29 മാസങ്ങൾക്കു മുൻപ്  ചിക്കാഗോയിൽ മരണപ്പെട്ട പ്രവീൺ വർഗീസ് എന്ന ചെറുപ്പക്കാരൻ അന്ന് മുതൽ ഇന്ന് വരെ  വാർത്തകളിൽ നിറയുകയാണ്. ലൗലി വർഗീസ് എന്ന അമ്മ നടത്തിയ പോരാട്ടം പലരുടെയും കണ്ണ് തുറപ്പിക്കുന്നു. ആ അമ്മയുടെ  പോരാട്ടത്തിന്റെ  രണ്ടാം  ഘട്ടം  ജൂലൈ 29 നു ആരംഭിക്കുകയാണ്. 

ഒരു അമ്മ മകന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താൻ നടത്തുന്ന സഹന സമരത്തിന് അമേരിക്കൻ മലയാളി സമൂഹവും, ഇന്ത്യൻ സമൂഹവും, അമേരിക്കൻ സമൂഹവും ഈ അമ്മയ്‌ക്കൊപ്പം നിന്നു. പക്ഷെ ഒരു അമ്മയ്ക്ക് നഷ്ടപ്പെട്ട മകനെ ഇനി ആർക്കും തിരിച്ചു നൽകാൻ ആകില്ലങ്കിലും ആ അമ്മയ്ക്ക് നീതി ലഭിക്കാൻ ആക്ഷ൯ കൗണ്സിലിന്റെ ആഭിമുഖ്യത്തിലും അമേരിക്കയിലെമ്പാടുമുള്ള വിവിധ മലയാളി സംഘടനകളുടെ സഹകരണത്തിലും ജൂലൈ 29 ന് ഷിക്കാഗോയില് മലയാളി സമൂഹം ഒന്നിക്കുകയാണ്.

പ്രവീണിന്റെ കുടുംബത്തിനുണ്ടായ വേദന ഇനി മറ്റാര്ക്കുമുണ്ടാകരുതെന്നും, ഈ സഹന പോരാട്ടത്തില് ഒറ്റയ്ക്കല്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഷിക്കാഗോയ്ക്കു പുറമേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില് നിന്നായി ധാരാളം ഷിക്കാഗോയിൽ എത്തുമെന്നാണ് പ്രവീണിന്റെ അമ്മ ലൗലി  പ്രതീക്ഷിക്കുന്നത്. ഈ നിർണ്ണായക ഘട്ടത്തിലെ തിരക്കുകൾക്കിടയിൽ ലൗലി വർഗീസുമായി കേരള ടൈംസ് എഡിറ്റർ ബിജു കൊട്ടാരക്കര നടത്തിയ അഭിമുഖം.

Pravin

ഒരമ്മയുടെ പോരാട്ടാത്തതിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണല്ലോ ഇന്ന്?കടന്നു പോയ രണ്ടു വർഷങ്ങൾ വേദനയുടേതാണെന്നറിയാം. എങ്കിലും ഈ പോരാട്ടം ഒറ്റയ്ക്ക് നടത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഒന്ന് വിശദീകരിക്കാമോ?

ഞാൻ ഒറ്റയ്ക്കായിരുന്നു. എങ്കിലും ഈ കാര്യത്തിൽ എന്നോടൊപ്പം നിരവധി ആളുകൾ ഉണ്ടായിരുന്നു. അവരുടെ പിന്തുണയാണ് ഇന്ന് വരെ എത്താൻ എന്നെ സഹായിച്ചത്. പ്രവീണിന്റെ ശവസംസ്‌കാരം നടന്നതിന് ശേഷം ഈ വിഷയത്തിൽ സത്യം കണ്ടെത്താൻ എനിക്ക് ധൈര്യം തന്നതും ആദ്യമായി ഒരു മീറ്റിങ് വിളിച്ചു കൂട്ടിയതും ചിക്കാഗോയിലെ സാംസ്കാരികപ്രവർത്തകയായ മറിയാമ്മ പിള്ള ആയിരുന്നു. മകന്റെ ശവസംസ്‌കാരം നടന്നു മുന്നു ദിവസത്തിനു ശേഷം ആയിരുന്നു ആ മീറ്റിങ്. എല്ലാവരും വിഷമിച്ചു നിന്ന അന്തരീക്ഷത്തിൽ തുടങ്ങിയ ആ മീറ്റിങ്ങിൽ നിന്നാണ് എനിക്ക് ഇവിടം വരെ എത്താൻ സാധിച്ചത്. ജാതി മത വിത്യാസമില്ലാതെ എല്ലാ ആളുകളും എന്നോടൊപ്പം നിന്നു.

