കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെ ദേശീയനേതാക്കളുടെ സാന്നിധ്യം കൊണ്ടു സമ്പന്നമായ ബിജെപി ദേശീയ സമ്മേളനത്തില്‍ കേരള നേതാക്കള്‍ വെറും കാഴ്ചക്കാര്‍. സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളും സമ്മേളനത്തില്‍ സംഘാടകരോ കാഴ്ചക്കാരോ ആണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന പദവികളിലൊന്നും കേരള നേതാക്കള്‍ക്ക് അവസരം ലഭിക്കാത്തതിനാല്‍ കളത്തിനു പുറത്തു കഴിയേണ്ട അവസ്ഥ. പാര്‍ട്ടിയുടെ ദേശീയ ഭാരവാഹിത്വത്തില്‍ കേരളത്തില്‍നിന്നാരുമില്ല. മുമ്പ് ഒ. രാജഗോപാല്‍ ദേശീയ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം നൂറ്റിയൊന്നംഗ ദേശീയ പ്രവര്‍ത്തക സമിതിയില്‍ ഒതുങ്ങി. പ്രവര്‍ത്തക സമിതിയില്‍ രാജഗോപാലിന് പുറമെ ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ് എന്നിവര്‍ മാത്രമാണുള്ളത്. പ്രത്യേക ക്ഷണിതാക്കളായ നൂറ്റിയൊന്നുപേരില്‍ അല്‍ഫോണ്‍സ് കണ്ണന്താനവുമുണ്ട്.
പന്ത്രണ്ടംഗ പാര്‍ലമെന്ററി ബോര്‍ഡ്, 9 വൈസ് പ്രസിഡന്റുമാര്‍, 8 ജനറല്‍ സെക്രട്ടറിമാര്‍, 4 ജോയന്റ് ജനറല്‍ സെക്രട്ടറിമാര്‍,16 സെക്രട്ടറിമാര്‍,10 ഔദ്യോഗിക വക്താക്കള്‍ എന്നിവരടങ്ങിയതാണ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം. ഇതില്‍ ഒരിടത്തും ഒരു കേരള നേതാവുമില്ല.
ദേശീയ കൗണ്‍സിലിന് മുന്നോടിയായി നടന്ന ഭാരവാഹി യോഗത്തില്‍ സംസ്ഥാനത്തുനിന്ന് പങ്കെടുത്തത് പ്രസിഡന്റ് കുമ്മനം രാജശേഖരനെ കൂടാതെ എം. ഗണേശന്‍, കെ. സുഭാഷ് എന്നിവരാണ്. ഇവര്‍ രണ്ടുപേരും ഈയിടെ ആര്‍.എസ്.എസ് നിയോഗിച്ച സംഘടനാ സെക്രട്ടറിമാരാണ്. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് വന്നതും ആര്‍.എസ്.എസ് നോമിനിയായാണ്. സംസ്ഥാന നേതൃത്വം പൂര്‍ണമായും ആര്‍.എസ്.എസ് കൈയടക്കി എന്നതിന്റെ നേര്‍ചിത്രമാണിത്.
വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവര്‍ പടിക്കുപുറത്താണ്. അവരില്‍ ഭൂരിഭാഗവും പദവികളില്‍നിന്ന് പുറത്തായിക്കഴിഞ്ഞു.
പാര്‍ട്ടിയുടെ മുകള്‍ത്തട്ടില്‍ മാത്രമല്ല, താഴത്തെട്ടിലും ഇതാണവസ്ഥ. അടുത്തിടെ നടന്ന അഴിച്ചുപണിയില്‍ മിക്ക പദവികളും ആര്‍.എസ്.എസ് കൈയടക്കി. പല ബി.ജെ.പി നേതാക്കളും അതിന്റെ വേദന ഉള്ളിലടക്കി കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here