അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ അന്തർ ദേശീയ കൺവൻഷൻ ഫ്ലോറിഡയിൽ തിരശീല ഉയരാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ കൺവൻഷന്റെ വിജയം പോലെ തന്നെ അമേരിക്കൻ മലയാളികൾ ഉറ്റുനോക്കുന്ന ഒന്നാണ് ഫോമാ 2016-18 കാലയളവിലെ ഭരണ സമിതി തെരഞ്ഞെടുപ്പ്. അടുത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പോലും ഇത്രത്തോളം വീറും വാശിയും ഉണ്ടായിരുന്നോ എന്നു സംശയമാണ്. ഫോമയുടെ വളർച്ചയ്ക്ക് വ്യക്തമായ പദ്ധതിയുമായാണ് ബെന്നി വാച്ചാച്ചിറ, ജിബി,  ജോസി എന്നിവരുടെ റ്റീം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഫോമയുടെ വിജയം വ്യക്തികളിൽ കേന്ദ്രീകരിച്ചല്ല, കൂട്ടായ പ്രവർത്തനമാണ് ഫോമയുടെ വിജയത്തിന് ആധാരം എന്നു വസ്തുതകൾ നിരത്തി സമർത്ഥിക്കുകയാണ് ബെന്നിയും സംഘവും. കൂടാതെ മൂവർക്കും രണ്ടു വർഷം ഫോമയ്‌ക്കുവേണ്ടി പ്രവർത്തിക്കുവാൻ ഏറെ സമയവും ലഭിക്കും. ബെന്നിയും, ജോസിയും റിട്ടയർ ജീവിതവും, ജിബി ബിസിനസ്സ് ജീവിതവും നയിക്കുന്നവരായതിനാൽ ഫോമയുടെ രണ്ടു വർഷം ഇവരുടെ കൈകളിൽ സുസജ്ജം.

കേരളാ ടൈംസ് എഡിറ്റർ ബിജു കൊട്ടാരക്കര, ബെന്നി വാച്ചാച്ചിറ, ജിബി തോമസ്,  ജോസി കുരിശിങ്കൽ എന്നിവരുമായി നടത്തിയ അഭിമുഖം .

image

ചോദ്യം : അമേരിക്കൻ മലയാളികൾക്കിടയിൽ പ്രസിദ്ധി നേടിയ സംഘടനയാണല്ലോ ഫോമാ. ഫോമാ അമേരിക്കൻ മലയാളികളുടെ പ്രിയ സംഘടന ആയിത്തീരുവാനുല്ല കാരണം എന്താണ് ?

ബെന്നി വാച്ചാച്ചിറ : ഫോമാ ജന്മം കൊണ്ടിട്ടു എട്ടു വർഷമാകുന്നതേ ഉള്ളു. അമേരിക്കൻ മലയാളികളുടെ പ്രിയ സംഘടന ആയി ഫോമാ മാറുവാനുള്ള കാരണം. എട്ടു വർഷം കൊണ്ടു ഫോമാ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള കാരണം അമേരിക്കൻ മലയാളികൾക്ക് ഈ സംഘടനയിൽ ഉള്ള വിശ്വാസം കൊണ്ടാണ്. ഫോമാ തുടങ്ങിയ കാലം മുതൽ നിരവധി ജനോപകാര പ്രദമായ കാര്യങ്ങൾ കേരളത്തിൽ ചെയ്തിട്ടുണ്ട്. കൂടാതെ ഇവിടെയും നാം അനുഭവിക്കുന്ന ചില വിഷയങ്ങളിൽ കാലാനുഗതികളായി ഇടപെടുവാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ന് ഫോമയിൽ അറുപത്തിയഞ്ച് സംഘടനകൾ ഉണ്ട്. ഓരോ മലയാളി സംഘടനകളും അംഗത്വം ചോദിച്ചു വരികയാണ്. ഫോമാ ഒരു ജനകീയ സംഘടന ആയതുകൊണ്ടാണല്ലോ സംഘടനകൾ ഫോമയിലേക്കു വരുന്നത്. ശശിധരൻ നായർ മുതൽ നമ്മൾ നോക്കിയാൽ എല്ലാ കമ്മിറ്റിയും നിരവധി കാരുണ്യ പദ്ധതികൾ, യുവജനങ്ങൾക്കുള്ള പദ്ധതികൾ, മെഡിക്കൽ ക്യാമ്പുകൾ ഒക്കെ നടപ്പാക്കിയ സംഘടന ആണ് ഫോമാ. ഇതെല്ലാം ഫോമയ്ക്കു ജനങ്ങളുടെ ഇടയിൽ വലിയ പേര് ഉണ്ടാക്കി കൊടുത്തിട്ടുണ്ട് .

