29 മാസങ്ങൾക്കു മുൻപ്  പത്രത്തില് വന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം വീണ്ടും തെളിയുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. മഴവില്ലു പോലെ ജീവിതം അല്പ്പനേരം പ്രസരിപ്പിച്ച്, പിന്നീടു മാഞ്ഞു പോയ പ്രവീൺ വർഗീസ് എന്ന ചെറുപ്പക്കാരൻ ഇപ്പോൾ ഈ ദിവസങ്ങളിൽ വാർത്തകളിൽ നിറയുന്നു. അന്നത്തെ  പത്രത്താള്, നിധി പോലെ സൂക്ഷിക്കുന്ന ഒരാളുണ്ട്.പ്രവീണിന്റെ അമ്മ. ഒരു അമ്മയുടെ  പോരാട്ടത്തിന്റെ  രണ്ടാം  ഘട്ടം  ജൂലൈ 29 നു ആരംഭിക്കുകയാണ്. ചിലർ അങ്ങനെയാണ്. അവർ ജീവിതം കൊണ്ടാണ് നമ്മെ പ്രലോഭിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്ന നമുക്ക് മരണപ്പെട്ടുപോയ ആത്മാവിനോട് ഒരു നീതിയില്ലേ.

ഒരു അമ്മ മകന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താൻ നടത്തുന്ന സഹന സമരത്തിന് ഇനിയെങ്കിലും  അമേരിക്കൻ  മലയാളികൾ തുണയാകണം. പ്രവീണ് വർഗീസ് എന്ന ചെറുപ്പക്കാരൻ ഒരു അമ്മയുടെ കണ്മുൻപിൽ ഈ  ലോകത്തോട്  വിട  പറഞ്ഞിട്ട്   രണ്ടു വർഷമാകുന്നു. പ്രവീൺ  വര്ഗീസിനു നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം വളരെ വൈകിയാണ് പോരാട്ടത്തില് അമേരിക്കയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കുകയാണ്. പക്ഷെ ഒരു അമ്മയ്ക്ക് നഷ്ടപ്പെട്ട മകനെ ഇനി ആർക്കും തിരിച്ചു നൽകാൻ ആകില്ലങ്കിലും ആ അമ്മയ്ക്ക് നീതി ലഭിക്കാൻ ഇന്ത്യൻ സമൂഹത്തിനു വളരെ നേരത്തെ ഒന്നിക്കാമായിരുന്നു.പ്രവീണ് ആ ക് ഷന് കൗണ്സിലിന്റെ ആഭിമുഖ്യത്തിലും അമേരിക്കയിലെമ്പാടുമുള്ള വിവിധ മലയാളി സംഘടനകളുടെ സഹകരണത്തിലും ജൂലൈ 29 ന് ഷിക്കാഗോയില് മലയാളി സമൂഹം ഒന്നിക്കുന്നു. ഗവര്ണറുടെയും, അറ്റോര്ണി ജനറലിന്റെയും ഓഫീസുകളിലേക്ക് സമാധാനപരമായി പ്രതിഷേധ മാര്ച്ച് നടത്തി പ്രവീൺ വധക്കേസിന്റെ ഉള്ളറകളിലേക്ക് പോലീസിനെ എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അമേരിക്കൻ മലയാളി സമൂഹത്തിനുണ്ട്. നാളെ പ്രവീണിന്റെ സ്ഥാനത്തു നമ്മുടെയോ നമ്മുടെ മക്കളുടെയോ പേരുകൾ ആകാം. അതുകൊണ്ടു ഒരമ്മയുടെ ജീവന്മരണ പോരാട്ടത്തിന് നമ്മുടെ പിന്തുണ ഉണ്ടാകണം.

ഓണവും ക്രിസ്തുമസും വിഷുവുമൊക്കെ ആഘോഷിക്കാനും,വർഷാവർഷം നാട്ടിലും ഇവിടെയും സമ്മേളനങ്ങൾ വിളിച്ചു കൂട്ടുവാനും അവസാനം അടിച്ചു പിരിയുവാനും,സ്ഥാന മാനങ്ങൾക്കുവേണ്ടി എന്ത് പണിയും കാണിക്കുവാനും മിനക്കെടുന്ന സമയത്തു ഇത്തരം കാര്യങ്ങളിൽ അല്പം മനസുവയ്ക്കാൻ സംഘടനാ നേതാക്കൾ ശ്രമിക്കണം. അതിനുള്ള അവസരമാണിത്. ഒരു അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കാൻ നമുക്ക് സാധിച്ചാൽ അതിൽ പരം ഒരു പുണ്യം വേറെ ഉണ്ടാകില്ല. ചിക്കാഗോ ഡൗണ്ടൗണിലെ ഡെയ്ലി പ്ലാസയില് 29 നു ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ഒത്തുകൂടുന്നവർ  പ്രവീൺ വർഗീസിന്റെ മരണത്തിനു കാരണമായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ നീതി തേടിയുള്ള പോരാട്ടത്തിൽ അണിചേരണം. ഈ കൂട്ടായ്‍മ അമേരിക്കയിലുടനീളം വ്യാപിക്കാൻ അന്നേ ദിവസം  കാര്ബണ്ഡെയിലില് കൊല്ലപ്പെട്ട മോളി യങിന്റെ കുടുംബാംഗങ്ങളും എത്തുന്നത് മലയാളി സമൂഹത്തിനു വലിയ പിൻതുണയാകും.

25 വര്ഷമായി ഷിക്കാഗോയില് നിന്നു കാണാതായ പോലീസുകാരി റോബിന് അംബ്രോസിന്റെ സഹോദരി ജോഡി വാല്ഷും പ്രതിഷേധ കൂട്ടായ്മയില് പങ്കുചേരുന്നതോടെ ആ ഒത്തുചേരൽ ഒരു വലിയ വിപ്ലവത്തിനായിരിക്കും തുടക്കമിടുക.പ്രവീണിന്റെ കുടുംബത്തിനുണ്ടായ വേദന ഇനി മറ്റാര്ക്കുമുണ്ടാകരുതെന്നും, ഈ സഹന പോരാട്ടത്തില് ഒറ്റയ്ക്കല്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഷിക്കാഗോയ്ക്കു പുറമേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില് നിന്നായി ധാരാളം ഷിക്കാഗോയിൽ എത്തുമെന്നാണ് പ്രവീണിന്റെ അമ്മ ലൗലി  പ്രതീക്ഷിക്കുന്നത്.ആ പ്രതീക്ഷയ്ക്കു താങ്ങും തണലുമാകേണ്ടത് നമ്മൾ മലയാളികൾ അടങ്ങുന്ന ഇന്ത്യൻ സമുഹമാണ്.

ഓരോ വേര്പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണെന്നും മുറിവുകളുടെ രണഭൂമികകണെന്നും തിരിച്ചറിഞ്ഞാൽ മാത്രം മതി ഈ 29 നു ചിക്കാഗോയിൽ ചരിത്രം  മാറി മറിയാൻ.

praveen and mother

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here