സ്കൂളില്‍ നിന്നും എസ്ക്കര്‍ഷനു പോകാന്‍ എല്ലാ കുട്ടികളും പേര് കൊടുത്തു …. പക്ഷേ ബാബുക്കുട്ടനെന്ന എനിയ്ക്ക്മാത്രം അതിനു കഴിഞ്ഞില്ല …. കാരണം വീട്ടിലെ പ്രാരാബ്ധം തന്നെ … അമ്മയുടെ കൈയ്യില്‍ നയാ പൈസയില്ല ….. ഇന്നലെ പല ചരക്കു കടക്കാരന്‍ ദാസപ്പന്‍ മുതലാളി വീടിന്റെ മുമ്പില്‍ വന്നു നിന്ന് പറ്റുകാശ് ചോദിച്ച് _ ഉറഞ്ഞു തുള്ളിയതിന് ഞാനും സാക്ഷിയാണല്ലോ! ഏയ് എനിക്കിതിനൊന്നും ഭാഗ്യമില്ലന്നേ.. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ജനിച്ചു നാലാംനാള്‍ അച്ഛനമ്മയെ ഉപേക്ഷിച്ചു        പോകുമായിരുന്നോ !!?  ”’ ഇവന്റെ തല വെട്ടം കണ്ടേല്‍ പിന്നാ- ഈ വീട്ടില്‍ കണ്ടകശ്ശനി തുടങ്ങിയത് എരണം കെട്ടവന്‍”’    മരിയ്ക്കും മുമ്പ് മുത്തശ്ശി സ്ഥിരമായി പറഞ്ഞിരുന്ന വാക്കുകള്‍ ഇപ്പോള്‍ കാതില്‍ മുഴങ്ങുന്നു…..