എടുത്തു പറയേണ്ട ഒരു കാര്യം കൂടിയുണ്ട്. ഫോമയ്ക്കു ഒരു സംഘടന എന്ന നിലയിൽ പേരും പെരുമയും ഉണ്ടാക്കിയ കമ്മിറ്റി ആയിരുന്നു ജോൺ ടൈറ്റസ് പ്രസിഡന്റ് ആയിരുന്ന കാലം. സ്വന്തം കയ്യിൽ നിന്നു പണം മുടക്കി 40 വീടുകൾ കേരളത്തിൽ വീടുകൾ ഇല്ലാത്ത വ്യക്തികൾക്ക് നൽകി മാതൃക കാട്ടുവാൻ അദ്ദേഹം തയാറായി. അതു വലിയ ഒരു ചുവടുവയ്പ്പായിരുന്നു. ചാരിറ്റി പ്രവർത്തങ്ങളും ഭംഗിയായി നടപ്പിലാക്കുവാൻ ഫോമയ്ക്കു ഈ എട്ടു വർഷം കൊണ്ടു സാധിച്ചത് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടാണ്.

ചോദ്യം : ഫോമാ ഒരു ജനകീയ സംഘടന ആണല്ലോ. ഏതാണ്ട് അറുപത്തി അഞ്ചോളം സംഘടനകള ഈ സംഘടനയിൽ അംഗങ്ങൾ ആണ്. സംഘടനകളുടെ ബാഹുല്യം ഫോമയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല? പ്രത്യേകിച്ച് ഇലക്ഷൻ സമയത്ത്.

ബെന്നി വാച്ചാച്ചിറ : അതൊരു പ്രശ്നമായി തോന്നുന്നില്ല. അമേരിക്കൻ നാഷണൽ സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംഘടനയിൽ ഇത്രയും ഡെലിഗേറ്റുകൾ മത്സരിക്കുന്നത്. അതിന്റെതായ ഒരു കൗതുകം ഉണ്ട്. അമേരിക്കൻ മലയാളി സംഘടനകളുടെ ചരിത്രത്തിൽ പലപ്പോഴും വനിതകളെ സംഘടയിലേക്കു നോമിനേറ് ചെയ്യുകയായിരുന്നു. എന്നാൽ ഇത്തവണ നാലു വനിതകൾ തന്നെ മത്സര രംഗത്ത് ഉണ്ട്. അതു തന്നെ ഫോമാ കുടുംബങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്നു കണക്കാക്കാം. അപ്പോൾ സംഘടനാ ബാഹുല്യം ഫോമയ്ക്കു ഗുണം മാത്രമേ ചെയ്യൂ എന്നാണ് എന്റെ വിശ്വാസം.

ചോദ്യം : പുതിയ തലമുറകളുടെ ആശയങ്ങളാണ് ഫോമയുടെ തുടക്കം മുതൽ ഈ സംഘടനയ്ക്ക് ഗുണം ചെയ്തത് എന്ന് തോന്നിയിട്ടുണ്ടോ? ഓരോ കമ്മിറ്റിയിലും നേത്രുത്വ രംഗത്ത് ഉള്ള ചെറുപ്പക്കാരുടെ പ്രവർത്തനങ്ങൾ കുറേക്കൂടി ദീർഘ വീക്ഷണം ഉള്ളതായിരുന്നു. അനിയൻ ജോര്ജു മുതൽ ഷാജി എട്വേര്ദ് വരെ ഉള്ളവരുടെ പ്രവർത്തൻ ശൈലി നോക്കിയാൽ അത് മനസിൽ ആകും. ഇതിനെ എങ്ങനെ നോക്കി കാണുന്നു?

