അങ്ങിനെ രണ്ടുകൊല്ലത്തോളമായി പെരുമ്പറയടിച്ചിരുന്ന ഫൊക്കാന മഹോത്സവവും കൊടിയിറങ്ങി. ആരെന്തു നേടി, അമേരിക്കന്‍ മലയാളികള്‍ക്ക് ഇതുകൊണ്ട് എന്ത് ഉല്‍ക്കര്‍ഷങ്ങളുണ്ടായി എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ ഉത്സവത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നു. മൊത്തത്തില്‍, ഉത്സവം നന്നായിരുന്നെന്നു പറയാം. ഇത്ര വിപുലമായ ഉത്സവമേളയില്‍ തെറ്റുകുറ്റങ്ങളും പാകപ്പിഴകളും സ്വാഭാവികമാണ്. ആദ്യമായി, ഈ ഉത്സവത്തിന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ ശ്രീ. ജോണ്‍ പി. ജോണ്‍, ശ്രീ. വിനോദ് കെയാര്‍കെ, ടോമി കക്കാട്ട് സംഘത്തിന് അനുമോദനങ്ങള്‍.

ഒരു കാര്യം ശ്രദ്ധേയം. അടുത്ത കാലത്ത് നടന്നിട്ടുള്ള ഫൊക്കാന സമ്മേളനങ്ങളേക്കാള്‍ ജനബഹുലതയിലും അല്പം ചില പരിപാടികളുടെ മേന്മയിലും ഈ സമ്മേളനം വേറിട്ടുനില്‍ക്കുന്നു. എങ്കിലും: നാട്ടില്‍ നിന്നും സിനിമാതാരങ്ങളുടേയും, പിന്നണിഗായകരുടേയും, രാഷ്ട്രീയക്കാരുടേയും, മാധ്യമക്കാരുടേയും, സാഹിത്യകാരന്മാരുടേയും സന്ധുബന്ധുക്കളുടേയും കൊഴുപ്പുകൊണ്ട് തമ്മില്‍ തട്ടാതേയും മുട്ടാതേയും വഴിനടക്കാന്‍ വയ്യെന്നായി. ഇത് കുറേ പേര്‍ക്കെങ്കിലും ആനന്ദലഹരി നല്‍കിയിട്ടുണ്ടായിരിക്കാം. ഇത്രയും വലിയ ഒരു നിര ആളുകളെ ഇവിടെ എഴുന്നള്ളിച്ച് കൊണ്ടുവന്നതുകൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തിന് എന്തുനേട്ടമുണ്ടായി? സംഘാടകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇരിക്കപ്പൊറുതി ഇല്ലാതെ സ്റ്റേജില്‍ കയറാനും ഇറങ്ങാനും അതുമൂലം നല്ല വ്യായാമത്തിനും ഒപ്പം ഞെളിഞ്ഞ് വിലസാനും സാധിച്ചല്ലോ, അല്ലേ? നേഴ്‌സസ് സെമിനാര്‍, ആരോഗ്യ സെമിനാര്‍, മതസൗഹാര്‍ദ്ദ സെമിനാര്‍, ബിസിനസ്സ് സെമിനാര്‍, ചിരിയരങ്ങ്, സാഹിത്യസെമിനാര്‍, മലയാളി മങ്ക, മിസ് ഫൊക്കാന എന്നീ പതിവിന്‍പടി ഇനങ്ങള്‍ വലിയ കോട്ടങ്ങളില്ലാതെ നടന്നു. പ്രേക്ഷേക സാന്നിദ്ധ്യവും സംഘാടകരുടെ അദ്ധ്വാനവും കൊണ്ട് ഒരു വിധം സെമിനാറുകളും തരക്കേടില്ലാത്ത വിധത്തില്‍ നടന്നതായി പറയണം.

