വീട്  മാറുമ്പോള്‍

കേള്‍ക്കാന്‍ നേരം ഇല്ലാത്തവരുടെ വീട്. ഔപചാരികതയുടെ വേലിയേറ്റങ്ങളില്‍ വൈകാരികത മരിച്ച സംഭാഷണങ്ങള്‍. ജൈവ ഭാവങ്ങള്‍ അന്യമായ സംബോധനകള്‍, സന്ദേശം നിക്ഷേപിക്കാന്‍ ഉള്ള തിരിച്ചറിയല്‍ കോഡുകള്‍ മാത്രമായി. ഈ വീട്ടില്‍ കുറച്ചു മാസങ്ങള്‍ താമസിച്ചു. ഒപ്പം ഉള്ളവരുടെ ജീവിതത്തിന്‍റെ ഭാഗം ആവാത്തവരില്‍ ഒരാളായി.

വൃദ്ധ സദനത്തിലേക്ക് മടങ്ങണം എന്ന് സ്വയം ആലോചിച്ചു ഉറപ്പിക്കുവാന്‍   ഒരുപാടു ദിവസം വേണ്ടി വന്നു. പക്ഷെ ഇത്   ആരോടും പറയണ്ട എന്ന് തീരുമാനിക്കാന്‍ ഒരു നിമിഷം ധാരാളം.  ഒരു ചെറിയ കുറിപ്പ് എഴുതി. “മടങ്ങി പോവുന്നു. ശേഷിച്ച കാലം മറ്റു വൃദ്ധര്‍ക്ക് ഒപ്പം ജീവിക്കും. പേരക്കുട്ടികള്‍ക്ക് സ്നേഹം.”.ചുളിവുകള്‍ ഇല്ലാതെ വിരിപ്പ്  ഭംഗിയായി ടക്ക് ചെയ്ത മെത്തയില്‍ അത് വച്ചു. കത്ത് പറക്കാതിരിക്കാന്‍ അലമാരയുടെ താക്കോലുകള്‍ പേപ്പര്‍ വെയിറ്റ് ആയി.     

കസേരയോടും കിടക്കയോടും ഒക്കെ യാത്ര പറഞ്ഞു.

മകന്‍ ഓഫീസില്‍ പോയി. മരുമകള്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പലാണ്. ഡ്രൈവര്‍ വരുന്നത് വരെ കാത്തു നില്‍ക്കാതെ സ്വയം കാര്‍ ഒടിച്ചാണ് ഇന്ന്  സ്കൂളില്‍ പോയത്. അവരുടെ മകന്‍, ഇരുപത്തി ഒന്‍പതാം വയസ്സില്‍ തന്നെ ധാരാളം പ്രാക്ട്ടീസു ഉള്ള ഡോക്ടര്‍. ജോലിയില്‍ കൂടുതല്‍  ശ്രദ്ധിച്ചു പ്രാഗത്ഭ്യം നേടാനായി വിവാഹം അടുത്ത  വര്‍ഷത്തേക്ക് മാറ്റി വച്ചിരിക്കുന്നവന്‍ . പതിവ് പോലെ അതി രാവിലെ തന്നെ ആശുപത്രിയില്‍ പോയി. അവന്‍റെ സഹോദരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നു. വീട്ടില്‍ മുഴുവന്‍ സമയവും ഉള്ള അമ്പതു വയസ്സുള്ള ജോലിക്കാരി, രാവിലത്തെ ജോലി ഒക്കെ കഴിഞ്ഞു അവളുടെ മുറിയില്‍ കയറി വാതില്‍ അടച്ചു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മണി ആയാല്‍ അവസ്ഥ ഇത് തന്നെ.