ജിബി തോമസ്  : തീർച്ചയായും. ഫോമയുടെ നാലു ഭരണ സമിതികളും യുവ നേതൃത്വം വളരെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അനിയൻ ജോർജ് മുതൽ ഷാജി എഡ്വേർഡ് വരെ ഉള്ളവരുടെ പ്രവർത്തങ്ങൾ നോക്കിയാൽ അതു നമുക്ക് മനസിലാകും. പുതിയ ആളുകൾ വരുമ്പോൾ പുതിയ ആശയങ്ങൾ ഉണ്ടാകുന്നു. ഫോമയിലേക്കു ഓരോ തവണയും കമ്മിറ്റികളിൽ പ്രൊഫഷണൽസ് കടന്നു വന്നു. ബിനോയ് തോമസ് സെക്രട്ടറി ആയ സമയത്ത്” ബ്രിഡ്ജിങ് ഓഫ് മൈൻഡ്”സംഘടിപ്പിച്ചത് ചിക്കാഗോയിൽ ഗ്ലാഡ്സൻ വർഗീസ് ആയിരുന്നു. ഗ്ലാഡ്സൻ സെക്രട്ടറി ആയ സമയത്ത് “യങ് പ്രൊഫഷണൽ സബ്മിറ്റ്” (Young professionals submit) എന്ന പ്രോഗ്രാം കൊണ്ടു വന്നു. അതിനു നേതൃത്വം കൊടുക്കുവാൻ എനിക്കു സാധിച്ചത് ഒരു നേട്ടമായി കാണുന്നു. അമേരിക്കൻ മലയാളി സംഘടനകളിൽ ഏറ്റവും വിജയകരമായ ഒരു പദ്ധതി ആയിരുന്നു അതു. രണ്ടു തവണ അതു സംഘടിപ്പിച്ചു. 700 പ്രൊഫഷണൽസ്, 20 കോർപറേഷൻസ് ഈ പരിപാടിയിൽ പങ്കെടുത്തു, വൻവിജയമായിരുന്നു ആ പദ്ധതി. പുതിയ തലമുറയെ പിടിച്ചു നിർത്തുവാനും, അവർക്കു ആശയപരമായി സംവദിക്കുവാനും ഉള്ള അവസരം ഫോമാ ഉണ്ടാക്കി കൊടുത്തു. അതിനു സാധിച്ചത് യുവാക്കളുമായി സംവദിക്കുവാനുള്ള പദ്ധതികൾ വരികയും അവരുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നവരും വന്നതുകൊണ്ടാണ് അതു സാധിച്ചത്. യുവജങ്ങൾ വരുന്പോൾ അതിന്റെ മാറ്റം ആ സംഘടനയിൽ ഉണ്ടാകും.

ഇവയൊന്നും കൂടാതെ ഗ്രാന്റ് കാന്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു അമേരിക്കയിലെ 2600 വിദ്യാർത്ഥികൾക്ക് 3000 ഡോളർ ലാഭിക്കുവാൻ ഫോമാ കാരണം സാധിച്ചു (almost 7.5 Million for malayalee community in America). നിലവിലുള്ള കമ്മിറ്റിയുടെ ആർ സി സി പ്രോജക്ട് ഇപ്പോൾ ഒരു “ലാൻഡ് മാർക്ക്” ആയി മാറാൻ ഫോമയെ സഹായിച്ചു. ഇവിടെയൊക്കെ യുവാക്കളുടെ കരസ്പർശം ഉണ്ട്.

ചോദ്യം : പ്രൊഫഷണൽ സബ്മിറ് ഫോമയുടെ ഒരു പ്രസ്റ്റീജ് പ്രോജക്ട് ആയിരുന്നല്ലോ? ഇത്തവണ എന്തുകൊണ്ട് ഈ പരിപാടി വേണ്ട തരത്തിൽ മാധ്യമ ശ്രദ്ധ നേടിയില്ല? യുവാക്കളെ ബിസിനസ് രംഗത്തേക്ക് കൊണ്ടുവരാൻ നല്ലൊരു ഒരു പരിപാടി ആയിരുന്നില്ലേ ഇത്?

ജിബി തോമസ്  : ഇത്തവണയും നന്നായി അതു നടത്തി. ഡിട്രോയിറ്റിൽ വച്ചായിരുന്നു ആ പരിപാടി. വിനോദ് കൊണ്ടൂർ ഡേവിഡ് ആയിരുന്നു അതിന്റെ സംഘാടകൻ. ഞാൻ ആയിരുന്നു അതിൻറെ അഡവൈസറി ബോർഡ് ചെയ൪മാൻ. മാധ്യമ ശ്രദ്ധ കിട്ടാതെ പോയതിനു കാരണം മറ്റൊന്നുമല്ല കൺവൻഷൻ സമയത്തായിരുന്നു മുൻപ് ഈ പരിപാടി നടത്തിയത്, അതുകൊണ്ടു അന്ന് നടത്തിയ പ്രൊഫഷണൽ സബ്മിറ്റിനു ശ്രദ്ധ കിട്ടി. ഡിട്രോയിറ്റിൽ നടത്തിയ പരിപാടിക്കും മാധ്യമ ശ്രദ്ധ കിട്ടിയിരുന്നു. പ്രൊഫഷണൽ സബ്മിറ്റ് സംഘടിപ്പിക്കുവാൻ അല്പം ബുദ്ധിമുട്ടാണ്. കാരണം ഈ പരിപാടിയിൽ പ്രൊഫഷണൽസും, കോർപ്പറേറ്റുകളും മാത്രമാണ് പങ്കെടുക്കുക. അവരുടെ യാത്ര, എല്ലാവരുടെയും സമയം, ഇതെല്ലാം വലിയ കാര്യങ്ങൾ ആണ്. 2013 ൽ നടത്തിയ പരിപാടിയുടെ വിജയം കൊണ്ടാണ് 2014 ൽ വീണ്ടും സംഘടിപ്പിച്ചത്. അതിനു കാരണം 2013 ലെ ആളുകൾ ഈ പരിപാടി 2014 ലും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ്. അപ്പോൾ യുവാക്കളുടെ വരവ് ഫോമയ്ക്കു ഒരു മുതൽ കൂട്ടാന്. പുത്തൻ ആശയങ്ങൾ വരണം, അതിന്റെ കൂടെ നിൽക്കാൻ മുൻ തലമുറ വേണം. സംഘടനാ തലത്തിൽ അറിവുള്ളവർ വേണം. എല്ലാം കൂടി ഒത്തുചേരുമ്പോൾ ആണല്ലോ സംഘടന വളരുന്നത്.