ഫിലഡെല്‍ഫിയ, ന്യൂയോര്‍ക്ക് പ്രദേശങ്ങളില്‍ നിന്നും പങ്കെടുത്ത ഒരുകൂട്ടം ആളുകള്‍ക്കു സഹിക്കേണ്ടി വന്ന മനോവ്യഥയും, പ്രയാസങ്ങളും, സമയം പാഴാക്കലും പൊതുജനം അറിയേണ്ടിയിരിക്കുന്നു. ഈ ദൃക്‌സാക്ഷി വിവരണം, ഭാവിയില്‍ ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഉദ്ദേശിച്ചുകൂടിയാണ്. ജൂലൈ 1ന് അക്കാഡമി എന്ന ചാര്‍ട്ടേഡ് ബസ്സ് രാവിലെ കൃത്യം 4 മണിക്ക് ബ്രാഡോക്കിലെ കേരള കള്‍ച്ചറല്‍ സെന്ററില്‍ എത്തുമെന്നതിനാല്‍ എല്ലാവരും എത്തിച്ചേരണമെന്നും, അല്ലാത്തപക്ഷം ഉള്ളവരുമായി ടൊറോന്റോയിലേക്ക് ബസ്സ് പുറപ്പെടുമെന്നും എല്ലാവരേയും ഭാരവാഹികള്‍ അറിയിച്ചിരുന്നു. എല്ലാവരും നിശ്ചിതസമയത്തിനു മുമ്പേ തന്നെ എത്തിച്ചേര്‍ന്നെങ്കിലും ബസ്സ് എത്തിയത് ഏകദേശം അരമണിക്കൂര്‍ വൈകിയാണ്. ഞങ്ങളുടെ ദുശ്ശകുനം ഇവിടെ തുടങ്ങുന്നു. സമ്മേളനഹോട്ടലില്‍ വൈകുന്നേരം ഏതാണ്ട് നാലുമണിയോടെ എത്തിച്ചേര്‍ന്നു. നീണ്ട ക്യൂവില്‍ നിന്ന് റജിസ്‌ട്രേഷന്‍ പരിപാടി പൂര്‍ത്തിയാക്കി. വീണ്ടും നീണ്ട ക്യൂവില്‍ നിന്ന് ഹോട്ടല്‍ മുറി കിട്ടേണ്ടിടത്ത് നില്പായി. ദീര്‍ഘമായ പത്തുമണിക്കൂര്‍ യാത്രക്കുശേഷം ഒരു വിധം കൗണ്ടറില്‍ എത്തിയപ്പോള്‍ ക്ലര്‍ക്ക് പറയുന്നു ഒരു ഫൊക്കാന ഭാരവാഹിയുടെ ഒഴിച്ച് മറ്റാരുടേയും പേരു വിവരങ്ങള്‍ അവരുടെ ലിസ്റ്റിലില്ലെന്നും ഒരൊറ്റ മുറി പോലും ഒഴിവില്ലെന്നും.

