കൊച്ചി:മുകളിലിരുന്നു വയലാര്‍ സാറും എന്റെ മുത്തച്ഛനും ഈ പാട്ടു കേട്ടു സന്തോഷിക്കുന്നുണ്ടാകും. ഒട്ടും ആകസ്മികമല്ല, വിധിയോ നിയോഗമോ ഒക്കെയായി ഞങ്ങളുടെ സംഗമത്തെ കാണാനാണിഷ്ടം’ നടന്‍ കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മിക്കുന്ന ‘കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ റെക്കോര്‍ഡിങ്ങിനു വേണ്ടിയാണ് മലയാള ചലച്ചിത്ര നിര്‍മാണഗാന ലോകത്തെ അനശ്വര പ്രതിഭകളായ കുഞ്ചാക്കോയുടെയും വയലാര്‍ രാമവര്‍മയുടെയും പിന്‍മുറക്കാരായ നടന്‍ കുഞ്ചാക്കോ ബോബനും ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മയും ഒത്തു ചേര്‍ന്നത്. ഉദയായുടെ ഒട്ടേറെ ചിത്രങ്ങള്‍ക്കു വേണ്ടി ഹിറ്റ് ഗാനങ്ങളാലപിച്ച യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഗൃഹാതുരമായ ആ പഴയ പാട്ടുകാലത്തെ പുതിയ ലോകത്തിലേക്കു ചേര്‍ത്തുവച്ചതു പോലെയായി.
‘നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ..’ എന്ന ഗാനം വിജയ് യേശുദാസ് പാടിനിര്‍ത്തിയപ്പോള്‍ ഗാനരചയിതാവായ ശരത്ചന്ദ്രവര്‍മയുടെ കണ്ണുകള്‍ നിറഞ്ഞു.’പാട്ടിന്റെ വഴിയില്‍ ഞാനെത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. ചേര്‍ത്തലയിലെ കമ്പനി ജോലി പ്രതിസന്ധിയിലായപ്പോള്‍ ജീവിക്കാന്‍ വേറെ വഴി കണ്ടില്ല. അച്ഛനെപ്പോലെ പാട്ടെഴുതിത്തുടങ്ങി. ഈ സിനിമയിലേക്ക് പാട്ടെഴുതണമെന്ന് കുഞ്ചാക്കോ ബോബന്‍ നേരിട്ടാവശ്യപ്പെടുകയായിരുന്നു. 41 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഉദയായില്‍നിന്നു രാഘവപ്പറമ്പിലേക്കു പാട്ടിനു പ്രതിഫലമെത്തുന്നു. സന്തോഷമുണ്ട്, ഇത് അച്ഛനുള്ള അഞ്ജലിയാണ്.’ 1947ല്‍ തുടങ്ങി 87ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഉദയ, കുഞ്ചാക്കോ ബോബന്റെ പരിശ്രമത്താലാണ് വീണ്ടും തിരശീലയില്‍ സാന്നിധ്യമറിയിക്കുന്നത്. ‘കറങ്ങുന്ന ഭൂഗോളവും കൂവിയുണര്‍ത്തുന്ന പൂവന്‍കോഴിയുമുള്ള ഉദയയുടെ എംബ്ലം ഇന്നും ഒരുകൂട്ടം പ്രേക്ഷകരുടെ മനസില്‍ കോരിത്തരിപ്പോടെയുണ്ട്.
ഉദയായുടെ പേരിലുള്ള പുതിയ ചിത്രവുമായി മൂന്നാംതലമുറക്കാരനായ ഞാനെത്തുമ്പോള്‍ പൂര്‍വികരുടെയും പ്രേക്ഷകരുടെയും അനുഗ്രഹമുണ്ടാകുമെന്നാണു കരുതുന്നത്’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിദ്ധാര്‍ഥ് ശിവയാണു ചിത്രം സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here