താല്‍പ്പര്യം ഉണ്ടെങ്കില്‍ ടെലിവിഷന്‍ കാണാം. പാട്ട് കേള്‍ക്കാം. ശബ്ദം മുറിയ്ക്ക് പുറത്ത് എത്തരുത് എന്ന കാര്യം ശ്രദ്ധിക്കണം. ജോലിക്കാരിക്കും ഇതേ നിബന്ധന ബാധകം. എങ്കിലും പലപ്പോഴും അവള്‍ വാതില്‍ തുറക്കുമ്പോള്‍ മറാത്തി സിനിമയിലെയുംയും , സീരിയലിലെയും കഥാ പാത്രങ്ങളുടെ ശബ്ദം വാതില്‍ പാളികള്‍ക്ക് ഇടയിലൂടെ അരിച്ചരിച്ചു   അടുക്കളയും കടന്നു, സ്വീകരണ മുറിയിലെ ഊണ് മേശയുടെ  ഇടം വരെ എത്തും.

രാവിലത്തെ തിരക്കില്‍ മറ്റാരെങ്കിലും പ്രഭാത ഭക്ഷണം കഴിച്ചോ എന്ന് തിരക്കാന്‍ പോലും മകന് സാധിക്കാറില്ല . നിന്നുകൊണ്ട് ഒരു സാന്‍വിച് കഴിച്ചിട്ട് പോകുമ്പോള്‍ യാത്ര പറയുന്നത് അവന്റെ ശീലം അല്ല. മരുമകള്‍  വീടിനു പുറത്തുള്ള  എല്ലാവരോടും ധാരാളം സംസാരിക്കുന്നത് കാണാം. വീട്ടില്‍ ഉള്ളവരോട് ഇത്തിരി മാത്രവും. അവളുടെ മകന് ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള ഇടമാണ് വീട്. സ്വന്തം മുറിയില്‍ ഇരുന്നു സിനിമാ കാണും. പിന്നെ കിട്ടുന്ന സമയം ഉറങ്ങും. ഇത്രയും മാസങ്ങള്‍ക്കിടയില്‍,കൊച്ചുമകള്‍ ഒരിക്കല്‍ മാത്രമേ അവളുടെ അച്ഛനമ്മമാരുടെ അടുത്തേയ്ക്ക് വന്നുള്ളൂ. പേരക്കുട്ടികളുടെ പരുഷമായ സംസാരവും,പെരുമാറ്റത്തിലെ നിര്‍വികാരതയും മുത്തശ്ശിയുടെ വാത്സല്യം ഒട്ടും കുറയ്ക്കില്ലന്നു അവര്‍ അറിഞ്ഞിട്ടുണ്ടാവും.

വൃദ്ധ സദനത്തില്‍  കഴിഞ്ഞിരുന്ന തന്നെ, മകന്‍ വീട്ടിലേക്കു ക്ഷണിച്ചത്, അനുഭവങ്ങള്‍ വരുത്തിയ മനം മാറ്റം മൂലം എന്ന് കരുതി. മുറിഞ്ഞ പൊക്കിള്‍ക്കൊടിയുടെ അദൃശ്യ ബന്ധനം എന്ന് സന്തോഷിച്ചു. മകനെ മനസ്സിലാക്കാന്‍ ഉള്ള ശ്രമത്തില്‍ എന്നും പരാജയപ്പെട്ട താന്‍ ഇപ്പോഴും വിജയിച്ചില്ല.   

മക്കളുടെ പഠിപ്പിനു എത്ര പണം ചിലവാക്കുന്നതിലും അവന്  സന്തോഷം മാത്രം. ഭാര്യക്ക് വേണ്ടി വസ്ത്രവും ആഭരണവും മറ്റും വാങ്ങുന്നതിനു പരിമിതികള്‍ ഇല്ല . വീടിനുള്ളിലെ ആര്‍ഭാടം  പഞ്ച നക്ഷത്ര ഹോട്ടലിലെത് പോലെ . ഡിഷ്‌ വാഷറില്‍ കഴുകി ഉണക്കി പുറത്തെടുക്കുന്ന ചൂടുള്ള പാത്രങ്ങളില്‍ മാത്രമാണ് ഭക്ഷണം വിളമ്പുക. വസ്ത്രം അലക്കി ഇസ്തിരി ഇട്ടു അലമാരയില്‍ അടുക്കി വച്ചു തരാന്‍ ജോലിക്കാര്‍. മെത്തയിലെ വിരിപ്പ് ഉടയാതെ സൂക്ഷിക്കാന്‍ പോലും നിഷ്കര്‍ഷ ഉള്ള പണിക്കാര്‍. ആരോടും സംസാരിച്ചു കളയാന്‍ അവര്‍ക്കു സമയം ഇല്ല.   

