ഇസ്‌ലാമാബാദ്: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദുരഭിമാനക്കൊലയ്‌ക്കെതിരെ പാകിസ്താനില്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ദുരഭിമാനക്കൊല നടത്തുന്നവര്‍ക്ക് മറ്റ് കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കുന്നത് നിരോധിക്കുകയാണ് നിയമനിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റിന് മുന്നില്‍ വരുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ഷെറീഫ് പറഞ്ഞു. പ്രശസ്ത നടിയും മോഡലുമായ ഖന്‍ഡില്‍ ബലോച്ചിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍)വളരെയധികം സ്വാധീനമുള്ള വ്യക്തിയാണ് മറിയം നവാസ് ഷെരീഫ്. നിയമം ഐകകണ്‌ഠേന പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മറിയം വ്യക്തമാക്കി. ഇതിനായി പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കരട് നിയമം തയ്യാറാക്കിയിരിക്കുകയാണ്. നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

boloch brother

ദുരഭിമാനക്കൊലയ്‌ക്കെതിരെ നിയമനിര്‍മാണം നടത്താന്‍ പാക് സര്‍ക്കാരിന് മേല്‍ വന്‍ സമ്മര്‍ദ്ദമാണ് സമൂഹം ചെലുത്തുന്നത്. കുടുംബത്തിന് അപമാനകരമാകുമെന്ന് തോന്നുന്ന പ്രവൃത്തികള്‍ ചെയ്യുന്നവരെ കുടുംബാംങ്ങള്‍ തന്നെ മൃഗീയമായി കൊലപ്പെടുത്തുന്നത് ഇവിടെ പതിവാണ്. എന്നാല്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ മാപ്പ് നല്‍കിയാല്‍ കുറ്റവാളിക്ക് രക്ഷപെടാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് നിയമം മൂലം നിരോധിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ പ്രതിക്ക് മാപ്പ് നല്‍കിയാല്‍ ശിക്ഷ ഇളവ് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്.

ബലോച്ചിന്റെ കൊലപാതകത്തില്‍ സഹോദരന് മാപ്പ് നല്‍കി രക്ഷപെടുത്താന്‍ അച്ഛനും അമ്മയും നടത്തിയ ശ്രമം കഴിഞ്ഞ ദിവസം പാക് അധികൃതര്‍ തടഞ്ഞിരുന്നു. താന്‍തന്നെയാണ് കൊലപാതകം നടത്തിയതെന്നും തനിക്ക് അതില്‍ തെല്ലും പശ്ചാത്താപം ഇല്ലെന്നും കൊലപാതകത്തില്‍ പിടിയിലായ സഹോദരന്‍ വസിം അസിം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മുള്‍ട്ടാനിലെ വസതിയില്‍ വെച്ചായിരുന്നു ബലോച്ചിനെ സഹോദരന്‍ കൊലപ്പെടുത്തിയത്.

ഒരോ വര്‍ഷവും 500 ഓളം സ്ത്രീകളാണ് ദുരഭിമാനത്തിന്റെ പേരില്‍ പാകിസ്താനില്‍ കൊലചെയ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here