പ്രവചനങ്ങളുടെ തമ്പുരാന്‍ എന്നൊക്കെ പറഞ്ഞാല്‍ അതല്‍പ്പം അതിശയോക്തിയായിരിക്കാം. എന്നാല്‍ ബെന്നിയുടെ കാര്യത്തില്‍ അത് അങ്ങനെയല്ലെന്ന് അടുത്ത് അറിയുന്നവര്‍ക്കറിയാം. ബെന്നി കൊട്ടാരത്തലിനെ അറിയില്ലേ? ബെന്നിയെ അറിയാത്ത അമേരിക്കന്‍ മലയാളികള്‍ ചുരുക്കം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്നേ വന്‍കരയില്‍ ജോലി തേടി വന്നതാണെങ്കിലും ബെന്നി ഇന്ന് അറിയപ്പെടുന്നത്, പ്രവചനങ്ങളുടെ പേരിലാണ്. പ്രവചിച്ചതിലേറെയും സത്യമായി.

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ വിജയിച്ചതോടെ ബെന്നി ഇപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ പോപ്പുലറായി കഴിഞ്ഞു. എല്‍ഡിഎഫിന്റെയും (91) യുഡിഎഫിന്റെയും (47) ഭൂരിപക്ഷം കൃത്യമായി പറയുകയും ബിജെപിക്ക് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും പി.സി ജോര്‍ജ് ജയിക്കുമെന്നും ആഴ്ചകള്‍ക്ക് മുന്നേ പറഞ്ഞാണ് ഫിലഡല്‍ഫിയയില്‍ നിന്നുള്ള ബെന്നി അമേരിക്കന്‍ മലയാളികളെ അമ്പരിപ്പിച്ചത്. മത്സരത്തില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തെങ്കിലും ബെന്നി പറഞ്ഞത് പ്രവചനമായിരുന്നു. ആ പ്രവചനം സത്യമാവുകയും ചെയ്തു. മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ് ബെന്നി പറയുന്നത്. ഇത് ചെറുപ്പം മുതല്‍ പറഞ്ഞു. അതൊക്കെയും സത്യമായി മാറുകയും ചെയ്തു. ബെന്നിയെ അറിയാവുന്നവര്‍ക്ക് ഇതില്‍ വാസ്തവമുണ്ടെന്ന് അറിയാം, അടുത്തറിയാവുന്നവര്‍ക്കറിയാം പ്രവചനങ്ങളുടെ കൃത്യതയും നിഷ്ഠയുമെല്ലാം.

സിഎസ്‌ഐ സഭയില്‍ മൂന്ന് ബിഷപ്പുമാര്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ബെന്നി പ്രവചിച്ചപ്പോള്‍ ആരുമത് മുഖവിലയ്‌ക്കെടുത്തില്ല. കാരണം, അതിന് യാതൊരു വിധ ചാന്‍സും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടത് യാഥാര്‍ത്ഥ്യമായി. ഇപ്പോള്‍ ബെന്നി പറയുന്നതില്‍ കാര്യമുണ്ടെന്ന് പലരും അംഗീകരിക്കുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ബിസിനസ്സുകാരന്‍ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് വരുമെന്നു ജനുവരിയില്‍ തന്നെ ബെന്നി പറഞ്ഞിരുന്നു. അന്ന് അതിന് യാതൊരുവിധ സാധ്യതയും ഇല്ലായിരുന്നു. ഇപ്പോള്‍ ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്നേറുമ്പോള്‍ ബെന്നിയെ പലരും ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. ട്രംപ് തന്നെയാവും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്നു കൂടി ബെന്നി പ്രവചിച്ചിട്ടുണ്ട്. (ഫോമ പ്രസിഡന്റ് ആരായിരിക്കുമെന്നും ബെന്നി ലേഖകനോടു പറഞ്ഞു. പക്ഷേ, അതിപ്പോള്‍ വെളിപ്പെടുത്തുന്നില്ല.)

