കോഴിക്കോട്: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം ഇടതുമുന്നണിയിലേക്ക് നോക്കേണ്ട. ഉമ്മന്‍ചാണ്ടിയെ നേരിട്ടു വെല്ലുവിളിച്ചതിനാല്‍ തത്കാലം യുഡിഎഫിലും രക്ഷയില്ല. എങ്കില്‍പ്പിന്നെ ബിജെപിയിലേക്കു പോയാലോ?. പൂഞ്ഞാറിലൊതുങ്ങുന്നതല്ല കേരളം എന്ന നിലപാടിലാണ് അമിത് ഷായും കുമ്മനം രാജശേഖരനും. അതുകൊണ്ട് ബിജെപി-വെള്ളാപ്പള്ളി സഖ്യത്തിലും ഭാവി കാണുന്നില്ല. ഇത്തരമൊരു പ്രതികൂല സാഹചര്യത്തിലും താന്‍ മുന്നണിയുടെ ഭാഗമാകുമെന്നാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് പറയുന്നത്.
അതുമാത്രമല്ല കെ.എം മാണിയും ഉമ്മന്‍ചാണ്ടിയും ഒരേ തൂവല്‍ പക്ഷികളാണെന്നും അദ്ദേഹം പറയുന്നു. കെ.എം മാണി യുഡിഎഫ് വിട്ടത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ്. എ.കെ ആന്റണിയെ കേരളത്തില്‍ നിന്നും ഓടിച്ചത് ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും കൂടിയാണ്.
ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടി രാഷ്ട്രീയ ഒളിച്ചുകളി അവസാനിപ്പിക്കാതെ യുഡിഎഫ് രക്ഷപ്പെടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇതിനു പുറമേയാണ് രണ്ടുമാസത്തിനുള്ളില്‍ കേരളത്തില്‍ പുതിയ മുന്നണി സമവാക്യം ഉണ്ടാകുമെന്നും പി.സി. ജോര്‍ജ് പറയുന്നത്. എല്ലാ പാര്‍ട്ടികളിലും അതൃപ്തര്‍ ഉണ്ട് എന്നതിനാല്‍ അവരെല്ലാം ചേര്‍ന്ന് നാലാ മൂന്നണി വരുമെന്നും അങ്ങനെയായാല്‍ താന്‍ ഒറ്റയ്ക്കാവില്ലെന്നുമാണ് പി.സി ജോര്‍ജ് മനപ്പായസം ഉണ്ണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here