ഹൈദരബാദ്: ഒളിമ്പിക്‌സില്‍ സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി പി.വി സിന്ധു തയ്യറെടുക്കുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നിട്ടു നിന്ന വിഷയങ്ങളിലൊന്ന് താരത്തിന്റെ ജാതി സംബന്ധിച്ച വിശദാംശങ്ങള്‍. ഗൂഗിളിന്റെ കണക്കുകള്‍ പ്രകാരം നിരവധി ഇന്ത്യക്കാരാണ് സിന്ധുവിന്റെ ജാതി തേടി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ചത്. ഗൂഗിള്‍ ട്രെന്‍ഡ്‌സ് നല്‍കുന്ന സൂചനകളും ഞെട്ടിപ്പിക്കുന്നതാണ്.

ഇപ്പോള്‍ ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ ‘സിന്ധു’ എന്ന് ടൈപ്പ് ചെയ്യുമ്പോ ള്‍തന്നെ ‘പി വി സിന്ധു ജാതി’ എന്ന് നിര്‍ദേശമായി ഉയര്‍ന്നുവരും. ആളുകള്‍ പലതവണ ഇക്കാര്യത്തില്‍ തിരച്ചില്‍ നടത്തിയതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരച്ചില്‍ നടത്തിയിട്ടുള്ളത്.

റിയോയില്‍ സിന്ധു വെള്ളി നേടിയതോടെ അവരുടെ മേല്‍ അവകാശമുന്നയിച്ച് ആന്ധ്രാപ്രദേശും തെലങ്കാനയും രംഗത്തെത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കൂടാതെ പ്രണയ വിവാഹിതരായ സിന്ധുവിന്റെ മാതാപിതാക്കളെ കുറിച്ചും അവരുടെ ജാതിയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സിന്ധുവിന്റെ ജാതി തേടി ആളുകള്‍ ഗൂഗിളിലേക്ക് പ്രവഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here