ദുബായി:കൂറ്റന്‍ തെറ്റാലി ഉപയോഗിച്ച് മനുഷ്യനെ ബഹുനില കെട്ടിടത്തിന് മുകളിലേക്ക് തെറുപ്പിക്കുന്നുവെന്ന പ്രചാരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ദുബായ് പോലീസ്. ഫേസ്ബുക്കില്‍ ഇതിനകം 114,000 പേര്‍ കാണുകയും 2,200 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തതു വീഡിയോ കരീം എന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി തയ്യാറാക്കിയ പരസ്യത്തിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ട്വിറ്ററിലൂടെയും വാട്‌സ് ആപ്പുവഴിയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ദുബായ് മറീനയ്ക്ക് സമീപം ഹെലിപാട് സൗകര്യമുള്ള കെട്ടിടത്തില്‍ നിന്നും ഒരാളെ തെറ്റാലി വലിച്ച് ദൂരേയ്ക്ക് ശക്തിയായി എറിയുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. വീഡിയോ വൈറലായി മാറിയതിന് പിന്നാലെ ദുബായ് പോലീസ് സംഗതി ഏറ്റെടുക്കുകയും അന്വേഷണം നടത്തി വ്യാജ വീഡിയോയാണെന്ന് കണ്ടെത്തുകയും ചെയ്തു.
വീഡിയോയുടെ ഉറവിടം തിങ്കളാഴ്ച വരെ അജ്ഞാതമായിരുന്നു. എന്നാല്‍ സംഗതി കരീം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്. തങ്ങളുടെ പുതിയ പരസ്യത്തിന്റെ ഭാഗമാണ് വീഡിയോയെന്ന് ഇവര്‍ പറഞ്ഞു. ചിത്രീകരണത്തിന്റെ മുഴുവന്‍ വീഡിയോയ്‌ക്കൊപ്പം വിവരവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കമ്പനി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് മുമ്പ് വീഡിയോയുടെ സത്യസന്ധത ചോദ്യം ചെയ്ത് അനേകര്‍ എത്തുകയും ചെയ്തിരുന്നു. അതേസമയം ഉയര്‍ന്ന ഗുണനിലവാരത്തില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ മിക്കവര്‍ക്കും ഇഷ്ടമാകുകയും ചെയ്തു. വീഡിയോയുടെ ഉറവിടം സ്ഥിരീകരിച്ചതോടെ ആര്‍ക്കും പരിക്കേറ്റില്ലല്ലോ എന്ന ആശ്വാസത്തിലാണ് പ്രേക്ഷകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here