കുടുംബാങ്ങള്‍ക്ക് ഇടയില്‍ ഉള്ള സംഭാഷണം അത്യാവശ്യ കാര്യങ്ങള്‍ പറയാന്‍ മാത്രം. അതില്‍ കൂടുതലായി സംസാരിച്ച അപൂര്‍വമായ ഒരവസരത്തില്‍ മകന്‍ ഫേസ് ബുക്കില്‍ വായിച്ച ഒരു കമന്‍റ് പറഞ്ഞു. “ഞാന്‍ ഒരു രൂപാ ലാഭിക്കാനായി രണ്ടു മണിക്കൂര്‍  നടന്നിട്ടുണ്ട്. എന്‍റെ  മകന്‍ ഒരു മിനുട്ട് ലാഭിക്കാനായി നാനൂറു രൂപ മുടക്കും”. അമ്മയുടെ  പ്രതികരണം എന്തെന്ന് കേള്‍ക്കാന്‍ ഉള്ളത്ര  സമയം പോലും കാത്തു നില്‍ക്കാതെ അവന്‍ ജോലിക്ക് പോവുകയും ചെയ്തു. 

ചില സായാഹ്നങ്ങളില്‍ സ്കൂളിന്‍റെ  ആവശ്യങ്ങള്‍ എന്ന് പറഞ്ഞു വീട്ടില്‍ നിന്നും പോകുന്ന മരുമകള്‍ രാവിലെ ഉറക്ക ചടവുമായി വരും. ഉടന്‍ തന്നെ വസ്ത്രം മാറി സ്കൂളിലേക്ക് പോകും. ‘വാച്ചിലെ സമയം നോക്കി മാത്രം ജോലി ചെയ്‌താല്‍  സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള ഇന്‍റര്‍നാഷണല്‍ സ്കൂളിന് വേണ്ടത്ര  വളരാന്‍ സാധിക്കില്ല’ എന്ന്  ചിലപ്പോഴൊക്കെ അവള്‍ ആരോടെന്നില്ലാതെ പറയും.