നേരത്തേകൂട്ടി രജിസ്റ്റര്‍ ചെയ്ത് പൈസയും കൊടുത്തിട്ട് 600-ലധികം മുറികളുള്ള ഹോട്ടലില്‍ എങ്ങിനെയാണ് മുറികിട്ടാത്തതെന്ന് മ്ലാനചിന്തയിലായി ക്ഷീണിച്ചു തളര്‍ന്ന എല്ലാവരും.. അതിലെ ബാഡ്‌ജെല്ലാം ധരിച്ച് ധൃതിഗതിയില്‍ നെട്ടോട്ടമോടുന്ന ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍, സെക്രട്ടറി തൊട്ട് എല്ലാ ഭാരവാഹികളോടും സങ്കടമുണര്‍ത്തിച്ചിട്ടും ഞങ്ങളെല്ലാം നോക്കുകുത്തികള്‍പോലെ ഒരേ നില്പ്. ഓരോ ഭാരവാഹിയും എനിക്കിതേക്കുറിച്ച് ഒന്നും അറിയില്ല എന്ന് പറയുകയല്ലാതെ ഒന്നും തന്നെ ചെയ്യാന്‍ തയ്യാറായില്ല. രണ്ടു മുതല്‍ നാലുമണിക്കൂര്‍ നേരത്തെ വാചകക്കസര്‍ത്തിനുശേഷം, നാലഞ്ചു പേരൊഴികെ, എല്ലാവര്‍ക്കും ഇല്ലെന്നാദ്യം പറഞ്ഞ മുറികള്‍ ലഭ്യമായി. സംഘാടകര്‍ക്കു കാര്യക്ഷമത ഉണ്ടായിരുന്നെങ്കില്‍ ഈ ദുരിതം ഒഴിവാക്കാമായിരുന്നു. കാശും കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ ഒരനുഭവമായി ഞങ്ങള്‍ക്കൊക്കെ. ഇതെങ്ങിനെ സംഭവിച്ചു? ഞങ്ങളേപോലുള്ളവരുടെയെല്ലാം റെജിസ്‌ട്രേഷന്‍ തുകയില്‍ നിന്നുമുള്ള മിച്ചംകൊണ്ട് കൊണ്ടുവന്നവരും കൊണ്ടുവരാനിരിക്കുന്നവരുമായ ചലച്ചിത്ര, രാഷ്ട്രീയ, സാഹിത്യകാരന്മാരുടെ നിരക്കും അവരുടെ പാരാവാരങ്ങള്‍ക്കും വേണ്ടി മുറി ഒഴിച്ചിട്ടിരിക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ക്കൊന്നും മുറിയില്ലെന്ന തൊടുന്യായം ഉണ്ടായതെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. എന്നാലോ, എല്ലാ ഭാരവാഹികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എല്ലതും ഭദ്രം. അവരില്ലെങ്കില്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലല്ലോ. ഞങ്ങളെപോലുള്ള പ്രേക്ഷകരെന്തിന്? ഇവിടെ മുറി കിട്ടാത്ത നാലഞ്ചുപേര്‍ക്ക് ഒരു ഷട്ടില്‍ ബസ്സില്‍ സഞ്ചരിക്കാവുന്ന ദൂരത്തില്‍ മറ്റൊരു ഹോട്ടലിലും താമസ സൗകര്യം ഒടുവില്‍ ഉണ്ടാക്കികൊടുത്തു. ഇതിന്റെ ഫലമായി ഫൊക്കാന കണ്‍വെന്‍ഷന്റെ ഘോഷയാത്ര, ചെണ്ടമേളം, തിരുവാതിരക്കളി എന്നിവയിലൊന്നും പങ്കെടുക്കാനോ, കാണാനോ സാധിക്കാതെ പോയി. ഇതല്ലേ സംഭവിച്ചുള്ളൂ; മറ്റൊന്നും സംഭവിച്ചില്ലല്ലോ എന്നും സമാശ്വസിക്കാം; അല്ലേ?

രണ്ടാം ദിവസം രാത്രി വേണ്ട ക്രമീകരണങ്ങള്‍ ഇല്ലാതെ പോയതിനാലോ, അല്ല ഓരോ ഇനത്തിനും എല്ലാ ഭാരവാഹികളേയും വിളിക്കുകയും നീണ്ടനിര തിക്കിത്തിരക്കി പല പ്രാവശ്യം സ്റ്റേജ് കേറിയിറങ്ങി സമയം പാഴാക്കിയതിനാലോ, നിശ്ചിത സമയം ലംഘിച്ച് പരിപാടികള്‍ ദീര്‍ഘിപ്പിച്ചതിനാല്‍ അനാവശ്യമായി പൊതു ഖജനാവില്‍ നിന്നും ഓവര്‍ ടൈം ചാര്‍ജ്ജ് കൊടുക്കേണ്ടിവന്നു എന്ന് ഭാരവാഹികളിലൊരാള്‍ പറയുന്നത് കേള്‍ക്കാനും ഇടയായി.

