Home / വിനോദം / സിനിമ / മമ്മൂട്ടിയുടെ “കസബ” ഒരു അഖിലലോക ദുരന്തമോ……?

മമ്മൂട്ടിയുടെ “കസബ” ഒരു അഖിലലോക ദുരന്തമോ……?

mub

(സിനിമ നിരുപണം :- മുബ് നാസ്.കെ.കെ, കൊടുവള്ളി)

മമ്മൂട്ടിയുടെ കസബ എന്ന സിനിമയെക്കുറിച്ച് ഞാന്‍ എഴുതുന്നത് ഒരു സിനിമാ നിരൂപണമായി കാണേണ്ട, മറിച്ചു ഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണ്ടാല്‍ മതി. ഇത്രയും ദിവസം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. ആരാധകരുടെ ആരവങ്ങള്‍ ഒന്ന് കെട്ടടങ്ങട്ടെ എന്ന് കരുതിയാണ് കസബ കാണാന്‍ ഇത്രയും ദിവസം വൈകിയത്. സിനിമ കണ്ടപ്പോള്‍ അതില്‍ തെല്ലും വിഷമം തോന്നിയതുമില്ല. ആദ്യമേ പറയട്ടെ, കസബ ഒരു നല്ല സിനിമയല്ല.! ഒരു സിനിമ ഇങ്ങനെയാകണം എന്നാലേ വിജയിക്കൂ അല്ലെങ്കില്‍ ഇങ്ങനെയാകരുത് എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. സിനിമക്ക് അങ്ങനെ പ്രത്യേകിച്ചൊരു മാനദണ്ഡങ്ങളൊന്നുമില്ല.

പൈസയുള്ള ആര്‍ക്കും സിനിമയെടുക്കാം. ജനങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ അത് വിജയിക്കും. മുമ്പ് കണ്ട പോലീസ് കഥയില്‍ നിന്നും “കസബ” എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ അത് ഇതിലെ സംഭാഷണങ്ങളാണ്. തീ പാറുന്ന സംഭാഷണങ്ങള്‍ കൊണ്ട് ജനങ്ങളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിച്ച രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ പക്ഷെ തിരഞ്ഞെടുത്തത് അശ്ലീലവും ദ്വയാര്‍ത്ഥവുമാണെന്നതാണ് മകനെ അച്ഛനില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. നായകന് സ്ത്രീ വര്‍ഗ്ഗത്തോടുള്ള അതിരുകടന്ന ലൈംഗിക ആസക്തി സിനിമയിലുടനീളം പ്രതിഫലിച്ചിരുന്നു. ഒരു ബീപ് ശബ്ദമോ പോസോ കൂടാതെ നായകന്റെ രതി ദാഹം സ്ത്രീകള്‍ക്ക് നേരെ പച്ചക്ക് ചര്‍ദ്ധിക്കാന്‍ സംവിധായകന്‍ കാണിച്ച തന്റേടം അല്ലെങ്കില്‍ അറിവില്ലായ്മ അതുമല്ലെങ്കില്‍ മണ്ടത്തരം (ഇതിനെ എങ്ങനെയൊക്കെ വിളിക്കണമെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല) അതെന്ത് തന്നെയായാലും അത് അല്‍പം കടന്നു പോയി എന്ന് പറയാതിരിക്കാന്‍ വയ്യ. മമ്മൂട്ടിയെ പോലെ ഒരു താരപരിവേഷമുള്ള, സമൂഹത്തില്‍ ഉന്നതനായ ഒരാള്‍ ഇത് പോലൊരു നാണം കെട്ട സിനിമയില്‍ ഒരിക്കലും അഭിനയിക്കാന്‍ പാടില്ലായിരുന്നു. അത് പോലെ സ്വന്തം മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം ഒരു നാലാംകിട ഷക്കീല പടത്തേക്കാള്‍ മോശമായ ഒരു സിനിമയിലൂടെ ആകാതിരിക്കാന്‍ രഞ്ജി പണിക്കറും ശ്രമിക്കണമായിരുന്നു .