മകന്‍ ബോസ്സിന് ഒപ്പം, ബിസിനസ്സ് യാത്രയ്ക്ക് ഇടയ്ക്കിടയ്ക്ക് പോവും. ബോസ്സിന്‍റെ ഭര്‍ത്താവിന്‍റെ  ദുരൂഹ മരണത്തില്‍ തന്‍റെ മകന് പങ്കില്ല എന്ന,  അധികാരികളുടെ നിഗമനം , സമര്‍ഥനായ ഒരു വക്കീലിന്‍റെ തൊഴില്‍ പരമായ വിജയം ആണ് എന്ന് പറയുന്ന പത്ര വാര്‍ത്ത മുഴുവന്‍ വായിക്കാന്‍ തന്നിലെ മാതൃത്വം അനുവദിച്ചില്ല. മകന്‍റെ തിരക്കഥയില്‍ ഒരു അതിഥി നടിയായി വേഷം ഇടണ്ടി വന്നവള്‍ എന്ന തോന്നല്‍ ഉള്ളപ്പോഴും പോലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ അവനു ദോഷം വരുന്ന രീതിയില്‍ ഒരു വാക്ക് പോലും പറഞ്ഞില്ല. മകനൊപ്പം താമസം തുടങ്ങി ഒരു മാസത്തിനകം, ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ തടസ്സം എന്ന് പറഞ്ഞു ആശുപത്രിയില്‍ ഒരു ആഴ്ച കിടന്നത് അവന്‍റെ  തിര നാടകത്തിന്റെ ഭാഗം അല്ല എന്ന് പറയാന്‍ ഇപ്പോള്‍ തനിക്കാവില്ല .അവന്‍ ആശുപത്രിയില്‍ , അമ്മയ്ക്ക് ഒപ്പം ഉള്ള ഒരു രാത്രിയില്‍ അവന്‍റെ ബോസ്സിന്‍റെ ഭര്‍ത്താവ് മരിച്ചു. അതേ ആശുപത്രിയില്‍ മറ്റൊരു വാര്‍ഡില്‍ ആയിരുന്നു മരണം. ഹെര്‍ണിയക്ക് വേണ്ടിയുള്ള ചെറിയ ഒരു ഒപ്പറെഷന്‍ അടുത്ത ദിവസം നടത്താനായി ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയതാണ്. സര്‍ജന്‍ അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടുകാരന്‍. ബന്ധുക്കളും പരിചയക്കാരുമായി ആരും രാത്രി ഒപ്പം  ഇല്ലായിരുന്നു. രാവിലെ ആള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. സ്വാഭാവിക മരണം എന്നാണു ഡോക്ടര്മാരുടെ ആദ്യപ്രതികരണം. ആശുപതിയിലെ സി.സി.ടി.വി റെക്കോര്‍ഡിംഗ് അരമണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചില്ല എന്ന കണ്ടെത്തല്‍ പോലീസിനു സംശയം ഉണ്ടാക്കി. മരണം സംഭവിച്ചത് ആ സമയത്ത് തന്നെയാണ്.       

തന്‍റെ മകനെയും പോലീസ് ചോദ്യം ചെയ്തു. മരിച്ച ആളിന്‍റെ സുഹൃത്തായ സര്‍ജനുമേലും സംശയം ഉണ്ടായി. ചില കാര്യങ്ങള്‍ തന്നോടും അവര്‍ ചോദിച്ചു. മരണം സ്വാഭാവികം അല്ല. ഒരുമാസത്തിന് മുന്‍പാണ് ശസ്ത്രക്രിയക്കുള്ള തീയതി നിശ്ചയിച്ചത്. ഇത് അറിയുന്ന പല ആളുകള്‍ ഉണ്ട്. ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരന്‍ എന്ന് സംശയിച്ചു ചോദ്യം ചെയ്യാന്‍ പറ്റിയ ഒരു തെളിവുമില്ല. മൂന്നു നാല് മാസം തുടര്‍ന്ന അന്വേഷണം അവസാനിപ്പിക്കാതെ അവസാനിച്ചു.

വൃദ്ധ സദനത്തില്‍ മകനോ ബന്ധുക്കളോ തിരിഞ്ഞു നോക്കാതെ കുറെ വര്‍ഷങ്ങള്‍ ജീവിച്ചപ്പോള്‍, രക്ത ബന്ധത്തിന്‍റെ  വൈകാരിക സുഖം നിഷേധിക്കപ്പെട്ടവള്‍  എന്ന് ചിന്തിച്ചു വേദനിച്ചിട്ടുണ്ട്. മറ്റു വൃദ്ധകള്‍ക്ക് ഒപ്പം ഉണ്ടായ സൗഹൃദത്തെ തുല്യ ദുഖിതരുടെ പരസ്പര സാന്ത്വനം എന്നോ, ഉള്ളിലെ പരാതികള്‍ ഒഴുക്കി കളയാനുള്ള അവസരം എന്നോ  ഒക്കെ വിളിച്ചു. എന്നാല്‍ ഇന്ന് വീണ്ടും അവിടേയ്ക്കു മടങ്ങുമ്പോള്‍, തന്‍റെ പഴയ വിലയിരുത്തലുകള്‍ എത്ര വികലം ആയിരുന്നു എന്ന് ചിന്തിച്ചു പോവുന്നു.        

