മലപ്പുറം :  കൊച്ചു കുട്ടികളുമായി അഭിമുഖം നടത്തുന്ന സൂര്യ ടി വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന കുട്ടിപ്പട്ടാളം പരിപാടി നിര്‍ത്തി.പരിപാടിക്കെതിരെ ബാലാവകാശ കമീഷനില്‍ കേസ് നടക്കുന്നതിനിടെയാണ് പരിപാടി നിര്‍ത്തുകയാണെന്ന് കാണിച്ച് ചാനല്‍ സത്യവാങ്മൂലം നല്‍കിയത്. 

മൂന്നു മുതല്‍ അഞ്ച് വരെ പ്രായക്കാരായ കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന ഇത്തരം പരിപാടികള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ഗുണപരമായ മാറ്റങ്ങളോടെ കുട്ടിപ്പട്ടാളം തുടരാന്‍ ചാനലിന് കമീഷന്‍ അനുമതി നല്‍കിയെങ്കിലും പരിപാടി നിര്‍ത്തിയതായി അറിയിച്ച് ഇവര്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ ചാനലില്‍ ഇത് സംപ്രേഷണം ചെയ്തിരുന്നില്ല. മലപ്പുറം ചൈല്‍ഡ്ലൈനിലാണ് ഹാഷിം ആദ്യം പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് ബാലാവകാശ കമീഷനില്‍ പരാതി നല്‍കി. 

‘അമ്മയും അമ്മമ്മയും കള്ളു കുടിക്കാറുണ്ടോ. അമ്മമ്മ എത്ര ഗ്ളാസ് കുടിക്കും , കുട്ടി തന്നെയും കുടിക്കാറുണ്ടോ തുടങ്ങി കുട്ടികളോടുള്ള ചോദ്യങ്ങള്‍ പലതും ദ്വയാര്‍ഥമുള്ളവയാണെന്ന് കമ്മീഷനില്‍ ഹാഷിം നല്‍കിയ പാരതിയില്‍ ബോധ്യപെടുത്തിയിരുന്നു. എന്നാല്‍ പരിപാടിയില്‍ കുഴപ്പമില്ലെന്നു വാദിക്കുകയും ഇവയെല്ലാം ഹാഷിമിന്റെ മാനസിക നിലയുടെ തകരാര്‍ ആണ് ചാനല്‍ അധികൃതര്‍ എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. ആവശ്യമായ തെളിവുകളുള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. 2015 ജൂണ്‍ 13ന് ഹാഷിം എട്ട് പേജുള്ള പരാതി കമീഷന് നല്‍കി.

എന്നാല്‍ പിന്നീട് ഹാഷിം അവയുടെ വീഡിയോ തന്നെ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതില്‍ എഡിറ്റ് ചെയ്തതാണെന്ന് ആരോപിച്ച ചാനല്‍ അധികൃതരോട് തങ്ങളുടെ സിഡി ഹാജരാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.  അങ്ങിനെ ഹാജരാക്കിയ സിഡിയില്‍ ഗുണപരമായ ഒന്നുമില്ലെന്നും കുട്ടികളുടെ മാനസിക നിലയെ നെഗറ്റീവ് ആയി ബാധിക്കുന്ന ചിലത് ഉണ്ടെന്നു പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കുകയും ഇതേരീതിയില്‍ പരിപാടി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും കമീഷന്‍ വ്യക്തമാക്കി. കൂടെ യുട്യൂബില്‍ ഔദ്യോഗികമായി വന്ന ഷോയുടെ എപ്പിസോഡുകള്‍ ഡിലീറ്റ് ചെയ്യാനും നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പരിപാടി നിര്‍ത്തുകയാണെന്ന് സൂര്യടിവി സത്യവാങ്മൂലം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here