25ges.php

 

ഹൂസ്റ്റണ്‍: അന്തരിച്ച പ്രശസ്ത ടെക്‌നോക്രാറ്റ് കെ.പി.പി നമ്പ്യാര്‍ക്ക് (84) വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനായിരുന്ന ഇദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു. ബാംഗ്ലൂരില്‍ 30-ാം തീയതി വൈകുന്നേരമായിരുന്നു നമ്പ്യാരുടെ വിയോഗം.
ഇലക്ട്രോണിക്‌സ് വിദഗ്ധന്‍. കെല്‍ട്രോണിന്റെ ആദ്യത്തെ ചെയര്‍മാന്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ എന്ന നിലകളില്‍ ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്ത് കേരളത്തിന് മികച്ച സംഭാവനകള്‍ നല്‍കിയയാളാണ് കെ.പി.പി നമ്പ്യാര്‍.
കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. 1995ല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപം കൊണ്ടപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ച ടി. എന്‍ ശേഷനൊപ്പം പ്രസിഡന്റ് പദമലങ്കരിച്ച വ്യക്തിയാണ് കെ.പി.പി നമ്പ്യാര്‍. ലോകം മുഴുവനുമുള്ള മലയാളികളെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കാന്‍ കഠിനാധ്വാനം ചെയ്ത നമ്പ്യാരുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനു വേണ്ട് പി.ആര്‍.ഒ ഡോ. ജോര്‍ജ് എം കാക്കനാട്ട് അനുശോചനമറിയിച്ചു. കൗണ്‍സില്‍ 20-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ അദ്ദേഹം വിടചൊല്ലിയത് ഏറെ ദുഖകരമാണെന്ന് ഡോ. കാക്കനാട്ട് പറഞ്ഞു.
”സമാദരണീയനായ കെ.പി.പി നമ്പ്യാരുടെ നിര്യാണത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്നു. കൗണ്‍സില്‍ പ്രസിഡന്റായിരിക്കുമ്പോഴും തുടര്‍ന്നും അദ്ദഹം നല്‍കിയ ഉപദേശനിര്‍ദേശങ്ങള്‍ ചിരസ്മരണീയമാണ്. മഹാനായ ഈ ടെക്‌നോക്രാറ്റിന്റെ പ്രവര്‍ത്തനങ്ങളാണ് കൗണ്‍സിലിനെ ലോകം മുഴുവനുമുള്ള മലയാളികളെ ഒരുകുടക്കീഴിലാക്കിയ ആദ്യ സംഘടനയാക്കി മാറ്റിയത്”. കൗണ്‍സില്‍ സ്ഥാപകാംഗവും അഡൈ്വസറി ബോര്‍ഡ് അംഗവുമായ ആന്‍ഡ്രു പാപ്പച്ചന്‍, ആദ്യകാല മുഖ്യ സംഘാടകരായ അലക്‌സ് കോശി വിളനിലം, പ്രിയദാസ് മംഗലത്ത്, സോമന്‍ ബേബി, ജോളി തടത്തില്‍, ഗോപാലപിള്ള, ബി.സി.ജോജോ, ഡോ. ജോര്‍ജ് ജേക്കബ്, മുകള്‍ ബേബിക്കുട്ടി, തുടങ്ങിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ അനുസ്മരിച്ചു.
കര്‍ഷകനായ പി.പി. ചിണ്ടന്‍നമ്പ്യാരുടേയും കുന്നത്ത് പുതിയവീട്ടില്‍ മാധവിയമ്മയുടെയും മകനായായി 1929 ഏപ്രില്‍ 15ന് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയിലാണ് കുന്നത്ത് പുതിയ വീട്ടില്‍ പത്മനാഭന്‍ നമ്പ്യാര്‍ എന്ന കെ.പി.പി. നമ്പ്യാര്‍ ജനിച്ചത്.
മുന്‍ മുഖ്യമന്ത്രി നായനാരുടെ ഭാര്യ ശാരദ ടീച്ചറും കുന്നത്ത് പുതിയ വീട്ടില്‍ വീട്ടിലെ അംഗമാണ്. കെ.പി.ആര്‍ ഗോപാലന്‍ വലിയമ്മയുടെ സഹോദരിയുടെ മകനും. കല്യാശ്ശേരി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് മുംബൈയിലെ സേവ്യര്‍ കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ കരസ്ഥമാക്കി. ലണ്ടനില്‍നിന്ന് ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷനില്‍ ഉന്നത ബിരുദവും നേടി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനം നടത്തുമ്പോള്‍ വികെ. കൃഷ്ണ മേനോനെ പരിചയപ്പെട്ടതാണ് വീണ്ടും ഇന്ത്യയിലേക്ക് പ്രേരണയായത്.
ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്ലിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് പ്രമുഖ ട്രാന്‍സിസ്റ്റര്‍ കമ്പനിയായ ഇംഗ്ലണ്ടിലെ ടെക്‌സാസ് ഇന്‍സ്ട്രുമെന്റില്‍ ചേര്‍ന്നു. മുംബൈയില്‍ ടാറ്റാ കമ്പനിയുടെ ഇലക്ട്രോണിക്‌സ് ലബോറട്ടറി ചീഫായിരിക്കുമ്പോഴാണ് കെല്‍ട്രോണിന്റെ ചെയര്‍മാനായി കേരളത്തില്‍ എത്തുന്നത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് സ്ഥാനം ഏറ്റെടുക്കാന്‍ ക്ഷണിച്ചത്. 1978 തൊട്ട് 85 വരെ കെല്‍ട്രോണിനെ നയിച്ചു. 1986 തൊട്ട്.88 വരെ പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐയുടെ ചെയര്‍മാനായി. 198789 കാലത്ത് കേന്ദ്ര സര്‍ക്കാരില്‍ ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറിയായിരുന്നു. 1989ല്‍ കേന്ദ്ര സര്‍വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹം സര്‍ക്കാരിന്റെ പ്രത്യേക ഉപദേഷ്ടാവായി സേവനം അനുഷ്ടിച്ചു.
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്ത് നാല് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഇ-ഡെവലപ്പ്‌മെന്റ് കേന്ദ്രത്തെക്കൊണ്ട് ഏറ്റെടുപ്പിച്ചത് നമ്പ്യാര്‍ ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി യായിരുന്നപ്പോഴാണ്. ഉത്പാദനരംഗത്ത് ഒരു വികേന്ദ്രീകൃത സ്വഭാവം കെല്‍ട്രോണിന് ഉണ്ടായതും നമ്പ്യാര്‍ ചെയര്‍മാനായിരിക്കുമ്പോഴാണ്. കെല്‍ട്രോണിന്റെ ചെയര്‍മാനായിരുന്ന കാലമാണ് ഏറ്റവും സംതൃപ്തി നല്‍കിയതെന്ന് നമ്പ്യാര്‍ പറയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here