പങ്കാളി നഷ്ടമായ ജീവിത സായാഹ്നത്തില്‍ മക്കള്‍ സംരക്ഷകര്‍ ആവും  എന്ന പ്രതീക്ഷ, കാലഹരണപ്പെട്ട സാമൂഹ്യ ചിന്തയുടെ ഭാഗം ആണ്. സ്വന്തം കുട്ടികളെ വളര്‍ത്തുന്നത് ചുമതലയും ത്യാഗവും ഒന്നുമല്ല. യൌവനം നല്‍കിയ ആനന്ദകരമായ ഒരു അനുഭവം. ആ സന്തോഷത്തിനു  അപ്പുറം മക്കളില്‍ നിന്നും ഒന്നും ആഗ്രഹിക്കരുത്. വാര്ധക്യത്തിലെ ഏകാന്തതയും വിരസതയും ഒഴിവാക്കാന്‍  മക്കള്‍ക്കും  കൊച്ചുമക്കള്‍ക്കും ഒപ്പം ഇത്തിരി നേരം കിട്ടണം എന്ന മോഹം കാലത്തെ മനസ്സിലാക്കാത്ത വിഡ്ഢിത്തങ്ങള്‍ മാത്രം.

നൈസര്‍ഗികമായ ചിന്തകളും പെരുമാറ്റവും  സംസ്കാരം എന്ന അരിപ്പയിലൂടെ കടന്നു  പുറത്ത് എത്തുമ്പോള്‍, ബന്ധങ്ങള്‍  മുഖം മൂടി വച്ച ക്രയ വിക്രയങ്ങളുടെ ചട്ടക്കൂട് ആയി മാറുന്നു. വൃദ്ധയായ താന്‍  ചില ആനുകൂല്യങ്ങള്‍ മകനില്‍ നിന്നും പ്രതീക്ഷിച്ചു. കൂടുതല്‍ വൈകാരികവും കുറെ ഒക്കെ ഭൌതികവുമായ ആഗ്രഹങ്ങള്‍. മകന്‍   കൊടുക്കല്‍ വാങ്ങലില്‍ ലാഭം മാത്രം ആഗ്രഹിച്ചു. കേസില്‍ കുടുങ്ങാതിരിക്കാന്‍ അവന്‍ നിരത്തിയ പല കരുക്കളില്‍ ഒന്ന്  വൃദ്ധയായ അമ്മയാണ്. ഇപ്പോള്‍ ഉപയോഗം കഴിഞ്ഞ പാഴ് വസ്തു.

മുന്‍കാലങ്ങളില്‍  മനുഷ്യന്‍റെ ആയുസ്സ് ഇത്രയും ദീര്‍ഘം ആയിരുന്നില്ല. എന്നിട്ടും ജീവിതത്തിന്റെ സായാഹ്നത്തില്‍ സ്വന്തം ആയതെല്ലാം  ഉപേക്ഷിച്ചു അവര്‍ വാനപ്രസ്ഥത്തിനു പോവുമായിരുന്നു. ആരോഗ്യ രംഗത്തെ കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്റെ ആയുസ്സ് കൂട്ടിക്കൊണ്ടിരിക്കുന്നു. “വാനപ്രസ്ഥം” പഴയ കഥകള്‍ പറയുമ്പോള്‍ ഉപയോഗിക്കുന്ന വാക്ക് ആയി മാറി. ഇന്നലെകളില്‍ ചെയ്തതിന്‍റെ എല്ലാം കണക്കു പറഞ്ഞു മക്കളില്‍ നിന്നും പരിചരണയും സംരക്ഷണവും അവകാശമായി പിടിച്ചു പറ്റാതെ നിവൃത്തി ഇല്ലാതാവുന്ന വാര്‍ധക്യം എന്ന അവസ്ഥ. രക്ത ബന്ധത്തിന്‍റെ ഊഷ്മളത എന്ന് സഭ്യമായ ഓമനപ്പെരിടുന്ന കാമന തന്നിലും  സചേതം ആയിരുന്നു. മകന്‍ വിളിച്ചപ്പോള്‍ വൃദ്ധ സദനം വിട്ടു അവന്‍റെ  വീട്ടിലേക്കു പോയത് മനസ്സില്‍ നിന്നും ഒഴിയാന്‍  മടിച്ച വാര്‍ധക്യത്തിലെ  ഈ അവകാശ ബോധമാണ്.