ശരിയാ…… ഞാനൊരു എരണം കെട്ടവനാ…. എരണം കെട്ടവന്‍ മറ്റു കുട്ടികളെപ്പോലെ ഒന്നും ആഗ്രഹിക്കാന്‍ പാടില്ല ….. നിരാശയോടെ –  വലിയൊരു ദുഃഖഭാരത്തോടെ – വീട്ടിലേക്ക്‌ നടന്നു…. പഠിക്കാന്‍ പുസ്തകം തുറന്നിരുന്നപ്പോള്‍ കണ്ണീരിറ്റു വീണത് അമ്മ കാണാതെ തുടച്ചു …. കഞ്ഞി വിളമ്പി വച്ചിട്ട് അമ്മ വിളിച്ചപ്പോള്‍ വിശപ്പില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി….. ”’എന്താ മോനേ നിനക്കു പറ്റിയേ….!സ്കൂളീ ന്ന് വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു …… പനി വല്ലതുമുണ്ടോ മോന്, …? ”’   അമ്മ നെറ്റിയില്‍ കൈവച്ചു കൊണ്ട് ചോദിയ്ക്കുന്നു …. എന്തു മറുപടി പറയാന്‍ !? ഒന്നുമില്ലന്നു പറഞ്ഞൊഴിഞ്ഞു മാറി……. ഉറങ്ങാനായി പായ് നിവര്‍ത്തിട്ട നേരം അമ്മ പുറത്താരോടോ സംസാരിയ്ക്കുന്നതു കേട്ട് ജനാലയിലൂടെ നോക്കി….. സ്കൂളിലെ കണക്കുമാഷ് പീറ്റര്‍ സാറ് …. ”’ബാബുക്കുട്ടന്‍    എസ്കര്‍ഷനു പോകാന്‍ പേര് തന്നില്ല.. ലിസ്റ്റില്‍ അവന്റെ പേര് കാണാഞ്ഞതുകൊണ്ടാ- ഞാനീ രാത്രീല്‍ തന്നെ ഇങ്ങോട്ട് വന്നത്…. അവനെവിടെ? ഉറങ്ങിയോ…?! ഒന്നു വിളിയ്ക്ക്….”’ ”’ബാബുക്കുട്ടാ…. ”’  അമ്മ വിളിയ്ക്കുന്നു ….. പുറത്തേക്ക് ചെന്നു,… ”’സുമതിയ്ക്കറിയ്യോ _ എനിയ്ക്കിവനെ വല്യ ഇഷ്ടമാ… മറ്റേതൊരു കുട്ടിയേക്കാളും പരിഗണന ഞാനിവന് സ്കൂളില്‍ കൊടുക്കാറുണ്ട്…. സത്യമല്ലേടാ -”’ ശരിയാണന്നു തലയാട്ടി…. സ്വയം ഓര്‍ത്തു … സാറ് പറയുന്നത് ശരിയാണ്…. കണക്കു പരീക്ഷയ്ക്കു മുഴുവന്‍ തെറ്റെഴുതി വച്ചാലും – സാറതു വെട്ടിത്തിരുത്തി പാസ് മാര്‍ക്കിട്ടു തരും….
ദൂരെയേതോ സ്ഥലത്താ സാറിന്റെ വീട്…. ഞങ്ങളുടെ സ്കൂളില്‍ സാറ് കണക്കുമാഷായി വന്നിട്ട് ഏകദേശം മൂന്നു വര്‍ഷങ്ങളായിക്കാണും… എന്റെ വീടിനടുത്തുള്ള ഒരൊഴിഞ്ഞ  വലിയ വീട് വാടകയ്ക്കെടുത്താണ് സാറ് താമസിക്കുന്നത്:….. ആദ്യത്തെ ഒരു കൊല്ലം സാറ് ഒറ്റയ്ക്കായിരുന്നു താമസം…. അന്ന് അമ്മ ചെന്ന് ആഹാരമൊക്കെ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു …. ഇപ്പോള്‍ സാറിന്റെ ഭാര്യയെ കൊണ്ടുവന്നിട്ടുണ്ട് …. അതില്‍ പിന്നെ അമ്മയങ്ങോട്ട് പോയിട്ടില്ല ….. ”’നീയെന്താടാ ആലോചിക്കുന്നത്?”’   സാറിന്റെ ചോദ്യമാണ് ചിന്തയില്‍ നിന്നുണര്‍ത്തീത്…. ”’ഏയ് ഒന്നുമില്ല സാറേ …. ”’.         ”നീ വിഷമിക്കണ്ടെടാ…. എസ്ക്കര്‍ഷന് എല്ലാ കുട്ട്യോളോടുമൊപ്പം നീയും പൊയ്ക്കോ _ ദാ ഇതായിരം രൂപയുണ്ട്….. അഞ്ഞൂറ് രൂപാ എച്ചെമ്മിന്റെ കൈയ്യില്‍ കൊടുക്കണം – ബാക്കി അഞ്ഞൂറ് രൂപയ്ക്ക് നിനക്കാവശ്യമുള്ളതുമേടിച്ചോ! ഒന്നുമില്ലേലും കുറച്ചു ദിവസം നിന്റമ്മയെനിയ്ക്ക് ചോറ് വച്ചു തന്നതല്ലേ….!”’ ഞാനമ്മയെ ഒന്നു നോക്കി…. മേടിച്ചോളാന്‍ അമ്മയുടെ ആംഗ്യം… നിധിയെന്ന പോല്‍ ആ ആയിരം രൂപ ഏറ്റു വാങ്ങി …. അന്നുറങ്ങാനേ കഴിഞ്ഞില്ല ….. സന്തോഷ തിരമാലകളില്‍ പൊന്തി വരുന്ന
കണക്കുമാഷിന്റെ മുഖം ….. സാറ് ശരിയ്ക്കും ഈശ്വരന്‍ തന്നെ ….. അങ്ങനെ ആദിവസം വന്നെത്തി :…മലമ്പുഴ മുതല്‍ തിരുവനന്തപുരം മൃഗശാലവരെ അടിച്ചു പൊളിച്ചൊരു വിനോദയാത്ര….. എച്ചെമ്മും ബാക്കി സാറുമ്മാരുമൊക്കെയുണ്ടായിരുന്നു …. കണക്കുമാഷ് മാത്രം വന്നില്ല.. അതിലെനിക്കല്‍പ്പം സങ്കടമുണ്ടായിരുന്നു …… സാറിനു പനിയാണന്ന് ശ്രീജ ടീച്ചറ് ഇടയ്ക്കെപ്പഴോ പറയുന്നതു   കേട്ടു .. .. പാവം എന്റെ സാറിന് പെട്ടെന്ന് സുഖമാകണേന്ന് പ്രാര്‍ത്ഥിച്ചു…. ഞങ്ങള് ടൂറിസ്റ്റ് ബസ്സില് പാട്ടു പാടീ;…നൃത്തം ചെയ്തു…. ഞാനമ്മയ്ക്കു വേണ്ടി നല്ല കുറേ കുപ്പി വളകളും പേന്‍ ചീപ്പും ചാന്തും വാങ്ങി …. ഇതിനിടേല് ആറാം ക്ലാസിലെ പ്രിയയുടെ തല ചെന്ന് കമ്പീലിടിച്ച് മുഴയ്ക്കേം ചെയ്തുട്ടോ…….. ഇപ്പോള്‍ സമയം രാത്രി പത്തു മണി …. വണ്ടി സ്കൂളിന്റെ മുമ്പില്‍ വന്നു നിന്നു…. കുട്ടികളെയൊക്കെ കൂട്ടിക്കൊണ്ടു പോകാന്‍ രക്ഷ കര്‍ത്താക്കളൊക്കെ വന്നു നില്‍പ്പുണ്ടായിരുന്നു അവിടെ…. എന്നെ കൂട്ടിക്കൊണ്ടു പോകാനാരാ ഉള്ളെ…. അമ്മയാണേല്‍ 8 മണി കഴിഞ്ഞാല്‍ വീടിനു പുറത്തിറങ്ങില്ല ….. അത്രയ്ക്കു പേടിയാ… ധൈര്യം സംഭരിച്ചൊറ്റ നടത്ത…. ദൂരേന്നേകണ്ടു -വീട്ടില്‍
വെട്ടം കിടപ്പുണ്ട് – അമ്മേ മുത്തശ്ശീടെ ശബ്ദത്തില്‍ വെറുതേ ഒന്നു പേടിപ്പിച്ചു കളയാം: … ജനാലയ്ക്കടുത്തു ചെന്ന് മെല്ലെ തുറന്നു ….. അകത്തുകണ്ട കാഴ്ച എന്റെ ശ്വാസം നിലപ്പിച്ചു കളഞ്ഞു!! അകത്തെ കട്ടിലില്‍ അമ്മയെ കെട്ടിപ്പിടിച്ചുമ്മ’വയ്ക്കുന്ന വിവസ്ത്രനായകണക്കുമാഷ്‌…..!!? ”’മോന്‍ വന്നാലോ സാറേ….”’ അമ്മയുടെ ചോദ്യം …: ”’വരില്ലന്നേ….. അവരു പുലര്‍ച്ചയാകുമെത്താന്‍ …. നീ പേടിയ്ക്കണ്ട …. സത്യം പറയാമല്ലോ സുമതീ ഞാനീസ്കൂളീന്ന് ട്രാന്‍സ്ഫറു വാങ്ങി പോകാത്തതു പോലും നിന്നെയോര്‍ത്തിട്ടാ…. നീതന്നിട്ടുള്ള സുഖം അതു തരാന്‍ എന്റെ ഭാര്യയ്ക്കീ ജന്മം കഴിയില്ല:”’ …”’ എന്റെ മോന്റ ഭാവി കൂടി നോക്കിക്കോണേ സാറേ: … അവന്റെ ഭാവിയ്ക്കു വേണ്ടി മാത്രമാ….. ഞാന്‍ സാറിനോട് മാത്രമിങ്ങനെ……”’ തലച്ചോര്‍ പിളര്‍ന്ന് രണ്ടായി പോകുന്നതു പോലെ….. ”’അപ്പോ ….. അപ്പോ :..ഇത്രേം കാലമെന്റമ്മ ……!!”’   

