ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ)യുടെ റീജിയണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17-18 –ന് കാലിഫോര്‍ണിയയിലെ ന്യൂവര്‍ക്ക് നഗരത്തിലെ മെഹ്റാന്‍ റസ്റ്റോറണ്ടിലെ ഹാളില്‍ വിജയകരമായി നടന്നു. പ്രശസ്ത സാഹിത്യകാരന്മാര്‍ ശ്രീ സേതുവും ശ്രീ പാറക്കടവും വിശിഷ്ട അതിഥികള്‍ ആയിരുന്നു.

തമ്പി ആന്റണി കണ്‍വീനര്‍ ആയി സമ്മേളനത്തിന് നേതൃത്വം നല്കി.   ലാനാ ഭാരവാഹികള്‍ ആയ ജോസ് ഓച്ചാലില്‍ (പ്രസി), വറുഗീസ് എബ്രഹാം (വൈസ് പ്രസി), ജെ മാത്യുസ് (സെക്ര.), ജോസന്‍ ജോര്‍ജ് (ട്രഷറര്‍), മാടശ്ശേരി നീലകണ്ഠന്‍ (ജോയിന്റ് സെക്ര.) എന്നിവര്‍ സജീവമായി പങ്കെടുത്തു. മാടശ്ശേരി നീലകണ്ഠന്‍, പേമാ തെക്കേക്, ഗീതാ ജോര്‍ജ്, എം കെ ഷാന്‍ദാസ്‌, രാജം നമ്പുതിരി (ട്രഷറര്‍), പദ്മ ഷാന്‍ദാസ്‌, സന്ദീപ്‌ നംപൂതിരി, പ്രിയ സാവിത്രി ഇവര്‍ അടങ്ങിയ ലോക്കല്‍ കമ്മിറ്റി യോഗത്തിന്‍റെ വിജയത്തിന് വഴിയൊരുക്കി.

ജൂണ്‍ 17-ന് വൈകുന്നേരം കണ്‍വന്‍ഷന്റെ ഉദ്ഘാടനം സേതുവും പാറക്കടവും ലാനാ ഭാരവാഹികള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇവര്‍ ചേര്‍ന്ന് ദീപം കൊളുത്തി നിര്‍വഹിച്ചു. അന്തരിച്ച പ്രിയ കവി ഓഎന്‍വി, കഥാകാരന്‍ അക്ബര്‍ കട്ടക്കില്‍ എന്നിവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു യോഗത്തിന് തുടക്കം കുറിച്ചു.

പ്രഥമ യോഗത്തില്‍ ലാനാ പ്രസിഡന്‍റ് ജോസ് ഓച്ചാലില്‍ അധ്യക്ഷന്‍ ആയി.

തമ്പി ആന്റണി സ്വാഗതം ആശംസിച്ചു. അധ്യക്ഷനും, ലാനാ മുന്‍പ്രസിഡന്റുമാര്‍ ഡോ. എം എസ് ടി നമ്പുതിരി, ഷാജന്‍ ആനിത്തോട്ടം എന്നിവരും പ്രസംഗിച്ചു.  മാടശ്ശേരി നീലകണ്ഠന്‍ ശ്രീ സേതുവിനെയും സി എം സി ശ്രീ പാറക്കടവിനെയും സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു. തുടര്‍ന്ന് സേതുവും പാറക്കടവും തങ്ങളുടെ ആദ്യ പ്രസംഗങ്ങള്‍ നടത്തി. സമ്മേളനത്തില്‍ എം എന്‍ സാവിത്രി, അനിലാല്‍ ശ്രീനിവാസന്‍, ഉമേശ് നായര്‍, സണ്ണി കാവില്‍, എന്നിവര്‍ ഓ എന്‍ വി കവിതകള്‍ ആലപിച്ചു.

ജോസന്‍ ജോര്‍ജ് കൃതജ്ഞത പ്രകടിപ്പിച്ചു. അടുത്ത കാലത്ത് എണ്‍പത്തി നാലിന്റെ നിറവില്‍ എത്തിയ ലാനായുടെ ആദ്യത്തെ പ്രസിഡന്‍റ് ഡോ. എം എസ് ടി നമ്പുതിരിയെ യോഗം പൊന്നാട അണിയിച്ച് അഭിനന്ദിച്ചു.  അത്താഴത്തോടെ പ്രഥമ യോഗം സമാപിച്ചു.

ജൂണ്‍ 18-ന് പകല്‍ നാലു യോഗങ്ങളും വൈകുന്നേരം സമാപനയോഗവും നടന്നു. ആദ്യം നടന്ന ചെറുകഥ ചര്‍ച്ചയില്‍ ജോണ്‍ കൊടിയന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. ചെറുകഥാ സാഹിത്യത്തിനു ദീര്‍ഘകാല സംഭാവനകള്‍ നല്‍കിയ വിശിഷ്ട അതിഥികള്‍ സേതുവും പാറക്കടവും ആ കലാരൂപത്തെക്കുറിച്ച് ഉള്‍ക്കാഴ്ച്ചയോടെ പ്രസംഗിച്ചു. തുടര്‍ന്ന്‍, സി എം സി, ജോയന്‍ കുമരകം, ജെയ്ന്‍ ജോസഫ്, അനിലാല്‍ ശ്രീനിവാസന്‍, പത്മാ ഷാന്‍ദാസ്‌, രാജി മേനോന്‍ എന്നിവര്‍ സംസാരിച്ചു. ഈ യോഗത്തില്‍ വച്ച് ശ്രീ സി എം സി-യുടെ “വെളിച്ചം വില്‍ക്കുന്നവര്‍” എന്ന പുതിയ കഥാസമാഹാരത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചു.