ബെന്നിയുടെ ഈ പ്രവചന സ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വളരെ ചെറുപ്പത്തില്‍ തന്നെ നടക്കാനിരിക്കുന്ന പല കാര്യങ്ങളും മുന്‍കൂട്ടി പറയുന്ന സ്വഭാവമുണ്ടായിരുന്നു. കുടുംബത്തില്‍ പലര്‍ക്കും ബെന്നിയുടെ ഈ പ്രത്യേകത അറിയാമായിരുന്നു, പ്രത്യേകിച്ച് അമ്മയ്ക്ക്. കോട്ടയത്ത് കളത്തിപ്പടിയില്‍ ആനത്താനം കൊട്ടാരത്തില്‍ വീട്ടിലേക്ക് അവധിക്കെത്തിയ ബെന്നി വീടിനടുത്തുള്ള കടക്കാരനോടു മുന്നില്‍ പണിയുന്ന വീട് താന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ വില്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ പറയണമെന്നും പറഞ്ഞേല്‍പ്പിച്ചു. ആ സമയത്ത് വീട് പണി പൂര്‍ത്തിയായിരുന്നില്ല, മാത്രമല്ല ഉടമസ്ഥര്‍ അത് വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു കൂടി ഉണ്ടായിരുന്നില്ല. ബെന്നി തിരികെ അമേരിക്കയില്‍ എത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഴയ കടക്കാരന്‍ ബെന്നിയെ ഫോണില്‍ വിളിക്കുന്നു. വീട് വില്‍ക്കാന്‍ ഉടമസ്ഥര്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു. തിരികെ നാട്ടിലെത്തി ബെന്നി തന്നെ ആ വീട് വാങ്ങുകയും ചെയ്തു. ബെന്നി അന്ന് ആ കടക്കാരനോടു സംസാരിക്കുമ്പോള്‍ ഒരിക്കലും താന്‍ ആ വീട് വാങ്ങിക്കുമെന്നു കരുതിയിരുന്നില്ലെന്ന് ആണയിട്ടു പറയുന്നു. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ആകസ്മികം. പ്രവചനവും അങ്ങനെ തന്നെ.

തികഞ്ഞ ഈശ്വരവിശ്വാസിയാണ് ബെന്നി. താന്‍ വിശ്വസിക്കുന്ന ദൈവം തന്നെ കൊണ്ട് പലതും മുന്‍കൂട്ടി പറയിപ്പിക്കുന്നതാണെന്നു ബെന്നി കരുതുന്നു. അമേരിക്കയില്‍ എന്തോ വലിയ പ്രകൃതിക്ഷോഭം സംഭവിക്കാന്‍ പോവുകയാണെന്നു തോന്നിയ ഘട്ടത്തില്‍ അത് വിളിച്ചു പറഞ്ഞു. അതിനു ശേഷം ഒരു മാസത്തിനുള്ളിലാണ് കൊടുങ്കാറ്റ് വന്‍കരയില്‍ വന്‍നാശം വിതച്ചത്. അടുത്ത ഒരു സുഹൃദ്കുടുംബത്തില്‍ എന്തോ വന്‍ ദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്നു തോന്നിയ ഘട്ടത്തില്‍ അത് അവരെ വിളിച്ചു പറഞ്ഞു. 2002-ലാണ് അത്. അധികം വൈകും മുന്നേ അവരുടെ മകന് ബൈക്കപകടം പറ്റി.

