വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ പത്താമത് ഗ്ലോബല്‍  കോണ്‍ഫറന്‍സ് ആഗസ്റ്റ് 26,27,28 തീയതികളില്‍ ബാംഗ്ലൂരില്‍ വച്ച് നടക്കും. ഇതിന്‍റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയതായി ഓര്‍ഗൈനസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ ആന്‍റണി ഫെര്‍ണാണ്ടസ് അറിയിച്ചു. ബാംഗ്ലൂരില്‍ ഹോട്ടല്‍ കാപിറ്റലിലും ഹോട്ടല്‍ ലീല പാലസിലുമാണ് മൂന്ന് ദിവസത്തെ പരിപാടികള്‍ അരങ്ങേറുന്നത്. ആഗസ്റ്റ് 26 ന് രാവിലെ 11 മണിക്ക് രജിസ്ട്രേഷനോട് കൂടി പരിപാടികള്‍ ആരംഭിക്കും. ഉദ്ഘാടന സമ്മേളനം ബഹുമാനപ്പെട്ട മുന്‍മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. തുടര്‍ന്ന്  സ്ത്രീശാക്തീകരണം, അന്തരീക്ഷമലിനീകരണം, വ്യവസായസംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയില്‍ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 

ആഗസ്റ്റ് 27 ന് രാവിലെ 6.30 മണിക്ക് ബാംഗ്ലൂരിലെ പ്രശസ്തമായ കബണ്‍ പാര്‍ക്കില്‍ വേള്‍ഡ് മലയാളി കൗണ്‍സിലും ആള്‍ ഇന്ത്യാ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി നടത്തുന്ന കാന്‍സര്‍ പ്രതിരോധത്തിനും കാന്‍സര്‍ രോഗികളുടെ സംരക്ഷണവും എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള  പ്രത്യേക നടത്തം (walk for prevention and care of cancer care patients) ശ്രീമതി അഞ്ജു ബോബി ജോര്‍ജ് നയിക്കും. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വിദ്യാഭ്യാസ സെമിനാറുകള്‍, പൊതുചര്‍ച്ചകള്‍, യുവജന ശില്പശാല, സംഘടനാ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. അതിനുശേഷം ഹോട്ടല്‍ ലീലാ പാലസില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും വിവിധ കലാപരിപാടികളും നടക്കും. 

മൂന്ന് ദിവസത്തെ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് 28 ന് മുന്‍ അംബാസിഡറും വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ സ്ഥാപകരില്‍ ഒരാളുമായ ശ്രീ. ടി. പി ശ്രീനിവാസന്‍ പുത്തന്‍ ആശങ്കകളും നവീന പ്രതീക്ഷകളും (New fears and new hopes)എന്ന വിഷയത്തിലും, ഡോ. ജോര്‍ജ് കാളിയാടന്‍ യുവജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും മാതാപിതാക്കളുടെ ശ്രദ്ധയും (Teenage problem and importance of right parenting)എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ഡോ. ബാബു പോള്‍ ഐ.എ.എസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനത്തില്‍ സംവദിക്കും. 50 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here