തുടര്‍ന്നു നടന്ന കവിതാ സമ്മേളനത്തില്‍ എം കെ ഷാന്‍ദാസ്‌ അധ്യക്ഷന്‍ ആയി. മുഖ്യ പ്രാസംഗികനായ എം എസ റ്റി നമ്പുതിരിയെ ജോസന്‍ ജോര്‍ജ് പരിചയപ്പെടുത്തി. തന്റെ അമേരിക്കന്‍ പ്രവാസി ജീവിതത്തിന്റെ ആരംഭകാലത്തെ വികാരനിര്‍ഭരമായി അനുസ്മരിച്ചു കൊണ്ട്, നുതന കവിതയുടെ സവിശേതകളെപ്പറ്റി എം എസ റ്റി സംസാരിച്ചു. തുടര്‍ന്ന്‍, ബിന്ദു ടി ജി, ഗീതാ രാജന്‍, വിനോദ് നാരായണന്‍, പ്രകാശ്‌ ബാരെ, മാടശ്ശേരി നീലകണ്ഠന്‍, ഉമേശ് നായര്‍ എന്നിവര്‍ കവിതാപാരായണത്തിലും ചര്‍ച്ചയിലും സജീവമായി പങ്കെടുത്തു.

ഉച്ച ഭക്ഷണത്തിനു ശേഷം, നോവല്‍ സമ്മേളനം നടന്നു. ശ്രീ സേതു തന്‍റെ വിശിഷ്ട കൃതിയായ “പാണ്ഡവപുരം” എന്ന പ്രസിദ്ധ നോവലിനെപറ്റി പ്രസംഗിച്ചു. അതെത്തുടര്‍ന്ന്‍ രതീദേവി തന്‍റെ “പെണ്സുവിശേഷ”ത്തിനെപ്പറ്റി സംസാരിച്ചു. സദസ്യരുടെ സജീവ ചര്‍ച്ചക്ക് ശേഷം ആ യോഗം സമാപിച്ചു.

പകല്‍ സമയത്തെ അവസാന യോഗം മള്‍ട്ടി മീഡിയ, സോഷ്യല്‍ മീഡിയ,പുതിയ് പ്രവണതകള്‍ എന്നിവയെപ്പറ്റി ആയിരുന്നു. ലാനാ വൈസ് പ്രസിഡന്‍റ് വറുഗീസ് എബ്രഹാം ആദ്ധ്യക്ഷ്യം വഹിച്ചു. വിനോദ് നാരായണന്‍ വിഷയം അവതരിപ്പിച്ചു.  ടോം തരകന്‍ പ്രധാന പ്രസംഗം ചെയ്തു. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ ഇവയുടെ കാലത്ത് സാഹിത്യ സൃഷ്ടിയിലുള്ള പുതിയ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്നു പ്രസംഗിച്ച സംസാരിച്ച ജെ മാത്യുസ്, തമ്പി ആന്റണി, അനിലാല്‍ ശ്രീനിവാസന്‍, ജെയ്ന്‍ ജോസഫ്, പ്രകാശ്‌ ബാരെ എന്നിവരും സദസ്യരും ഈ വിഷയത്തിന്‍റെ ഭിന്ന വശങ്ങളെപ്പറ്റി സംസാരിച്ചു.

വൈകുന്നേരത്തെ സമാപന സമ്മേളനത്തില്‍ ജോസ് ഓച്ചാലില്‍ അധ്യക്ഷന്‍ ആയിരുന്നു. പ്രേമ തെക്കെക്കും പ്രിയ സാവിത്രിയും യോഗത്തിനു സാരഥ്യം വഹിച്ചു. ജെ. മാത്യുസ് സ്വാഗത പ്രസംഗം ചെയ്തു. വിശിഷ്ട അതിഥികള്‍ സേതുവും പാറക്കടവും സംസാരിച്ചതിനുശേഷം മുന്‍ ലാനാ പ്രസിഡന്‍റ് ഷാജന്‍ ആനിത്തോട്ടം, ലാനാ ട്രഷറര്‍ ജോസന്‍ ജോര്‍ജ് എന്നിവര്‍ ആശംസപ്രസങ്ങങ്ങള്‍ നടത്തി. വിശിഷ്ട അതിഥികള്‍ക്ക് ഫലകങ്ങള്‍ നല്‍കപ്പെട്ടു. മാടശ്ശേരി നീലകണ്ഠന്‍ നന്ദിപ്രകടനം നടത്തി. ഷാന്‍ദാസിന്‍റെ കവിതാലാപനം, എം എന്‍ സാവിത്രിയുടെ ഗാനം, ഹേതുശ്രീ, കൃഷ്ണപ്രിയ ഇവരുടെ ഡാന്‍സ് ഇവ ഈ സമാപന സമ്മേളനത്തിന് മാറ്റ് കുട്ടി.

സമ്മേളനത്തിന് ശേഷമുള്ള ഡിന്നറില്‍ സന്ദീപ്‌ നംപൂതിരിയുടെ നേതൃത്വത്തില്‍ ചിരി അരങ്ങും ഉണ്ടായി. ഡിന്നറോടുകൂടി കാലിഫോര്‍ണിയയിലെ ആദ്യത്തെ ലാനാ സമ്മേളനം വിജയകരമായി സമാപിച്ചു.

ഇനി എല്ലാവരും ആകാംക്ഷയോടെ അടുത്ത കൊല്ലത്തെ നാഷണല്‍ കണ്‍വന്‍ഷന്‍ കാത്തിരിക്കുന്നു.

lana2 lana3 lana6 lana7

LEAVE A REPLY

Please enter your comment!
Please enter your name here