കൊല്ലം: അധികാരം മാത്രം മതി വെള്ളാപ്പള്ളി നടേശനെന്ന് ഒരിക്കല്‍ക്കൂടി കേരളം മനസിലാക്കുന്നു. സിപിഎം സംസ്ഥാനസെക്രട്ടറിയായിരുന്ന സമയത്ത് പിണറായി വിജയന്റെ രൂക്ഷവിമര്‍ശകനായിരുന്ന വെള്ളാപ്പള്ളി ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായി മാറിയിരിക്കുകയാണ്. ഇതിനുപുറമേ പിണറായി വിജയനുമായി രഹസ്യകൂടിക്കാഴ്ചയും നടത്തി വെള്ളാപ്പള്ളി. പോലീസിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഒഴിവാക്കിയാണ് വെള്ളാപ്പള്ളിയുമായി പുനലൂര്‍ ടി.ബിയിലെ അടച്ചിട്ടമുറിയില്‍ പിണറായി വിജയന്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റോളം ഇരുവരും സംസാരിച്ചു. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണു പിണറായി വെള്ളാപ്പള്ളിയെ സന്ദര്‍ശിക്കാനെത്തിയത്.

പുനലൂര്‍ എസ്.എന്‍ കോളജിന്റെ ചടങ്ങില്‍ അധ്യക്ഷനായ വെള്ളാപ്പള്ളിയുടെ പേര് പോലും പരാമര്‍ശിക്കാനും മുഖ്യമന്ത്രി തയാറായിരുന്നില്ല. യോഗത്തില്‍ ഒരിക്കല്‍ പോലും അദേഹവുമായി സംസാരിക്കാനും മുഖ്യമന്ത്രി ശ്രമിച്ചിരുന്നില്ല. വെള്ളാപ്പള്ളി നടേശന്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ പിണറായി വിജയന്‍ വേദി വിടുകയും ചെയ്തിരുന്നു.മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വെള്ളാപ്പ്ള്ളി നടേശനുമായി മുഖ്യമന്ത്രി രഹസ്യകൂടിക്കാഴ്ച നടത്തിയതിന് എസ്.എന്‍ഡി.പി. നേതാക്കളും സാക്ഷിയാണെന്ന് പറയുന്നു. ശ്രീനാരായണ ധര്‍മ്മത്തിനു വിപരീതമായാണ് എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തിക്കുന്നതെന്നു വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. പുനലൂര്‍ എസ്.എന്‍. കോളജിന്റെ അമ്പതാംവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന പിണറായി എസ്.എന്‍.ഡി.പിയെയും എസ്.എന്‍. ട്രസ്റ്റിനെയും രൂക്ഷമായി വിമര്‍ശിച്ചത്.

കൂടിക്കാഴ്ച കഴിഞ്ഞതോടെ പിണറായി സര്‍ക്കാരിനെ അനുകൂലിച്ച് വെള്ളാപ്പള്ളി രംഗത്തെത്തുകയും ചെയ്തു.സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയ സര്‍ക്കാര്‍ തീരുമാനം വലരെ നല്ല കാര്യമാണെന്നും എസ് എന്‍ ഡി പിയുടെ കീഴിലുള്ള കോളേജുകളില്‍ ഇത് ആദ്യം നടപ്പില്‍ വരുത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രവേശനനിയന്ത്രണം ഏറ്റെടുത്ത നടപടിയില്‍ നിന്നും ഒരു കാരണവശാലും സര്‍ക്കാര്‍ പുറകോട്ട് പോകരുത്. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ സര്‍ക്കാറിന്റെ ഈ തീരുമാനം സഹായകമാണ്. ഫീസ് ഏകീകരിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കോടികള്‍ കോഴവാങ്ങിയവരെ നിയന്ത്രിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here