ആ മീറ്റിങ്ങിൽ  ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. മറിയാമ്മ പിള്ള, സാമൂഹ്യ പ്രവർത്തകനായ ഗ്ളാഡ്സൺ വർഗീസ് എന്നിവരുടെ നേതൃത്വരത്തിൽ  ഒരു കൗൺസിൽ ഉണ്ടായി. പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച അന്ന് മുതൽ ഇന്നുവരെ ഇവിടുത്തെ  കമ്മ്യുണിറ്റി യാതൊരു വിത്യാസവുമില്ലാതെ ഞങ്ങളോടൊപ്പം നിന്നതിൽ  വലിയ ചാരിതാർഥ്യം ഉണ്ട്. മകന്റെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് എല്ലാവർക്കും തോന്നി. അതുകൊണ്ടു കൂട്ടായ ഒരു നീക്കം ഉണ്ടായി. പക്ഷെ ഞങ്ങളെ പിറകോട്ടു വലിച്ചവരും ഉണ്ട്. മുൻപോട്ടു പോകാൻ പ്രേരിപ്പിച്ചവരായിരുന്നു കൂടുതലും .

ഇതുകൊണ്ടുള്ള  ഒരു വലിയ നേട്ടം, എന്തെന്നാൽ വലിയ അച്ചീവ്‌മെന്റ് ഉണ്ടായി എന്നതാണ്. ഇവിടെ തന്നെയുള്ള റേഡിയോ ഹോസ്റ്റ് മോണിക്കയുടെ സഹായം എനിക്ക്  ലഭിച്ചത് വലിയ നേട്ടമായിരുന്നു. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെ കുറിച്ച് അറിയുവാനും ഏതു തരത്തിൽ മുന്നോട്ട് പോയാൽ നീതിലഭിക്കും എന്ന് പറഞ്ഞതു തരുവാൻ നമ്മുടെ കമ്മ്യുണിറ്റിയിൽ ആരുമില്ല. അവർക്കു അത് അറിയില്ല എന്നതായിരുന്നു സത്യം. അവരെല്ലാം ഒപ്പം നിൽക്കുകയും മോനിക്കയെ പോലെ ഒരാളുടെ ഉപദേശവും കൂടി ലഭിക്കുമ്പോൾ എന്റെ മകന് നീതി ലഭിക്കും എന്ന് അറിയാമായിരുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ കമ്മ്യുണിറ്റിക്കു നമ്മെ സഹായിക്കാൻ മനസുണ്ട്. പക്ഷെ ഒരു സപ്പോർട്ട് സിസ്റ്റം ആയി പ്രവർത്തിക്കാൻ സാധിക്കില്ല. ഇതുകൊണ്ടൊന്നും പ്രയോജനം ഇല്ല എന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. നമുക്ക് നമ്മുടെ കുഞ്ഞിനെ അറിയാം. അപ്പോൾ അവന്റെ ഭാഗത്തെ സത്യം  വെളിച്ചത്തു കൊണ്ടുവരണമല്ലോ ? ഞാനവന്റെ അമ്മയല്ലേ? അതുകൊണ്ടു മുന്നോട്ടു പോയി. ഇത്രയും നമ്മളെ നേടിയെടുത്തില്ലേ? അതിൽ വലിയ ചാരിതാർഥ്യം ഉണ്ട്. ഒപ്പം നിന്ന ആയിരക്കണക്കിനു ആളുകൾ ഉണ്ട്. അവരുടെ പ്രാർത്ഥന, നാളെ ഇതുപോലെ ഒരു പ്രശ്നം ഉണ്ടായാൽ അവർക്കൊരു പ്രചോദനം ഇതുകൊണ്ടു ഉണ്ടായില്ലേ?