മടങ്ങി എത്തി രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ വാര്‍ഡന്‍ യുദ്ധം ജയിച്ച ഭാവം കാട്ടി. തിരഞ്ഞെടുപ്പില്‍, കെട്ടി വച്ച കാശ് പോയ സ്ഥാനാര്‍ഥി മുഖം താഴ്ത്തി നടക്കുന്നത് കാണുമ്പോള്‍ വിജയിയുടെ അനുഭാവികള്‍ കാട്ടുന്ന ചേഷ്ടയാണ് പല വൃദ്ധകള്ടെയും മുഖത്ത്.

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് , വാര്‍ഡന്‍റെ അടുത്തു പോയി ചോദിച്ചു “  എന്‍റെ മകന്‍റെ ഫോണ്‍ വന്നോ …?”. “ഇല്ല” എന്ന മറുപടിയിലും വിജയിയുടെ ധാര്‍ഷ്ട്യം.  .

സംവേദനത്തെ പറ്റി തന്നെക്കാള്‍ കൂടുതല്‍ അറിവ് മകനാണ് എന്ന് ഒന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ചോദ്യവും ഉത്തരവും കേവല മൌനം .ഔപചാരികമായ ചില  ഭംഗി വാക്കുകള്‍ മുഖംമൂടികള്‍ മാത്രം . വൃദ്ധ സദനത്തിന്‍റെ ഫോണ്‍ നമ്പറില്‍ വിളിക്കാനുള്ള ശ്രമം ആവശ്യം ഇല്ല എന്ന ചിന്ത യുക്തിയുള്ളതാണ്.

പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോള്‍ എല്ലാ വൃദ്ധകളും താഴത്തെ നിലയിലുള്ള ഹോളില്‍ നിരത്തിയിട്ട കസേരകളില്‍ ഇരുന്നു. അതി സമര്‍ഥനായ യുവ ഡോകടര്‍ വന്നു പ്രസംഗിക്കും. വാര്ധക്യത്തിലെ ഏകാന്തതയെ അതിജീവിക്കാന്‍ ഉള്ള വഴികള്‍. മരണം വരെ സന്തോഷത്തോടെ എങ്ങനെ ജീവിക്കാം. രക്ത ബന്ധത്തില്‍ ഉള്ളവരുടെ അഭാവം ഉണ്ടാക്കുന്ന വിരക്തി   ഇല്ലാതാക്കിയ, നല്ല സുഹൃദ് ബന്ധങ്ങളുടെ കഥകള്‍. തനിക്ക് കേള്‍ക്കാന്‍ താല്‍പ്പര്യം ഉള്ള വിഷയം. ഡോക്ടര്‍ വരാന്‍ ഇനിയും ഇത്തിരി നേരം കൂടി ഉള്ളതിനാല്‍ സംഗീതം അറിയുന്ന ചില വൃദ്ധകള്‍ പാട്ട് പാടുന്നു. കുറേപ്പേര്‍ അത് ആസ്വദിക്കുന്നു . മറ്റു കുറേപ്പേര്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു.

പ്രഭാഷകനായ ഡോക്ടര്‍ വന്നപ്പോള്‍ അയാളെ നോക്കിയിരിക്കാന്‍ മാത്രം ആണ് ആഗ്രഹം തോന്നിയത്.

