വർഷങ്ങളായി കേൾക്കുന്ന ഒരു കഥയോ, അല്ലെങ്കിൽ വാർത്തയോ ആണ് സ്വർണം നിറച്ച നാസി ട്രെയിൻ. നാസികളുടെ കാലത്ത് ഒരു ട്രെയിൻ നിറയെ സ്വർണം നിറച്ച് പശ്ചിമ പോളണ്ടിലെ വാൽബ്രിഷ് നഗരത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ ഇവിടേക്ക് ടൂറിസ്റ്റുകളുടെ വരവും കൂടി.

ഒരു വർഷം മുൻപും സ്വർണ ട്രെയിനിനെ കുറിച്ച് വാർത്ത വന്നിരുന്നു. ജര്‍മന്‍, പോളണ്ട് വംശജരായ രണ്ടു പേർ സ്വര്‍ണ ട്രെയിന്‍ കണ്ടത്തെിയെന്ന അവകാശവാദവുമായി എത്തിയിരുന്നു. സർക്കാറിന് വിവരങ്ങള്‍ നൽകാൻ തയാറാണെന്നും പ്രതിഫലമായി നിധിയുടെ പത്ത് ശതമാനം നൽകണമെന്നുമാണ് അവർ അന്ന് ആവശ്യപ്പെട്ടത്. ഇതിനിടെ നിരവധി പേർ നിധി കുഴിച്ചെടുക്കാനുള്ള നീക്കവും നടത്തിയിരുന്നു.

ഭൂമിക്കടിയലുള്ള നാസി ട്രെയിനിൽ ഏകദേശം 300 ടണ്‍ സ്വര്‍ണവും രത്നങ്ങളും പുരാതന ഉപകരണങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. ടൈറ്റാനിക്കിലേതിനു സമാനമായി ആഗോള പ്രാധാന്യമുള്ള കണ്ടത്തെലാണിതെന്നാണ് ഇവർ വിലയിരുത്തുന്നത്. രണ്ടാം ലോക യുദ്ധകാലത്ത് നിധി നിറച്ചുവച്ചിരുന്ന ട്രെയിന്‍ വാൽബ്രിഷിലെ മലനിരകള്‍ക്കടിയിലെ തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

1945 ല്‍ ജര്‍മനിയിലെ മെര്‍കേഴ്സില്‍ ഏകദേശം 100 ടണ്‍ സ്വര്‍ണം കുഴിച്ചെടുത്തിരുന്നു. ഇത്തരം നിധികൾ ഇനിയും ഉണ്ടാകാമെന്നാണ് പുരാവസ്തു ഗവേഷകരും പറയുന്നത്. തറനിരപ്പില്‍നിന്ന് 70 അടി താഴ്ചയിലാണ് നിധി നിറച്ച ട്രെയിന്‍ കുഴിച്ചിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ നിധി കുഴിച്ചെടുക്കാനായി പോളണ്ട് രംഗത്തെത്തി എന്നാണ് പുതിയ വാർത്ത. ചൊവ്വാഴ്ച സ്ഥലം കുഴിച്ചുള്ള പരിശോധന തുടങ്ങി. തുരങ്കം കണ്ടെത്തുകയാണ് ലക്ഷ്യം. അതിനുള്ളിലാണു ട്രെയിൻ എന്നാണു വിശ്വാസം. പത്തുദിവസമെടുക്കും. ട്രെയിൻ കണ്ടെത്തിയാൽ കയ്യിൽവരുന്നതു 2200 കോടി രൂപയുടെ നിധി! അതേസമയം, ക്രാകോവ്സ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരും ചരിത്രകാരൻമാരും ഈ വാദം ശുദ്ധതട്ടിപ്പാണെന്നു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here