ബംഗലുരു: ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായി രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജമ്പില്‍ റിയോ ഒളിമ്പിക്‌സ് യോഗ്യത നേടി. ബംഗലൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്‌സില്‍ 17.30 മീറ്റര്‍ ദൂരം പിന്നിട്ടാണ് രഞ്ജിത് പുതിയ ദേശീയ റെക്കോഡിട്ടത്.

മറ്റൊരു മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും റിയോ ഒളിന്പിക്‌സിന് യോഗ്യത നേടി. മൂന്നാം ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സ് മീറ്റിലാണ് ഇരുവരും യോഗ്യത നേടിയത്.

16.85 ആയിരുന്നു ഒളിന്പിക്‌സില്‍ പങ്കെടുക്കാനുളള യോഗ്യത മാര്‍ക്ക്. 17.30മീറ്റര്‍ ദൂരം കുറിച്ചാണ് രഞ്ജിത്ത് റിയോയിലേക്ക് തിരിക്കുന്നത്. രഞ്ജിത്ത് മഹേശ്വരിയുടെ മൂന്നാമത്തെ ഒളിന്പിക്‌സാണ് ഇത്. 2008ലും 2012ലും നടന്ന ഒളിന്പിക്‌സുകളില്‍ രഞ്ജിത്ത് പങ്കെടുത്തിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാമെന്നുളള പ്രതീക്ഷയിലാണ് രഞ്ജിത്ത്.

800 മീറ്ററില്‍ ഭാഗ്യം തുണച്ചതിനാലാണ് ജിന്‍സണ് യോഗ്യത നേടാനായത്. 1.45.98 സെക്കന്റിലാണ് ജിന്‍സണ്‍ ഓടിയെത്തിയത്. ഒളിന്പിക് യോഗ്യത നേടാന്‍ വേണ്ടിയിരുന്നത് 1.46.00 സെക്കന്റും. കോഴിക്കോട് സ്വദേശിയായ ജിന്‍സണ്‍ ജോണ്‍സണ്‍റെ ആദ്യ ഒളിന്പിക്‌സാണ് റിയോയിലേത്. പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇന്ത്യന്‍ ക്യാന്പിലുമായാണ് ജിന്‍സണ്‍റെ പരിശീലനം.