ചോദ്യം : തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള ഒരു കൺവൻഷൻ ആയി ഫ്ലോരിടാ കൺവൻഷൻ മാറുകയാണെന്ന് തോന്നിയിട്ടുണ്ടോ? സമീപകാല സംഭവങ്ങൾ അതാണ് തോന്നിപ്പിക്കുന്നത്. മാധ്യമങ്ങൾക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളിൽ നിലപാട് എന്തായിരുന്നു?

ജോസി കുരിശിങ്കൽ : അങ്ങനെ തോന്നിയിട്ടില്ല. കൂടുതൽ മത്സരാർത്ഥികൾ ഉണ്ട് ഇത്തവണ. ഒരു ജനാധിപത്യ ഭരണക്രമത്തിൽ മത്സരം അനിവാര്യമാണ്. ഇവിടെ ചില സ്ഥാനങ്ങളിൽ രണ്ടും, ചില സ്ഥാനങ്ങളിൽ മൂന്ന് പേരും മത്സരത്തിന് ഉണ്ട്. എക്സിക്യു്ട്ടിവ് കമ്മിറ്റിയിലേക്ക് 15 ണ് പകരം ഇത്തവണ 22 പേര് ഉണ്ട്. ഇതിന്റെ അർത്ഥം വളരെ താല്പര്യത്തോടുകൂടി ഫോമയിൽ പ്രവർത്തിക്കാൻ ആളുകൾ തയാറായിവരുന്നു എന്നതാണ്. മത്സരം ഉണ്ടായെങ്കിൽ മാത്രമേ നല്ല ആളുകൾ വിജയിച്ചു വരു. ഫോമയിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥികളും വിജയത്തിന് അർഹത ഉള്ളവരാണ്. അതു തന്നെ ഫോമയുടെ നേട്ടമല്ല? ഈ മൂന്നുമാസത്തെ പ്രചാരണത്തിൽ സംഘടയ്ക്കു ഏറെ ഉന്നതി ഉണ്ടാകും. ഫോമയിലെ സ്ഥാനാർത്ഥികൾ എല്ലാവരും പരസ്പരം ചെളിവാരിയെറിയാതെയാണ് മുന്നോട്ടു പോകുന്നത്. മീഡിയായ്ക്കു അങ്ങനെ തോന്നാം. പക്ഷെ ഞങ്ങൾ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ആശയ പരമായ പോരാട്ടങ്ങൾ മാത്രമേ ഉള്ളു. അങ്ങനെ ആകണം സംഘടന എന്നു ഫോമാ ഇതുവരെ തെളിയിച്ചു മുന്നോട്ടു പോകുന്നു. ഇനിയും അങ്ങനെ തെന്നെ ആയിരിക്കും.

ചോദ്യം : ഫ്ലോറിഡ ഇലക്ഷൻ കഴിയുന്നതോടെ ഫോമാ പിളരും എന്ന് പ്രചരിപ്പിക്കുന്നവർ ഉണ്ടല്ലോ. ഇത്തരം പ്രചാരണങ്ങൾ ഫോമായെ തളർത്തുകയില്ലേ?

ബെന്നി വാച്ചാച്ചിറ : അങ്ങനെ ഒരു കാര്യം ഫോമയുടെ ചരിത്രത്തിൽ ഉണ്ടാകുകയില്ല. അതെല്ലാം മാധ്യമ സൃഷ്ടി മാത്രം ആണ്. ഫൊക്കാനയുടെ പിളർപ്പ് വളരെ വേദനയോടെ കണ്ടുനിന്ന ചിലരിൽ ഒരാളാണ് ഞാൻ. അതിൻറെ മാനസിക പ്രയാസം ഞങ്ങൾക്കെല്ലാവർക്കും ഇന്നുമുണ്ട്. ഫോമയെ ഇന്നുവരെ എത്തിച്ചത് ഞങ്ങളുടെ കൂട്ടായ്മയാണ്. ഫോമയുടെ വളർച്ച തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ ഭരണ ഘടന പരിഷ്കരിക്കുകയുണ്ടായി. അതുകൊണ്ടു കൂടുതൽ ആളുകൾക്ക് വിവിധ സ്ഥാനത്ത് എത്തുവാൻ സാധിച്ചു. കൂടുതൽ ആളുകൾ വരുന്നതാണ് ഫോമയുടെ വളർച്ചയ്ക്ക് നല്ലതു. ശശിധരൻ നായർ മുതൽ ആനന്ദൻ നിരവേൽ വരെ ഉള്ളവർ ഉണ്ടാക്കിയ ഒരു ഇമേജ് ഫോമയ്ക്കു ഉണ്ട്. അതു ആരും അത് തകർക്കുകയില്ല. അങ്ങനെ ആരും ചിന്തിക്കുക പോലും ഇല്ല. പുറത്തു നിൽക്കുന്ന ചില ആളുകൾക്ക് അങ്ങനെ തോന്നും. ആടുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ചു രക്തം കുടിക്കുവാൻ കുറുക്കന്മാർ ഇവിടെയും കാണാം. പക്ഷെ അത്തരക്കാർ ഫോമയിൽ ഇല്ല. അഥവാ ഉണ്ടായാൽ കുറുക്കന്റെ ഗതി ആയിരിക്കും അവർക്കും.