ഞാൻ ഒരു ടിപ്പിക്കൽ സൗത്തിന്ത്യൻ സ്ത്രീ ആണ്. എന്റെ കുടുംബം, ഭർത്താവ്, മക്കൾ. എന്റെ പള്ളി അതിനപ്പുറത്തേക്ക് എനിക്ക് ഒന്നുമുണ്ടായിരുന്നില്ല പക്ഷെ മോന്റെ മരണത്തിന്റെ ദുരുഹത അന്വേഷിച്ചു ഇറങ്ങിയപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്ക് അറിയുവാൻ സാധിച്ചു. രണ്ടു വര്ഷത്തിനു മുൻപ് സത്യം കണ്ടെത്താൻ നടത്തിയ ഒരു പ്രവർത്തനത്തിന്റെ തുടക്കം ഇവിടെ വരെ എത്തുമ്പോൾ ഇത്തരം പല  കേസുകളെ  കുറിച്ചും അന്വേഷിക്കാൻ  പലരും രംഗത്തു വരുന്നുണ്ട്. അത് വലിയ അച്ചീവ്‌മെന്റ്  അല്ലെ? പത്തു വര്ഷം മുൻപ് കാണാതായ ഒരു പെൺകുട്ടിയുടെ അമ്മ എന്നെ കാണാൻ വന്നത് ഞാൻ ഓർക്കുന്നു. ആ പെൺകുട്ടി മരിച്ചു 26 ദിവസത്തിനു ശേഷമാണ് മൃതശരീരം കിട്ടുന്നത്. പ്രാഥമിക പോലീസ് റിപ്പോട്ട് പോലും ഇതുവരെ ആ അമ്മയ്ക്ക് കിട്ടിയിട്ടില്ല. അവർ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. “ഞാൻ എന്നെ നിന്നിലൂടെ കാണുന്നു എന്ന്”. ഇനി ഒരു അമ്മയ്ക്കും ഇങ്ങനെ ഉണ്ടാകരുത്.

അതൊക്കെ കേൾക്കുമ്പോൾ ഒരു കാര്യം  കൂടി നാം ചിന്തിക്കണം. മറ്റൊരു രാജ്യത്തു നിന്നും ഇവിടെ വന്നു ജീവിക്കുമ്പോൾ ഇതൊക്കെ സാധിക്കാൻ കാരണം നാം നടത്തിയ കോൺഫറൻസ്, മീറ്റിങ്ങുകൾ, അവകൊണ്ടൊക്കെ വലിയ ഗുണം ഉണ്ടായി. ഇവിടുത്തെ രാഷ്ട്രീയക്കാരൊക്കെ ആ മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ എത്തുമ്പോൾ കാണുന്ന ജനപിന്തുണ ഏറെ ഗുണം ചെയ്തിട്ടുണ്ട്. മലയാളികൾ ഈ വിഷയത്തിൽ ഇൻവോൾവ് ആയതു ഗൗരവത്തോടെ തന്നെ അവരും കണ്ടിരുന്നു. പിന്നെ മാധ്യമങ്ങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്. ആരെയും എനിക്കും കുടുംബത്തിനും മറക്കാൻ പറ്റില്ല .

ഈ കേസുമായിബന്ധപ്പെട്ടു ഇനിയുള്ള താങ്കളുടെ നീക്കങ്ങൾ എന്തെല്ലാം ആണ് ?

ഇപ്പോൾ ഈ കേസിൽ ഉണ്ടായ ഒരു നേട്ടം ഉണ്ട്. സ്‌പെഷ്യൽ പ്രോസികൂട്ടർ ആണ് മകന്റെ കേസ് നോക്കുന്നത്. ആദ്യം സ്റ്റേറ്റ് അറ്റോർണി പ്രവീണിന്റെ സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. ഒരു വല്ലാത്തരീതിയിലുള്ള റിപ്പോർട്ട് ആയിരുന്നു അവർക്കു ലഭിച്ചിരുന്നത്. പിന്നീടാണ് സ്‌പെഷ്യൽ പ്രോസികൂട്ടർ വരുന്നത്. അവരുടെ റിപ്പോർട്ട് ഒന്നും നമുക്ക് കിട്ടുന്നില്ലായിരുന്നു. ഈ തിങ്കളാഴ്ച ഞങ്ങളെ അവർ വിളിപ്പിച്ചു. അപ്പപ്പോൾ അവർ പറഞ്ഞത്  “സാധാരണ ഇങ്ങനെ വിക്ടിമിന്റെ ഫാമിലീസിനെ ഇങ്ങനെ കാണാറില്ല. പക്ഷെ നിങ്ങള്ക്ക് ഒരു പ്രേത്യേക പരിഗണന നൽകിയാണ് വിളിപ്പിച്ചതെന്നാണ്”. കാരണം നമ്മളെ അവർ നന്നായി ഫേസ്ബുക്കിലുമൊക്കെ ഫോളോ ചെയുന്നുണ്ട്. അന്ന് അവർ ഞങ്ങളോട് പറഞ്ഞു “പ്രവീൺ നല്ലൊരു കുഞ്ഞായിരുന്നു. അവന്റെ മരണത്തിനു അവൻ ഉത്തരവാദിയല്ല എന്ന്”.

