ന്യൂഡൽഹി: രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണം നാൾക്കുനാൾ കൂടുന്നു. ഇൗ വർഷം പുറത്തിറക്കിയ ഇന്ത്യൻ വെൽത്ത് റിപ്പോർട്ട് പ്രകാരം 2015-ൽ ഇന്ത്യയിൽ 2.36 ലക്ഷം കോടീശ്വരന്മാരാണുള്ളത്. ലോകത്ത് പല രാജ്യങ്ങളിലും കോടീശ്വരന്മാരുടെ എണ്ണം കുറയുമ്പോൾ ഇന്ത്യ കൂടുതൽ മുന്നേറുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2007 മുതലാണ് ഇൗ രാജ്യങ്ങളിൽ ധനാഢ്യരുടെ എണ്ണം കുറഞ്ഞു തുടങ്ങിയത്. എന്നാൽ ഈ കാലയളവിലാണ് ഇന്ത്യയിൽ ഇവരുടെ എണ്ണം കൂടിത്തുടങ്ങിയത്. 2007-ൽ 1.52 ലക്ഷം കോടീശ്വരന്മാരായിരുന്നു രാജ്യത്തുണ്ടായിരുന്നത്. അത് 2015 ആയപ്പോഴേക്കും 2.36 ലക്ഷം പേരായി ഉയർന്നു. 55 ശതമാനം വർധനയാണ് ഉണ്ടായത്.

മൊത്തം ആസ്തി 10 ലക്ഷം ഡോളറോ അതിൽ കൂടുതലോ ഉളളവരെയാണ് കോടീശ്വരന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തുക. ഐ.ടി., ഫിനാൻഷ്യൽ സർവീസ്, പുറം ജോലി കരാർ, ആരോഗ്യ മേഖല, നിർമാണ മേഖല എന്നീ രംഗങ്ങളിൽ രാജ്യത്തെ സംരംഭങ്ങൾ കൈവരിച്ച നേട്ടമാണ് ധനാഢ്യരുടെ എണ്ണം ഉയരാൻ വഴിയൊരുക്കിയത്. അടുത്ത പത്ത് വർഷത്തേക്ക് ഇവരുടെ എണ്ണം കൂടി വരുമെന്നാണ് കണക്ക്. 2025 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 5,54,000 ആകുമെന്നുമാണ് കണക്കുകൂട്ടൽ.

ഇപ്പോഴുള്ളതിനേക്കാൾ 135 ശതമാനം ഉയരുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ മെച്ചപ്പെട്ട ബാങ്കിങ് സംവിധാനവും ഓഹരി വിപണിയും ഇതിന്‌ കരുത്തേകും.

ഇതിനിടയിലും രാജ്യത്ത് ബിസിനസ് വ്യാപനത്തിന് സർക്കാർ കടുംപിടിത്തവും അഴിമതിയും വെല്ലുവിളി ഉയർത്തുന്നതായി റിപ്പോർട്ട് പറയുന്നു. പുതിയ സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here