ചോദ്യം: ഫോമയുടെ ഫിനാൻസ് കമ്മിറ്റി ചെയമാൻ ആണല്ലോ. ഫോമയുടെ ആർ സി സി പ്രോജക്ടിന് നല്ലൊരു തുക വേണമായിരുന്നല്ലോ. ഈ വല്യ തുക സമാഹരിക്കുക ഒരു വെല്ലുവിളി ആയിരുന്നില്ലേ. അമേരിക്കൻ മലയാളികളുടെ സഹകരണം ഈ കാര്യത്തിൽ എന്തായിരുന്നു? ഫോമയെ കുറിച്ചുള്ള പ്രതീക്ഷകൾ എന്താണ്?

ബെന്നി വാച്ചാച്ചിറ : ആനന്ദൻ നിറവേലി൯െ്റ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ഒരു പ്രസ്റ്റീജ് പ്രോജക്ടായിരുന്നു ഫോമയുടെ ആർ സി സി പ്രോജക്ട്. അമേരിക്കൻമലയാളികളുടെ ഭാഗത്തുനിന്നും വലിയ സാമ്പത്തിക സഹകരണം ഉണ്ടായ മറ്റൊരു പ്രോജക്ട് ഇല്ല. ഒരു പക്ഷെ കാൻസർ രോഗികളായ കുട്ടികൾക്ക് വേണ്ടിയുള്ള പ്രോജക്ട് ആയതിനാൽ കുറെ കൂടി കൂടുതൽ സഹായം ലഭിച്ചു. ഇന്നും കേരളത്തിലെ കാരുണ്യ പദ്ധതികളിൽ അമെരിക്കൻ മലയാളികളുടെ സാമ്പത്തിക പങ്കാളിത്തം വളരെ വലുതാണ്. ഞങ്ങളുടെ കമ്മിറ്റി വരികയാണെങ്കിൽ പ്രധാനമായും അമേരിക്കൻമലയാളികളുടെ പ്രശ്നങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക. യുവാക്കളെ അമേരിക്കൻ രാഷ്ട്രീയത്തി൯െ്റ ഭാഗമാക്കുക. യുവ പ്രതിഭകളുടെ കലാപരിപാടികൾക്കു പ്രാധാന്യം നൽകി അവരെ കറകളഞ്ഞ പ്രൊഫഷണൽ കലാകാരന്മാരാക്കുക തുടങ്ങിയ കാര്യങ്ങൾക്കായിരിക്കും പ്രഥമ പരിഗണന നൽകുക. അതിനു കാരണം നമ്മുടെ താൽക്കാലിക ജീവിത ഭൂമി ഇവിടെയാണ്. നമ്മുടെ മക്കളും അവരുടെ മക്കളുമൊക്കെ ഇവിടെ തന്നെ ആയിരിക്കും ഇനി ജീവിക്കുക. അവർ ഇനി ഇന്ത്യയിലേക്ക് പോകില്ല. അപ്പോൾ അവരെ കൂടി മലയാളി കൂട്ടായ്മയുടെ ഭാഗമാക്കിയില്ലങ്കിൽ നമ്മുടെ മലയാണ്മ തന്നെ ഇല്ലാതാകും. അതുകോട് പുതു തലമുറയെ രംഗത്തുകൊണ്ടുവരുന്ന പ്രോജക്ടുകൾക്കു ആദ്യം പരിഗണന നൽകും. രണ്ടാമത് ചാരിറ്റി പ്രോജക്ടുകൾക്കായിരിക്കും പ്രാധാന്യം നൽകുക. ഫോമയുടെ രൂപീകരണം മുതൽ ഈ എട്ടു വർഷവും ഫോമാ കേരളത്തിലെ നമ്മുടെ സഹോദരർക്കു നൽകിയ സഹായത്തിനു കണക്കില്ല. ആവശ്യപ്പെടുന്നവർക്കെല്ലാം വ്യക്തിപരമായും സംഘടനാ പരമായും സഹായം എത്തിക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. നമ്മുടെ വേരുകൾ അവിടെയാണ്. വേരുകൾക്ക് ബലം വന്നെങ്കിൽ മാത്രമേ അത് ചെടിയും പടർന്നു പന്തലിക്കുകയുള്ളു. അതൊരു ലോകതത്വമാണ്. അമേരിക്കൻമലയാളികൾക്കും നാട്ടിലുള്ളവർക്കും ഏതുസമയവും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സമീപിക്കാവുന്ന ഒരു സംഘടന ആയി ഫോമയെ വളർത്തുൿ എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ചോദ്യം : നിങ്ങളുടെ കമ്മിറ്റി എന്തെല്ലാം കർമ്മ പരിപാടികൾ ആണ് അമേരിക്കൻ മലയാളികൾക്ക്  മുന്നിൽ അവതരിപ്പിക്കുന്നത് ?

