ന്യൂയോര്‍ക്ക്‌: കുടുംബസൗഹൃദങ്ങളുടെ ജാലകം തുറന്നിട്ട്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്‌ തുടക്കമാകുന്നു.  ആത്മീയ അന്തരീക്ഷവുമായി എലന്‍വില്‍ ഓണേഴ്‌സ്‌ ഹേവന്‍ ഒരുങ്ങി. കോണ്‍ഫറന്‍സിന്‌ ജൂലൈ 13 ബുധനാഴ്‌ച തിരി തെളിയും.

ഭദ്രാസന ജനങ്ങളുടെ ആത്മീയ പുരോഗതിക്കൊപ്പം, കലാ-കായിക സാംസ്‌ക്കാരിക തലങ്ങളിലെ അഭിവൃദ്ധിയും ലക്ഷ്യമിടുന്ന കോണ്‍ഫറന്‍സ്‌, ന്യൂയോര്‍ക്ക്‌ എലന്‍വില്ലിലുള്ള ഓണേഴ്‌സ്‌ ഹേവന്‍ റിസോര്‍ട്ടില്‍ ജൂലൈ 16 ശനിയാഴ്‌ച സമാപിക്കും. സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുകയാല്‍ മാനസാന്തരപ്പെടുവിന്‍’ (മത്തായി 4:17 എന്ന വേദവാക്യത്തെ അടിസ്ഥാനമാക്കി) മാനസാന്തരം ദൈവത്തിങ്കലേക്കുള്ള വഴി എന്ന ചിന്താവിഷയത്തിലൂന്നിയ ധ്യാനവും, പ്രസംഗപരമ്പരകളും, ചര്‍ച്ചാക്ലാസ്സുകളും നിറഞ്ഞ ആത്മീയപകലുകള്‍ക്കായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 
 
ധ്യാനസംഗമത്തിന്റെ പുത്തന്‍ അനുഭവത്തിനു വേദിയാവുന്ന ഇവിടം ആത്മീയ ഉണര്‍വ്വിന്റെ ആത്മസത്തയാണ്‌ പ്രദാനം ചെയ്യുക. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ സജീവ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്റെ നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നു കോണ്‍ഫറന്‍സ്‌ കോ ഓര്‍ഡിനേറ്റര്‍ ഫാ. വിജയ്‌ തോമസ്‌, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്‌ എന്നിവര്‍ അറിയിച്ചു. 

വിശ്വാസദീപ്‌തിയുടെ നിറവില്‍, സഭാ സ്‌നേഹലാളനയില്‍ നടത്തപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സില്‍ അതതു മേഖലകളില്‍ വ്യക്തിപ്രഭാവം തെളിയിച്ചവരാണ്‌ പ്രാസംഗികരായി എത്തുന്നത്‌.
 
ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ മെത്രാപ്പോലീത്താ, ഫാ. ക്രിസ്റ്റഫര്‍ മാത്യു, എലിസബത്ത്‌ ജോയി എന്നിവര്‍ തങ്ങളുടെ ക്രിയാത്മക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്‌. അധ്യാപകനും ധ്യാനഗുരുവുമായ മാര്‍ ദീയസ്‌കോറോസ്‌ 2009 മുതല്‍ മദ്രാസ്‌ ഭദ്രാസന അധ്യക്ഷനാണ്‌.
 
 കോട്ടയം ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍, ഡീന്‍ ഓഫ്‌ സ്റ്റഡീസ്‌, ‘ദിവ്യ ബോധനം’ രജിസ്റ്റാര്‍, സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ വൈദിക സംഘം ജോയിന്റ്‌ സെക്രട്ടറി, മലങ്കര സഭാ മാസികയുടെ ചീഫ്‌ എഡിറ്റര്‍, ‘പുരോഹിതന്‍’ പ്രസിദ്ധീകരണത്തിന്റെ പബ്ലിഷര്‍, ‘ബഥേല്‍ പത്രിക’, സെന്റ്‌ എഫ്രേംസ്‌ ജേര്‍ണല്‍ എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്‌ഠിക്കുന്നു. 
 
