കോഴിക്കോട്: യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. മാണി എന്തായാലും യുഡിഎഫില്‍ നിന്നും പോയെന്നും ഇനി പതുക്കെ വന്നാല്‍ മതിയെന്നും കെ മുരളീധരന്‍ പരിഹസിച്ചു. ഇനി എന്ത് ധൈര്യത്തിലാണ് ഇവര്‍ പാര്‍ലമെന്റില്‍ മത്സരിക്കുക. മോദിയുടെ കൂടെപോയാലുള്ള അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫില്‍ നിന്ന് ഇനി ആരും പോകില്ല. കേരള കോണ്‍ഗ്രസുകാരെ തോല്‍പ്പിക്കാന്‍ ബറ്റാലിയനുകളെ ഇറക്കിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ജയിപ്പിക്കാന്‍ തന്നെ ഇവിടെ കാശില്ല. ഈ സാഹചര്യത്തിലാണോ തോല്‍പ്പിക്കാന്‍ പണം മുടക്കേണ്ടതെന്ന് മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

മുന്നണി വിട്ട മാണി കാട്ടിയത് രാഷ്ട്രീയനെറികേടെന്നാണ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ചരിത്രം പറയുന്നവര്‍ പിടി ചാക്കോയെ മാത്രമല്ല, കെഎം ജോര്‍ജിനെ കൂടി ഓര്‍ക്കുന്നത് നല്ലതാണ്. കെഎം ജോര്‍ജിന്റെ ശാപമാണ് ഇപ്പോള്‍ മാണിക്ക് കിട്ടിയിരിക്കുന്നത്. നല്ല ക്രൈസ്തവരെന്ന് മേനിനടിക്കുന്നവര്‍ ഇപ്പോള്‍ വര്‍ഗീയവാദികളുമായി കൂട്ടുചേരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തനിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവിടത്തെന്നെ വോട്ടുചെയ്യുകയും ചെയ്ത എം.എം. ജേക്കബ് പാലായില്‍ മാണിയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമാണ്. രണ്ടാഴ്ച മുമ്പുവരെ ഒരുപരാതിയും ഉന്നയിക്കാതിരുന്ന മാണി, അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും മിണ്ടാതാവുകയും ചെയ്തത് രാഷ്ട്രീയമര്യാദയല്ല. മൂന്ന് പാര്‍ട്ടികളോടും സമദൂരമെന്ന് പറയുമ്പോഴും വര്‍ഗീയപാര്‍ട്ടിയായ ബിജെപിയോട് മാണി സ്‌നേഹം കാണിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here