ന്യൂഡൽഹി: പ്രശസ്‌ത ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നെസ്റീൻ പ്രധാനമന്ത്രി ഷെക്ക് ഹസീനെക്കെതിരെ ട്വിറ്ററിലൂടെ വിമർശനവുമായി എത്തി. വെള്ളിയാഴ്‌ച ഢാക്കയിലെ റെസ്‌റ്റോറന്റിൽ ഭീകരർ കഴുത്തറുത്തു കൊന്നവർക്ക് അനുശോചനം രേഖപ്പെടുത്തുകയും മതേതര ബ്ലോഗർമാർ, സ്വവർഗാനുരാഗികൾ, ഹിന്ദുക്കൾ എന്നിവർക്ക് നേരെ നടന്ന ആക്രമങ്ങളിൽ നിശബ്‌ദത പാലിച്ചതിനുമാണ് തസ്‌ലീമ പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

ആക്രമണം നടത്തിയ തീവ്രവാദികളെല്ലാം വിദ്യാഭ്യാസമുള്ളവരും സമ്പന്ന കുടുംബങ്ങളിൽ പെടുന്നവരാണ് എന്ന റിപ്പോർട്ട് വന്നതിനെ തുടർന്ന് ദാരിദ്രയമാണ് ചിലരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതെന്ന് വാദം തസ്‌ലീമ തള്ളികളഞ്ഞു. ആഗോള ഭീകരതയ്‌ക്ക് ബംഗ്ലാദേശ് വലിയ സംഭാവനകളാണ് നൽകുന്നത്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് പറയുന്നത് നിർത്തേണ്ട സമയമാണിത് എന്ന് അവർ ട്വീറ്റ് ചെയ്‌തു.

‘മനുഷ്യത്വത്തിന്റെ നന്മയ്‌ക്കായി ദയവ്ചെയ്‌ത് ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് പറയരുത്. ഒരിക്കലും.’- തസ്‌ലീമ ട്വീറ്റ് ചെയ്‌തു.

ഢാക്കയിലെ റെസ്‌റ്റോറന്റിൽ നടന്ന ഭീകരാക്രമണത്തിൽ ഇരുപതുപേരാണ് കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. ആക്രമണം നടത്തിയവർ സമ്പന്ന കുടുംബത്തിലെ ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യമല്ല ആളുകളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതെന്ന അഭിപ്രായവുമായി അവർ രംഗത്തെത്തിയത്. ഇസ്ലാം മതത്തിനെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയും ശക്തമായ സ്ത്രീപക്ഷ നിലപാടുകൾ കൊണ്ടും അറിയപ്പെടുന്ന തസ്‌ലീമ 1994ൽ ബംഗ്ലാദേശിൽ നിന്നും നാടുകടത്തപ്പെട്ടതാണ്. നിരവധി തീവ്രവാദ സംഘടനകളിൽ നിന്നും അവർക്ക് വധഭീഷണികൾ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here