റോമന്‍ കാത്തലിക്‌ ചര്‍ച്ചുമായി നടക്കുന്ന ചര്‍ച്ചകളില്‍ മലങ്കര സഭാ ഡെലിഗേഷന്‍ അംഗവുമാണ്‌. നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. അഞ്ച്‌ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.  സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിഎഡ്‌ എടുത്തതിനുശേഷം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ്‌ തിയോളജിയില്‍ മാസ്‌റ്റേഴ്‌സും ഡോക്ടറേറ്റും എടുത്തത്‌. 
 
സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പാസ്റ്ററല്‍ കൗണ്‍സിലിംഗിലും വൈദഗ്‌ധ്യം നേടി.
വേദശാസ്‌ത്രപണ്ഡിതയായ എലിസബത്ത്‌ ജോയി യുകെ, യൂറോപ്പ്‌, ആഫ്രിക്ക ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജ്‌ ജോയിയുടെ സഹധര്‍മ്മിണി ആണ്‌.
 
 ഭദ്രാസന എക്യുമെനിക്കല്‍ റിലേഷന്‍സസ്‌ ഡെപ്യൂട്ടി സെക്രട്ടറി ആയി സേവനമനുഷ്‌ഠിക്കുന്നു. ലണ്ടന്‍ കിംഗ്‌സ്‌ കോളജില്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സിസ്റ്റമാറ്റിക്‌ തിയോളജി പ്രൊഫസറായ എലിസബത്ത്‌ ജോയി ലണ്ടന്‍ കിംഗ്‌സ്‌ കോളജില്‍ തിയോളജിയില്‍ പിഎച്ച്‌ഡി ഗവേഷക കൂടിയാണ്‌. 
 
മിഷന്‍ എഡ്യുക്കേഷന്‍ ഓഫ്‌ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ്‌ മിഷന്റെ മുന്‍ എക്‌സി ക്യൂട്ടീവ്‌ സെക്രട്ടറിയാണ്‌. തികഞ്ഞ മിഷണറി കൂടിയായ എലിസബത്ത്‌ കൊച്ചമ്മ, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ഗ്ലോബല്‍ വേദികളില്‍ ശബ്ദമുയര്‍ത്തുന്നത്‌ കൂടാതെ എക്യുമിനിക്കല്‍ സോളിഡാരിറ്റിയുടെ വക്താവും ആണ്‌.  മിയോറ വേള്‍ഡ്‌ മിഷന്റെ ഓണററി ഡയറക്ടര്‍ എന്ന നിലയില്‍ അന്തര്‍ദേശീയ തലത്തില്‍ മനുഷ്യക്കടത്തിനെതിരായി ശക്തമായ നിലയില്‍ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്നു.

മലങ്കരസഭയുടെ അമേരിക്കയിലെ യുവതലമുറക്ക്‌ മാതൃകയായി അവര്‍ക്ക്‌ സഭാ ജീവിതത്തിലേക്കുളള വഴികാട്ടുവാന്‍ നിയുക്തനായിരിക്കുന്ന യുവ വൈദികനാണ്‌ ഫാ. ക്രിസ്റ്റഫര്‍ മാത്യു, ഫാ. മാമ്മന്‍ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായ ഫാ. ക്രിസ്റ്റഫര്‍ മാത്യു ജനിച്ചതും വളര്‍ന്നതുമെല്ലാം ഹൂസ്റ്റണില്‍.

2009 ല്‍ കാലം ചെയ്‌ത മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തായാണ്‌ ശെമ്മാശനായി വാഴിച്ചത്‌. 2011 ല്‍ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തായില്‍ നിന്നും വൈദികനായി പട്ടമേറ്റു.  തിയോളജിയിലെ ബാച്ചിലേഴ്‌സ്‌ പഠനത്തിന്‌ ശേഷം സെന്റ്‌ ടിക്കോണ്‍സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡിവിനിറ്റിയില്‍ മാസ്‌റ്റേഴ്‌സ്‌ എടുത്തു. 
 