ജോസി കുരിശിങ്കൽ : അമേരിക്കൻ മലയാളികൾക്ക് പ്രശ്നങ്ങൾ ഇല്ല എന്നൊരു ധാരണ പൊതുവെ ഉണ്ട്. അതു ശരിയല്ല, മലയാളികൾ പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട് ഉദാഹരണമായി പ്രവീൺ വർഗീസ് ഇഷ്യു. ഫോമാ സജീവമായി ഇടപെട്ട ഒരു വിഷയമാണത്. ഒരു മാസത്തിന് മുൻപ് ഫോമാ ഈ വിഷയത്തിന് വേണ്ടി നടത്തിയ കോൺഫ്രൻസ് കോളിൽ നാനൂറിലധികം ആളുകൾ പങ്കെടുത്തു. അവരൊക്കെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വരുന്ന 29 ണ് ഫോമയുടെ നേതൃത്വത്തിൽ ഒരു വലിയ ബഹുജന മുന്നേറ്റം പ്രവീൺ ഇഷ്യുവിൽ നടക്കുകയാണ്. ഗവർണ്ണറുടെ ഓഫീസിലേക്ക് ഒരു മാർച്ച നടക്കും. അതിൽ മലയാളികളും, ഹിന്ദിക്കാരും ഒക്കെ പങ്കെടുക്കും. അതിനുള്ള മുന്നൊരുക്കങ്ങൾ ഈ തിരക്കിനിടയിലും നടത്തുന്നു.