എന്റെ കൂടെയുള്ളവര്‍ക്കു എന്നും നന്മ വരണമേയെന്നതാണ് എന്നും തന്റെ പ്രാര്‍ത്ഥനയെന്ന് ബെന്നി പറയുന്നു. അവരെ സഹായിക്കാന്‍ കഴിയും വിധമായിരിക്കണം ഭാവി കാര്യങ്ങള്‍ തനിക്ക് മുന്‍കൂട്ടി കണ്ട് പറയാന്‍ കഴിയുന്നതെന്ന് ബെന്നി വിശ്വസിക്കുന്നു. ഇത് തന്റെ കര്‍ത്തവ്യമാണ്. നൂറു കണക്കിന് ഫോണ്‍ കോളുകള്‍ കഴിഞ്ഞ കാലത്തിനുള്ളിലെ ബെന്നിയെ തേടിയെത്തിയിട്ടുണ്ട്. കല്യാണം നടക്കുമോ.. കല്യാണം നടന്നാല്‍ തന്നെ ദാമ്പത്യബന്ധം ശരിയാകുമോ…മക്കളുണ്ടാകുമോ തുടങ്ങിയ കുടുംബപരമായ ചോദ്യങ്ങളാണ് അധികവും നേരിട്ടിട്ടുള്ളത്. എല്ലാത്തിനും ബെന്നി ഇതുവരെ കൃത്യമായ ഉത്തരങ്ങള്‍ പറഞ്ഞു. ഭാവികാര്യങ്ങള്‍ നേരത്തെ അറിഞ്ഞ് അതിനു പ്രതിവിധിയായ പ്രാര്‍ത്ഥനകളെ കൂട്ടുപിടിക്കുക മാത്രമാണ് ഏക പോംവഴിയെന്നു ബെന്നി പറയുന്നു.

അമ്മയാണ് ആദ്യം പറഞ്ഞത് നീ പറയുന്നത് പലതും ശരിയാവുന്നുവെന്ന്. പിന്നീട് തനിക്കും അത് അനുഭവപ്പെടാന്‍ തുടങ്ങി. കോട്ടയത്ത് കോളേജില്‍ പഠിക്കുമ്പോള്‍ ഇന്നയാള്‍ ജയിക്കും ഇന്നത് സംഭവിക്കുമെന്നൊക്കെ പറഞ്ഞ് സുഹൃത്തുക്കള്‍ക്കിടയില്‍ വിസ്മയം തീര്‍ത്തിരുന്നു. ഇന്ന്, അമേരിക്കയില്‍ ജീവിക്കുമ്പോള്‍ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഇവന്റ് മാനേജ്‌മെന്റ് കമ്പനി സ്വന്തമായി നടത്തുകയാണ് ബെന്നി. ഇപ്പോള്‍ 28 വയസ്സായി. 18-ാം വയസ്സില്‍ യുഎസില്‍ എത്തിയതാണ്. അമേരിക്കയില്‍ പോപ്പുലറായ താരാ ആര്‍ട്‌സിന്റെ പല ഷോകളുടെയും പിന്നില്‍ ബെന്നിയുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അമേരിക്കയിലെത്തിക്കാന്‍ താരാ ആര്‍ട്‌സിന്റെ വിജയന്‍ ശ്രമം തുടങ്ങിയപ്പോഴേ ബെന്നി വിലക്കിയിരുന്നു. എന്നാല്‍ അതു വകവയ്ക്കാതെ മുന്നോട്ടു പോയപ്പോള്‍ വന്‍ നഷ്ടമാണ് താര ആര്‍ട്‌സിനെ കാത്തിരുന്നത്. പോയവര്‍ഷവും അത് ആവര്‍ത്തിച്ചു.