കണ്ണില്‍ വ്യാപിച്ചിരുട്ടിനെ കാര്‍ക്കിച്ചു പുറത്തേക്ക് തള്ളി….. എന്തിനോ ഉള്ളൊരാവേശം…… അമര്‍ഷം….. പുച്ഛം ….. കൈയ്യിലിരുന്ന കരിവളപ്പൊതിതിണ്ണയില്‍ വച്ചു…. മുറ്റത്തു കിടന്നൊരു തുണ്ടുകടലാസ്
തപ്പിയെടുത്ത് ഇങ്ങനെയൊന്നെഴുതി……. പൊതിക്കെട്ടിനു മുകളില്‍ വച്ചു….അമ്മേ-സന്തോഷമായി…. ഒരു മകനു വേണ്ടി അമ്മയുടെ സഹനം ….. ഇനി വേണ്ട…… മകനെപ്പോലെ കൂടെക്കൂട്ടി ചതിച്ച കണക്ക് മാഷിനോട് എനിക്ക് വിരോധമില്ല …. മകനു വേണ്ടി അന്യന്റെ മുമ്പില്‍ ഉടുതുണി അഴിക്കേണ്ടി വന്ന നിസ്സഹായയായ അമ്മയോടെനിക്കറ്റ് സഹതാപവുമില്ല … അതു കൊണ്ട് തന്നെ ഞാന്‍ പോകുന്നു… ജീവിതമെന്ന കാണാക്കാഴ്ചകളോരോന്നും എനിക്കിനി എസ്ക്കര്‍ഷനുകളാണ് ……

(കഥാകൃത്ത് അനിലന്‍ കാ‍വനാട് ‘ഇരകള്‍‘ എന്ന സിനിമയുടെ സംവിധായകനുമാണ്)

LEAVE A REPLY

Please enter your comment!
Please enter your name here