സാഹിത്യ സെമിനാര്‍: ഈ സെമിനാറില്‍ അധികം ആളുകള്‍ സന്നിഹിതരായിരിക്കാന്‍ വഴിയില്ലെന്നു മുന്‍ധാരണയെ തെറ്റിച്ചുകൊണ്ട് ഒരു ചെറിയ മുറി തിങ്ങിനിറയാന്‍ മാത്രം ആളുകള്‍ പങ്കെടുത്തു. മുഖ്യാഥിതി ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒമ്പത് മുപ്പതിനെത്താന്‍ വൈകിച്ചതിനാല്‍ സമ്മേളനം തുടങ്ങാന്‍ വൈകി. (പത്ത് പത്തും കഴിഞ്ഞു തുടങ്ങിയപ്പോള്‍) നേരം വൈകി എന്ന മേല്‍വിലാസത്തില്‍ ക്ഷണിച്ചു വരുത്തിയ രണ്ടാമത്തെ അതിഥിയാകട്ടെ ഒരു ദീര്‍ഘപ്രഭാഷണത്തിന്റെ ആവശ്യക്ത ഇല്ലെന്ന മറവില്‍ അധികമൊന്നും പറയാതെ ഒഴിഞ്ഞു മാറി. ഈ സെമിനാറിന്റെ ഏതാണ്ട് അവസാനത്തോടു കൂടിയേ, ഒരു മൈക്കിന്റെ അഭാവം, സാഹിത്യ സെമിനാറിന്റെ മുഖ്യശില്പിക്ക് ബോദ്ധ്യമായുള്ളൂ. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് തുടങ്ങേണ്ട നോവല്‍, കഥ എന്നിവയെക്കുറിച്ചുള്ള സെമിനാറും നിശ്ചിത സമയത്തിന് തുടങ്ങിയില്ല. ഉദ്ഘാടന പ്രസംഗം നടത്തേണ്ട സാഹിത്യകാരനെ കാത്തുകാത്തുകാണാഞ്ഞ് ആദ്യത്തെ പ്രഭാഷകന്‍ ശ്രീ. അശോകന്‍ വേങ്ങശ്ശേരിക്ക് തന്റെ പ്രഭാഷണം തുടങ്ങേണ്ടിവന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണം മുക്കാലും കഴിയാറായപ്പോള്‍ ഉദ്ഘാടകന്‍ പ്രത്യക്ഷപ്പെട്ടു. മുന്‍ പറഞ്ഞ പ്രാസംഗികന്റെ പ്രസംഗം നിര്‍ത്തിവെച്ച് ആരംഭിച്ചു കഴിഞ്ഞ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉദ്ഘാടനപ്രസംഗം ഏതായാലും നടത്തി. അങ്ങിനെ വണ്ടിയെ കുതിരക്കു മുന്നിലാക്കി സാഹിത്യയാത്ര തുടര്‍ന്നു. കാലവും മാറി കോലവും മാറിയല്ലോ. തകഴി, സുകുമാര്‍ അഴീക്കോട്, എം.ടി., ഓ.എന്‍.വി. എന്നീ സാഹിത്യപ്രതിഭകളുടെ സാന്നിദ്ധ്യത്താല്‍ മികവുറ്റ ഫൊക്കാന സാഹിത്യ സെമിനാറുകളുടെ സുവര്‍ണ്ണകാലഘട്ടത്തെക്കുറിച്ച് അയവിറക്കിയിട്ട് എന്ത് പ്രയോജനം! തമിഴന്‍ പറഞ്ഞപോലെ, അതൊക്കെ അന്തക്കാലത്ത്.