ആ ഒരു വാക്ക് വലിയ ഒരു ആശ്വാസമായിരുന്നു. രണ്ടു വർഷമായി നടത്തിയ പോരാട്ടത്തിന്റെ  ആദ്യ റിസൾട്ട് കൂടിയായിരുന്നു ആ വാക്കുകൾ. അവന്റെ മരണത്തിനു അവനല്ല ഉത്തരവാദി എന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ നാവിൽ നിന്നുതന്നെ കേൾക്കുക എന്നത് വലിയ കാര്യമല്ലേ?

ഇവിടുത്തെ സിസ്റ്റം അനുസരിച്ചു കേസിന്റെ അടുത്ത പടി എന്ന് പറയുന്നത്  ഒരു ജുറി വരും എന്നതാണ്. 100 ശതമാനം ഉറപ്പില്ലാത്ത ഒരു കാര്യം ജൂറിയുടെ മുൻപിൽ അവതരിപ്പിക്കാൻ ഇവിടെ സാധിക്കില്ല. ഇപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ നമുക്കു അനുകൂലമായി മാറും എന്നാണ് എന്റെ വിശ്വാസം. സ്‌പെഷ്യൽ പ്രോസികൂട്ടർ ഒക്കെ ഉണ്ടായത് നമുക്ക് ഗുണമായി. ഇതൊന്നും നമുക്ക് അറിയില്ലായിരുന്നു. രണ്ടു വര്ഷം കൊണ്ട് ഇവിടുത്തെ ലീഗൽസിസ്റ്റത്തിൽ ഒത്തിരി എനിക്ക് പഠിക്കുവാൻ സാധിച്ചു. ഇത്തരം വിഷയങ്ങളിൽ കൂടി കടന്നുപോകുന്ന കുടുംബങ്ങളുടെ കാര്യങ്ങൾ കൂടി നമുക്ക് മനസിലാക്കുവാൻ സാധിച്ചു.

ഇവിടുത്തെ സംസ്കാരം നാം മനസിലാക്കണം. അതിനു നമ്മളെ സഹായിക്കാൻ ആരുമില്ല. അവിടെയാണ് മോണിക്കയെ പോലെ ഉള്ളവരുടെ സഹായം എനിക്ക് മറക്കാൻ പറ്റില്ല എന്ന് പറഞ്ഞത്. നമുക്ക് ഒരു വിചാരമുണ്ട് നാം ഈ രാജ്യത്തുവന്നു നമുക്ക് ഇത് മതി എന്ന്. നമ്മളെല്ലാം ഈ പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ ആണ്. പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾ ഈ കിണറ്റിനു പുറത്താണ് ഉള്ളത് എന്ന് നാം ഓർക്കുന്നില്ല. നമ്മൾ നമ്മുടെ പാരമ്പര്യവും സംസ്കാരവുമൊക്കെ മുറുകെ പിടിച്ചു ആ കിണറ്റിൽ കിടക്കും. നമ്മുടെ കുഞ്ഞുങ്ങൾ അങ്ങനെ അല്ല എന്ന് നാം ചിന്തിക്കണം. അവിടെ നമുക്ക് ഒത്തിരി ചിന്തിക്കാനുണ്ട്. പ്രവർത്തിക്കാനുണ്ട്. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല.

praveen and mother

അമ്മമാരുടെ പിന്തുണ എങ്ങനെ  ആയിരുന്നു? ഇനിയും ഇത്തരം പ്രശനങ്ങൾ, അത് ഏതുമായിക്കോട്ടെ ഒരു കുടുംബത്തിന് സത്യം കണ്ടെത്താൻ താങ്കളുടെ പ്രവർത്തനങ്ങൾ വലിയ പ്രചോദനമല്ലേ?

