ബെംഗളൂരു ∙ ഇലക്ട്രോണിക്സ് വ്യവസായരംഗത്തു കേരളത്തിന്റെയും ഇന്ത്യയുടെയും മാർഗദർശിയായിരുന്ന കെൽട്രോൺ സ്ഥാപക ചെയർമാൻ കെ.പി.പി. നമ്പ്യാർ (86) അന്തരിച്ചു. ഇന്നലെ രാത്രി 7.50നു ഡോളേഴ്സ് കോളനിയിലെ ‘കല്യാശേരി’ വീട്ടിലായിരുന്നു അന്ത്യം.

ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നു കഴിഞ്ഞയാഴ്ച ആശുപത്രിയിലായ അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനവും നിലച്ചിരുന്നു. നിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതിനെത്തുടർന്നു ഞായറാഴ്ച വീട്ടിലേക്കു തിരികെ കൊണ്ടുവന്നു. ആശുപത്രിയിലേതിനു സമാനമായ ചികിൽസാ സംവിധാനങ്ങൾ വീട്ടിലും ഒരുക്കിയിരുന്നു.

ഇവിടെ പൊതുദർശനത്തിനു വച്ചിരിക്കുന്ന മൃതദേഹം ഇന്നു 12നു റോഡ് മാർഗം ജന്മനാടായ കണ്ണൂർ കല്യാശേരിയിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ കല്യാശേരിയിൽ.

ഭാര്യ: കോഴിക്കോട് ഉള്ളാട്ടിൽ ഉമാദേവി. മക്കൾ: പരേതനായ പത്മൻ ജി. നമ്പ്യാർ, സരോജനി നമ്പ്യാർ (ബെംഗളൂരു), കിരൺ നമ്പ്യാർ (യുഎസ്). മരുമക്കൾ: ആനറ്റ് (യുകെ), കിനറി (യുഎസ്). ബ്രിട്ടീഷുകാരി പരേതയായ മർജോറി ആഗ്നസ് എല്ലിസ് ആണ് ആദ്യഭാര്യ.

കാലത്തിനു മുൻപേ പറന്ന പ്രതിഭയുടെ കയ്യൊപ്പുണ്ട് കല്ല്യാശേരി കുന്നത്ത് പുതിയവീട്ടിൽ പത്മനാഭൻ നമ്പ്യാരുടെ ജീവിതത്തിലുടനീളം. ഇലക്ട്രോണിക്സിന്റെ അനന്തസാധ്യതകൾ മലയാളിക്കു സങ്കൽപിക്കാൻ പോലുമാകാത്ത കാലത്താണ് ഈ വിഷയത്തിൽ ഉപരിപഠനത്തിന് അൻപതുകളുടെ ആദ്യം അദ്ദേഹം ഇംഗ്ലണ്ടിലേക്കു പോയത്. പഠനശേഷം യുഎസിലേക്കു പോയ നമ്പ്യാർ 1963ലാണ് ഇന്ത്യയിലേക്കു മടങ്ങിയത്- വിദേശത്തുള്ള ഇന്ത്യൻ പ്രതിഭകളെ തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രി ജവാഹർലാൽ െനഹ്‌റു ആവിഷ്കരിച്ച ‘സയന്റിസ്റ്റ്സ് പൂൾ സ്കീമി’ലൂടെ. ഐഐടി ഡൽഹിയിൽ അധ്യാപകനായ അദ്ദേഹം പിറ്റേ വർഷം ഫിലിപ്സ് ഇന്ത്യയിൽ ചേർന്നു; 1967ൽ ടാറ്റ സർവീസസിലേക്കു മാറി.

സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം 1973ലാണു കെ.പി.പി. നമ്പ്യാർ കേരളത്തിലേക്കു മടങ്ങിയത്– കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായി. കെൽട്രോൺ എന്ന ബ്രാൻഡ് നാമവും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. 1975ൽ സംസ്ഥാന വ്യവസായ സെക്രട്ടറിയാകുമ്പോൾ ആ പദവിയിലെത്തുന്ന ആദ്യ ടെക്നോക്രാറ്റായി. 1985– 89 കാലത്ത് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) ചെയർമാനും മാനേജിങ് ഡയറക്ടറുമായി.

1987– 89 കാലത്തു കേന്ദ്ര ഇലക്‌ട്രോണിക്‌സ് സെക്രട്ടറിയുമായിരുന്നു. 1989ൽ പ്രത്യേക വ്യവസായ ഉപദേഷ്ടാവായി കേരളത്തിലേക്കുള്ള രണ്ടാം വരവിലാണു തിരുവനന്തപുരത്തു ടെക്നോപാർക്ക് എന്ന ആശയം പിറന്നത്. 1997ൽ കോഴിക്കോട്ട് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐഐഎം) സ്‌ഥാപക ചെയർമാനായി. 1992ൽ ടെലികോം ഉൽപന്നങ്ങൾ നിർമിക്കാൻ നാംടെക് എന്ന കമ്പനി ആരംഭിച്ചു.

പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന കെ.പി.ആർ. ഗോപാലന്റെയും കെ.പി.ആർ. രയരപ്പന്റെയും ബന്ധുവാണു നമ്പ്യാർ. 1995ൽ 500 മെഗാവാട്ടിന്റെ കണ്ണൂർ താപനിലയ പദ്ധതിയുടെ സംരംഭകനായി രംഗത്തെത്തിയെങ്കിലും രാഷ്ട്രീയ വിവാദങ്ങളിൽ കുടുങ്ങി പദ്ധതി മുടങ്ങി.

പക്ഷാഘാതത്തെ തുടർന്നു 2002 ഒക്ടോബറിൽ ഇടതുഭാഗം തളർന്നെങ്കിലും അതു മനസ്സിനെ ബാധിക്കാതെ നിലകൊള്ളാനായിരുന്നു ശ്രമം. 2006ൽ രാഷ്‌ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. അതേവർഷം പുറത്തിറങ്ങിയ ‘സഫലം കലാപഭരിതം’ എന്ന ആത്മകഥ രാഷ്ട്രീയ തലങ്ങളിലും ചർച്ചയായി.

 

kpp-nambiar.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here