ജിബി തോമസ്  : ഈ പ്രശ്നത്തിൽ ഫോമാ നടത്തിയ ഇടപെടലാണ് 27 മാസമായി ആ അമ്മയ്ക്ക് കിട്ടാത്ത പോലീസ് റിപ്പോർട്ട്, ബയോപ്സി റിപ്പോർട്ട് ഒക്കെ ലഭിച്ചത് അമേരിക്കൻ അറ്റോർണിമാരുടെ ഒരു കൂട്ടായ്‍മയൊക്കെ അതിൽ ഇടപെടുകയുണ്ടായി. ഫോമയുടെ ഇൻവോൾവ്മെന്റ് ഈ കേസിൽ വളരെ ഗുണമാണ് ചെയ്യുന്നത്. മലയാളികൾ ഒന്നിച്ചു നിന്നാൽ നമുക്ക് പല കാര്യങ്ങളും ചെയ്യാൻ സാധിക്കും എന്നാണ് ഈ സംഭവത്തെ കൊണ്ടു മനസിലാകുന്നത്. ഇന്ന് മലയാളി ആകെ മാറിയിട്ടുണ്ട്, വിദ്യാഭ്യാസം കൊണ്ടു മുന്നേറിയവരുടെ ഒരു ചരിത്രമാണ് നമുക്ക് ഉള്ളത്. അതുകൊണ്ടു നമുക്ക് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാനാണ് സാധ്യത. അതുകൊണ്ടു ഫോമാ ഒരു പദ്ധതിക്ക് രുപം നൽകുന്നു. മലയാളി ഡോക്ടർമാർ, സൈക്കോളജിസ്റ്റുകൾ, അധ്യാപകർ, വക്കീലന്മാർ, മനഃശാസ്ത്രജ്ഞന്മാർ, സാമൂഹ്യപ്രവർത്തകർ, തുടങ്ങിയവരുടെ ഒരു കൂട്ടായ്മാ ഉണ്ടാക്കുവാൻ ഫോമാ ആഗ്രഹിക്കുന്നു. മലയാളികൾക്ക് എന്തെങ്കിലും ഒരു പ്രോബ്ലം ഉണ്ടായാൽ ഫോമയുടെ ഈ കൂട്ടായ്മയിൽ നിന്നും അവർക്കു പരിഹാര മാർഗം ലഭിക്കും. അതുപോലെ തന്നെ അമേരിക്കൻ പൊളിറ്റിക്കൽ സിസ്റ്റത്തിൽ നമ്മൾ മലയാളികളുടെ കടന്നുവരവിന്‌ അവസരം ഒരുക്കുന്ന ഒരു പദ്ധതിയാണ് മറ്റൊന്ന്. അസോസിയേഷൻ ലെവലിൽ നാം ഇതിനായി വർക്കുകൾ നടക്കും. നമുക്ക് ഇവിടെ വോട്ട് ഉണ്ട്. മലയാളികൾക്ക് നാട്ടിൽ വോട്ടു ചെയ്യാൻ താല്പര്യം ഉണ്ട്. ഇവിടെയും അമേരിക്കൻ പൊളിറ്റിക്‌സിൽ നമ്മുടെ വോട്ടു നിർണ്ണായകമാകണമെങ്കിൽ വോട്ടു രെജിസ്ട്രേഷൻ നടക്കണം. ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി വന്നാൽ ഓരോ റീജിയനിലും ഇതിന്റെ ആവശ്യകത വ്യക്തമാക്കി സെമിനാറുകൾ നടക്കും. ഏറ്റവും കൂടുതൽ വോട്ടു രെജിസ്ട്രേഷൻ നടത്തുന്ന റീജിയനെ ആദരിക്കുകയും ചെയ്യും.നമ്മുടെ വോട്ടിനു വിലയുണ്ടെന്ന് വന്നാലേ നമുക്കും ഇവിടെ വിലയുണ്ടാകു. നമ്മൾ അസംഘടിതരാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രവീൺ വർഗീസ് ഇഷ്യുവിൽ ഒരു റിപ്പോർട്ട് കിട്ടാൻ 27 മാസം എടുത്തു എന്നത്. അത്തരം വിഷയങ്ങൾ ഇനി നടക്കരുത്. അതിനു രാഷ്ട്രീയമായി നാം തയാറാകണം. രാഷ്ട്രീയ ലെവലിൽ നാം വളരാൻ അസോസിയേഷൻ ലെവലിൽ നമുക്ക് ശക്തി ഉണ്ടാകണം. അതിനു വോട്ടർ രെജിസ്ട്രേഷൻ അല്ലാതെ മറ്റൊരു മാർഗവും കാണുന്നില്ല

ചോദ്യം : വിജയിക്കുമെന്ന് ശുഭപ്രതീക്ഷ ഉണ്ടോ?പരാജയപ്പെട്ടാൽ?

ജിബി തോമസ് : ജയത്തിൽ കുറഞ്ഞൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. പരാജയം എന്നൊന്നില്ല. കാരണം ഞങ്ങൾ മലയാളി സുഹൃത്തുക്കളുമായി ഒക്കെ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ പദ്ധതികൾ ആവിഷ്കരിക്കുന്നത്. അതുകൊണ്ടു ഞങ്ങളെ ഈ വോട്ടുചെയ്യുന്ന ആളുകൾക്കെല്ലാം അറിയാം. അതു കൊണ്ടു ജയം ഉറപ്പാണ്. ഇനി വോട്ടിങ് മാത്രമേ ഉള്ളു. പരാജയപ്പെട്ടാൽ ഫോമയുടെ ഉന്നമനത്തിനായി പ്രവർത്തിക്കും. ഈ പദ്ധതികളൊക്കെ ഫോമായിലൂടെ തന്നെ നടപ്പിലാക്കാൻ ശ്രമിക്കും.

വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ബെന്നി വാച്ചാച്ചിറ, ജിബി, ജോഷി സംഘം ഫോമയുടെ വോട്ടർമാരെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ജയം ഉറപ്പാക്കാൻ ശ്രമിക്കുന്നു. ജയിച്ചാൽ പ്രവർത്തിക്കാൻ സമയം ആണ് വേണ്ടത്. അതു മൂവരും അമേരിക്കൻ മലയാളികൾക്കു ഉറപ്പു നൽകുന്നു. പ്രസിഡന്റ് സ്ഥാനാർഥി ആയ ബെന്നി വാച്ചാച്ചിറയും ട്രഷറാർ സ്ഥാനാർഥി ആയ ജോഷി കുരിശിങ്കലും സർവീസിൽ നിന്നു വിരമിച്ചവരാണ്. ജിബിയാകട്ടെ സ്വന്തമായി ബിസിനസ്സും നടത്തുന്നു. അപ്പോൾ പൂർണ്ണമായും ഫോമയുടെ പ്രവർത്തങ്ങൾക്കായി ഓടി നടക്കാൻ സാധിക്കും. ചിക്കാഗോയിൽ കൺവൻഷന്‌ അവസരം നൽകുകയാണെങ്കിൽ 5000 ത്തോളം ആളുകളെ സംഘടിപ്പിച്ചു കൊണ്ടുള്ള കൺവൻഷൻ ആയിരിക്കും 2018 ൽ ചിക്കാഗോയിൽ നടക്കുക എന്നു കൂടി പറയുമ്പോൾ സംഘടനാ പ്രവർത്തനത്തിന് സമയം ഒരു പ്രധാന ഘടകം ആണെന്ന് എല്ലാവരെയും ഇവർ ഓർമ്മിപ്പിക്കുന്നു. ജോലിയിൽ ഇരിക്കുന്നവർക്ക് ഇതിനൊന്നും സാധിക്കില്ല. അതുകൊണ്ടു ഈ തെരഞ്ഞെടുപ്പിൽ ഈ പ്രായോഗികത കൂടി വോട്ടർമാർ പരിഗണിക്കും എന്നും മൂവർക്കും ഉറപ്പുണ്ട്.

