കാനഡയിലെ ടൊറന്റോ നഗരിയില്‍ ഫൊക്കാനയുടെ ദേശീയോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഇലക്ഷനില്‍ 2016-2018 കാലയളവിലേക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മാധവന്‍ ബി നായര്‍ക്ക് വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാഴ്ചപ്പാടുകളില്‍ പുതുമയും, പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലതയും കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ എം.ബി.എന്‍ ആയ മാധവന്‍ ബി നായര്‍, ചില ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ തന്നെ ഫൊക്കാനയിലും മലയാളി സമൂഹത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നു വിശ്വസിക്കുന്ന മാനേജ്മെന്റ് വിദഗ്ധന്‍കൂടിയാണ്. ഇതിനോടകം തന്നെ കഴിവു തെളിയിച്ച കരുത്തനായ നേതാവായ മാധവന്‍ നായര്‍ക്കും ടീമിനും ഒമ്പത് റീജിയനുകളില്‍ ആറെണ്ണത്തിലേയും റീജണല്‍ വൈസ് പ്രസിഡന്റുമാര്‍ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. കമ്മിറ്റിയിലും മറ്റും ബഹുഭൂരിപക്ഷവും മാധവന്‍ നായരെ അനുകൂലിക്കുന്നു.

സംഘടനാ രംഗത്ത് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം കൈമുതലായുള്ള മാധവന്‍ നായര്‍, നിസ്വാര്‍ഥസേവനം കൈമുതലാക്കിയ മനുഷ്യസ്‌നേഹിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ സുസമ്മതനാണന്നതും ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് മാറ്റ് കൂട്ടുന്നു. അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസ്‌കാരനായ, ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരിക സംഘടന നാമത്തെ മൂന്ന് വര്‍ഷം കൊണ്ട് അമേരിക്കയിലെ തന്നെ പ്രമുഖ സംഘടനയാക്കി മാറ്റിയ ഈ നേതാവിന്റെ സാരഥ്യമികവ് ഫൊക്കാനയുടെ തലപ്പത്തും ഇദ്ദേഹത്തിന് ശോഭയേറ്റുമെന്ന് പ്രതീക്ഷകളേറെ. നിലവില്‍ ഫൊക്കാന നാഷ്ണല്‍ കമ്മിറ്റി അംഗമായ മാധവന്‍ ബി നായര്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. ഇന്‍ഡോ അമേരിക്ക കള്‍ച്ചറല്‍ അസോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്.

അമേരിക്കന്‍ മുഖ്യധാരാ പ്രസ്ഥാനമായ റോട്ടറി ക്ലബിന്റെ പ്രസിഡന്റായും, സ്വന്തമായി ഫിനാന്‍ഷ്യല്‍ സ്ഥാപനം ഉള്ള മാധവന്‍ ബി നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാര്‍ട്ടേഴ്ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് തന്ത്രജ്ഞനുമായ മാധവന്‍ ബി നായരെ തേടിയെത്തിയിട്ടുള്ള പുരസ്‌കാരങ്ങളും നിരവധിയാണ്. പ്രവര്‍ത്തനവഴികളിലെ പരിചയസമ്പന്നതയും വിനയവും ത്യാഗസന്നദ്ധതയും കൈമുതലായുള്ള മാധവന്‍ ബി നായരുടെ നേതൃത്വം ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ:
പ്രിയ സുഹൃത്തേ,
ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോ നഗരിയില്‍ ഫൊക്കാനയുടെ ദേശീയോത്സവം കൊടിയേറാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം! മതേതര സംസ്‌കാരത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടെയും ഉരുക്ക്‌കോട്ടയായ ഫൊക്കാന വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണല്ലോ. ഫൊക്കാനയുടെ 2016-2018 കാലയളവിലേക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഞാന്‍ മല്‍സരിക്കുന്ന വിവരം ഒരിക്കല്‍ കൂടി വിനയപൂര്‍വം നിങ്ങളെ അറിയിക്കട്ടെ. താങ്കളുടെയും സുഹൃത്തുക്കളുടെയും എല്ലാ സഹായസഹകരണങ്ങളും അനുഗ്രഹാശിസുകളും എനിക്കൊപ്പം ഉണ്ടാകണമെന്നും നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ വോട്ട് രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്നും ഒരിക്കല്‍ കൂടി വിനീതമായി അഭ്യര്‍ഥിക്കുന്നു. എന്നോടൊപ്പം ഫിലിപ്പോസ് ഫിലിപ്പ്, ജോയി ഇട്ടന്‍, ഷാജി വറുഗീസ്, ലീലാ മാരേട്ട്, ഡോ.ജോസ് കാനാട്ട്, ഡോ. മാത്യു വറുഗീസ് എന്നിവരും ഇവരെ പിന്തുണയ്ക്കുന്ന 11-ാളം കമ്മിറ്റി അംഗങ്ങളും എട്ടോളം റീജിയണല്‍ പ്രസിഡന്റുമാരും രംഗത്തുണ്ട്.