സത്യം. ഫേസ്‌ബുക്കിലൊക്കെ പല കമന്റുകൾ വരും. ഈ രാജ്യത്തുള്ളവരും ഒക്കെ കമന്റ് ചെയ്യാറുണ്ട്. പക്ഷെ മലയാളികളിൽ പല അമ്മമാരും പറയാറുണ്ട്’ഞങ്ങൾക്ക് ചെയ്യാൻ സാധിക്കാത്തതു ചേച്ചിക്ക് ചെയ്യുവാൻ സാധിക്കുന്നു എന്ന്’ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്, എങ്ങനെ ഇതിനു സാധിക്കുന്നു എന്ന്. ഒരു പൊതു വേദിയിലൊക്കെ സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന്. ഇന്നിപ്പോൾ പത്തു ഒഫീഷ്യൽസിനുമുന്നിൽ സംസാരിക്കാൻ എനിക്ക് ഒരു പേടിയുമില്ല. മെക്സിക്കന്സ് ആയിട്ടുള്ള അമ്മമാർ പറയാറുണ്ട് ലൗലിക്കു സാധിക്കുമെങ്കിൽ ഞങ്ങൾക്കും ഇതൊക്കെ സാധിക്കുമെന്ന്. കാരണം അവർക്കു ഭാഷയില്ല, തുടങ്ങി പല പ്രശ്നങ്ങൾ ഉണ്ട്. ഞാൻ നാട്ടിൽ പത്താം താരം വരെ മലയാളം മീഡിയത്തിൽ പഠിച്ച ആളാണ്. പിന്നെ ദൈവത്തിന്റെ ഒരു അനുഗ്രഹം ആണ് ഇവിടെ വരെ എത്തിച്ചത്. എന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഒരു പ്രയോജനം ഉണ്ടാകണമെന്ന് ചിന്തിക്കുന്നു ഇപ്പോൾ. നാളെ ഒരു അമ്മയ്ക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാൻ പാടില്ല.

ഇവിടെ നിരവധി സാഹചര്യങ്ങൾ ഉണ്ട്. വംശീയമായ സാഹചര്യത്തിൽ മരിക്കുന്നവരൊക്കെ ഉണ്ട്. അപ്പോൾ സംഭവിക്കുന്നത് ആ ഫാമിലി ഈ സമൂഹത്തിൽ നിന്നു തന്നെ ഒറ്റപ്പെടുകയും തുടച്ചു നീക്കപ്പെടുന്നു എന്നതാണ്. ഇത്തരം ഒരു മരണം ഉണ്ടായാൽ ഡ്രഗ് അല്ലങ്കിൽ ആൽക്കഹോൾ നിമിത്തം ആണ് എന്ന് വന്നാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഞങ്ങൾക്ക് അതിനെ അതിജീവിക്കാൻ പറ്റി എന്നതാണ് ഏറ്റവും പ്രധാനം. പ്രവീൺ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന്  എനിക്ക് 100 ശതമാനം ഉറപ്പുണ്ടായിരുന്നു. അതിന്റെ റിപ്പോർട്ടും വന്നതോടെ ഞങ്ങൾക്കു മുന്നോട്ടു പോകാൻ വലിയ കരുത്തു കിട്ടി. നമ്മുടെ ഒരു പ്രശനം അവിടെ ആണ്. പോയത് പോട്ടെ എന്ന ചിന്താഗതി ആണ് പലർക്കും. ഇനി നഷ്ടപ്പെട്ട ആളെ തിരിച്ചു കിട്ടുമോ? മരിച്ചുപോയ ആളോട് നമുക്ക് ഒരു നീതി ഇല്ലേ..? അവൻ എന്റെ മകൻ അല്ലെ? ഈ രാജ്യത്തു ജീവിക്കുമ്പോൾ എല്ലാവരെയും പോലെ നമുക്കും നീതി ലഭിക്കണം എന്ന് ഒരു വാശി നമുക്ക് വേണം. പലർക്കും അത് ഇല്ല എന്നതാണ് സത്യം.

Pravin Varghese Family

അമേരിക്കൻ മലയാളി സംഘടനകളുടെ സഹകരണം ഈ പ്രശനത്തിൽ എങ്ങനെ ആയിരുന്നു. പല പൊതുപ്രശനത്തിലും ഒന്നിച്ചു നിന്നാൽ ഗുണമുണ്ടാകുന്നു എന്ന് ഈ ഒരു ഇഷ്യു നമുക്ക് തോന്നിപ്പിച്ചില്ലേ?