വൃദ്ധസദനത്തിന്‍റെ അധികാരികള്‍ ദീര്‍ഘമായ ആമുഖത്തോടെ പ്രഭാഷകനെ പരിചയപ്പെടുത്തി. വാത്സല്യം, കണ്ണുകളെ അടിമപ്പെടുത്തിയപ്പോള്‍ തന്‍റെ  കാതുകള്‍ ശബ്ദം തിരസ്കരിച്ചു.          

ഡോക്ടര്‍ പ്രഭാഷണം തുടങ്ങി. തന്‍റെ മനസ്സിന് വല്ലാതെ ഇമ്പം തോന്നുന്ന  ശബ്ദം. ചുണ്ട് അനങ്ങുന്നതും മുഖത്ത് ഭാവങ്ങള്‍ പ്രകടം ആകുന്നതും കാണാന്‍ കൌതുകം . ഡോക്ടര്‍ രസാവഹമായി സംസാരം തുടര്‍ന്നു.   

അവനവന്‍റെ ജീവിതം സന്തുഷ്ടം ആക്കുക എന്നത് സ്വന്തം ആവശ്യവും ചുമതലയും ആണ്. ജീവിതത്തില്‍ മാറുന്ന സാഹചര്യങ്ങള്‍ക്ക് ഒപ്പം സ്വയം മാറാന്‍ കഴിയണം. എഴുപത്തി അഞ്ചാം വയസ്സില്‍ പുനര്‍ വിവാഹം ചെയ്ത് സന്തുഷ്ടമായി കഴിയുന്ന ദമ്പതികള്‍. തൊണ്ണൂറാം വയസ്സിലും വൃദ്ധ സദനത്തിലെ മറ്റു വൃദ്ധര്‍ക്ക് ഒപ്പം നൃത്തം ചെയ്യുകയും തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്യുന്നവര്‍ . ബിസിനസ്സ് നടത്തി സാമ്പത്തികമായി തകര്‍ന്ന മകന് ഒരു ചില്ലിക്കാശും സഹായം ചെയ്യാതെ, അറുപത്തി ഒന്‍പതാം വയസ്സിലും സ്വന്തം ആവശ്യങ്ങളെല്ലാം ഒട്ടും കുറവ് വരാതെ നോക്കി, നല്ല ആരോഗ്യത്തോടെ ഒറ്റയ്ക്ക് ജീവിയ്ക്കുന്ന അമ്മ. ഇതൊക്കെ നിങ്ങളുടെ ചുറ്റും ഉള്ളവര്‍ തന്നെ ആണ്.

ആധുനിക സാമൂഹ്യ ജീവിതത്തില്‍, ഓരോ വ്യക്തിയും  സാമ്പത്തികമായി സ്വയംപര്യാപ്തം ആവണ്ടതിന്‍റെ ആവശ്യകത. അത് മൂലം എല്ലാ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്തേ പറ്റൂ എന്ന അവസ്ഥ. കുട്ടികളെ ഡേ കെയറിലും, വൃദ്ധരെ വൃദ്ധ സദനങ്ങളിലും ആക്കുന്നത് വെറും സാധാരണ കാര്യം മാത്രം. അത് കേട്ട് ആര്‍ക്കും സഹതാപമോ ആശ്ചര്യമോ തോന്നാതിരിക്കുക. അങ്ങനെ ഉള്ള ലോകം എന്ത് എന്ന് ഇപ്പോള്‍

 തന്നെ അനുഭവിച്ചറിയാന്‍ ഭാഗ്യം ഉണ്ടായ വൃദ്ധകള്‍ ആണ് തങ്ങള്‍ എന്ന് അഭിമാനിക്കണം. ഒറ്റപ്പെടല്‍ , മക്കള്‍ ഉപേക്ഷിച്ചു എന്ന് തുടങ്ങിയ പരാതികള്‍ ഒക്കെ കാലത്തിനു ഒരുപാടു പിന്നില്‍ പോയവരുടെ അര്‍ഥം ഇല്ലാത്ത ഗദ്ഗദങ്ങള്‍.