നമ്മള്‍ ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സ്ത്രീ സുരക്ഷ.! സ്ത്രീയെ ഉപദ്രവിക്കുകയോ മാനസികമായി തളര്‍ത്തുകയോ ശാരീരികമായി വേദനിപ്പിക്കുയോ ഒരു നോട്ടം കൊണ്ടെങ്കിലും പേടിപ്പിക്കുകയോ ഒരു വാക്ക് കൊണ്ടെങ്കിലും മുറിവേല്‍പ്പിയ്ക്കുകയോ ചെയ്താല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റമാണെന്നിരിക്കെ സ്ത്രീ കഥാപാത്രങ്ങളെ മൊത്തമായി സ്ഥാനം പോലും നോക്കാതെ അടിച്ചാക്ഷേപിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സിനിമക്ക് എങ്ങനെയാണ് പ്രദര്‍ശനാനുമതി കിട്ടി എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ലോകത്തിലെ ഏറ്റവും വലുതും ജനങ്ങളിലേക്ക് പെട്ടെന്ന് എത്തുന്നതുമായ ഏക മാധ്യമം സിനിമയാണ്. അതുകൊണ്ട് സിനിമക്ക് ചെറിയരീതിയിലെങ്കിലും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെയിരിക്കെ, ഇത് പോലെയുള്ള ഒരു സിനിമാ സമൂഹത്തില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെന്തൊക്കെയായിരിക്കുമെന്ന് പറയാതെ തന്നെ എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്. അതിലേക്കൊന്നും ഞാന്‍ ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നില്ല. എങ്കിലും ഇങ്ങനെയുള്ള സിനിമ ഇന്നത്തെ യുവാക്കള്‍ക്ക് സ്ത്രീകളോടുള്ള മനോഭാവത്തില്‍ ചെറിയ രീതിയിലെങ്കിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അത് പറയാന്‍ കാരണം, സിനിമയിലെ ഒരു രംഗത്ത് നായകന്‍ നായികയുടെ ബെല്‍ട്ടില്‍ പിടിച്ച് കൊണ്ട് ഞാന്‍ വിചാരിച്ചാല്‍ മതി നിന്റെ മാസമുറ തെറ്റിക്കാന്‍ എന്ന് പറയുമ്പോള്‍ തിയേറ്റര്‍ കരഘോഷങ്ങളും ആര്‍പ്പുവിളികളും കൊണ്ടും നിറയുകയായിരുന്നു.

ഈ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് എന്താണ്? പെണ്ണിനെ ഒരു ലൈംഗിക യന്ത്രമായി മാത്രമേ കാണാന്‍ പാടുള്ളു എന്നും പെണ്ണ് ലൈംഗികതയ്ക്കും വികാര സംതൃപ്തിക്കും മാത്രമുള്ളതാണെന്നുമുള്ള ഒരു തെറ്റായ സന്ദേശത്തെ അനുകൂലിച്ചതിലും പിന്തുണച്ചതിലുമുള്ള കയ്യടികളല്ലേ തിയേറ്ററില്‍ മുഴങ്ങി കേട്ടത് എന്ന് ചോദിച്ചാല്‍ അല്ലെന്ന് സ്ഥാപിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?.

(ലേഖകന്‍ ‘മിറക്കിള്‍‘ എന്ന സിനിമയുടെ സഹസംവിധായകനാണ്)

Check Also

ദീപികയ്ക്കും കത്രീനയ്ക്കുമൊപ്പം അഭിനയിക്കണം ; വൈറലായി ബച്ചന്റെ ട്വീറ്റ്

സാമൂഹികമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കുന്ന ആളാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. തന്റെ അഭിപ്രായങ്ങളും നിരൂപണങ്ങളും ആരാധകരുമായി പങ്കുവയ്‌ക്കെുന്നതിന് …

4 comments

  1. വളരെ നല്ല വിമർശനം… ഇങ്ങനത്തെ വിമർശനങ്ങൾ മറ്റ് നടൻ മാരുടെ സിനിമ ഇറങ്ങുമ്പോഴും ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു…………!

  2. മുബിനാസ്…. കലക്കി… ഇഷ്ട്ടപ്പെട്ടു എഴുത്തുകാരനെ
    ശരി ഇനി ആ പടം കണ്ടിട്ടു ബാക്കി പറയാം

  3. thnku bro. theerchayayaum pratheekshikkaam

Leave a Reply

Your email address will not be published. Required fields are marked *