പിറ്റേദിവസത്തെ പരിപാടി ഇനത്തില്‍ പെടാത്ത അനൗപചാരിക സാഹിത്യ സുഹൃത് സമ്മേളനം ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സംഭവബഹുലമായ അനുഭവസമ്പത്ത് പങ്കുവെക്കുക വഴി ശ്രോതാക്കള്‍ ഏകദേശം ഒന്നരമണിക്കൂറോളം കേട്ടിരുന്നു. സാഹിത്യ സെമിനാര്‍ സംഘാടകനായ സാഹിത്യകാരന്റെ മുറിയെച്ചൊല്ലിയുള്ള കടുംപിടുത്തവും ഒഴിവാക്കാമായിരുന്ന അമര്‍ഷപ്രകടനങ്ങളും ഒരു അനിഷ്ടസംഭവമായി അവശേഷിച്ചെന്നു മാത്രം.

രണ്ടാം ദിവസവും മൂന്നാം ദിവസവും രാത്രിയില്‍ നാട്ടില്‍ നിന്നും എതിരേറ്റു കൊണ്ടുവന്ന രണ്ടു ടി.വി. അവതാരകരുടെ അപക്വവും നിരര്‍ത്ഥകവുമായ പ്രകടനങ്ങള്‍ കാരണം ശ്രീ. സുരേഷ്‌ഗോപി, ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നീ താരങ്ങള്‍ക്ക് വാതുറക്കാനാകാതെ, മര്യാദയ്ക്ക് ഒന്നു സംസാരിക്കാന്‍ പോലും ഒത്തില്ല. അതേ പോലെ, പൈസ മുടക്കി കൊണ്ടുവന്ന, ജി.വേണുഗോപാല്‍, വിജയ് യേശുദാസ്, സിതാര എന്നിവര്‍ ചുരുക്കം പാട്ടുകൊണ്ടും പാട്ടുശകലങ്ങള്‍ കൊണ്ടു ഗാനമേള പരിപാടികള്‍ ചുരുക്കിയത് പ്രേക്ഷകര്‍ക്ക് ഒരു നഷ്ടബോധമുളവാക്കി.

മൂന്നാം ദിവസം രാത്രി ഗായത്രി മാത്രം കുറച്ചു പാട്ടുകള്‍ പാടി. പക്ഷേ സൗണ്ട് സിസ്റ്റത്തിന്റെ അപര്യാപ്തത ആ ഗായികയുടെ അസംതൃപ്തിക്കും കാരണമായി. സ്റ്റേജ് സജ്ജീകരണങ്ങളും സൗണ്ട് സിസ്റ്റവും മികച്ചതായിരുന്നില്ലെന്നു സൂചിപ്പിക്കുന്നതില്‍ ഖേദമുണ്ട്.

മാമാങ്കത്തിലെ അങ്കം: ഈ സന്ദര്‍ഭത്തില്‍ സാധാരണ ആളുകള്‍ തെറ്റായി വിശേഷിപ്പിക്കാറുള്ള മാമാങ്ക പ്രയോഗം ജനറല്‍ ബോഡി മീറ്റിങ്ങ് വാചകക്കസര്‍ത്തിനുപുറമേ, കയ്യാംകളികൊണ്ടും ശ്രദ്ധേയമാക്കിയതിനാല്‍, അര്‍ത്ഥവത്തായിരിക്കുമെന്നു കരുതുന്നു. മൊത്തത്തില്‍, ഒരു നല്ല ഫൊക്കാന കണ്‍വന്‍ഷന്‍ എന്ന വിശേഷണത്തിന് അര്‍ഹമാകേണ്ടിയിരുന്ന ഒരു സമ്മേളനം വിക്ഷോഭം അടക്കാന്‍ കഴിയാതെ വന്ന ചില അംഗങ്ങളുടെ പ്രകോപനപരമായ പെരുമാറ്റം മലയാളികളുടെയെല്ലാം അപകീര്‍ത്തിക്ക് പാത്രമായത് ശോചനീയം തന്നെ. ജനറല്‍ സെക്രട്ടറി ശ്രീ. കെയാര്‍ക്കെയുടെ ധീരവും ശക്തവുമായ ഇടപെടലുകള്‍ ഉണ്ടായിട്ടുപോലും ഈ ഗതികേട് ഉണ്ടായി. ഒരു അംഗവിക്ഷേപത്തില്‍ സമ്മേളനം നീങ്ങുമോ എന്ന വിഹ്വലയായ ഒരു വനിതയുടെ കണ്ണുനീര്‍ പൊടിയാറായി നില്‍ക്കുന്ന ചിത്രം എന്റെ മനോമുകുളത്തില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. കൂടുതല്‍ വിവരണത്തിന് മുതിരുന്നില്ല.