പ്രഭാഷണം തുടര്‍ന്നു. പുതിയ സാഹചരങ്ങളില്‍ മനസ്സിനെ ശാന്തമായും സന്തുഷ്ടമായും വയ്ക്കാനുള്ള മാര്‍ഗങ്ങള്‍. ആരോഗ്യ പരിപാലനത്തില്‍ സ്വയം ശ്രധിക്കണ്ട കാര്യങ്ങള്‍. അസുഖങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ചികിത്സിച്ചു ഭേദം ആക്കുന്നതിന്റെ പ്രാധാന്യം, അങ്ങനെ തുടരുന്ന പ്രസംഗം. മറ്റു വൃദ്ധകള്‍ പ്രസംഗം ശ്രദ്ധിക്കുന്നു.

ഇമ വെട്ടാതെ പ്രസംഗകനെ നോക്കിയിരുന്ന തന്‍റെ കണ്ണുകളില്‍ വാത്സല്യക്കണ്ണീര്‍. കേള്‍ക്കുന്ന വാക്കുകളുടെ അര്‍ഥം തിരയാത്ത കാതുകള്‍ക്ക്, അനുഭൂതി. മനസ്സിന്‍റെ  ആഴങ്ങളിലേക്ക്  മധുരം അരിച്ചിറങ്ങി.

പ്രഭാഷണം കഴിഞ്ഞു പുറത്തേയ്ക്ക് പോവുന്ന ഡോക്ടര്‍ തന്‍റെ  അടുത്ത് വന്നു .”ഗ്രാന്‍റ് മാ , അച്ഛന് വേണ്ടി എഴുതി വച്ചിരുന്ന കുറിപ്പില്‍ എന്നെയും പരാമര്‍ശിച്ചിരുന്നു എന്നറിഞ്ഞു . താങ്ക് യൂ സൊ മച്. ഗ്രാന്‍റ് മായുടെ തീരുമാനം വളരെ ശരിയാണ്. വയസ്സായാല്‍  ആരും പറയാതെ തന്നെ, സ്വയം വൃദ്ധ സദനത്തിലേക്ക് പോകുന്നത് വലിയ മനസ്സുള്ളവരാണ്. പുരാണങ്ങളില്‍ ഒക്കെ പറയുന്ന വാനപ്രസ്ഥം ഇന്ന് പ്രായോഗികം അല്ല. പ്രായം ആയവര്‍ പ്രയാസം കൂടാതെ കഴിയുമ്പോള്‍ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും ഒക്കെ അവരവരുടെ ജീവിതം കൂടുതല്‍ മെച്ചം ആക്കാന്‍ ആവും. .ഐ ആം സൊ പ്രൌഡ് ഓഫ് യൂ ഗ്രാന്‍റ് മാ” .    

കൊച്ചുമോന്‍ കാലു വയ്ക്കുന്നതും, കയ്യാട്ടുന്നതും, അവന്റെ ദേഹം അനങ്ങുന്നതും ഒക്കെ കണ്ടു രസിക്കുന്ന മുത്തശ്ശിയുടെ മുന്‍പില്‍ നിന്നും ഡോക്ടര്‍ പുറത്തേയ്ക്കു നടന്നു. കൊച്ചുമക്കള്‍ പറയുന്നതെന്തും ശരിവച്ചു സന്തോഷിക്കുന്ന മുത്തശിമാരില്‍ ഒരാളാണ് താന്‍. ജീവിത സായാഹ്നത്തില്‍ വാനപ്രസ്ഥം പ്രായോഗികം അല്ലാത്ത കാലത്ത് വൃദ്ധസദനത്തില്‍ സന്തോഷത്തോടെ ജീവിക്കാം. മക്കളോടും കൊച്ചുമക്കളോടുമുള്ള സ്നേഹവും വാത്സല്യം പ്രകടിപ്പിക്കുന്നത്  ഇനി അങ്ങനയാവട്ടെ.

***********************         *******************************    *************

LEAVE A REPLY

Please enter your comment!
Please enter your name here