്റെ തൂലികയിലെ അക്ഷരങ്ങൾ എന്ന് ഓർമപെടുത്തി നിർത്തുന്നു
    നന്ദി

  3. What Mr. Babu Parackal said is letter by letter true. I am dismayed by HH’s stand in this matter. He lost credibility from a majority of faithful. If you think otherwise, conduct a survey and convince yourself.

    Now, Abraham thinks, Chief Minister must forcefully take the disputed churches and give to Orthodox. If there is an evident clause in the decree, please quote it. In my court certified copy of the decree there is no such clause empowering the CM to grab the disputed churches. If HH or anyone thinks so, why not approach the SC for clear directive in the matter or even file a complaint against the CM in the SC for his failure to obey the SC- which is contempt of court? The so-called Christians, related by blood, tradition and history fight in the most unchristian way; and the chief Minister must support all the vanities of the church!!! Why not you behave like a Christian, follow the bible as standard, and then where comes the need for belittling yourself in front of a heathen/atheist politician and call him “our Nadhan” Shame on the Church.

    Now, wait and see, what great things this “new Nadhan” will render unmerited favors which his predecessor failed to do. It is the most foolish thing a head of the Church can say and do; who do you think justify what happened, just you-Abraham- and parochial people like you who cannot see far beyond your nose and who lost Christian witness and live in fool’s paradise.

Leave a Reply to Sumod Mammottil Cancel reply

Please enter your comment!
Please enter your name here