കൊട്ടിഘോഷിച്ച FIMCA Award ന്റെ ഉദ്ദേശശുദ്ധി സഫലീകൃതമായോ എന്ന സന്ദേഹം പലരിലുമുണ്ട്. നാട്ടില്‍ പുതുമഴക്ക് കിളുര്‍ക്കുന്ന കൂണ്‍പോലെ, ധാരാളം ടി.വി.ചാനലുകളുണ്ട്. ഇവയെല്ലാം താരനിശയും ഫിലിം അവാര്‍ഡുകളും വാരിക്കോരികൊടുക്കുന്നുമുണ്ട്. അങ്ങിനെയിരിക്കേ, ഇവിടെ ക്ഷണിച്ചുവരുത്തിയ താരങ്ങള്‍ക്ക് മാത്രം ഒരു മുന്‍വിധിയോടെയുള്ള കാട്ടിക്കൂട്ടലുകള്‍ക്ക് എന്തു പ്രസക്തി? പൊതുജന ഖജനാവിന്റെ വെറും ധൂര്‍ത്തടിയോ? അതേപോലെതന്നെ പെരുമ്പറയടിച്ചിരുന്ന Glimpse OF India പരിപാടിയിലൂടെ യുവതലമുറ ഭാരത പര്യടനം പൂര്‍ത്തിയാക്കി, ഭാരതം കണ്ടെത്തിയ നിര്‍വൃതിയില്‍ മതിമറന്നിരിക്കുകയായിരിക്കാം. ഇനി, അവസാനദിവസത്തെ അവസാന പരിപാടിയായ മിസ് ഫൊക്കാന പരിപാടി ബ്യൂട്ടി പേജന്റിന്റെ ചുവടുപിടിച്ച് ഏകദേശം പത്ത് സുന്ദരിമാരെ അണിനിരത്തി. വിധികര്‍ത്താക്കളിലൊരാളുടെ ആശയവിനിമയ പ്രാഗത്ഭ്യം  ഇവിടെ ജനിച്ചുവളര്‍ന്ന സുന്ദരികളെ വല്ലാതെ കുഴക്കിയതായി അനുഭവപ്പെട്ടു.

നമുക്കെല്ലാം സുപരിചിതമായ ഒരു പഴഞ്ചൊല്ലാണല്ലോ, ;അടിതെറ്റിയാല്‍ ആനയും വീഴും എന്നത്. ഏതു സംഘടനയുടേയും അടിത്തറ അതിന്റെ ആദര്‍ശത്തിലും മൂല്യത്തിലും അധിഷ്ഠിതമാണല്ലോ. അത് നടപ്പാക്കുന്നതോ സംഘടനകളോട് കൂറും നീതിയും ആത്മാര്‍ത്ഥയും പുലര്‍ത്തുന്ന സംഘടനാ നേതാക്കളും. അങ്ങിനെയുള്ള നേതാക്കളുടെ ചുവടുവെയ്പ്പ് പതറരുത്; പിഴക്കരുത്.

ജയ ജയ ഫൊക്കാന!!!

LEAVE A REPLY

Please enter your comment!
Please enter your name here