ഫൊക്കാനക്ക് പുതിയ ദിശാബോധം നല്‍കാന്‍, കെട്ടുറപ്പുള്ള സംഘടനയാക്കാന്‍ എന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു. സാംസ്‌കാരിക, സാമൂഹ്യരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നോര്‍ത്ത് അമേരിക്കയില്‍ നിങ്ങളിലൊരുവനായി പൊതുരംഗത്ത് ഞാന്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. തുടര്‍ന്നും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന എനിക്ക് നിങ്ങള്‍ ഒരവസരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

മലയാള സംഘചേതനയുടെ പ്രതീകമായ ഫൊക്കാന 1983-ല്‍ കൊളുത്തിയ സാംസ്‌കാരിക ദീപം അണയാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതാണന്ന് ഉറപ്പ് നല്‍കുന്നു.
നോര്‍ത്ത് അമേരിക്കയിലെ മലയാളിസമൂഹത്തിലെ അഭ്യസ്തവിദ്യരും ധിഷണാശാലികളുമായ യുവജനങ്ങളെ മുന്‍നിര്‍ത്തി ജനപക്ഷസമീപനവുമായി ഫൊക്കാനയെ ജാതിമതരാഷ്ട്രീയഭേദമെന്യേ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാനാവും വിധം ഉയര്‍ത്താന്‍ എന്നാല്‍ ആവും വിധം ശ്രമിക്കുന്നതാണ്. അംഗസംഘടനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ ഫൊക്കാന എന്ന പ്രസ്ഥാനത്തിന്റെ വേരുകള്‍ നോര്‍ത്ത് അമേരിക്കയിലെങ്ങും എത്തിക്കുമെന്ന് ഞാന്‍ അടിവരയിട്ട് പറയുന്നു. നോര്‍ത്ത് അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ എനിക്ക് നല്‍കികൊണ്ടിരിക്കുന്ന സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയപൂര്‍വം നന്ദി പറയുന്നു.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫൊക്കാന ഇപ്പോള്‍ തന്നെ ഏറ്റവും വലിയ സംഘടനയായി മാറിക്കഴിഞ്ഞു. എങ്കിലും, ഇതില്‍ കൂടുതല്‍ ചെയ്യാമെന്ന വിശ്വാസമാണ് എന്നെ പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

പ്രസ്ഥാനം ഇതേ വരെ കണ്ടിട്ടില്ലാത്ത, ആഢ്യത്വവും പ്രൗഢിയും വിളിച്ചോതുന്ന ഒരു ന്യൂജേഴ്സി കണ്‍വന്‍ഷനായി കാത്തിരിക്കുക. ഭിന്നതയ്ക്കും വിദ്വേഷത്തിനും ഫൊക്കാനയില്‍ സ്ഥാനമില്ല. നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ നമ്മെ തേടി വരും. എന്റെ കഴിവുകളും, പ്രവര്‍ത്തനങ്ങളും അതിനായി മാത്രമായിരിക്കും. ഫൊക്കാന ഇനിയും ഉയരങ്ങള്‍ കീഴടക്കേണ്ടുണ്ട്. അതിനായി നമുക്കൊരുമിച്ച് കൈകോര്‍ക്കാം.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മാധവന്‍ നായര്‍ക്ക് വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here