പ്രസിഡന്റായി മത്സരിക്കുന്ന ബെന്നി വാച്ചാച്ചിറ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഫോമാ നാഷണൽ കമ്മിറ്റി അംഗം. നാട്ടിലും സാമുഹ്യ രാഷ്ട്രീയ രംഗത്തും പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. വിശ്രമ ജീവിതം പൂർണ്ണമായും സാമൂഹ്യപ്രവർത്തങ്ങൾക്കായി മാറ്റിവച്ച ബെന്നി വാച്ചാച്ചിറയ്ക്കു ഈ പ്രവർത്തനങ്ങൾക്കെല്ലാം കുടുംബത്തിൻറെ വലിയ പിന്തുണ ഉണ്ട്. ഭാര്യ, നാലുകുട്ടികൾ രണ്ടു പേർ ജോലിയിൽ പ്രവേശിച്ചു. രണ്ട് പേർ പഠിക്കുന്നു.

സ്‌കൂൾ മുതൽ കോളേജ് പഠനകാലത്ത് രാഷ്ട്രീയ പ്രവർത്തന കളരിയിൽ നിന്നാണ് ജിബി തോമസിന്റെ വരവ്. കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സി യുടെ ജോ:സെക്രട്ടറി, സെക്രട്ടറി, പ്രസിഡന്റ്, ട്രസ്റ്റിബോർഡ് മെമ്പർ, എന്നെ നിലകളിൽ പ്രവർത്തനം. കൂടാതെ അമേരിക്കൻ രാഷ്ട്രീയ രംഗത്തും പ്രവർത്തനം സജീവമാക്കി. 2015 ലെ ജിമ്മി ജോർജ് വോളിബോൾ ട്യുര്ണമെന്റിന്റെ ചെയർമാൻ ആയിരുന്നു. 5000 ത്തിൽ അധികം ആളുകളെ സംഘടിപ്പിച്ചാണ് ഈ പരിപാടി നടത്തിയത്. ഫോമയുടെ യങ് പ്രൊഫഷണൽ സബ്മിറ്റ് (young professional submit) ചെയർമാൻ, മിഡ് അറ്റ്ലാന്റിക് റീജ്യൻ (Mid Atlantic region) വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയവുമായാണ് ജിബിയുടെ വരവ്. ഈ പ്രവർത്തനങ്ങൾക്കു കൂട്ടായി സാമൂഹ്യ പ്രവർത്തക കൂടിയായ ഭാര്യ ഒപ്പമുണ്ട്. മൂന്നു മക്കൾ, സ്‌കൂൾ വിദ്യാർത്ഥികൾ.

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജോസി കുരിശിങ്കൽ പൂർണ്ണമായും ഫോമയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. ഫോമയുടെ ആരംഭ കാലം മുതൽ ഫോമയുടെ സജീവ പ്രവർത്തകനാണ് ജോഷി കുരിശുങ്കൽ. ജോൺ ടൈറ്റസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ജോ സെക്രട്ടറി ആയിരുന്നു. ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സംഘടനാ പ്രവർത്തനത്തിന് കുടുംബത്തിൻറെ പൂർണ്ണ പിന്തുണയുണ്ട്. ഭാര്യ, മുന്നു മക്കൾ.

വളരെ വ്യക്തമായ പദ്ധതികളുമായി ബെന്നിയും സംഘവും ഫോമയിലെ വോട്ടർമാരെ സമീപിക്കുമ്പോൾ മൂവർക്കും വലിയ പ്രതീക്ഷയാണുള്ളത്. കാരണം സംഘടനയ്ക്കുവേണ്ടി രംഗത്തിറങ്ങിയവരാണ് തങ്ങൾ എന്നു ജനത്തിനു ബോധ്യമാകും, ആ ബോധ്യം മാത്രമാണ് ചെയ്യേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here