കോട്ടയം ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ ലിറ്റര്‍ജിക്കല്‍ ട്രെയിനിങ്‌ പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഇപ്പോള്‍ ഡാലസിലെ സെന്റ്‌ ജെയിംസ്‌ മിഷന്‍ ഇടവക വികാരി. ഭാര്യ മേരി. മകന്‍ കാലേബ്‌. കോണ്‍ഫറന്‍സ്‌ വേദിയില്‍ പ്രകാശനം ചെയ്യാനുള്ള സ്‌മരണികയുടെ അവസാനവട്ട മിനുക്കു പണികള്‍ നടന്നുവരുന്നു.  കൗണ്‍സില്‍ അംഗം കൂടിയായ ഡോ.സാക്ക്‌ സക്കറിയ ആണ്‌ സുവനീര്‍ ബിസിനസ്സ്‌ മാനേജര്‍. ലിന്‍സി തോമസ്‌ ആണ്‌ ചീഫ്‌ എഡിറ്റര്‍. ജീമോന്‍ വര്‍ഗീസാണ്‌ കോണ്‍ഫറന്‍സിന്റെ ട്രഷറര്‍.
ന്യൂയോര്‍ക്ക്‌ റോക്ക്‌ലാന്‍ഡ്‌ കൗണ്ടി ഏരിയയില്‍ നിന്ന്‌ ഏകദേശം ഒരു മണിക്കൂര്‍ മാത്രം യാത്രാദൂരമുള്ള അള്‍സ്‌റ്റര്‍ കൗണ്ടിയിലെ മനോഹരപ്രദേശമായ കാറ്റ്‌സ്‌കില്‍ ഷോണ്‍ഗണ്ണില്‍ 250 ഏക്കറില്‍ പരന്നു കിടക്കുന്ന ഓണേഴ്‌സ്‌ ഹേവന്‍ റിസോര്‍ട്ട്‌ ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. 
 
സ്റ്റൈലിഷ്‌ ആയ ഫോര്‍ സ്‌റ്റാര്‍ റിസോര്‍ട്ടാണിത്‌. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഇവിടുത്തെ അന്തരീക്ഷംപ്രദാനം ചെയ്യുക ഒരു പുത്തന്‍ അനുഭവമായിരിക്കും. 235 ഗസ്റ്റ്‌മുറികളും ഗ്രാന്‍ഡ്‌ ബാങ്ക്വറ്റ്‌ ഹാളും മറ്റ്‌ കോണ്‍ഫറന്‍സ്‌ ബ്രേക്ക്‌ ഔട്ട്‌ മുറികളും ജിംനേഷ്യം സ്വിമ്മിങ്‌ പൂളുകളും മനോഹരമായ പുല്‍ത്തകിടികളുമൊക്കെ ഓണേഴ്‌സ്‌ ഹേവനെ എല്ലാം തികഞ്ഞൊരു കോണ്‍ഫറന്‍സ്‌ സെന്ററായി മാറ്റുന്നു.

കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള പ്രോഗ്രാമുകള്‍, യാമപ്രാര്‍ത്ഥനകള്‍, ഗാനശുശ്രൂഷകള്‍, ധ്യാനയോഗങ്ങള്‍, ചര്‍ച്ചാവേദികള്‍, വ്യത്യസ്‌തമായ കലാകായിക മത്സരങ്ങള്‍ എന്നിവയൊക്കെയായി എല്ലാം തികഞ്ഞൊരു കുടുംബസംഗമത്തിനായി നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനം തയ്യാറെടുത്തു കഴിഞ്ഞു. ഇനി എല്ലാ ആത്മീയ വഴികളും എലന്‍വില്ലിലേക്ക്‌. രണ്ടു മണിയോടു കൂടി എല്ലാവരും കോണ്‍ഫറന്‍സ്‌ സെന്ററില്‍ എത്തിച്ചേരണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here