കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദയനീയ അവസ്ഥയുടെ നേര്‍ചിത്രമാണ് പയ്യന്നൂരില്‍ നിന്നുള്ള വാര്‍ത്ത. ഇവിടെ ഒരു കോ ഓപ്പറേറ്റീവ് ബാങ്കിലെ ഫോട്ടോ അനാഛാദനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി വിട്ടുനിന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ദലിത് യുവതിയുടെ ആത്മാഹുതി ഭീഷണിയെ തുടര്‍ന്നെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. പരിപാടിക്കിടെ സമരക്കാരുടെ ഭാഗത്തു നിന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നെന്നും ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി വിട്ടുനിന്നതെന്നുമാണ് വിവരം.

ദിവസങ്ങളായി ഒരു സംഘം ബാങ്കിലെ നിയമനങ്ങള്‍ക്കെതിരെ ബാങ്കിനു മുന്നില്‍ സമരം നടത്തിവരികയാണ്. ഇതിനിടെയാണു ബാങ്കിന്റെ സ്ഥാപക ചെയര്‍മാന്‍ കെ.പി.നൂറുദ്ദീന്റെ ഛായാചിത്രം അനാഛാദന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കേണ്ടിയിരുന്നത്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബാങ്ക് പ്രസിഡന്റ് വി.കെ.കൃഷ്ണനും പിന്നീട് ഇക്കാര്യം വ്യക്തമാക്കി.

പയ്യന്നൂരിലെത്താന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും സമരക്കാരുടെ കൂട്ടത്തിലെ ദലിത് യുവതിയുടെ ഭീഷണിയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. പരിപാടിക്കിടെ പ്രശ്‌നങ്ങളുണ്ടായാല്‍ കോണ്‍ഗ്രസിനു തീരാകളങ്കമാകും എന്ന നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നു പരിപാടി ഒഴിവാക്കുകയാണെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. അതേസമയം ആരുടെയും ഭീഷണിക്കു വഴങ്ങി പരിപാടി മാറ്റിവയ്‌ക്കേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നു ഭരണ സമിതി പരിപാടിയുമായി മുന്നോട്ടു പോവുകയായിരുന്നെന്നും വി.കെ.കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ ഫോട്ടോ അനാഛാദനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുഞ്ഞിക്കൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here