ലാസ്‌വേഗസില്‍ മലയാളി കുടുംബത്തെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു. അവരെ കണ്ടപ്പോഴേ ബെന്നിയ്ക്ക് അപകടം മണത്തിരുന്നു. കാത്തു കാത്തിരുന്ന കിട്ടിയ കണ്‍മണിക്ക് ചെറിയ അസുഖങ്ങള്‍. ഡയഗ്‌നോസ് ചെയ്തപ്പോള്‍ കുഞ്ഞിന് ക്യാന്‍സര്‍ ആയിരുന്നു. അവര്‍ തകര്‍ന്നു പോയി. കംപ്ലീറ്റ് നെഗറ്റീവ്. ചിക്കാഗോയില്‍ ഒരാള്‍ ബിസിനസ്സ് വിപുലീകരിക്കാനായി ഗ്യാസ് സ്റ്റേഷന്‍ തുടങ്ങാന്‍ തയ്യാറെടുത്തു. അതിനു വേണ്ടി ഉണ്ടായിരുന്ന ബിസിനസ്സുകളൊക്കെയും വിറ്റ് പണം കരുതി വച്ചിരുന്നു. പുതിയ ബിസിനസ്സ് സംരംഭം വലിയ നഷ്ടങ്ങളുണ്ടാക്കുമെന്ന് ബെന്നി പറഞ്ഞത് മുഖവിലയ്‌ക്കെടുത്തില്ല. പിന്നീടാണ്, നഷ്ടങ്ങളില്‍ നിന്നു നഷ്ടങ്ങളിലേക്ക് കൂപ്പു കുത്തിയ കഥ അദ്ദേഹം തന്നെ ബെന്നിയോട് വിവരിച്ചത്.

മാവേലിക്കര ബിഷപ്പ് മോര്‍ കോളേജിലെ പ്രൊഫസറായിരുന്ന കോശി തലയ്ക്കല്‍ ബെന്നിയെക്കുറിച്ച് പല തവണ പലരോടും പറഞ്ഞിട്ടുണ്ട്. ഇത് ദൈവീകമായ ഒരു കഴിവാണ്. അത് നിസ്വാര്‍ത്ഥമായി തുടരണം. അതില്‍ വെള്ളം ചേര്‍ക്കരുത്. ഇന്നും അത് ബെന്നി ഹൃദയത്തോട് ചേര്‍ത്തു വച്ചിരിക്കുന്നു. ഒരിക്കല്‍ പോലും തന്റെ ജന്മസിദ്ധമായ കഴിവിനെ കൊമേഴ്‌സ്യലൈസ് ചെയ്തിട്ടില്ല. ഇനിയൊട്ട് അതു ചെയ്യുകയുമില്ല. നിരവധി ഫോണ്‍ കോളുകള്‍ ദിനംപ്രതി ബെന്നിയെ തേടിയെത്തുന്നു. അവരോടൊക്കെയും തന്നേക്കൊണ്ട് ആവുന്ന വിധത്തില്‍ ബെന്നി സഹായിക്കുന്നു.

കേരളത്തിലെ പൊളിറ്റിക്‌സിനെക്കറിച്ച് ചോദിച്ചപ്പോള്‍ ബെന്നിയ്ക്ക് സംശയമേതും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന് വലിയ ഭാവിയില്ലത്രേ. പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് രണ്ടു വര്‍ഷം മുന്നേ ബെന്നി പ്രവചിച്ചിരുന്നു. അന്ന് വിജയന്‍ ലാവ്‌ലിന്‍ കേസുമായി മുന്നേറുമ്പോള്‍ ഒരു സാധ്യതയും അദ്ദേഹത്തിന് കല്‍പ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് വിജയന് കാര്യങ്ങള്‍ അനുകൂലമായി. ബെന്നി പറയുന്നു, പ്രവചനം നടത്തുമ്പോള്‍ ശരിക്കും പേടിയാണ്. പലതും ഉള്ളില്‍ നിന്നും പറയുന്നതാണ്. മുന്‍കൂട്ടി കണക്കിലെടുത്ത് ആരോടുമൊന്നും ഇതുവരെയും പറഞ്ഞിട്ടില്ല. ചിലത് നല്ലതാകും, മറ്റു ചിലത് ചീത്തയാകും. തന്റെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്തിനു മുന്നില്‍ വന്നു നില്‍ക്കുന്ന ഒരാള്‍ക്ക് അടുത്ത നിമിഷം ആപത്തു വരുമല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയം തോന്നുമെന്ന് ബെന്നി പറയുന്നു.
നേഴ്‌സ് പ്രാക്ടീഷനര്‍ ഷീലയാണ് ബെന്നിയുടെ ഭാര്യ. മകള്‍: ജോഷ്വ

LEAVE A REPLY

Please enter your comment!
Please enter your name here