ഞാൻ സദാസമയവും ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ഒരു കാര്യമാണ്. ചിക്കാഗോയിൽ തുടങ്ങിയ ഒരു കാര്യം അമേരിക്ക ഒന്നായി ഏറ്റെടുത്തതിനു പിന്നിൽ ഇന്ത്യൻ സമൂഹത്തിന്റെയും,വിശിഷ്യാ മലയാളി സമൂഹത്തിന്റെയും പ്രവർത്തനങ്ങൾ കൊണ്ടാണ്. ഇവിടെ മനുഷ്യൻ ഒന്നിച്ചു നിൽക്കുന്നു. ഇത്രയും ആളുകൾ ഒന്നിച്ചുവന്നു. രണ്ടു സംസ്കാരത്തിൽ ജീവിക്കുന്ന ആളുകൾ ഈ വിഷയത്തിൽ ഒന്നിച്ചു. മലയാളി സംഘടനകൾ എല്ലാവരും ഒന്നിച്ചു വരികയായിരുന്നു. സംഘടനകളുടെ പേരിൽ അല്ല അവർ വന്നത്.  പ്രവീണിന്റെ മരണത്തിന്റെ ദുരൂഹത കണ്ടെത്തുക എന്നതായിരുന്നു എല്ലാവരുടെയും ലക്‌ഷ്യം.

ചിക്കാഗോയിലെ എല്ലാ അസോസിയേഷനുകളും ഇന്നും ഒപ്പം നിൽക്കുന്നു. അവർ മനുഷ്യരായി  ഒപ്പം നിൽക്കുന്നു എന്നതാണ് സത്യം. ഈ ഒരു സംഭവത്തിൽക്കൂടി അതാണ് പഠിക്കേണ്ടതും. പൊതു പ്രശ്‍നത്തിൽ ഒറ്റക്കെട്ടായി നിന്നു എന്തെല്ലാം കാര്യങ്ങൾ നമുക്ക് നേടിയെടുക്കാൻ സാധിക്കും എന്ന് സംഘടനകൾക്ക് ചിന്തിക്കാം. എന്തെല്ലാം പ്രശ്നത്തിലൂടെ ആണ് ഓരോ കുടുംബവും ഇന്ത്യൻ സമൂഹവും കടന്നു പോകുന്നത്. അവർക്കൊരു കൈത്താങ്ങാകാൻ നമുക്കു ഒരുമിച്ചു നിൽക്കണം. ഇത്തരം കാര്യങ്ങളിൽ സാമ്പത്തിക സഹായമല്ല ഒരാൾക്ക് വേണ്ടത്. ഒരു ആത്മാർത്ഥമായ കൂട്ട് ആണ് വേണ്ടത്. വിവിധ രംഗത്തുള്ള പ്രൊഫഷണൽസ് ഉൾപ്പെട്ടുകൊണ്ടു ഒരു കൂട്ടായ്‍മ ഉണ്ടാക്കിയാൽ അത് ഏറെ ഗുണം ചെയ്യും. ലീഗലായുമൊക്കെ (legal) വലിയ വിവരങ്ങൾ ലഭിക്കും. അതൊക്കെ ഇത്തരം കാര്യങ്ങളിൽ ഏറെ ഗുണമായിരിക്കും. അതിനു ഈ സംഘടനകൾ എല്ലാം മറന്നു ഒറ്റകെട്ടായി നിന്നാൽ പ്രവീണിന്റെ അനുഭവം മറ്റൊരു കുടുംബത്തിന് ഉണ്ടാവില്ല.

ഒരു അമ്മയുടെ അനുഭവ സാക്ഷ്യമാണിത്. ഈ വാക്കുകൾക്കു മുൻപിൽ മറു വാക്കുകൾ ഇല്ല. നമുക്ക് മാധ്യമങ്ങൾക്കും, സംഘടനകൾക്കും ഇത്തരം കാര്യങ്ങളിൽ ഒന്നിക്കാം. പ്രവീണിന് നീതി ലഭിക്കും. അത് ഒരു ‘അമ്മ നമുക്ക് നൽകുന്ന പ്രചോദനവും ഉറപ്പുമാണ്’. അമ്മ നൽകുന്ന ഉറപ്പാണല്ലോ നമ്മെ ഇവിടെ വരെ എത്തിച്ചതും ഇനി നടത്തുന്നതും.

praveen 1

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here